Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടിന്റെ ഭിത്തിനിർമ്മാണം നടന്നുകൊണ്ടിരിക്കെ പക്ഷാഘാതത്തിനൊപ്പം ഹൃദയാഘാതവും വന്നപ്പോൾ സംസാരശേഷി നഷ്ടമായി; പ്രാരാബ്ധങ്ങളുടെ നടുവിൽ സന്തോഷിന്റെ വീട് പണി നിലച്ചുപോയപ്പോൾ കൈപിടിച്ചുകയറ്റാൻ എത്തിയത് ഒരുപറ്റം വിദ്യാർത്ഥികൾ; സാധനസാമഗ്രികൾ തലച്ചുമടായും ഉന്തുവണ്ടിയിലും എത്തിച്ച് സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന് വീട് വച്ച് നൽകി അഞ്ചാലുംമൂട് സ്‌കൂൾ കുട്ടികൾ

വീടിന്റെ ഭിത്തിനിർമ്മാണം നടന്നുകൊണ്ടിരിക്കെ പക്ഷാഘാതത്തിനൊപ്പം ഹൃദയാഘാതവും വന്നപ്പോൾ സംസാരശേഷി നഷ്ടമായി; പ്രാരാബ്ധങ്ങളുടെ നടുവിൽ സന്തോഷിന്റെ വീട് പണി നിലച്ചുപോയപ്പോൾ കൈപിടിച്ചുകയറ്റാൻ എത്തിയത് ഒരുപറ്റം വിദ്യാർത്ഥികൾ;  സാധനസാമഗ്രികൾ തലച്ചുമടായും ഉന്തുവണ്ടിയിലും എത്തിച്ച് സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന് വീട് വച്ച് നൽകി അഞ്ചാലുംമൂട് സ്‌കൂൾ കുട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: രോഗം മൂലം അവശനായ സ്‌ക്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന് വീട് വച്ച് നൽകി മാതൃകയായിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. അഞ്ചാലും മൂട് ഗവ.ഹയർസെക്കണ്ടറി സ്‌ക്കൂളിലെ നാഷണൽ സർവ്വീസ് സ്‌കീം (എൻ.എസ്.എസ്) യൂണിറ്റിലെ വിദ്യാർത്ഥികളാണ് സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനും അഷ്ടമുടി മഞ്ചാടിമുക്ക് സ്വദേശിയുമായ സന്തോഷിന് വീട് വച്ചു നൽകിയത്. മൂന്ന് ലക്ഷം രൂപയോളം ചെലവിൽ നിർമ്മിച്ച വീടിന്റെ തോക്കോൽ കഴിഞ്ഞ ദിവസം കൈമാറി.

സന്തോഷും ഭാര്യയും പെൺകുഞ്ഞുങ്ങളും വയോധികരായ മാതാപിതാക്കളും പലക അടിച്ച ഒറ്റമുറി ഷെഡ്ഡിലായിരുന്നു കഴിഞ്ഞു വന്നിരുന്നത്. കഴിഞ്ഞ വർഷം സന്തോഷിന് ചിറ്റുമല ബ്ലോക്കിൽ നിന്നും വീട് വയ്ക്കാനായി തുക അനുവദിച്ചിരുന്നു. ഫൗണ്ടേഷൻ കെട്ടി ഭിത്തിയുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കെ സന്തോഷിന് പക്ഷാഘാതം സംഭവിച്ചു. ഒപ്പം ഹൃദയാഘാതവും. ഇതോടെ സർജ്ജറി നടത്തുകയും പേസ്മേക്കർ വയ്ക്കുകയും ചെയ്തു. പക്ഷാഘാതം സംഭവിച്ചപ്പോൾ സംസാര ശേഷിയും നഷ്ട്പ്പെട്ടു. ഇതോടെ വീടുപണി നിലച്ചു പോകുകയും കുടുംബം വീണ്ടും പ്രാരാബ്ദത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്തു. ഇതിനിടയിൽ ഇദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ അറിഞ്ഞ് അഞ്ചാലുംമൂട് ഗവ.ഹയർസെക്കന്ററി സ്‌ക്കൂളിൽ താൽക്കാലികസെക്യൂരിറ്റി ജോലി നൽകുകയായിരുന്നു. ഗേറ്റ് തുറന്നു കൊടുക്കുന്ന ജോലി മാത്രമേ സ്‌ക്കൂൾ അധികൃതർ സന്തോഷിനെ കൊണ്ട് ചെയ്യിച്ചിരുന്നുള്ളൂ.

ഇതിനിടയിൽ സ്‌ക്കൂൾ പ്രിൻസിപ്പൽ എം.ഉഷ സന്തോഷിന്റെ ദുരവസ്ഥയും വീട് നിർമ്മാണം നിലച്ചുപോയ വിവരവും അറിയാനിടയായി. ഈ വിവരം എക്സിക്യൂട്ടീവ് കമ്മറ്റിയിൽ അറിയിക്കുകയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ ഡോ.ടി.എസ് ദീപ വീട് വച്ചു കൊടുക്കാൻ വേണ്ട സഹായം ചെയ്തു കൊടുക്കാമെന്ന് ഏൽക്കുകയുമായിരുന്നു. എൻ.എസ്.എസിന്റെ വോളന്റിയർമാരായ പ്ലസ്ടു വിദ്യാർത്ഥികളുമായി ചേർന്ന് സന്തോഷിന്റെ വീട് നിർമ്മിക്കാനുള്ള പണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർത്ഥികൾ, പി.ടി.എ, എസ്.എം.സി അംഗങ്ങൾ, നാട്ടുകാർ എന്നിവരിൽ നിന്നൊക്കെ സമാഹരിച്ച തുക കൊണ്ട് കഴിഞ്ഞ വർഷം ജൂണിൽ മുടങ്ങികിടന്ന വീടിന്റെ നിർമ്മാണം ഏറ്റെടുത്തു. അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന ഷാജഹാന്റെ പരിപൂർണ്ണ പിൻതുണയുമുണ്ടായിരുന്നു.

റോഡിൽ നിന്നും സന്തോഷിന്റെ വീട്ടിലേക്ക് നടന്നു പോകാനുള്ള വഴിമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ സാധനസാമഗ്രികൾ റോഡിലിറക്കിയ ശേഷം തലച്ചുമടായും ചെറിയ ഉന്തുവണ്ടിയിലും എത്തിച്ചത് വിദ്യാർത്ഥികളായിരുന്നു. കുട്ടികൾ വീടിന്റെ നിർമ്മാണം ഏറ്റെടുത്തപ്പോൾ നാട്ടുകാരും ഒപ്പം കൂടി. വയറിങ്, തറ ടൈൽ ഇടൽ, വാതിൽ, ജനൽ നിർമ്മാണം ഒക്കെ പല സുമനസ്സുകൾ ഏറ്റെടുത്തു. അങ്ങനെ കഴിഞ്ഞയാഴ്ച രണ്ടു മുറിയും ഹാളും അടുക്കളയും പൂമുഖവുമുള്ള 700 ചതുരശ്ര അടിയിൽ തീർത്ത വീടിന്റെ നിർമ്മാണം പൂർത്തിയായി. വീടിന്റെ താക്കോൽ സമർപ്പണച്ചടങ്ങ് 24 ന് സ്‌കൂളിൽ വച്ചു നടന്നു. പി.ടി.എ പ്രസിഡന്റ് ജി.ലിബുമോൻ അധ്യക്ഷനായ ചടങ്ങ് ഡിവിഷൻ കൗൺസിലർ അഡ്വ.എം.എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കൊല്ലം ജില്ലാ കോർഡിനേറ്റർ പി.ബി ബിനു താക്കോൽ കൈമാറ്റം നടത്തി. തൃക്കരുവാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രശേഖരപിള്ള ഗൃഹനിർമ്മാണത്തിനു സഹായിച്ച സുമനസ്സുകളെ ആദരിച്ചു. 26 ന് നടന്ന പാലുകാച്ചൽ ചടങ്ങിൽ എൻ.എസ്.എസ് സംസ്ഥാന കോർഡിനേറ്റർ ഡോ.ജേക്കബ് ജോൺ പങ്കെടുത്തു. നിർദ്ധനനായ സന്തോഷിനെ സഹായിക്കാൻ സന്മനസ്സുകാട്ടിയ എൻ.എസ്.എസ് അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

സ്‌ക്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ഇതിനകംതന്നെ നിരവധി സേവന, ബോധന, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ക്യാൻസർ മൂലം കാൽ മുറിച്ചുമാറ്റിയ ലിജു എന്ന കുട്ടിക്ക് കൃത്രിമ കാൽവയ്ക്കാൻ 35000 രൂപ നൽകിയതും ഞാറയ്ക്കൽ അംഗൻവാടിക്ക് കൊടിമരം നിർമ്മിച്ചു നൽകിയതും കണ്ടച്ചിറ എസ്.എൻ.എം.യു.പി സ്‌കൂളിന് ഗാന്ധി സ്മൃതി @ 150 എന്ന പേരിൽ ഒരു ജൈവ വൈവിധ്യ പാർക്കും നെയിംബോർഡും നിർമ്മിച്ചു നൽകിയതും എൻ.എസ്.എസ് വിഭാവന ചെയ്യുന്ന ജന്റർ ഇക്വാലിറ്റി പരിപാടിയായ 'സമദർശൻ' ന്റെ ഭാഗമായി ഒരു സമദർശൻ ഗാനം നിർമ്മിച്ച് സംവിധാനം ചെയ്ത് അതിന് ദൃശ്യാവിഷ്‌കാരം നൽകിയും അവയിൽ ചിലതു മാത്രം. സബ് ജില്ലാ കലോത്സവത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശം നൽകിക്കൊണ്ട് എൻ.എസ്.എസ് വോളന്റിയർമാർ നടത്തിയ തുറന്ന ഭക്ഷണശാല ഏറെ ശ്രദ്ധ നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP