Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ന് വിവരാവകാശത്തിൽ വിധി; നാളെയോ മറ്റെന്നാളോ ശനിയാഴ്ചയോ കടന്ന് ശബരിമല യുവതി പ്രവേശന വിധിയും പോകില്ല; അയ്യപ്പ വിശ്വാസത്തിലെ വിധി എന്നെന്ന് ഇന്ന് വൈകിട്ടോടെ വ്യക്തമാകുമെന്ന് പ്രതീക്ഷ; പ്രാർത്ഥനയുമായി വിശ്വാസികൾ; നവോത്ഥാന പോരാട്ടത്തിന് കരുത്ത് പകരുന്ന വിധിയെ കാത്ത് മനതീ സംഘം അടക്കമുള്ളവർ; ശബരിമലയിൽ 'രഞ്ജൻ ഗൊഗോയുടെ' മനസ്സ് നിർണ്ണായകമാകും

ഇന്ന് വിവരാവകാശത്തിൽ വിധി; നാളെയോ മറ്റെന്നാളോ ശനിയാഴ്ചയോ കടന്ന് ശബരിമല യുവതി പ്രവേശന വിധിയും പോകില്ല; അയ്യപ്പ വിശ്വാസത്തിലെ വിധി എന്നെന്ന് ഇന്ന് വൈകിട്ടോടെ വ്യക്തമാകുമെന്ന് പ്രതീക്ഷ; പ്രാർത്ഥനയുമായി വിശ്വാസികൾ; നവോത്ഥാന പോരാട്ടത്തിന് കരുത്ത് പകരുന്ന വിധിയെ കാത്ത് മനതീ സംഘം അടക്കമുള്ളവർ; ശബരിമലയിൽ 'രഞ്ജൻ ഗൊഗോയുടെ' മനസ്സ് നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യം ഏറെ കാത്തിരിക്കുന്ന മറ്റൊരു കേസിൽ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരുമെന്ന ഡൽഹി ഹൈക്കോടതി വിധിക്കെതിരായ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വിധി പ്രസ്താവിക്കുക. അയോധ്യ ഭൂമി തർക്ക കേസിലെ വിധിപ്രഖ്യാപനത്തിന് ശേഷം നടത്തുന്ന നിർണ്ണായക വിധിയാകും ഇത്. ഇതിന് ശേഷം ശബരിമലയിലും വിധി എത്തും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉത്തരവ് വരുമെന്നാണ് സൂചന.

ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ എൻ.വി.രമണ, ഡി.വൈ. ചന്ദ്രചൂഢ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരും ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരുമെന്ന ഹർജിയിൽ വിധി പ്രസ്താവിക്കുന്ന ഭരണഘടന ബെഞ്ചിലുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വിധി പ്രഖ്യാപിക്കുക. ഇതോടൊപ്പം ബാങ്കിങ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട കേസിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വിധി പ്രഖ്യാപനം നടത്തും. 2010 ജനുവരി 12-നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി ശരിവെച്ചത്. ഇതിനെതിരെ സുപ്രീംകോടതി രജിസ്ട്രി അപ്പീൽ നൽകുകയായിരുന്നു. 2016 ഓഗസ്റ്റിൽ ഈ കേസ് ഭരണഘടന ബെഞ്ചിന് വിട്ടു. 2019 ഏപ്രിലിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗബെഞ്ച് കേസിൽ വാദംകേൾക്കൽ പൂർത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചത്.

അയോധ്യ തർക്ക ഭൂമി കേസിലെ വിധിക്ക് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മറ്റൊരു ഭരണഘടന ബെഞ്ച് പുറപ്പെടുവിക്കേണ്ട സുപ്രധാന വിധിയാണ് ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹർജികളിലെ വിധി. മണ്ഡലകാലം തൊട്ടടുത്ത് നിൽക്കേ ഈ വിധിക്ക് ഏറെ പ്രാധാന്യമുണ്ട്. തീർത്ഥാടന കാലത്തിന് മുമ്പ് തന്നെ അനുകൂല തീരുമാനം പ്രതീക്ഷിക്കുകയാണ് വിശ്വാസികൾ. എന്നാൽ ഭരണഘടനാ മൂല്യം അനുശാസിക്കുന്നതാകും തീരുമാനമെന്ന പ്രതീക്ഷയിൽ മനിതി സംഘം അടക്കം ശബരിലമയിലേക്ക് യാത്ര ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ട് തന്നെ ചീഫ് ജസ്റ്റീസിന്റെ മനസ്സിലെ തീരുമാനം അതിനിർണ്ണായകമാകും.

ഞായറാഴ്ച അസമിലായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും, നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയും ഡൽഹിയിൽ മടങ്ങി എത്തിയിട്ടുണ്ട്. എന്നാൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളിലെ വിധി എപ്പോൾ ഉണ്ടാകുമെന്ന് ഇതുവരെയും ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ഗുരു നാനാക്ക് ജയന്തിയുടെ അവധിക്ക് ശേഷം ഇന്ന് കോടതി തുറക്കും. അന്ന് മൂന്ന് വ്യത്യസ്ത ബെഞ്ചുകളാണ് ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്നത്. ആദ്യത്തേത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും, നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയും ഉൾപ്പെടുന്ന ബെഞ്ച്. ജസ്റ്റിസ് അഖിൽ ഖുറേഷിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഉയർത്താനുള്ള കൊളീജിയം തീരുമാനത്തിൽ കേന്ദ്ര സർക്കാർ തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് നൽകിയ ഹർജി ഉൾപ്പടെ മൂന്ന് സുപ്രധാന ഹർജികളാണ് ഈ ബെഞ്ച് പരിഗണിക്കുന്നത്. ഡൽഹിയിലെ ജനങ്ങൾ വായു മലിനീകരണത്തെ തുടർന്ന് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസും ഇതിൽ ഉൾപെടും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്നതാണ് ബുധനാഴ്ച ചീഫ് ജസ്റ്റിസ് കോടതിയിലെ രണ്ടാമത്തെ ബെഞ്ച്. കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന ലൈംഗിക ആക്രമങ്ങൾ തടയുന്നതിനുള്ള മാർഗ്ഗ രേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഹർജികളാണ് ഈ ബെഞ്ച് പരിഗണിക്കുന്നത്. ഉന്നാവ് ബലാത്സംഗ കേസുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നേക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും ജസ്റ്റിസ് സൂര്യ കാന്തും അടങ്ങുന്നതാണ് മൂന്നാമത്തെ ബെഞ്ച്. ആദ്യ രണ്ട് ബെഞ്ചുകളും സുപ്രധാനമായ ഹർജികൾ പരിഗണിക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സുപ്രധാന വിധികൾ പ്രസ്താവിക്കേണ്ട ബെഞ്ചുകൾ രൂപീകരിക്കാൻ ഇടയില്ല.

വ്യാഴാഴ്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവർ അടങ്ങുന്ന ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നേതൃത്വം നൽകുന്നത്. അന്ന് മൂന്ന് അംഗ ബെഞ്ച് ഇരിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നേതൃത്വം നൽകുന്ന പ്രത്യേക ബെഞ്ചുകളിൽ നിന്ന് സുപ്രധാനമായ ചില വിധികളുടെ പ്രസ്താവം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതിൽ ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹർജികളിലെ വിധിയും ഉണ്ടാകുമോയെന്ന് ബുധനാഴ്ച വൈകീട്ട് മാത്രമേ ഔദ്യോഗികമായി അറിയാൻ കഴിയുകയുള്ളു.

ശബരിമല വിധി വ്യാഴാഴ്ച ഉണ്ടായില്ലെങ്കിൽ പിന്നെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് അവശേഷിക്കുന്ന ഏക പ്രവർത്തി ദിവസം വെള്ളിയാഴ്ചയാണ്. ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിക്കുന്നത്. അയോധ്യ കേസിലെ വിധി പ്രസ്താവം പോലെ അവധി ദിവസമായ ശനിയാഴ്‌ച്ച ശബരിമല വിധി പ്രസ്താവിക്കാനും സാധ്യതയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP