Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ദിവസം കുറഞ്ഞത് പത്ത് ഐസിസ് ഭീകരരെ കൊന്നൊടുക്കും; വംശഹത്യയ്ക്ക് പ്രതികാരം തീർത്ത് മൂന്ന് യസീദി പെൺകുട്ടികൾ

ഒരു ദിവസം കുറഞ്ഞത് പത്ത് ഐസിസ് ഭീകരരെ കൊന്നൊടുക്കും; വംശഹത്യയ്ക്ക് പ്രതികാരം തീർത്ത് മൂന്ന് യസീദി പെൺകുട്ടികൾ

ക്രൂരമായ വിധി ജീവിതത്തെ കശക്കിയെറിയുമ്പോൾ അത് തങ്ങളുടെ വിധിയാണെന്ന് പറഞ്ഞ് ജീവിതം അടിയറ വച്ച് അതിന് വഴങ്ങിക്കൊടുക്കുകയാണ് ഭൂരിഭാഗം പേരും ചെയ്യാറുള്ളത്. എന്നാൽ അപൂർവം ചിലരാകട്ടെ തങ്ങളുടെ ജീവിതത്തെ താറുമാറാക്കുന്ന വിധിക്ക് കാരണമായവർക്കെതിരെ ശക്തമായി പോരാടാറുണ്ട്. ഇറാഖിലും സിറിയയിലും ഐസിസ് ഭീകരർ യസീദികളെ കൂട്ടത്തോടെ പീഡിപ്പിക്കുകയും വംശഹത്യയ്ക്ക് വിധേയമാക്കുകയും ചെയ്യുമ്പോൾ അതിനോട് പ്രതികരിക്കാൻ വളരെക്കുറച്ച് യസീദികൾ മാത്രമെ തയ്യാറാകുന്നുള്ളൂ. തങ്ങളുടെ ശക്തി തിരിച്ചറിയാതെ മിക്കവരും ഇസ്ലാമിക് സ്റ്റേറ്റെന്ന നരാധമന്മാരുടെ ക്രൂരതയ്ക്ക് വഴങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിനെതിരെ പോരാടാൻ യസീദികളിൽ നിന്നു തന്നെ മൂന്ന് പെൺകുട്ടികൾ സായുധരായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ദിവസം കുറഞ്ഞത് പത്ത് ഐസിസ് ഭീകരരെയെങ്കിലും കൊന്നൊടുക്കുമെന്നാണവർ പറയുന്നത്. യസീദികളെ ഐസിസ് വംശഹത്യ നടത്തുന്നതിന് ഇത്തരത്തിലാണീ പെൺകരുത്ത് കണക്ക് ചോദിക്കുന്നത്. യസീദികൾക്ക് മുഴുവൻ പ്രചോദനമാകുന്ന ഇവരുടെ പോരാട്ടവീര്യത്തിന്റെ കഥ വിസ്മയകരമാണ്.

സിൻജാർ പർവതത്തിൽ ഐസിസുകാർ യസീദികളെ കൂട്ട വംശഹത്യയ്ക്ക് വിധേയാരാക്കുന്നുണ്ടെന്നറിഞ്ഞാണ് അതിനെതിരെ പോരാടാൻ തുർക്കിയിലെ തങ്ങളുടെ വീട് വിട്ട് ഈ മൂന്ന് യസീദി പെൺകുട്ടികൾ വടക്കൻ ഇറാഖിലെ കുർദിസ്ഥാനിലെത്തിയത്. ഐസിസ് സിൻജാറിലെത്തി വൻതോതിൽ യസീദി സ്ത്രീകളെ കൊന്നൊടുക്കുന്നുണ്ടെന്നറിഞ്ഞ് ആ മനുഷ്യത്വരഹിത പ്രവർത്തനത്തെ ചെറുക്കാനാണ് തങ്ങൾ മുന്നിട്ടിറങ്ങിയതെന്നാണ് കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളായ 22 കാരി റോസ വെളിപ്പെടുത്തുന്നത്. കാമഫ്‌ലാഗ് വസ്ത്രമണിഞ്ഞ് എകെ 47 തോക്കും ആര് ഗ്രനേഡുകളുമായാണ് റോസ സദാസമയവും ഐസിസിനെതിരെ ജാഗരൂകയായിരിക്കുന്നത്. ഭീകരർ കൃസ്ത്യൻ യസീദികൾക്കെതിരെ തികച്ചും മനുഷ്യത്വത്തിനെതിരായ പ്രവർത്തനമാണ് നടത്തുന്നതെന്ന് റോസ ആരോപിക്കുന്നു. യസീദി പെൺകുട്ടികളെയും സ്ത്രീകളെയും ഐസിസ് പിടിച്ച് കൊണ്ട് പോയി പീഡിപ്പിച്ച് അടിമകളാക്കുന്ന അവസ്ഥയാണ് തങ്ങൾ ഇവിടെയെത്തുമ്പോൾ കാണുന്നതെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലായിരുന്നു ഐസിസ് സിൻജാർ പർവതത്തിലെത്തി യസീദികളെ കൊള്ളയടിക്കുകയും ഉപദ്രവിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്യാനാരംഭിച്ചത്. സായുധരായെത്തിയ ഭീകരർ യസീദി ഭവനങ്ങളിൽ നിന്ന് ആളുകളെ പിടിച്ച് പുറത്തിറക്കുകയായിരുന്നു. തുടർന്ന് പുരുഷന്മാരെ ഒരു വരിയായും സ്ത്രീകളെയും കുട്ടികളെയും മറ്റൊരു വരിയായും നിരത്തി നിർത്തുകയായിരുന്നു. തുടർന്ന് വരിവരിയായി നിൽക്കുന്ന പുരുഷന്മാരോട് കൃസ്തുമതം ഉപേക്ഷിക്കാനും ഇസ്ലാമിൽ ചേരാനും ഐസിസ് ആവശ്യപ്പെടുകയുമുണ്ടായി. അതിന് തയ്യാറല്ലാത്തവരെ ട്രക്കുകളിൽ ബന്ധിച്ച് കൊല്ലാൻ കൊണ്ടുപോവുകയായിരുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും മൊസൂൾ, റാഖ പോലുള്ള നഗരങ്ങളിലേക്ക് കൊണ്ടുപോവുകയും ലൈംഗികഅടിമകളാക്കി ഉപയോഗിക്കുകയുമായിരുന്നു. ഇത്തരത്തിൽ യസീദികളോട് വളരെ ക്രൂരമായ നടപടികളാണ് ഐസിസ് സ്വീകരിച്ചതെന്ന് റോസ ധാർമികരോഷത്തോടെ പറയുന്നു. ഇത്തരം വംശഹത്യയെത്തുടർന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഐസിസിനെതിരെ വ്യോമാക്രമണം ഓഗസ്റ്റിൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് വളരെ വൈകിപ്പോയിരുന്നുവെന്നാണ് ഈ മൂവർ സംഘം പ്രതികരിക്കുന്നത്.

റോസയ്ക്കടുത്ത് ആയുധധാരിയായിരിക്കുന്നത് മൂവർ സംഘത്തിലെ പരിചയസമ്പന്നയായ ഗറില്ല കമാൻഡറായ ഡെയ്ജ്‌ലിയാണ്. ഓഗസ്റ്റ് മൂന്നിന് യുഎസിന്റെ വ്യോമാക്രമണം തുടങ്ങുന്നതിന് മുമ്പ് സിൻജാറിൽ നാലുദിവസത്തോളം ഐസിസുകാർ യസീദികളെ കൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്നാണ് ഡെയ്ജ്‌ലി പറയുന്നത്.തങ്ങൾ ഓഗസ്റ്റ് അഞ്ചിനാണ് തുർക്കി വിട്ടതെന്നും ആ 29കാരി വെളിപ്പെടുത്തുന്നു. പെഷ്‌മെർഗയിൽ നിന്ന് കുർദിസ്ഥാൻ റീജിയണൽ ഗവൺമെന്റു (കെആർജി) ഇതിന്റെ സേനയും പിന്മാറിയതിനെ തുടർന്ന് യസീദികൾ പ്രതിരോധമില്ലാത്തവരായി മാറിയെന്നും ഈ യുവതി ചൂണ്ടിക്കാട്ടുന്നു. അതിനെത്തുടർന്ന് സിൻജാറിൽ യസീദികളെ കൂട്ടക്കൊല ചെയ്യുന്നത് വർധിച്ചുവെന്നും ഡെയ്ജ്‌ലി പറയുന്നു.സിൻജാർ മലനിരകളിൽ ഐസിസിനെ പേടിച്ച് 40,000ത്തോളം അഭയാർത്ഥികളാണ് കുടുങ്ങിക്കിടന്നത്. ഇവർക്ക് ജീവൻ നിലനിർത്താനുള്ള അത്യാവശ്യ ജലവും ഭക്ഷണവും മാത്രമെ ലഭിച്ചിരുന്നുള്ളൂ. തുർക്കിയിൽ നിന്നും ഇറാഖിലേക്കുള്ള യാത്ര കഠിനമായിരുന്നുവെന്നും ഡെയ്ജ്‌ലി ഓർമിക്കുന്നു. കടുത്ത താപനിലയെ നേരിടാൻ പാടുപെട്ടിരുന്നു. ഇസ്താംബൂൾകാരിയാണീ യുവതി. സിൻജാർ മോചിപ്പിക്കുന്നതിന്റെ ഭാഗമായി തങ്ങൾ ദിവസവും പത്ത് ഐസിസ് ഭീകരരെയങ്കിലും ചിലപ്പോൾ കൊല്ലാറുണ്ടായിരുന്നുവെന്നാണ് ഈ ഗ്രൂപ്പിലെ മൂന്നാമത്തെ അംഗമായ 26കാരി റാപറിൻ പറയുന്നത്. തുർക്കിയിൽ നിന്നാണ് ഈ യുവതിയും ഇവിടെയെത്തിയിരിക്കുന്നത്.

അമേരിക്കയുടെ വ്യോമാക്രണം തങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായകമായിരുന്നുവെന്നും ഇവർ പറയുന്നു. ഇതിനെ തുടർന്ന് കുർദിഷ് സേനകളുടെ സഹായത്തോടെ യസീദികൾക്ക് സിറിയയിലേക്ക് രക്ഷപ്പെടാനുള്ള പാത ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങളിലും ഈ മൂവർ സംഘം നിർണായകമായ പങ്ക് വഹിച്ചിരുന്നു. ഐസിസ് യസീദി സ്ത്രീകളോട് ചെയ്യുന്ന ക്രൂരതകൾക്കെതിരെ പോരാടുന്നതിൽ തങ്ങൾ ഒറ്റക്കെട്ടായിരുന്നുവന്നെു ഡെയ്ജ്‌ലി പറയുന്നു. ഈ മൂന്ന് സ്ത്രീകളും കുർദിസ്ഥാൻ വർക്കേർസ് പാർട്ടിയായ പികെകെയിൽ അംഗങ്ങളാണ്. തുർക്കി സർക്കാരിനെതിര വർഷങ്ങളായി പോരാടുന്ന പാർട്ടിയാണിത്.യുഎസ്, നാറ്റോ, തുർക്കി എന്നിവ ഈ പാർട്ടിയെ ഒരു തീവ്രവാദ സംഘടനയായാണ് കണക്കാക്കുന്നത്. അതിനാൽ തങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ച് വളരെക്കുറച്ച് മാത്രമെ ഈ പെൺകുട്ടികൾ വെളിപ്പെടുത്തുന്നുള്ളൂ. തുർക്കി പ്രസിഡന്റായ റികെപ് തയിപ് എർഡോഗൻ തങ്ങളുമായി ഒരു കരാറിലെത്താൻ ഒരിക്കലും തയ്യാറായിട്ടില്ലെന്നും മറ്റ് രാജ്യങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുകയാണെന്നും പികെകെ തീവ്രവാദികളാണെന്ന് ധരിച്ചിരിക്കുകയാണെന്നും റാപറിൻ വ്യക്തമാക്കുന്നു. തുർക്കി അടുത്തിടെ ഇറാഖിലും സിറിയയിലും പികെകെ, ഐസിസ് എന്നിവയ്‌ക്കെതിരെ ബോംബാക്രമണം ആരംഭിച്ചിരുന്നു. പികെകെ അടുത്തിടെ സിൻജാർ മേഖലയെ സംരക്ഷിക്കാനായി സിൻജാർ പ്രൊട്ടക്ഷൻ യൂണിറ്റുകൾ രൂപീകരിക്കാൻ സഹായവും പരിശീലനവും നൽകിയിരുന്നു. ഇതിലൂടെ സ്ത്രീപുരുഷന്മാരടങ്ങുന്ന യസീദി പോരാളികളെ ഇവർ വളർത്തിക്കൊണ്ടു വന്നിട്ടുണ്ട്. എല്ലാവരും ഐസിസിനെ ഭയക്കുന്നുണ്ടെങ്കിലും പികെകയ്‌ക്കെതിരെ തുടർച്ചയായി പോരാടാൻ അവർക്ക് കരുത്തില്ലെന്നും റാപറിൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP