Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചുമകൾക്ക് ജന്മം നൽകാൻ ഒരുങ്ങി വലിയമ്മ; ചരിത്രം സൃഷ്ടിക്കുന്നത് മരിച്ചുപോയ മകൾക്ക് വേണ്ടി

കൊച്ചുമകൾക്ക് ജന്മം നൽകാൻ ഒരുങ്ങി വലിയമ്മ; ചരിത്രം സൃഷ്ടിക്കുന്നത് മരിച്ചുപോയ മകൾക്ക് വേണ്ടി

ക്കളേക്കാൾ അമ്മൂമ്മമാർക്ക് അഥവാ വലിയമ്മമാർക്കിഷ്ടം കൊച്ചുമക്കളോടായിരിക്കുമെന്ന് പറയാറുണ്ട്. അവർക്ക് വേണ്ടി എന്തും ചെയ്യാനും അവർ തയ്യാറാകാറുമുണ്ട്. എന്നാൽ ഇവിടെയിതാ കൊച്ചുമകൾക്ക് ജന്മം നൽകാനൊരുങ്ങി ഒരു വലിയമ്മ ചരിത്രം സൃഷ്ടിക്കുകയാണ്. മരിച്ചു പോയ തന്റെ മകളുടെ മകളെ ജനിപ്പിക്കാനാണി വലിയമ്മ ഒരുങ്ങിത്തിരിച്ചിരിക്കുന്നത്. ആരും ഇതുവരെ ചെയ്യാത്ത ഈ പ്രവൃത്തിക്ക് തയ്യാറായതിന്റെ പേരിൽ 59കാരിയായ ഈ ബ്രിട്ടീഷ് വനിത ഇപ്പോൾ വാർത്തയാകുന്നതൊടൊപ്പം വിവാദങ്ങളിലും നിറയുകയാണ്.

ദാതാവിന്റെ ബീജവുമായി തന്റെ അണ്ഡം സംയോജിപ്പിച്ച് ഒരു കുഞ്ഞിന് തന്റെ അമ്മ ജന്മമേകണമെന്നത് മരിച്ച് പോയ മകളുടെ അന്ത്യാഭിലാഷമായിരുന്നും അത് നിറവേറ്റാനാണ് താൻ തയ്യാറാകുന്നതെന്നും ഇവർ വെളിപ്പെടുത്തുന്നു. മകളുടെ ആഗ്രഹം മാത്രമല്ല ഗ്രാന്റ് പാരന്റ്‌സ് ആയി മാറാനുള്ള തങ്ങളുടെ ആഗ്രഹം കൂടിയാണിതിലൂടെ സഫലമാകുന്നതെന്ന് ഈ സ്ത്രീയും ഭർത്താവും പറയുന്നു. ഇവരുടെ ഏകമകൾ നാല് വർഷം മുമ്പ് കുടലിൽ അർബുദം ബാധിച്ച് തന്റെ 20-ാം വയസ്സിൽ മരിക്കുകയായിരുന്നു.

കുട്ടികൾക്ക് പിന്നീട് ജന്മമേകണമെന്ന ആഗ്രഹത്താൽ രോഗം ബാധിച്ചയുടൻ മകൾ തന്റെ അണ്ഡം ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്നു. എന്നാൽ രോഗവുമായി പൊരുതിത്തോറ്റ അന്ത്യഘട്ടത്തിൽ ഈ ദൗത്യം മകൾ അമ്മയെ ഏൽപിക്കുകയായിരുന്നു. എന്നാൽ യുകെയിലെ ഒരു ക്ലിനിക്കിലും ഈ ആവശ്യത്തിന് അമ്മയെ ചികിത്സിക്കാൻ തയ്യാറായില്ല. അക്കാരണത്താൽ ട്രീറ്റ്‌മെന്റ് ന്യൂയോർക്കിലേക്ക് മാറ്റാനാണ് ഇവർ പദ്ധതിയിട്ടിരിക്കുന്നത്. 60,000 പൗണ്ട് ചെലവിൽ ഈ ട്രീറ്റ്‌മെന്റ് നടത്തിക്കൊടുക്കാമെന്ന് ഇവിടുത്തെ ഒരു ക്ലിനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പ്രായത്തിൽ ഈ സ്ത്രീ ഗർഭിണിയാകാനുള്ള സാധ്യത വളരെക്കുറവാണെന്നും ഇതോടനുബന്ധിച്ച് നിരവധി അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് ഡോക്ടർമാർ ഭയപ്പെടുന്നത്. എന്നാൽ എന്ത് തന്നെ സംഭവിച്ചാലും മകളുടെ അന്ത്യാഭിലാഷം സഫലമാക്കാനാണീ ദമ്പതികൾ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഇത് സംബന്ധിച്ചുണ്ടായ കേസിൽ തീരുമാനമെടുക്കാനുള്ള ചുമതല ഒരു ന്യായാധിപന് വിട്ടിരിക്കുകയാണ്.

ഈ ട്രീറ്റ്‌മെന്റ് വിജയിക്കുകയാണെങ്കിൽ മരിച്ച് പോയ മകളുടെ അണ്ഡമുപയോഗിച്ച് കൊച്ചുമകൾക്ക് ജന്മമേകിയ ലോകത്തിലെ ആദ്യത്തെ സ്ത്രീയെന്ന് അത്യപൂർവ ബഹുമതി ഈ വനിതയ്ക്ക്ക സ്വന്തമാകും. ഇത്തരത്തിലുള്ള ഒരു കേസ് താൻ ആദ്യമായാണ് അഭിമുഖീകരിക്കുന്നതെന്നാണ് ലണ്ടനിലെ എആർജിസി ഫെർട്ടിലിറ്റി ക്ലിനിക്കിലെ ഡോ. മുഹമ്മദ് തരാനിസി പറയുന്നത്. ഇത് ലോകത്തിലെ ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം പറയുന്നു. ദി ഹ്യൂമൻ ഫെർട്ടിലിറ്റി ആൻഡ് എംബ്രയോളജി അഥോറിറ്റി( എച്ച്എഫ്ഇഎ) ഇവർക്ക് ഇതിനുള്ള അനുമതി ഇനിയും നൽകിയിട്ടില്ല. അതായത് മകളുടെ അണ്ഡം അമേരിക്കയിലേക്കയക്കുന്നതിനെ എച്ച്എഫ്ഇഎ എതിർക്കുകയാണ്. അതായത് മകൾ ഇതിനുള്ള ലിഖിതാനുമതി മരണസമയത്ത് എഴുതി വച്ചില്ലെന്ന് പറഞ്ഞാണ് ഇതിന് തടസ്സം നിൽക്കുന്നത്. എന്നാൽ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് മാതാപിതാക്കൾ ഹൈക്കോടതിയിലെത്തിയിരിക്കുകയാണ്. മകൾ മരിക്കുമ്പോൾ തന്റെ ആഗ്രഹം വ്യക്തമായി തങ്ങളെ അറിയിച്ചിരുന്നുവെന്നാണ് അവർ വാദിക്കുന്നത്. പെൺകുട്ടി മരിച്ച് വർഷങ്ങൾക്ക് ശേഷം അവളുടെ അണ്ഡം ഉപയോഗിച്ച് കുട്ടിക്ക് ജന്മം നൽകുന്നതിനെ രാഷ്ട്രീയക്കാരും ഇതിനെതിരെ പ്രചാരണം നടത്തുന്നവരും എതിർക്കുന്നുണ്ട്.

എന്നാൽ മകളുടെ കുഞ്ഞിന് ജന്മമേകിയ ബ്രിട്ടനിലെ 62കാരിയായ ആനി കാസെർലേ ഈ സ്ത്രീക്ക് പൂർണപിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മകളുടെ മകൾക്ക് ജന്മമേകിയ ലോകത്തിലെ ആദ്യത്തെ വനിതകളിലൊരാളാണീ സ്ത്രീ. തന്റെ മകൾ എമ്മയ്ക്ക് ശ്വാസകോശത്തിന് രോഗം ബാധിച്ചതിനാൽ ആനി ഇതിന് തയ്യാറാവുകയായിരുന്നു. എമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. എമ്മയുടെ മകളായി ആനിക്കിപ്പോൾ ഒമ്പത് വയസ്സുണ്ട്. വെസ്റ്റ് മിഡ്‌ലാൻഡിലാണിവരുടെ സ്വദേശം. ഇത്തരത്തിൽ ജീവിച്ചിരിക്കുന്ന മകളുടെ അണ്ഡമുപയോഗിച്ച് കുട്ടിക്ക് ജന്മമേകുന്ന കേസുകൾ അത്ര അപൂർവമല്ലെങ്കിലും മരിച്ച മകളുടെ കുട്ടിക്ക് ജന്മമേകുന്നതാണ് ഇപ്പോൾ ഉയർന്നു വന്ന കേസിനെ വ്യത്യസ്തമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP