Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എല്ലാ വിദ്യാർത്ഥികൾക്കും പുനർമൂല്യ നിർണയത്തിന് വിധേയമായ ഉത്തരക്കടലാസുകളുടെ വിവരങ്ങൾ ലഭിക്കാൻ അവകാശമുണ്ടെന്ന് വിവരാവകാശ കമ്മീഷൻ; പോരാട്ടത്തിനൊടുവിൽ ചരിത്രപരമായ വിധി നേടിയെടുത്തത് നിയമ വിദ്യാർത്ഥി

എല്ലാ വിദ്യാർത്ഥികൾക്കും പുനർമൂല്യ നിർണയത്തിന് വിധേയമായ ഉത്തരക്കടലാസുകളുടെ വിവരങ്ങൾ ലഭിക്കാൻ അവകാശമുണ്ടെന്ന് വിവരാവകാശ കമ്മീഷൻ; പോരാട്ടത്തിനൊടുവിൽ ചരിത്രപരമായ വിധി നേടിയെടുത്തത് നിയമ വിദ്യാർത്ഥി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുനർമൂല്യ നിർണയത്തിന് കൊടുക്കുന്ന ഉത്തരക്കടലാസുകളുടെ കൃത്യവും പൂർണവുമായ വിവരങ്ങൾ ഇനി മുതൽ സർവകലാശാലയിൽ നിന്ന് ലഭിക്കാനുള്ള എല്ലാ അധികാരവും വിദ്യാർത്ഥികൾക്കുണ്ടാകും. ഓരോ ചോദ്യത്തിനും എഴുതിയ ഉത്തരങ്ങൾക്ക് നൽകിയ മാർക്കും അതിനെ സംബന്ധിച്ച വിവരങ്ങളും വിവരാവകാശ നിയമം അനുസരിച്ച് വിദ്യാർത്ഥികൾക്ക് ലഭിക്കും. ഇതിലൂടെ പുനർമൂല്യനിർണയ പ്രക്രിയയുടെ സുതാര്യത വർദ്ധിക്കുകയും ഉചിതമായ രീതിയിലാണോ മൂല്യനിർണയം നടക്കുന്നതെന്ന് വിദ്യാർത്ഥികൾക്ക് അറിയാൻ അവസരമണ്ടാകുകയും ചെയ്യും.

തിരുവനന്തപുരം നാലാഞ്ചിറയിലെ മാർ ഗ്രിഗോറിയസ് ലോ കോളേജിൽ പഠിക്കുന്ന അഖിൽ മുരളി എന്ന വിദ്യാർത്ഥി കേരള സർവകലാശാലയ്ക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന് സമർപ്പിച്ച അപ്പീൽ പെറ്റീഷനെ തുടർന്നാണ് പുതിയ വിധി. നിലവിൽ ഓരോ ഉത്തരത്തിന് എത്ര മാർക്ക് ലഭിച്ചെന്നുള്ള വിവരം കേരള സർവകലാശാല നൽകിയിരുന്നില്ല. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് ശേഷം തനിക്ക് ഓരോ ചോദ്യത്തിനും എത്ര മാർക്ക് വീതമാണ് ലഭിച്ചതെന്ന് അറിയാനായി അഖിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷയിൽ പ്രത്യേകിച്ച് വിശദീകരണങ്ങൾ ഒന്നും നൽകാതെ അത് നിരസിക്കുകയാണ് ചെയ്തത്. തുടർന്ന് അപേക്ഷയിന്മേൽ അഖിൽ അപ്പീൽ നൽകി.

പക്ഷേ മൂല്യനിർണയവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രഹസ്യമാണെന്നും ഉത്തരക്കടലാസുകൾ നോക്കിയ എക്സാമിനറുടെ പേരും മറ്റ് വിവരങ്ങളും അതിൽ ഉള്ളതുകൊണ്ട് പുറത്ത് വിടാൻ സാധിക്കില്ലെന്നുമാണ് മറുപടി വന്നത്. പക്ഷേ എക്സാമിനറുടെ വിവരങ്ങൾ ഒഴിവാക്കി ഉത്തരക്കടലാസിന്റെ പകർപ്പ് നൽകാൻ അഖിൽ വീണ്ടും ആവശ്യപ്പെട്ടു. ബി ബി എ എൽ എൽ ബി കോഴ്സിന്റെ ഭാഗമായുള്ള ഫാമിലി ലോ, കോൺസ്റ്റിറ്റിയൂഷണൽ ലോ എന്നീ വിഷയങ്ങളുടെ ഉത്തരക്കടലാസിന്റെ പകർപ്പാണ് അഖിൽ ആവശ്യപ്പെട്ടത്. എന്നാൽ വീണ്ടും കേരള സർവകലാശാലയുടെ പരീക്ഷാ മാനുവൽ അനുസരിച്ച് പുനർമൂല്യ നിർണയവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നതെന്നും വിവരങ്ങൾ നൽകാൻ സാധിക്കില്ലെന്നുമാണ് മറുപടി പറഞ്ഞത്.

തുടർന്ന് വിവരാവകാശ കമ്മീഷനു മുന്നിൽ ഹാജരായ അഖിൽ തന്റെ ഉത്തരക്കടലാസിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും അറിയാനുള്ള അവകാശം തനിക്കുണ്ടെന്നും എങ്കിൽ മാത്രമെ പരീക്ഷയിൽ തന്റെ പ്രകടനത്തെപ്പറ്റി അറിയാൻ സാധിക്കൂ എന്നും പറഞ്ഞു. എക്സാമിനറിന്റെ പേരും വിവരങ്ങളും മറച്ച് വെച്ച് കൊണ്ട് വിവരങ്ങൾ നൽകുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും വ്യക്തമാക്കി. അഖിലിന്റെ അപ്പീലിനെ പറ്റി വിശദമായി പഠിച്ച ശേഷം ആവശ്യപ്പെട്ടത് ലഭിക്കാനുള്ള എല്ലാ അധികാരവും വിദ്യാർത്ഥിക്ക്ുണ്ടെന്ന് കണ്ടെത്തുകയും ഉത്തരക്കടലാസുകളുടെ പകർപ്പ് യാതൊരു ചിലവുമില്ലാതെ 10 ദിവസത്തിനുള്ളിൽ നൽകണമെന്ന് വിവരാവകാശ കമ്മീഷൻ സർവകലാശാലയോട് പറയുകയും ചെയ്തു.

പകർപ്പ് നൽകുന്നതിലൂടെ പുനർമൂല്യ നിർണയത്തിന് സുതാര്യത കൈ വരുമെന്നും വിദ്യാർത്ഥിക്ക് ഇതുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി. വിവരാവകാശ നിയമം അനുസരിച്ച് പുനർമൂല്യ നിർണയത്തിന്റെ ഉത്തരക്കടലാസുകൾ ആവശ്യപ്പെടുന്നവർക്ക് സർവകലാശാല അത് നൽകണം. അവരുടെ അപേക്ഷ നിരസിക്കാൻ സർവകലാശാലയ്ക്ക് ഇനി മുതൽ കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP