Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ ഭേദഗതി ബില്ലിനെതിരെ ലീഗും സമസ്തയും; മലപ്പുറം പൂക്കോട്ടൂരിൽനിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് യൂത്ത് ലീഗിന്റെ ഡേ-നൈറ്റ് മാർച്ച്; സമസ്തയുടെ പ്രതിഷേധ സമ്മേളനം കോഴിക്കോട്; ബില്ല് കത്തിച്ച് എസ്ഡിപിഐ; പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി മുസ്ലിം സംഘടനകൾ

പൗരത്വ ഭേദഗതി ബില്ലിനെതിരെ ലീഗും സമസ്തയും; മലപ്പുറം പൂക്കോട്ടൂരിൽനിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് യൂത്ത് ലീഗിന്റെ ഡേ-നൈറ്റ് മാർച്ച്; സമസ്തയുടെ പ്രതിഷേധ സമ്മേളനം കോഴിക്കോട്; ബില്ല് കത്തിച്ച് എസ്ഡിപിഐ; പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി മുസ്ലിം സംഘടനകൾ

ജംഷാദ് മലപ്പുറം

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലീഗും സമസ്തയും മറ്റു മുസ്ലിംസംഘടനകളും രംഗത്ത്. മലപ്പുറം പൂക്കോട്ടൂരിൽനിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് യൂത്ത്ലീഗിന്റെ ഡേ-നൈറ്റ് മാർച്ച്. സമസ്തയുടെ പ്രതിഷേധ സമ്മേളനം കോഴിക്കോട്. ബില്ല് കത്തിച്ച് എസ്ഡിപിഐ. പ്രതിഷേധം തെരുവിലേക്കറിക്കി മുസ്ലിംസംഘടനകൾ. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ 15നും 16നും മലപ്പുറം പൂക്കോട്ടൂരിൽ നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് ഡേ-നൈറ്റ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

15ന് വൈകിട്ട് മൂന്നിന് പുക്കോട്ടൂരിൽ നിന്ന് 30 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് രാത്രി ഒരുമണിയോടെ ഫറോക്ക് ചുങ്കത്തിലും 16ന് രാവിലെ ഒമ്പതിന് പുനരാംരംഭിച്ച് വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. മതത്തിന്റെ പേരിൽ വിഭാഗീയതയുണ്ടാക്കി രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന പൗരത്വബില്ല് പിൻവലിക്കണം. ആർ.എസ്.എസിന്റെ അജണ്ടകൾ നടപ്പാക്കുന്ന സർക്കാരായി കേന്ദ്രം മാറിയിട്ടുണ്ട്. ഇന്ത്യയെന്ന ആശയത്തെ ഇല്ലാതാക്കുന്ന ബില്ലിനെതിരെ ബഹുജന പ്രതിഷേധം ശക്തമാക്കും. പൗരത്വ ഭേദഗതി നിയമം അനുവദിക്കില്ലെന്ന ബംഗാൾ, പഞ്ചാബ് മുഖ്യമന്ത്രിമാരുടെ ആർജ്ജവം കേരള മുഖ്യമന്ത്രിയും കാണിക്കണം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബില്ലിനെതിരെ നിലപാടെടുക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, നജീബ് കാന്തപുരം ആവശ്യപ്പെട്ടു.

സമസ്ത പ്രതിഷേധ സമ്മേളനം കോഴിക്കോട്ട്

പൗരത്വ വിവേചനത്തിനെതിരെ സമസ്ത പ്രതിഷേധ സമ്മേളനം അടുത്ത ആഴ്ച കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുമെന്നു സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാരും മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ ഭരണഘടന നൽകുന്ന അവകാശങ്ങളെ ഇല്ലാതാക്കുന്ന പൗരത്വ വിവേചനത്തിനെതിരെ പ്രതിഷേധശബ്ദമുയർത്തുന്ന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാകും. സമസ്ത നേതാക്കൾക്കു പുറമെ എംപിമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ സമ്മേളനത്തിൽ സംസാരിക്കും. പൗരന്മാർക്കിടയിൽ വിവേചനം നടത്തുന്ന പൗരത്വഭേദഗതി ബില്ലിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നു സമസ്ത നേതാക്കൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു പ്രധാനമന്ത്രി,അഭ്യന്തരമന്ത്രി എന്നിവരെ സമസ്ത നേരിട്ടു കാണും. കോഴിക്കോട്ട് നടക്കുന്ന പ്രതിഷേധ സമ്മേളനപരിപാടിക്കു ഉടൻ അന്തിമ രൂപം നൽകും.

അടുത്ത വെള്ളിയാഴ്ച ഇതുസംബന്ധിച്ചു പള്ളികളിൽ ഉദ്ബോധനം നടത്തും.മലപ്പുറം സുന്നീമഹലിൽ ഇന്നലെ വൈകീട്ട് ചേർന്ന സമസ്ത ഏകോപന സമിതി യോഗത്തിൽ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി.സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാർ,സെക്രട്ടറിമാരായ എം ടി.അബ്ദുല്ല മുസ്ലിയാർ,കൊയ്യോട് ഉമർ മുസ്ലിയാർ, മുശാവറ അംഗങ്ങളായ ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, കെ.ഉമർ ഫൈസി മുക്കം, വിവിധ പോഷക ഘടകങ്ങളുടെ ഭാരവാഹികളായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്,അബ്ദുസമദ് പൂക്കോട്ടൂർ,മുസ്ത്വഫ മാസ്റ്റർ മുണ്ടുപാറ,നാസർ ഫൈസി കൂടത്തായി,യു.മുഹമ്മദ് ശാഫി ഹാജി,കെ.എം.അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം,കെ.മോയിൻകുട്ടി മാസ്റ്റർ,സത്താർ പന്തലൂർ എന്നിവർ പങ്കെടുത്തു.

മലപ്പുറത്ത് ബില്ല് കത്തിച്ചു എസ്ഡിപിഐ പ്രതിഷേധം

പൗരത്വ ഭേദഗതി ബില്ലിനെതിരെ മലപ്പുറത്ത് എസ്ഡിപിഐ ബില്ല് കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം സംസ്ഥാന സമിതിയംഗം ഡോ സിഎച് അഷ്‌റഫ് ബില്ല് കത്തിച്ചു ഉദ്ഘാടനം ചെയ്തുമതത്തിന്റെ പേരിൽ വിഭജിക്കുന്ന തീർത്തും ഭരണഘടനാ വിരുദ്ധമായ ബില്ലുകളെല്ലാം തള്ളിക്കളയണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി പിൻവലിക്കുക, പൗരത്വ ഭേദഗതി ബില്ല് ബഹിഷ്‌കരിക്കുക, വംശവെറിയെ ചെറുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന് സംസ്ഥാന സമിതിയംഗം ഡോ സിഎച് അഷ്‌റഫ്, ജില്ലാ സെക്രട്ടറി ടിഎം ഷൗക്കത്ത്, മണ്ഡലം പ്രസിഡന്റ് ടി സിദ്ധീഖ് മാസ്റ്റർ, സെക്രട്ടറി ഇർഷാദ് മൊറയൂർ, മങ്കട മണ്ഡലം പ്രസിഡന്റ് അബ്ദുസ്സലാം, എംടി ഇബ്രാഹീം, അബ്ദുൽ മജീദ് പി, സഫ്വാൻ, സിപി നസ്രുദീൻ, ആത്തിഫ് എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP