Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കശ്മീർ പുനഃസംഘടനക്ക് തൊട്ടുമുമ്പ് നിർത്തിവെച്ച തീവണ്ടി ഗതാഗതം പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ റയിൽവെ; നാളെ സർവീസ് നടത്തുക ശ്രീനഗർ - ബരാമുള്ള റൂട്ടിലെ തീവണ്ടികൾ

കശ്മീർ പുനഃസംഘടനക്ക് തൊട്ടുമുമ്പ് നിർത്തിവെച്ച തീവണ്ടി ഗതാഗതം പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ റയിൽവെ; നാളെ സർവീസ് നടത്തുക ശ്രീനഗർ - ബരാമുള്ള റൂട്ടിലെ തീവണ്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കശ്മീർ പുനഃസംഘടനക്ക് തൊട്ടുമുമ്പ് നിർത്തിവെച്ച ജമ്മു-കശ്മീരിലെ ട്രെയിൻ ഗതാഗതം നാളെ പുരാരംഭിക്കും. സ്ഥിതിഗതികൾ മെച്ചപ്പെട്ട സാഹചര്യത്തിൽ ട്രെയിൻ സർവീസ് ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് റെയിൽവെ മന്ത്രി പീയുഷ് ഗോയൽ ട്വിറ്ററിലൂടെ വ്യക്തമാക്കി. ശ്രീനഗർ - ബരാമുള്ള റൂട്ടിലെ തീവണ്ടി സർവീസുകളാവും ആദ്യം പുനരാരംഭിക്കുക. തീവണ്ടികൾ ഓടിത്തുടങ്ങുന്നതോടെ കശ്മീരിലെ വിനോദ സഞ്ചാരവും വ്യവസായങ്ങളും ശക്തിപ്രാപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തതിന് തൊട്ടുമുമ്പാണ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. നോർത്തേൺ റെയിൽവെ ഡിവിഷണൽ മാനേജർ രാകേഷ് അഗർവാൾ കഴിഞ്ഞ ദിവസം ബദ്ഗാമിൽനിന്ന് ബരാമുള്ളയിലേക്ക് തീവണ്ടിയിൽ സന്ദർശിച്ച് സുരക്ഷ അടക്കമുള്ളവ വിലയിരുത്തിയിരുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് നോർത്ത് കശ്മീരിലെ ബാരാമുള്ളയിൽ നിന്ന് സൗത്ത് കശ്മീരിലെ ബാനിഹാലിലേക്കുള്ള ട്രെയിൻ സർവീസ് നിർത്തിവെച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഒക്ടോബർ മുതലാണ് കശ്മീരിൽ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വരുന്നത്. പ്രത്യേക പദവി റദ്ദാക്കുന്നതിനോടനുബന്ധിച്ച് കശ്മീരിൽ കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരുന്നത്. വാർത്താ വിനിമയം സംവിധാനങ്ങൾ വിച്ഛേദിച്ച സർക്കാർ താഴ്‌വരയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരെയും കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. ഇവരിൽ ചുരുക്കം ചിലരെ മോചിപ്പിച്ചെങ്കിലും ഭൂരിപക്ഷം പേരും ഇപ്പോളും വീട്ടുതടങ്കലിൽ തന്നെയാണുള്ളത്.

മൂന്ന് മാസത്തിന് ശേഷം നവംബർ 12 മുതലാണ് സർവീസ് പുനരാരംഭിക്കുന്നതായി നോർത്തേൺ റെയിൽവേയാണ് അറിയിച്ചിട്ടുള്ളത്. നവംബർ 12 മുതൽ രാവിലെ പത്തുമണിക്കും മൂന്ന് മണിക്കുമിടയിൽ ശ്രീനഗർ- ബാരാമുള്ള- ശ്രീനഗർ റൂട്ടിൽ നാല് ട്രെയിനുകളാണ് സർവീസ് നടത്തുക. ഫിറോസ്പൂർ ഡിവിഷന് കീഴിലാണ് സർവീസ് നടത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP