Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലബാറിലും മധ്യകേരളത്തിലും ഇല്ലെങ്കിലും തെക്ക് തെരഞ്ഞെടുപ്പ് വിഷയം ശബരിമല തന്നെ; ഇവിടെ സർക്കാർ നിലപാട് ശരിയാണെന്ന് പറയുന്നവർ വെറും 10 ശതമാനം മാത്രം; തെറ്റാണെന്ന് 30 ശതമാനവും തെറ്റല്ലെങ്കിലും തിടുക്കം കൂടിയെന്ന് 25 ശതമാനവും; ശബരിമല വിഷയത്തിൽ ഏത് പാർട്ടിക്ക് ഒപ്പം എന്ന ചോദ്യത്തിന് 25 ശതമാനം വോട്ടർമാർ ചൂണ്ടിക്കാട്ടിയത് ബിജെപിയെ; കോൺഗ്രസിനെ 22ഉം സിപിഎമ്മിന് 20 ശതമാനവും പിന്തുണ; ശബരിമലയിൽ നേട്ടം രാഷ്ട്രീയ നേട്ടം കൊയ്യുന്നത് ബിജെപി തന്നെ

മലബാറിലും മധ്യകേരളത്തിലും ഇല്ലെങ്കിലും തെക്ക് തെരഞ്ഞെടുപ്പ് വിഷയം ശബരിമല തന്നെ; ഇവിടെ സർക്കാർ നിലപാട് ശരിയാണെന്ന് പറയുന്നവർ വെറും 10 ശതമാനം മാത്രം; തെറ്റാണെന്ന് 30 ശതമാനവും തെറ്റല്ലെങ്കിലും തിടുക്കം കൂടിയെന്ന് 25 ശതമാനവും; ശബരിമല വിഷയത്തിൽ ഏത് പാർട്ടിക്ക് ഒപ്പം എന്ന ചോദ്യത്തിന് 25 ശതമാനം വോട്ടർമാർ ചൂണ്ടിക്കാട്ടിയത് ബിജെപിയെ; കോൺഗ്രസിനെ 22ഉം സിപിഎമ്മിന് 20 ശതമാനവും പിന്തുണ; ശബരിമലയിൽ നേട്ടം രാഷ്ട്രീയ നേട്ടം കൊയ്യുന്നത് ബിജെപി തന്നെ

ടീം മറുനാടൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മോദിവിരുദ്ധ തരംഗം ഉണ്ടെന്നും കേന്ദ്ര സർക്കാറിനെതിരെ വികാരം ശക്തമാണെന്നും മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും ചേർന്ന് നടത്തിയ സർവേയുടെ അനുബന്ധ ചോദ്യങ്ങളുടെ വിശകലനത്തിലും ഫലത്തിലും വ്യക്തമാണ്.

എന്നാൽ സർവേയുടെ വോട്ടുവിഹിതം നോക്കുമ്പോൾ, ബിജെപി നയിക്കുന്ന എൻഡിഎ എല്ലായിടത്തും വോട്ട് ഉയർത്തുകയും, പത്തനംതിട്ടയിലും തിരുവനന്തപുരത്തും കടുത്ത മൽസരം നടത്തുകയും ചെയ്യുന്നുവെന്നു കാണാം. കേന്ദ്ര സർക്കാറിനെതിരെ ഇത്രയും ശക്തമായ വികാരം ഉണ്ടായിട്ടും കേരളത്തിൽ ബിജെപിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നത് ശബരിമല സമരത്തിന്റെ ബലത്തിന്മേൽ ആണെന്നും സർവേ സൂചികകൾ വ്യക്തമാക്കുന്നു. പക്ഷേ മലബാറിലും, മധ്യകേരളത്തിലും ശബരിമല ഒരു തെരഞ്ഞെടുപ്പ് വിഷയമായതായി സർവേയിൽ വ്യക്തമായിട്ടില്ല.

എന്നാൽ തെക്കോട്ടു വരുന്തോറും ശബരിമല വികാരത്തിന്റെ ശക്തി കൂടിക്കൂടി വരികയും പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ അത് വീശുന്നുണ്ടെന്നുമാണ് സർവേയിൽ കാണാൻ കഴിഞ്ഞത്.

ശബരിമലയെ ഒരു പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി മലബാറിലെ വോട്ടർമാർ കാണുന്നില്ലെന്നാണ് സർവേയിൽ തെളിഞ്ഞത്. മറുനാടൻ സർവേയിലെ മലബാറിലെ കണക്കുകൾ മാത്രം എടുത്താൽ, വെറും 10 ശതമാനം വോട്ടർമാർ മാത്രമാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം ശബരിമലയാണെന്ന് രേഖപ്പെടുത്തിയത്. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ എടുത്ത നിലപാട്, 'തെറ്റല്ല പക്ഷേ തിടുക്കം കൂടി' എന്നാണ് 51 ശതമാനം വോട്ടർമാരും അഭിപ്രായപ്പെട്ടത്.

22 ശതമാനംപേർ സംസ്ഥാന സർക്കാറിന്റെ നിലപാട് തെറ്റാണെന്ന് പറയുമ്പോൾ, സർക്കാറിന് പൂർണ പിന്തുണ നൽകുന്നവർ 25 ശതമാനമുണ്ട്. ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒപ്പമാണെന്ന് പറയുന്നവർ വെറും 10 ശതമാനം പേർ മാത്രമെയുള്ളൂ. എന്നാൽ 27 ശതമാനം പേർ സിപിഎമ്മിനെ ഈ വിഷയത്തിൽ പിന്തുണക്കുമ്പോൾ, 30 ശതമാനംപേർ കോൺഗ്രസിന് ഒപ്പമാണ്.

എന്നാൽ 33 ശതമാനം വരുന്ന ഒരു വലിയ വിഭാഗം ഈ ചോദ്യത്തോട് പ്രതികരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ശബരിമലയെ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്ന പ്രശ്‌നമായും മലബാറിലെ വോട്ടർമാർ കാണുന്നില്ല എന്ന് വ്യക്തമാണ്. കാസർഗോഡും പാലക്കാടും അല്ലാതെ മലബാറിൽ മറ്റൊരിടത്തും ബിജെപിയുടെ വോട്ടിൽ കാര്യമായ വർധന കാണുന്നില്ല.

ഏതാണ്ട് സമാനമായ ഡാറ്റ തന്നെയാണ് മധ്യകേരളത്തിലും കിട്ടുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ അതല്ല സ്ഥിതി. ഇവിടുത്തെ സർവേ സ്റ്റാറ്റിസ്റ്റിക്്സ് ഇങ്ങനെയാണ്.

ചോദ്യം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ എടുത്ത നിലപാട് ശരിയോ?

  • അതെ - 10%
  • അല്ല- 30%
  • തെറ്റല്ല, തിടുക്കം കൂടി- 25%
  • അഭിപ്രായമില്ല-35

ഈ ഡാറ്റ പ്രകാരം വെറും 10 ശതമാനം പേർ മാത്രമാണ് സർക്കാർ നടപടിയെ അനുകൂലിക്കുന്നത്. 30 ശതമാനം എതിർക്കുന്നുമുണ്ട്. എൽഡിഎഫിന്റെ വോട്ടർമാർക്കുപോലും ഇവിടെ തെറ്റല്ല പക്ഷേ തിടുക്കം കൂടി എന്ന് രേഖപ്പെടുത്തേണ്ടി വന്നിരിക്കുന്നു. ഒരു ഹിന്ദുമത വിശ്വാസ പ്രശ്നമായതുകൊണ്ട് മറ്റ് മതസ്ഥർ അഭിപ്രായം പറയാതെ മാറി നിന്നതാകാമെന്ന് ഊഹിക്കാമെങ്കിലും, 35 ശതമാനം ആളുകൾ അഭിപ്രായമില്ല എന്ന് രേഖപ്പെടുത്തിയതും ഒരു അമർഷത്തിന്റെ സൂചനയായി വിലയിരുത്താം.

അതിനാൽ തന്നെ തെക്കൻ കേരളത്തിൽ ശബരിമല വിഷയത്തിൽ സർക്കാറിനെതിരായ വികാരമുണ്ടെന്ന് വ്യക്തമാണ്. ഇനി അതിൽനിന്ന് ഏത് പാർട്ടിയാണ് മുതലെടുക്കുന്നത് എന്ന അറിയാൻ അടുത്ത ചോദ്യം പരിശോധിക്കാം. (ഈ ഡാറ്റയും തെക്കൻ കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിൽനിന്ന് മാത്രം എടുത്തതാണ്)

ചോദ്യം: ശബരിമല വിഷയത്തിൽ നിങ്ങൾ ഏത് പാർട്ടിക്ക് ഒപ്പമാണ്?

  • കോൺഗ്രസ്-22%
  • ബിജെപി- 25%
  • സിപിഎം- 20%
  • അഭിപ്രായമില്ല- 33%

ഇവിടെ നോക്കിയാൽ രാഷ്ട്രീയപാർട്ടികളിൽ എറ്റവും കൂടുതൽ പിന്തുണ കിട്ടുന്നത് ബിജെപിക്കാണ്. ഇവിടെ സിപിഎം കോൺഗ്രസിനും പിന്നിലാണ്. ഇവിടെയും 33 ശതമാനം പേർ അഭിപ്രായം പറയാതെ മാറിനിൽക്കുകയുമാണ്.

പക്ഷേ ലഭ്യമായ ഡാറ്റ പ്രകാരം ശബരിമല സമരം ബിജെപിക്ക് തന്നെയാണ് ഗുണം ചെയ്യുന്നതെന്ന് വ്യക്തമാണ്. പത്തനംതിട്ടയിൽ കെ സുരേന്ദ്രനും, തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും ലഭിക്കുന്ന വർധിച്ച പിന്തുണ സർവേ ഫലത്തിലും കാണുന്നുണ്ട്.

ശബരിമല പ്രശ്നവും അനുബന്ധ സംഭവ വികാസങ്ങളും കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ഗതിയെ എപ്രകാരം സ്വാധീനിക്കുമെന്ന് പറയാനാവില്ലെന്നതാണ് തെരഞ്ഞെടുപ്പ് വിദഗ്ദ്ധർ പറയുന്നത്. ശബരിമല വിഷയത്തിൽ മറുഭാഗത്ത് സമാനമായ കൺസോളിഡേഷൻ ഉണ്ടാകും എന്നതാണ് ഇതിലൊന്ന്.

മാത്രമല്ല ലിംഗ നീതി വിഷയം മുൻനിർത്തി യുവാക്കളുടെയും ചെറുപ്പക്കാരുടെയും പിന്തുണ കൂടുതലായി ഇടതുമുന്നണിക്ക് കിട്ടിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ തിരിഞ്ഞേക്കാവുന്ന വോട്ടുകളെ ബാലൻസ് ചെയ്യാനോ മറികടക്കാനോ വരെ ഈ പുത്തൻ വോട്ടുകൾ കൊണ്ട് എൽഡിഎഫിന് സാധിച്ചേക്കുമെന്ന് നിഗമനമുണ്ട്. എന്തായാലും ഈ തെരഞ്ഞെടുപ്പിലെ അടിയൊഴുക്ക് ശബരിമല മൂലമാണെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP