Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയവും പ്രത്യേശാസ്ത്രവും മറന്ന് മനുഷ്യനായി കൈകോർത്ത് രാഷ്ട്രീയപാർട്ടികളും യുവജന പ്രസ്ഥാനങ്ങളും; കളക്ടറുടെ ഉത്തുവിന് പിന്നാലെ കൊച്ചിയിലെ പി.വി എസ് ആശുപത്രിയുടെ 14 നിലക്കെട്ടിടം ക്ലീൻ ചെയ്തുകൊറോണ കെയറാക്കിയത് ഡിവൈഎഫ്ഐ- എ.ഐ.വൈ.എഫ് പ്രവർത്തകർ തോളോട് തോൾ ചേർന്ന്; കലക്ടറുടെ ഫേസ്‌ബുക്കിലൂടെ സഹായം വാഗ്ദാനം ചെയ്ത് ഇലക്ട്രീഷ്യന്മാരും ടെക്‌നീഷന്യന്മാരും ഡ്രൈവേഴ്‌സും; കൊറോണയെ ഓടിക്കാൻ ഒറ്റക്കെട്ടായി കേരളം; മലയാളി പൊളിയല്ലേ!

മറുനാടൻ മലയാളി ബ്യൂറോ

 

കൊച്ചി: രാജ്യത്തെ കൊറോണ എന്ന മഹാമാരി കീഴടക്കുകയാണ്. 20 മരണങ്ങളും 876ലധികം രോഗബാധിതരുമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. കേരളത്തിലും കൊറോണ മരണം സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ കൊറോണയിൽ രാഷ്ട്രീയമായോ ജാതി വ്യത്യാസമോ മറന്നുള്ള പ്രവർത്തനം കാഴ്ചവച്ച് മാതൃകയാകുകയാണ് കൊച്ചി.

നാടിന് ഒരാപത്തുണ്ടായപ്പോൾ തങ്ങളുടെ പ്രത്യേയശാസ്ത്രങ്ങളെല്ലാം മാറ്റിവച്ച് ഒരുമിച്ച് എത്തുകയാണ് സംസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജനങ്ങ പ്രസ്ഥാനങ്ങളും, സന്നദ്ധ സംഘടനകളുമെല്ലാം. കോവിഡിനെ പ്രതിരോധിക്കാൻ രാഷ്ട്രീയ വൈരം മറന്ന് രാഷ്ട്രീയ യുവസംഘടനകൾ കൈകോർക്കുന്ന കാഴ്ചയാണ് എറണാകുളം കലൂർ കണ്ടത്. സന്നദ്ധപ്രവർത്തനത്തിൽ യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവർത്തകർ കൈകോർത്തതാണ് വേറിട്ട മാതൃക കാട്ടുന്നത്.

കലൂരിൽ ഒരു വർഷമായി പ്രവർത്തിക്കാതെ കിടക്കുന്ന പി.വി എസ് ആശുപത്രി കൊറോണ കെയർ ഹോമായി രൂപാന്തരം വരുത്താനുള്ള എറണാകുളം കലക്ടറുടെ പ്രഖ്യാപനത്തിനു പിന്തുണയുമായാണ് യുവജന സംഘടനാ നേതാക്കൾ രംഗത്തെത്തിയത്. ആശുപത്രി വൃത്തിയാക്കുക എന്ന ദൗത്യത്തിനായി സംഘടനാ വ്യത്യാസം മറന്ന് അവർ ഒരുമിച്ചു. രാവിലെ പത്തു മുതൽ ഉച്ചയ്ക്കു രണ്ടു മണി വരെ നീണ്ട പരിശ്രമത്തിനൊടുവിൽ 14 നിലക്കെട്ടിടം ക്ലീൻ. വൃത്തിയാക്കലിന് ആവശ്യമായ ഉപകരണങ്ങളും മറ്റു വസ്തുക്കളും ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നത് പണി കൂടുതൽ എളുപ്പമുള്ളതാക്കി.

തിങ്കളാഴ്ചയോടെ ആശുപത്രി പ്രവർത്തനം തുടങ്ങാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. പക്ഷെ അതിനു മുമ്പ് തീർക്കാൻ ഇനിയും പണികൾ ഏറെ ബാക്കിയുണ്ട്. ഉപയോഗിക്കാതിരുന്നതിനാൽ ആശുപത്രിയിലെ സെൻട്രലൈസ്ഡ് എയർ കണ്ടീഷൻ സംവിധാനം പ്രവർത്തന രഹിതമാണ്. ജനറേറ്ററുകൾ, ഇലക്ട്രിക് സംവിധാനങ്ങൾ തുടങ്ങിയവയും പ്രവർത്തനരഹിതം. കൊറോണ കേന്ദ്രമായി പ്രവർത്തിക്കാൻ വേണ്ട അവശ്യ വസ്തുക്കൾ ഏതാണ്ട് എല്ലാം തന്നെ ആശുപത്രിയിൽ ലഭ്യമാണ്.

യുദ്ധകാലാടിസ്ഥാനത്തിൽ ഇവയെല്ലാം പ്രവർത്തന സജ്ജമാക്കാനുള്ള ദൗത്യമാണ് ഇനി ഉദ്യോഗസ്ഥർക്കു മുന്നിൽ. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നിഷ്യന്മാർ പലരും നാടുകളിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. ഇവരെ കണ്ടെത്തി പൊലീസിന്റെ സഹായത്തോടെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. വിദഗ്ധ കരങ്ങൾ കൂടിയെത്തുമ്പോൾ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാൻ മടിക്കേണ്ടെന്നു പറഞ്ഞാണ് രാഷ്ട്രീയത്തിലെ യുവപ്രതീക്ഷകൾ മടങ്ങിയതും.

ഇതിനിടെ കഴിഞ്ഞ ദിവസം കലക്ടറുടെ ഫേസ്‌ബുക്കിലൂടെ സഹായം വാഗ്ദാനം ചെയ്തവരുമുണ്ട്. ഡ്രൈവർമാർ, ഇലക്ട്രീഷ്യൻ, സ്‌പ്രേ പെയിന്റർ, ഫാർമസിസ്റ്റ്, കോൺട്രാക്ടർമാർ, നഴ്‌സുമാർ അങ്ങനെ നീണ്ട നിരയാണ് സേവന സന്നദ്ധരായി മുന്നോട്ടു വന്നത്. പലരും ഫേസ്‌ബുക്കിൽ തന്നെ ഫോൺ നമ്പരുകളും പങ്കുവച്ചു. ഇവരുടെ സേവനങ്ങളും ഉപയോഗപ്പെടുത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനരഹിതമായി കിടക്കുന്ന ആശുപത്രികളും ഹോസ്റ്റലുകളും കല്യാണ മണ്ഡപങ്ങളും കെട്ടിടങ്ങളും ഇതുപോലെ സേവനങ്ങൾക്കായി പ്രവർത്തന സജ്ജമാക്കണമെന്ന അഭിപ്രായമാണ് ഉയർന്നിട്ടുള്ളത്.

ജില്ലാ കലക്ടർ എസ്. സുഹാസിന്റെ നിർദ്ദേശപ്രകാരം ഇൻസിഡന്റ് കമാണ്ടറായ സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗാണ് ആശുപത്രി ഏറ്റെടുത്ത് ഉത്തരവിട്ടത്. കണയന്നൂർ തഹസിൽദാർ ബീന പി ആനന്റ്, തഹസിൽദാർ മുഹമ്മദ് സാബിർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം.ഹനീഷ് തുടങ്ങിയവർക്കാണ് സെന്ററിന്റെ ഏകോപന ചുമതല.

സാമൂഹ വ്യാപനം ഉണ്ടാകുന്നുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്നും അതിനായി റാപിഡ്‌ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിലൂടെ പെട്ടെന്ന് ഫലം അറിയാൻ കഴിയും. വെന്റിലേറ്റർ, എൻ 95 മാസ്‌ക്, ഓക്‌സിജൻ സിലിണ്ടർ, കൈയുറകൾ, ബയോ മെഡിക്കൽ ഉപകരണം എന്നിവയുടെ നിർമ്മാണത്തിന് നടപടികൾ ആരംഭിച്ചു. കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ്, വൻകിട ചെറുകിട സംരംഭങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെല്ലാം കോർത്തിണക്കുന്ന പദ്ധതിയാണ് ആവിഷ്‌ക്കരിച്ചത്. ഇതിനായി കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റർ സ്ഥാപിക്കും. മോഡലുകൾ വികസിപ്പിക്കുന്നതിന് ഫാബ് ലാബിനൊപ്പം വി എസ്എസ്ഇയുടെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തും.

ആരംഭിച്ചത് 1059 കമ്യൂണിറ്റി കിച്ചണുകൾ

1059 കമ്മ്യൂണിറ്റി കിച്ചൺ ഇതുവരെ ആരംഭിച്ചു. ഞായറാഴ്ചയോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കും. ശനിയാഴ്ച 52,480പേർക്ക് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നൽകി. 41,826 പേർക്ക് സൗജന്യമായി ഭക്ഷണം നൽകി. ഇതിൽ 31,263 പേർക്ക് വീട്ടിൽ എത്തിച്ചു നൽകി.

കോവിഡ്-19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എംപി ഫണ്ടിൽ നിന്നും ഒരുകോടി രൂപ സംഭാവന നൽകിയതായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പ്രസ്താവനയിൽ അറിയിച്ചു. ഇതോടൊപ്പം കേന്ദ്രമന്ത്രി എന്ന നിലയിൽ ലഭിക്കുന്ന ഒരുമാസത്തെ ശമ്പളവും അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കോവിഡ് ചികിൽസിക്കുന്ന ഡോക്ടർമാർക്കായി ടെലി കൺസൾട്ടേഷൻ സെന്റർ

കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം ടെലി കൺസൾട്ടേഷൻ സെന്റർ തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ അറിയിച്ചു. ഡോക്ടർമാർക്ക് ചികിത്സ സംബന്ധമായ സംശയം ചോദിക്കാൻ വേണ്ടിയാണിത്. നമ്പർ- 9115444155.

 സഹായം നൽകാൻ മലയാളം മിഷൻ ഹെൽപ്ലൈൻ

കോവിഡ് 19 ഭീതിയിൽ കേരളത്തിനു വെളിയിലുള്ള സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കഴിയുന്ന മലയാളികൾക്കു സഹായം നൽകാൻ സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ഹെൽപ് സെന്ററുകൾ ആരംഭിച്ചു. ഇന്ത്യയ്ക്കു പുറത്തു 30 രാജ്യങ്ങളിലേക്കും ഇന്ത്യയ്ക്കകത്തു കൂടുതൽ സംസ്ഥാനങ്ങളിലേക്കും വരും ദിവസങ്ങളിൽ ഹെൽപ് ഡസ്‌കുകളുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

ഹെൽപ് സെന്ററുകളുടെ ഫോൺ നമ്പർ:  തമിഴ്‌നാട്-9544151820  തെലങ്കാന-8499040909  കർണാടക-9497378808  ന്യൂ ഡൽഹി-9582195685  അരുണാചൽപ്രദേശ്- 9436068477 , പശ്ചിമ ബംഗാൾ- 9433630070 ന് മഹാരാഷ്ട്ര-9892451900 , ഗുജറാത്ത്-9328296191   ജാർഖണ്ഡ്-8809380464  മധ്യപ്രദേശ്-9826218796 , നാഗലാൻഡ്- 9436094465.

ഇന്ത്യയ്ക്കു വെളിയിൽ:  ആഫ്രിക്ക- 2348150682701, യുഎസ്എ-6784515477 , ഫ്രാൻസ്- 33644385915 ബഹ്‌റിൻ-97336045442 , യുകെ-447882791150 , സൗദി അറേബ്യ- 966508716292 , കുവൈത്ത്-96599122984  നോർവേ- 4796810761,  ഒമാൻ- 96892338105 , ദുബായ്- 971556209648, ഖത്തർ-0097470657331 , അബുദബി-971554220514

ചെങ്ങളത്ത് കോവിഡ് മുക്തരായ ദമ്പതികളെ ഡിസ്ചാർജ് ചെയ്തു

കോവിഡ് ബാധിച്ചു ചികിത്സയിൽ കോട്ടയം മെഡിക്കൽ കോളജിൽ കഴിഞ്ഞ ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാർജായി. ഇവർ രോഗമുക്തരായെന്നു കണ്ടെത്തിയിരുന്നു. ഇവരുടെ മകളും ഒപ്പമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP