Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ റിട്ട് ഹർജികൾ സുപ്രീംകോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും; നാളെ പരിഗണിക്കാനിരുന്ന ഹർജികൾ മാറ്റിവച്ചത് സ്ത്രീ പ്രവേശന വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധികഴിഞ്ഞ് എത്താത്തതിനാൽ; ശുദ്ധിക്രിയ നടത്തിയ വിഷയത്തിലെ ഷോ കോസ് നോട്ടീസിന് മറുപടി നൽകാൻ തന്ത്രിക്ക് രണ്ടാഴ്ച സമയം അനുവദിച്ച് ദേവസ്വം ബോർഡ്

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ റിട്ട് ഹർജികൾ സുപ്രീംകോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും; നാളെ പരിഗണിക്കാനിരുന്ന ഹർജികൾ മാറ്റിവച്ചത് സ്ത്രീ പ്രവേശന വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധികഴിഞ്ഞ് എത്താത്തതിനാൽ; ശുദ്ധിക്രിയ നടത്തിയ വിഷയത്തിലെ ഷോ കോസ് നോട്ടീസിന് മറുപടി നൽകാൻ തന്ത്രിക്ക് രണ്ടാഴ്ച സമയം അനുവദിച്ച് ദേവസ്വം ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ നിർണായകമായ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നത് ഇനി ഫെബ്രുവരി എട്ടിന്. നാളെ പരിഗണിക്കുമെന്നാണ് നേരത്തെ പറഞ്ഞതെങ്കിലും നേരത്തെ വിധിപ്രസ്താവം നടത്തിയ അതേ ബെഞ്ച് പരിഗണിക്കുന്നതിന് വേണ്ടിയാണ് തീയതിയിൽ മാറ്റംവരുത്തിയത്. പത്തിനും അമ്പതിനും ഇടയ്ക്കുള്ള സ്ത്രീകളുടെ പ്രവേശനക്കാര്യത്തിൽ നിർണായക വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയും അംഗമായിരുന്നു.

എന്നാൽ അവർ ശാരീരിക പ്രശ്‌നം മൂലം അവധിയിലാണ്. അതിനാൽ തന്നെ നാളെ പരിഗണിക്കേണ്ട ശബരിമല വിഷയത്തിലുള്ള ഹർജികൾ ഇനി അടുത്തമാസം എട്ടിന് പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ദു മൽഹോത്രയാണ് സ്ത്രീ പ്രവേശന വിഷയത്തിൽ ഉണ്ടായ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ഏക ജഡ്ജി. അതേ ബെഞ്ച് തന്നെ പുനഃപരിശോധനാ, റിട്ട് ഹർജികൾ പരിഗണിക്കുമെന്ന് വ്യക്തമാക്കിയാണ് മുമ്പ് സുപ്രീംകോടതി തന്നെ പരിഗണന ഈ മാസം 22ലേക്ക് മാറ്റിയിരുന്നത്. അതിനിടെയാണ് ഇന്ദു മൽഹോത്ര മെഡിക്കൽ ലീവിൽ പോയതും.

പുതുക്കിയ പരിഗണനാ ലിസ്റ്റിൽ ഫെബ്രുവരി എട്ടിന് ശബരിമല കേസുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ പരിഗണിച്ചിട്ടുണ്ട്. അതുപ്രകാരം തന്നെ നടപടിയുണ്ടാവുമെന്നാണ് സൂചന. റിട്ട് ഹർജികൾ മാത്രമേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. പുനഃപരിശോധനാ ഹർജികൾ കൂടെ അതോടൊപ്പം പരിഗണിച്ചേക്കും എന്നാണ് സൂചനകൾ. കുംഭമാസത്തെ പൂജകൾക്കായി ഒന്നാംതീയതി നട തുറക്കുന്നതിന് മുമ്പുതന്നെ ഹർജികളിൽ തീർപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം സ്ത്രീപ്രവേശനം നടന്നുവെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലങ്ങളും പരിഗണിച്ചേക്കും.

അതേസമയം യുവതിപ്രവേശനം നടന്നതിന് പിന്നാലെ സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയ നടപടിയിൽ ദേവസ്വംബോർഡ് തന്ത്രിയിൽ നിന്ന് വിശദീകരണം തേടിയ കാര്യത്തിൽ മറുപടി നൽകാൻ തന്ത്രിക്ക് കൂടുതൽ സമയം നൽകാൻ തീരുമാനമായി. ശുദ്ധിക്രിയ നടത്തിയതു സംബന്ധിച്ച് അയിത്താചാര നിയമപ്രകാരം തന്ത്രിക്ക് നോട്ടീസും നൽകിയിരുന്നു. ഇക്കാര്യത്തിലെല്ലാം തന്ത്രിക്ക് സാവകാശം നൽകാനാണ് ഇന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുള്ളത്. ശുദ്ധിക്രിയ നടത്തിയ വിഷയത്തിൽ ദേവസ്വം ബോർഡിന്റെ അനുമതി തേടിയിരുന്നില്ല. സ്ത്രീ പ്രവേശനം നടന്നുവെന്ന കാര്യം സർക്കാർ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ശുദ്ധിക്രിയ നടത്തിയത്.

അതേസമയം, ഈ വിഷയത്തിൽ ദേവസ്വംബോർഡ് പ്രസിഡന്റ് പത്മകുമാർ ഉൾപ്പെടെ തന്ത്രിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. സർക്കാർ എന്തായാലും കടുത്ത നിലപാട് സ്വീകരിക്കേണ്ടെന്ന സമീപനത്തിലാണ് എന്നാണ് സൂചന. തന്ത്രിയോട് വിശദീകരണം ചോദിച്ചെങ്കിലും നിയമപ്രകാരം തന്ത്രിക്ക് മറുപടി നൽകാൻ ബാധ്യതയില്ലെന്ന നിലപാടാണ് പന്തളം രാജകുടുംബവും തന്ത്രിയുമായി ബന്ധപ്പെട്ടവരും സ്വീകരിച്ചത്.

എന്നാലും ബോർഡ് വിശദീകരണം ചോദിച്ച സാഹചര്യത്തിൽ മറുപടി നൽകാമെന്നും ധാരണയായി. അക്കാര്യത്തിൽ വ്യക്തത വരുത്താനും സമവായത്തിനുമായി കൂടുതൽ സമയം തേടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എതായാലും സർക്കാർ ഇക്കാര്യത്തിൽ കടുംപിടിത്തത്തിന് ഉണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്. അതിനാൽ തന്നെയാണ് ദേവസ്വം ബോർഡ് മറുപടി നൽകാൻ രണ്ടാഴ്ചത്തെ കൂടി സാവകാശം തന്ത്രിക്ക് അനുവദിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP