Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിന്റെ കരുത്തുമായി എത്തുന്ന കെ സുധാകരൻ കെപിസിസി അധ്യക്ഷനാകണോ? അതോ യുവാക്കളുടെ പിന്തുണയുള്ള വി ഡി സതീശന് നറുക്കുവീഴുമോ? കർണാടകത്തിൽ തന്ത്രം മെനഞ്ഞ കെ സി വേണുഗോപാൽ അധ്യക്ഷനാകുമോ? രാഹുലിനെ വാഴിച്ച മുല്ലപ്പള്ളിക്ക് കഴിയുമോ കേരളത്തിലെ കോൺഗ്രസിന്റെ തലവര മാറ്റാൻ? ആരായിരിക്കണം പുതിയ കെപിസിസി പ്രസിഡന്റ്: മറുനാടൻ സർവേയിൽ വോട്ടു ചെയ്യാം

കണ്ണൂരിന്റെ കരുത്തുമായി എത്തുന്ന കെ സുധാകരൻ കെപിസിസി അധ്യക്ഷനാകണോ? അതോ യുവാക്കളുടെ പിന്തുണയുള്ള വി ഡി സതീശന് നറുക്കുവീഴുമോ? കർണാടകത്തിൽ തന്ത്രം മെനഞ്ഞ കെ സി വേണുഗോപാൽ അധ്യക്ഷനാകുമോ? രാഹുലിനെ വാഴിച്ച മുല്ലപ്പള്ളിക്ക് കഴിയുമോ കേരളത്തിലെ കോൺഗ്രസിന്റെ തലവര മാറ്റാൻ? ആരായിരിക്കണം പുതിയ കെപിസിസി പ്രസിഡന്റ്: മറുനാടൻ സർവേയിൽ വോട്ടു ചെയ്യാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അടുത്തയാഴ്‌ച്ച കേരളത്തിലെ കോൺഗ്രസിന് പുതിയ അധ്യക്ഷൻ വരുമെന്നാണ് ഡൽഹിയിൽ നിന്നും കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. കേരളത്തിലെ കോൺഗ്രസിലെ അവസ്ഥ അതീവ പരിതാപകരമായിരിക്കേ പുതുതായി നിയമിതനാകുന്ന അധ്യക്ഷനാര് എന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം സുപ്രധാന കാര്യമാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാജ്യസഭാ സീറ്റ് മാണി കോൺഗ്രസിന് വിട്ടു നൽകിയതോടെ പ്രവർത്തകർ കടുത്ത അമർഷത്തിനും നിരാശയിലുമാണ്. അതുകൊണ്ട് തന്നെ പുതുതായി നിയമിതനാകേണ്ട അധ്യക്ഷൻ ആരു തന്നെ ആയാലും പാർട്ടി പ്രവർത്തകർക്ക് സ്വീകാര്യനാകണം. അങ്ങനെ സ്വീകാര്യനായ വ്യക്തിയെ കണ്ടെത്തുക എന്നത് രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം കടുത്ത ശ്രമകരമായ ജോലിയാണ്.

കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആരാണ് വരേണ്ടതെന്ന ചോദ്യം മറുനാടൻ മലയാളി വായനക്കാർക്ക് മുമ്പിൽ വെക്കുകയാണ്. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആരോടാണ് താൽപ്പര്യം എന്നറിയുന്നതിന് വേണ്ടി സർവേ നടത്തുകയാണ് മറുനാടൻ മലയാളി. നിലവിൽ അധ്യക്ഷനാകാൻ വേണ്ടി സാധ്യതയുള്ള പേരുകൾ ഉൾപ്പെടുത്തിയാണ് മറുനാടൻ സർവേ നടത്തുന്നത്. നിലവിൽ കെപിസിസി അധ്യക്ഷ പട്ടികയിൽ സംസ്ഥാനത്തെ നേതാക്കൾക്കിടയിൽ ഉണ്ടാക്കിയ ധാരണ പ്രകാരം മുല്ലപ്പള്ളി രാമചന്ദ്രനാണ് മുൻതൂക്കം. ഹൈക്കമാൻഡിന്റെ പട്ടികയിലും മുല്ലപ്പള്ളിക്കാണ് മുൻതൂക്കം. രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കിയ പുനഃസംഘടനാ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു മുല്ലപ്പള്ളി. മുതിർന്ന നേതാക്കൾക്ക് സ്വീകാര്യനുമാണ് ഈ നേതാവ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ മുല്ലപ്പള്ളിക്ക് പുറമേ മറ്റ് നേതാക്കളെയും കേന്ദ്രനേതൃത്വം പരിഗണിക്കുന്നുണ്ട്.

സംസ്ഥാന കോൺഗ്രസിൽ സിപിഎമ്മിനോട് വിട്ടുവീഴ്‌ച്ചയില്ലാതെ പോരാടുന്ന കെ സുധാകരൻ, യുവ എംഎൽഎമാരുടെ പിന്തുണയിൽ മുമ്പനായ വി ഡി സതീശൻ, മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ കെ മുരളീധരൻ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി ജെ കുര്യൻ, എം ഗ്രൂപ്പിലെ പ്രമുഖ നേതാക്കളായ കെ സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെയും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ എംപി, ബെന്നി ബഹനാൻ, നിലവിലെ താൽക്കാലിക പ്രസിഡന്റ് എംഎം ഹസൻ, എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ്,  രാജ്‌മോഹൻ ഉണ്ണിത്താൻ, കെവി തോമസ് എംപിയെയും സർവേയിൽ ഉൾപ്പെടുത്തി.

പതിമൂന്ന് പേരുകാരിൽ  ആരാണ് കെപിസിസി അധ്യക്ഷനായി വരാൻ വായനക്കാർ ആഗ്രഹിക്കുന്നത് എന്നറിയാനാണ് സർവേയിലൂടെ ഉദ്ദേശിക്കുന്നത്. കണ്ണൂരിൽ സിപിഎമ്മിനോട് സന്ധിയില്ലാതെ പോരാടുന്ന നേതാവ് കെ സുധാകരന് വേണ്ടി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പിന്തുണക്കുന്നത്. പിണറായി വിജയനെന്ന കരുത്തനായ കണ്ണൂരിലെ നേതാവിനെ നേരിടാൻ പറ്റിയ വ്യക്തി സുധാകരൻ തന്നെയാണെന്നാണ് പ്രവർത്തകരുടെ പക്ഷം. അദ്ദേഹം കളത്തിലിറങ്ങിയ വേളയിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനും കോൺഗ്രസിന് പുതിയ ഉണർവും ലഭിച്ചിട്ടുണ്ട്. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തോടെ താൽപ്പര്യമില്ലാത്ത നേതാവെന്ന പരിഗണനയാണ് സുധാകരന് തുണയാകുന്നത്.

അതേസമയം നിലവിൽ കെപിസിസി വൈസ് പ്രസിഡന്റായ വി ഡി സതീശനും അധ്യക്ഷപദവിയിൽ ശോഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള നേതാവു കൂടിയാണ് സതീശൻ. ഇത് കൂടാതെ പ്രതിപക്ഷ നിരയിലെ കഴിവുള്ള എംഎൽഎ എന്നതും സതീശന് മുൻതൂക്കം നൽകുന്നു. അതേസമയം കലങ്ങിമറിഞ്ഞ കർണാടക രാഷ്ട്രീയത്തെ നയിച്ച കെ സി വേണുഗോപാലിനെയും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയോടുള്ള അടുപ്പവും അദ്ദേഹത്തിന് മുൻതൂക്കം നൽകുന്നു.

യുവാക്കളുടെ പിന്തുണയുള്ള നേതാവെന്ന നിലയിലാണ് പി സി വിഷ്ണുനാഥിനെ സർവേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിനായ നിലയ്ക്ക് എ ഗ്രൂപ്പിലെ പ്രമുഖനാകും അധ്യക്ഷൻ എന്ന അവസ്ഥ നിലവിലുണ്ട്. അങ്ങനെ വരുമ്പോൾ കെസി ജോസഫിവും ബെന്നി ബഹനാനും കെ വി തോമസിനും വരെ കെപസിസി അധ്യക്ഷനാകാൻ സാധ്യതയുണ്ട്. രാജ്യസഭംഗത്വം നിഷേധിക്കപ്പെട്ട കുര്യന് സ്ഥാനം നൽകുക എന്ന ഫോർമുലയിലേക്ക് പാർട്ടി എത്തിയാൽ അദ്ദേഹത്തിനും സാധ്യതയുണ്ട്.

അതേസമയം കേരളം കണ്ട മികച്ച കെപിസിസി അധ്യക്ഷന്മാരിൽ ഒരാളായിരുന്നു കെ മുരളീധരൻ. നിലവിൽ വട്ടിയൂർക്കാവ് എംഎൽഎ. അദ്ദേഹത്തെയും കേരളത്തിലെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് കാര്യമായി പരിഗണിക്കുന്നുണ്ട്. എന്നാൽ, ഇടക്ക് പാർട്ടിയിൽ നിന്നും പുറത്തുപോയി അദ്ദേഹം വരുത്തിവെച്ച ക്ഷീണം തന്നെയാണ് അദ്ദേഹത്തിന് വിലങ്ങു തടിയാകുന്നത്. ജനകീയനായ നേതാവെന്ന നിലയിൽ അധ്യക്ഷനാകാനുള്ള മുൻതൂക്കം കെ മുരളീധരനുമുണ്ട്. ചാനൽ ചർച്ചകളിൽ കോൺഗ്രസിനെ സ്ഥിരമായി പ്രതിരോധിച്ച് എത്തുന്ന നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനെയും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അണികൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവു കൂടിയാണ് ഉണ്ണിത്താൻ.

ഇന്നും നാളെയുമായി വായനക്കാർക്ക് കെപിസിസി അധ്യക്ഷൻ ആരാകണം എന്ന സർവേയിൽ പങ്കെടുത്ത് വോട്ടു ചെയ്യാം. ബുധനാഴ്‌ച്ച സർവേഫലം പ്രസിദ്ധീകരിക്കുന്നതാകും. ഈ വാർത്തയ്ക്കൊപ്പം നൽകിയ ലിങ്കിൽ ക്ലിക് ചെയ്ത് സർവേകളിൽ പങ്കാളികളാകാം. നിങ്ങൾ ആഗ്രഹിക്കുന്ന കെപിസിസി അധ്യക്ഷന് വേണ്ടി ക്ലിക്ക് ചെയ്ത് സബ്മിറ്റ് കൊടുക്കുക. ജിമെയ്ൽ അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം വേണം വോട്ട് രേഖപ്പെടുത്താൻ. മറുനാടൻ സർവേകളിലേതു പോലെ വായനക്കാരുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക്കലി ലോഗിൻ ചെയ്യുന്നതാണെങ്കിൽ പ്രശ്നമില്ല. അതുപോലെ ഒരു ഐപി ആഡ്രസിൽ നിന്നും ഒരാൾക്ക് മാത്രമെ വോട്ട് ചെയ്യാൻ പറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP