Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എവിടെ നിന്നോ പെരിയയിൽ വന്ന് തെങ്ങ്കയറ്റ തൊഴിലാളിയായി മാറി; ഒടുവള്ളി ടൗണിനടുത്ത് ആരോടും കൂട്ടുകൂടാതെ കഴിഞ്ഞിട്ട് സ്ഥലം വിട്ടത് നാലുവർഷം മുമ്പ്; പീതാംബരനുമായി എങ്ങനെ ബന്ധം സ്ഥാപിച്ചുവെന്നും കേസിൽ എങ്ങനെ പെട്ടുവെന്നും അറിയാതെ മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ; ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ കാവുങ്കൽ കെ.എം.സുരേഷ് എന്നും ദുരൂഹകഥാപാത്രം

എവിടെ നിന്നോ പെരിയയിൽ വന്ന് തെങ്ങ്കയറ്റ തൊഴിലാളിയായി മാറി; ഒടുവള്ളി ടൗണിനടുത്ത് ആരോടും കൂട്ടുകൂടാതെ കഴിഞ്ഞിട്ട് സ്ഥലം വിട്ടത് നാലുവർഷം മുമ്പ്; പീതാംബരനുമായി എങ്ങനെ ബന്ധം സ്ഥാപിച്ചുവെന്നും കേസിൽ എങ്ങനെ പെട്ടുവെന്നും അറിയാതെ മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ; ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ കാവുങ്കൽ കെ.എം.സുരേഷ് എന്നും ദുരൂഹകഥാപാത്രം

രഞ്ജിത്ത് ബാബു

 കാസർഗോഡ്: യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത്ത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കണ്ണൂർ ഒടുവള്ളിയിലെ കാവുങ്കൽ കെ.എം. സുരേഷ് നാട്ടുകാർക്ക് ദുരൂഹത നിറഞ്ഞ കഥാപാത്രമായിരുന്നു. ഒടുവള്ളി ടൗണിന് സമീപം അല്പകാലം താമസിച്ചിരുന്ന ഇയാൾ നാല് വർഷം മുമ്പ് സ്ഥലം വിടുകയായിരുന്നു. ചില കേസുകളിൽ ഇയാൾ പെട്ടിരുന്നതായും വിവരമുണ്ട്. തെങ്ങുകയറ്റ തൊഴിലാളിയായ സുരേഷിന് ആരുമായും ബന്ധമുണ്ടായിരുന്നില്ല. എവിടെ നിന്നോ വന്നു കൂടിയ വ്യക്തിയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഒടുവള്ളിയിലുള്ള സമയത്ത് സിപിഎം. പ്രവർത്തകരുമായി പോലും ബന്ധപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ സുരേഷിന്റെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നു.

പെരിയ ഇരട്ട കൊലകേസിൽ ഇയാൾ പ്രതിസ്ഥാനത്തുണ്ടെന്ന് അറിഞ്ഞതോടെ നാട്ടിലെങ്ങും സുരേഷിനെക്കുറിച്ചുള്ള ചർച്ച നടക്കുകയാണ്. ഇയാൾ എങ്ങിനെ ഈ കേസിൽ മുഖ്യ പങ്കാളിയായി എന്ന് നാട്ടുകാർ മൂക്കത്ത് വിരൽ വെച്ച് ചോദിക്കുന്നു. എങ്ങിനെയാണ് ഇയാൾ പെരിയയിലെ പീതാംബരനുമായി ബന്ധം സ്ഥാപിച്ചത്. കൊലനടത്താൻ പ്രത്യേക പരിശീലനം സുരേഷിന് ലഭിച്ചിട്ടുണ്ടോ ഇതെല്ലാം നാട്ടുകാർ ഉന്നയിക്കുന്നു. ഒടുവള്ളിയുമായി ഇയാൾക്കുള്ള ബന്ധം പോലും ആർക്കും അറിയുന്നില്ല. പെരിയയിൽ യൂത്ത് കോൺഗ്രസ്സ പ്രവർത്തകർ കൊല്ലപ്പെട്ട ശേഷം പ്രതികളടക്കമുള്ള സിപിഎം. പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തിയിരുന്നെന്ന ആരോപണമുയർന്നിരുന്നു. കൊല്ലപ്പെട്ട ശരത്തിന്റെ പിതാവ് സത്യനാരായണനാണ് ആരോപണമുന്നയിച്ചത്. കൊലയാളി സംഘത്തിന് ആവശ്യമായ പണം നൽകിയത് കല്യോട്ടെ ക്വാറി ഉടമ ശാസ്താ ഗംഗാധരനും സമ്പന്നനായ വത്സരാജുമാണെന്ന് സത്യനാരായണൻ ആരോപിക്കുന്നു.

ശാസ്താ ഗംഗാധരന്റെ വീട്ടിന് മുന്നിൽ വച്ചാണ് കൊലപാതകം നടത്തിയത് ഗംഗാധരന്റെ വീട്ടുപറമ്പിലുള്ള സ്വകാര്യ റോഡിലൂടെയാണ് കൊലക്ക് ശേഷം പ്രതികൾ കടന്നു പോത്. ഇതിന് മുന്നേ വീട്ടു മുറ്റത്തെ എട്ട് വാഹനങ്ങൾ മാറ്റി നിർത്തിയിരുന്നു. വത്സരാജിന്റെ വീട് ഒരാഴ്ചക്കു മുമ്പ് 75 ലക്ഷം രൂപക്ക് ഇൻഷൂർ ചെയ്യുകയും ചെയ്തു. ഗംഗാധരന്റെ മകൻ ഉൾപ്പെടെയുള്ളവർ കവലയിലെത്തി മുദ്രാവാക്യം വിളിച്ചാണ് പിരിഞ്ഞു പോയതെന്ന് സത്യനാരായണൻ പറയുന്നു. പീതാംബരന്റെ വീട് സന്ദർശിച്ച് ഭാര്യയേയും മകളേയും അമ്മയേയും ആശ്വസിപ്പിച്ചത് എന്ത് തെറ്റാണുള്ളതെന്നും സിപിഎം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി. കുഞ്ഞിരാമൻ ചോദിച്ചു. പീതാംബരൻ ജയിലിലായതോടെ കുടുംബം അനുഭവിക്കുന്ന വിഷമം മനസ്സിലാക്കിയതിനാലാണ് അവരുടെ വീട്ടിൽ പോയത്. എന്നാൽ അവർക്ക് പണം നൽകിയെന്ന വാർത്ത കുഞ്ഞിരാമൻ നിഷേധിച്ചു.

പ്രാദേശികമായ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പീതാംബരനും സുഹൃത്ത് സജിയുമായി ചേർന്നാണ് ശരത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ യാദൃശ്ചികമായായിരുന്നു സംഭവത്തിലേക്ക് കൃപേഷ് എത്തിയത്. ദിവസങ്ങളായി ശരത്ത് ലാൽ ആക്രമി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഫെബ്രുവരി പതിനേഴിന് പെരുങ്കളിയാട്ട സംഘം കഴിഞ്ഞ് ശരത്തും കൃപേഷും ബൈക്കിൽ വരുന്ന വിവരം പീതാംബരനാണ് ആക്രമി സംഘത്തിന് കൈമാറിയത്. പിന്നീട് ആക്രമണം എവിടെ വച്ചു വേണമെന്ന് തീരുമാനിക്കുന്നത്.

തുടർന്ന് ഇരുവരും കല്ലിയോട്ട് റോഡിലെത്തിയപ്പോൾ ഒളിച്ചിരുന്ന ആക്രമി സംഘം ഇവർക്ക് നേരെ ചാടിവീണു. ഇവരെ കണ്ട് ഭയന്നിട്ടും ശരത് ലാൽ ബൈക്ക് നിർത്താൻ കൂട്ടാക്കാതെ മുന്നോട്ട് പായിച്ചു. തുടർന്ന് ആക്രമിസംഘം ഇവരെ ചവുട്ടി വീഴ്‌ത്തുകയും പ്രതികളിലൊരാളായ കെ.എം സുരേഷ് ശരത് ലാലിനെ ആഞ്ഞു വെട്ടുകയുമായിരുന്നു.

എന്നാൽ വെട്ട് കൊണ്ടത് കൃപേഷിന്റെ തലയ്ക്കായിരുന്നു. മരണവെപ്രാളത്തിൽ ഓടിയ കൃപേഷിനെ വിട്ട് സംഘം ശരത് ലാലിനെ ആക്രമിക്കുകയായിരുന്നു.ശരതിനെ ആദ്യം ആക്രമിച്ചത് അനിൽ കുമാറും സുരേഷ് കുമാറുമായിരുന്നു. ആദ്യ വെട്ടിൽ തന്നെ തളർന്നു വീണ ശരത് എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരാൾ ഇരുമ്പ് ദണ്ഡുകൊണ്ട് കാലിന് അടിച്ചു വീഴത്തി. ഇതിനിടെ അശ്വിനും സുരേഷും സുനിലും ശ്രീരാഗും അനിലും ശരത്തിന്റെ കാലിൽ ആഞ്ഞു വെട്ടി. കാലിൽ നിന്ന് മാംസം നാലുപാടും ചിതറിത്തെറിച്ചു.

ഈ അക്രമികൾ ശരത്തിന്റെ മരണം ഉറപ്പാക്കിയിരുന്നു. അതേസമയം, സംഘത്തിന്റെ ശ്രദ്ധയിൽ നിന്ന് മാറിപ്പോയ കൃപേഷിനെ പീതാംബരൻ പിന്നാലെ ഓടിച്ചിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഇത് ആക്രമി സംഘത്തിലുള്ളവർ ശ്രദ്ധിച്ചിരുന്നില്ല. ശരത്തിനെ വെട്ടിക്കൊല്ലുന്നതിനിടയിൽ സുരേഷിന്റെ വാൾ പിടി ഊരി തെറിച്ച് പോവുകയും ഇയാളുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. കൊലപാതകത്തിനു ശേഷം ഇവർ ആയുധങ്ങൾ ഒരു പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു.എന്നാൽ ഒരാൾ മാത്രം പുതിയ വാൾ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല.

സംഘത്തിലുള്ളവരുടെ നിർബന്ധത്തെ തുടർന്ന് ഇയാൾ വാൾ ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ പൊലീസിന് ഇതുവരെ ഈ വാൾ കണ്ടെത്താനായിട്ടില്ല. എട്ടുപേർക്ക് രക്ഷപെടാനായി വിവിധ സ്ഥലങ്ങളിൽ മൂന്ന് വാഹനങ്ങൾ തയ്യാറാക്കിയിരുന്നു. സജി ജോർജിന്റ വാഹനത്തിൽ നാലുപേരും മറ്റ് വാഹനങ്ങളിൽ രണ്ടുപേരുമായാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടത്. പിന്നീട് ഇവർ പാർട്ടി കേന്ദമായ വെളുത്തോളിയിലെത്തുകയും അവിടെ നിന്ന് മറ്റൊരു കേന്ദത്തിലേക്ക് മാറുകയുമായിരുന്നു.

കേസിൽ എന്ത് നിയമോപദേശം നൽകണമെന്ന് വ്യക്തമായി ചർച്ച ചെയ്ത ശേഷമാണ് ഇവർ പിരിഞ്ഞത്.രാത്രിയിൽ വഴിയിൽ ഉപേക്ഷിക്കപ്പെട്ട വണ്ടിയെ കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാൽ വാഹന ഉടമയും ഡ്രൈവറുമായ സജിയെ അന്ന് പിടികൂടാനായില്ല. തുടർന്ന് തൊട്ടടുത്ത ദിവസം ഇയാൾ പൊലീസിൽ ഹാജരാവുകയാണുണ്ടായത്. അഞ്ച് പ്രതികൾ കൂടി പിടിയിലായതോടെ മൊത്തം ഏഴുപേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP