Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം സമുദായത്തിന്റെ ഒന്നാമത്തെ ഓപ്ഷൻ ലീഗു തന്നെ; അതിശക്തമായ ജനവികാരം ഇല്ലാത്തിടത്തോളം കാലം തങ്ങളുടെ തട്ടകത്തിൽ ലീഗ് അജയ്യർ; പാലക്കാട്ടും ആലത്തൂരിലും ഇടതുപക്ഷത്തിന് തുണയാകുന്നത് പക്കാ രാഷ്ട്രീയ വോട്ടുകളും സംഘടനാശക്തിയും; തൃശൂരിലെയും ചാലക്കുടിയിലും ക്രിസ്ത്യൻ സമുദായങ്ങൾ യുഡിഎഫിനോട് ചായുന്നത് പ്രകടം; മുസ്ലിം- ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണം തുണയാവുമെന്ന പ്രതീക്ഷയിൽ ഐക്യമുന്നണി; മലപ്പുറം മുതൽ ചാലക്കുടി വരെയുള്ള സർവേയിലെ ചില സാമുദായിക സമവാക്യങ്ങൾ ഇങ്ങനെ

മുസ്ലിം സമുദായത്തിന്റെ ഒന്നാമത്തെ ഓപ്ഷൻ ലീഗു തന്നെ; അതിശക്തമായ ജനവികാരം ഇല്ലാത്തിടത്തോളം കാലം തങ്ങളുടെ തട്ടകത്തിൽ ലീഗ് അജയ്യർ; പാലക്കാട്ടും ആലത്തൂരിലും ഇടതുപക്ഷത്തിന് തുണയാകുന്നത് പക്കാ രാഷ്ട്രീയ വോട്ടുകളും സംഘടനാശക്തിയും; തൃശൂരിലെയും ചാലക്കുടിയിലും ക്രിസ്ത്യൻ സമുദായങ്ങൾ യുഡിഎഫിനോട് ചായുന്നത് പ്രകടം; മുസ്ലിം- ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണം തുണയാവുമെന്ന പ്രതീക്ഷയിൽ ഐക്യമുന്നണി; മലപ്പുറം മുതൽ ചാലക്കുടി വരെയുള്ള സർവേയിലെ ചില സാമുദായിക സമവാക്യങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്തുനിന്ന് ഒരുലക്ഷത്തി തൊണ്ണൂറായിരത്തിൽപ്പരം വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിനാണ് മുസ്ലീഗ് സഥാനാർഥി ഇ അഹമ്മദ് വിജയിച്ചത്. ഇത്തവണയും മലപ്പുറത്ത് ഒരുലക്ഷത്തിന് പുറത്ത് ഭൂരിപക്ഷം കടക്കാവുന്ന രീതയിൽ 16 ശതമാനത്തോളം വോട്ടിന്റെ മുൻതൂക്കമാണ്, മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്സഭാ ഇലക്ഷൻ - 2019 അഭിപ്രായ സർവേയിലും മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ കാണുന്നത്.

ഈ മാജിക്ക് എന്താണെന്ന് അറിയാനുള്ള ശ്രമമായിരുന്നു സർവേ സംഘം നേരിട്ട് ചോദിച്ചും, അനുബന്ധ ചോദ്യങ്ങളിൽ ഉൾപ്പെടുത്തിയും വോട്ടർമാരിൽനിന്ന് അറിയാൻ ശ്രമിച്ചത്. ഉത്തരം വിശ്വാസം എന്ന ഒറ്റവാക്കായിരുന്നു. മുസ്ലിം സമുദായത്തിന്റെ നാക്കായി പ്രവർത്തിക്കാൻ മുസ്ലീ ലീഗിന് മാത്രമേ കഴിയൂ എന്ന വിശ്വാസം ഈ മണ്ഡലത്തിൽ പ്രകടമാണ്. ബാബറി മസ്ജിദ് തകർത്തകാലത്തും, നേതാക്കൾ പീഡനക്കേസുകളിൽപെട്ടും മറ്റുമായി യുഡിഎഫിന്റെ പ്രതിഛായ വളരെ മോശമായ കാലത്തുമൊക്കെയാണ് മലപ്പുറം ജില്ലയിൽ എൽഡിഎഫിന് അട്ടിമറി വിജയങ്ങൾ സാധ്യമായത്.

അതായത് മുസ്ലിം ലീഗിനോടുള്ള സമുദായത്തിന്റെ വിശ്വാസത്തിൽ ഇടിവുതട്ടുമ്പോഴാണ് അത് ഇടതിന് ഗുണം ചെയ്യാറുള്ളത്. പക്ഷേ ഈ വിശ്വാസം, കോൺഗ്രസിന് പൂർണ്ണമായും കിട്ടാറില്ല. ബിജെപിയെ എതിർക്കുന്നതിനുള്ള കോൺഗ്രസിനേക്കൾ നല്ല ഓപഷ്ൻ ഇടതുപക്ഷമാണെന്ന വിശ്വാസം പലപ്പോഴായി മുസ്ലിം സമുദായത്തിന് അകത്ത് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ദേശീയതലത്തിൽ സിപിഎം ദുർബലമായതും കോൺഗ്രസ് ശക്തിപ്പെട്ടടതിന്റെയും അനുരണനങ്ങൾ കേരളത്തിലും കടക്കുന്നുണ്ട്. ഈ ധ്രുവീകരണം എത്രത്തോളം പോകും എന്നതിന്റെ അടിസ്ഥാനത്തിലായിരുക്കും മലബാറിന്റെ രാഷ്ട്രീയ അജണ്ടയെന്നതും വ്യക്തമാണ്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മലപ്പുറത്ത് എൽഡിഎഫിന് കാര്യമായ പ്രതീക്ഷയില്ല. എന്നാൽ പൊന്നാനിയിൽ അവർ പ്രതീക്ഷ കൈവിട്ടിട്ടില്ല. സർവേ പ്രകാരം പൊന്നാനി ചാഞ്ചാടുന്ന മണ്ഡലമാണ്. മറ്റ് സാമുദായിക സംഘടകളുമായി ചേർന്നുകൊണ്ട് ഇവിടെ ഒരു പൊതുസ്വതന്ത്രനെ വെക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പക്ഷേ 2009ൽ ഡോ ഹുസൈൻ രണ്ടത്താണിയെ പൊതുസ്വതന്ത്രനാക്കി, പിഡിപിയുടെ പിന്തുണയോടെ പൊന്നാനിൽ മൽസരിച്ച എൽഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ഈ രീതിയിലുള്ള ഗിമ്മുക്കളകല്ല കൃത്യമായ രാഷ്ട്രീയ നിലപാടുതന്നെയാണ് ഇടതുമുന്നണിക്ക് ഗുണം ചെയ്യുകയെന്നതിന്റെ സൂചനകളായിരുന്നു പലാക്കാടും ആലത്തൂരിലുമുള്ള സർവേ ഫലം. മോദി സർക്കാറിനോടുള്ള എതിർപ്പ് എടുത്തുകാട്ടിയുള്ള കൃത്യമായ രാഷ്ട്രീയ പ്രചാരണം ആണ് ഇവിടെ സിപിഎമ്മിന് ഗുണം ചെയ്യുന്നത്. ഒപ്പം സിപിഎമ്മിന്റെ സംഘടനാ ശക്തിയും സംവിധാനങ്ങളും എടുത്തുപറയേണ്ടതുമാണ്. ജനതാദൾ യു എൽഡിഎഫിലേക്ക തിരിച്ചുവന്നതും ഈ രണ്ടു മണ്ഡലങ്ങളിലും ഇടതിന്റെ സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്.ഇവിടുത്തെ എംപിമാവായ എം ബി രാജേഷിനും, പികെ ബിജുവിനുമുള്ള വൻ ജനസമ്മിതിയും എൽഡിഎഫിന് തുണയാവും. ഈ നേതാക്കൾ വീണ്ടും മൽസരിക്കുന്നി്ല്ലെങ്കിൽ അതും വോട്ട് ചോർച്ചക്ക് ഇടയാക്കും.

എന്നാൽ തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിലേക്ക് വരുമ്പോൾ എൽഡിഎഫിന്റെ സിറ്റിങ്ങ് എംപിമാരെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല സാധാരണക്കാരിൽനിന്ന് ഉയരുന്നത്. പ്രത്യേകിച്ച് ചാലക്കുടി എംപിയായ നടൻ ഇന്നസെന്റിനെ കുറിച്ച്. ഈ മണ്ഡലത്തിൽ നിർണ്ണായകമായ ക്രിസ്ത്യൻ വിഭാഗം യുഡിഎഫിനോട് അടുക്കുന്നതായും സർവേയിൽ സൂചനകൾ ഉണ്ട്. ദേശീയ തലത്തിൽ കോൺഗ്രസ് അധികാരത്തിൽവരണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടെന്ന് സർവേയുടെ അനുബന്ധ ചോദ്യങ്ങളിൽനിന്ന് വ്യക്തമാണ്. ക്രിസ്ത്യൻ- മുസ്ലിം കൺസോളിഡേഷനും എൻഎസ്സ് അടക്കമുള്ള മുന്നോക്ക സംഘടനകളുടെ പിന്തുണയുമായാൽ അതൊരു ട്രെൻഡ് ആകുമെന്നാണ് യുഡിഎഫ്് നേതാക്കൾ പറയുന്നത്. സർവേയുടെ അനുബന്ധ ചോദ്യങ്ങൾ പ്രകാരം നിലവിൽ അത്തൊരുമൊരു കോമ്പിനേഷൻ രൂപപ്പെട്ടിട്ടില്ലെങ്കിലും, ഇനിയുള്ള ദിവസങ്ങളിൽ അത് തള്ളിക്കളയാനും ആവില്ല. പക്ഷേ ശബരിമല സമരത്തിന്റെയൊക്കെ ഒരു പ്രശ്നമെന്ന നിലയിൽ രൂപപ്പെട്ട ദലിത്- പിന്നോക്ക സമുദായ ഐക്യം ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് നേതാക്കൾ കരുതുന്നത്.

പാലക്കാട്ടും തൃശൂരിലും ചാലക്കുടിയും ബിജെപിയുടെ വോട്ട് വർധിച്ചിട്ടുണ്ടെങ്കിലും ശബരിമല സമരത്തിൽനിന്നൊക്കെ അവർ പ്രതീക്ഷിക്കുന്ന വൻ കുതിച്ചുചാട്ടം ഉണ്ടായിട്ടില്ലെന്ന് മറുനാടൻ സർവേ സൂചകങ്ങൾ വ്യക്തമാക്കുന്നു. എങ്കിലും കരുത്തരായ നേതാക്കളെ ഇറക്കി തൃശൂരിലും പാലക്കാട്ടും ഭാഗ്യം പരീക്ഷിക്കാനാണ് ബിജെപി തീരുമാനം. ബിജെപിയുടെ വോട്ട് വർധന ഏത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് ഇപ്പോൾ പറയാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP