Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോളറിനെതിരെ പൗണ്ടിന് പ്രതീക്ഷിച്ച വീഴ്ചയില്ല; യൂറോയ്ക്കെതിരെ നേരിയ മുൻതൂക്കം; സ്‌കോട്ട്ലൻഡിൽ ബോറിസ് വിരുദ്ധ പ്രകടനം; ബ്രെക്‌സിറ്റ് നേതാവ് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നതോടെ സ്‌കോട്ടിഷ് സ്വാതന്ത്ര്യം യാഥാർത്ഥ്യമായേക്കും

ഡോളറിനെതിരെ പൗണ്ടിന് പ്രതീക്ഷിച്ച വീഴ്ചയില്ല; യൂറോയ്ക്കെതിരെ നേരിയ മുൻതൂക്കം; സ്‌കോട്ട്ലൻഡിൽ ബോറിസ് വിരുദ്ധ പ്രകടനം; ബ്രെക്‌സിറ്റ് നേതാവ് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നതോടെ സ്‌കോട്ടിഷ് സ്വാതന്ത്ര്യം യാഥാർത്ഥ്യമായേക്കും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബോറിസ് ജോൺസൻ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റാൽ ഡോളറിനെതിരെ പൗണ്ട് വില കുത്തനെ ഇടിയുമെന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ ഡോളറിനെതിരെ പൗണ്ടിന് ഇത്തരത്തിൽ പ്രതീക്ഷിച്ച അത്ര വീഴ്ചയില്ലെന്നാണ് ഏറ്റവും പുതിയ പ്രവണതകൾ വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ യൂറോയ്ക്കെതിരെ പൗണ്ടിന് നേരിയ മുൻതൂക്കമുണ്ടായിട്ടുമുണ്ട്. ഇന്നലെ തെരേസയുടെ പിൻഗാമിയായി ബോറിസിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് സ്‌കോട്ട്ലൻഡിൽ ബോറിസ് വിരുദ്ധ പ്രകടനം ശക്തമായിരുന്നു. ഇതിനെ തുടർന്ന് സ്‌കോട്ടിഷ് സ്വാതന്ത്ര്യം യാഥാർത്ഥ്യമായേക്കുമെന്നും റിപ്പോർട്ടുണ്ട്.

യാതൊരു വിധത്തിലുമുള്ള ഡീലുമില്ലാതെ ബോറിസ് യുകെയെ യൂറോപ്യൻ യൂണിയന് പുറത്തേക്ക് കൊണ്ടു പോകുമെന്ന ആശങ്ക വർധിച്ചതിനെ തുടർന്നായിരുന്നു ഇന്നലെ ഡോളറിനെതിരെ പൗണ്ട് വില തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞിരുന്നത്. എന്നാൽ ഈ ഇടിവ് പ്രതീക്ഷിച്ച അത്ര രൂക്ഷമല്ലായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ബോറിസിനെ പ്രധാനമന്ത്രിയായി ഇന്നലെ പ്രഖ്യാപിക്കുമ്പോൾ പൗണ്ട് വില 1.2457 ഡോളറായിരുന്നു. എന്നാൽ പൗണ്ട് വില കഴിഞ്ഞ ആഴ്ച 1.2382 ഡോളറാവുകയും 27 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്തത് പരിഗണിക്കുമ്പോൾ ഇന്നലത്തെ പൗണ്ട് വില ഭേദമാണ്.

മുൻ ഫോറിൻ സെക്രട്ടറിയും മുൻ ലണ്ടൻ മേയറും ബ്രെക്സിറ്റ് നേതാവുമായ ബോറിസിന്റെ വിജയം ഇന്നലെ പ്രഖ്യാപിച്ചതിനെ തുടർന്ന് യൂറോയ്ക്കെതിരെ പൗണ്ട് വിലയിൽ വർധനവാണ് രേഖപ്പെടുത്തിയത്. ഇത് പ്രകാരം ഇന്നലെ ഉച്ചയ്ക്ക് ശേഷം 0.2 ശതമാനം വർധനവ് രേഖപ്പെടുത്തിയ പൗണ്ട് 1.1153 യൂറോയ്ക്കാണ് വ്യാപാരം നടത്തിയത്. എന്ത് തന്നെ സംഭവിച്ചാലും ഈ വരുന്ന ഒക്ടോബർ 31ഓടെ ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന ഉറച്ച നിലപാടാണ് ബോറിസ് പുലർത്തുന്നത്. ബോറിസ് നയിക്കുന്ന സർക്കാരിൽ അസംതൃപ്തി രേഖപ്പെടുത്തി എത്രത്തോളം മിനിസ്റ്റർമാരാണ് രാജി വയ്ക്കുന്നതെന്നത് നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.

ബോറിസ് ജോൺസനെ കൺസർവേറ്റീവ് പാർട്ടി നേതാവും പ്രധാനമന്ത്രിയുമായി തെരഞ്ഞെടുത്തതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഗ്ലാസ്‌കോയിൽ നൂറ് കണക്കിന് പേരാണ് കടുത്ത പ്രതിഷേധപ്രകടനം നടത്തിയിരിക്കുന്നത്. സ്‌കോട്ട്ലൻഡ് സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന ഗ്രൂപ്പായ ഓൾ അണ്ടർ വൺ ബാന (എയുഒബി)റിൽ പെട്ട അംഗങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇക്കൂട്ടത്തിൽ പെട്ട നിരവധി പേർ ബോറിസിനെ പരിസഹിച്ച് കൊണ്ടുള്ള പ്ലേക്കാർഡുകൾ ഉയർത്തിപ്പിടിച്ചിരുന്നു. ഈ പ്രതിഷേധം ഒരാഴ്ച മുമ്പ് തന്നെ ആരംഭിച്ചിരുന്നുവെന്നും ഇത് ഇന്നലെ മൂർധന്യത്തിലെത്തിയതാണെന്നുമാണ് എയുഒബിയിൽ നിന്നുള്ള ഗാരി കെല്ലി പ്രതികരിച്ചിരിക്കുന്നത്. ബോറിസിനെ പോലുള്ള ഒരു പ്രധാനമന്ത്രിയെ സ്‌കോട്ട്ലൻഡിന് ആവശ്യമില്ലെന്നും ഇതിലും ഭേദം യുകെയിൽ നിന്നും സ്വാതന്ത്ര്യം നേടുകയാണെന്നും കെല്ലി പറയുന്നു. മുൻ സ്‌കോട്ടിഷ് രാഷ്ട്രീയനേതാവായ ടോമി ഷെറിഡാൻ അടക്കമുള്ള നിരവധി പേർ ഈ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇതോടെ സ്‌കോട്ടിഷ് റഫറണ്ടം വീണ്ടും നടത്താനുള്ള ആവശ്യം ശക്തമാകുമെന്നും ഇതിലൂടെ സ്‌കോട്ട്ലൻഡ് യുകെയിൽ നിന്നും വേർപെടാനുള്ള സാധ്യത വർധിച്ചിരിക്കുന്നുവെന്നും സൂചനയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP