Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണിക്കൂറിൽ ഇരുന്നൂറോളം ഉൽക്കകൾ മാനത്തു പായുന്ന അപൂർവ കാഴ്ചയായ പഴ്‌സീഡ് ഉൽക്കമഴ 12ന്; നഗ്‌നനേത്രങ്ങൾ കൊണ്ടു ഇന്ത്യയിൽ വ്യക്തമായി കാണാം

മണിക്കൂറിൽ ഇരുന്നൂറോളം ഉൽക്കകൾ മാനത്തു പായുന്ന അപൂർവ കാഴ്ചയായ പഴ്‌സീഡ് ഉൽക്കമഴ 12ന്; നഗ്‌നനേത്രങ്ങൾ കൊണ്ടു  ഇന്ത്യയിൽ വ്യക്തമായി കാണാം

വാഷിങ്ടൺ: മണിക്കൂറിൽ ഇരുന്നൂറോളം ഉൽക്കകൾ മാനത്തു പായുന്ന അപൂർവ കാഴ്ചയായ പഴ്‌സീഡ് ഉൽക്കമഴ കാണാൻ തയ്യാറെടുക്കാം. ഈ വ്യാഴാഴ്ച രാത്രി ആകാശപ്പൂരം കാണാമെന്നാണു നാസ പറയുന്നത്. നഗ്‌നനേത്രങ്ങൾ കൊണ്ടു ഇന്ത്യയിൽ വ്യക്തമായി കാണാം എന്നാണ് നാസയുടെ കണക്കുകൂട്ടലുകൾ. ഇന്ത്യയിലാണെങ്കിൽ ആകാശത്തെ വടക്കുകിഴക്കൻ ദിശയിലേക്കായിരിക്കണം നമ്മുടെ നോട്ടം. മണിക്കൂറിൽ 80 മുതൽ 200 വരെ ഉൽക്കകൾ പ്രതീക്ഷിക്കാവുന്നതാണ്. നാസയുടെ www.ustream.tv/channel/nasa-msfc എന്ന വെബ്‌സൈറ്റിൽ 12 രാത്രി മുതൽ ഉൽക്കമഴയുടെ ലൈവ് സ്ട്രീമിങ് കാണാം.

ചില ലഘുഗ്രഹ ശകലങ്ങൾ, പൊട്ടിച്ചിതറിയ ധൂമകേതുക്കളുടെ അവശിഷ്ടങ്ങൾ, മറ്റു ഗാലക്സികളിൽനിന്നോ നക്ഷത്രങ്ങളിൽനിന്നോ ഉള്ള ദ്രവ്യശകലങ്ങൾ തുടങ്ങിയവ ചില അവസരങ്ങളിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നു. പാറയും ലോഹങ്ങളുമടങ്ങിയ ഈ ദ്രവ്യശകലങ്ങളാണ് ഉൽക്കകൾ.

ഓരോ 133 വർഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സൂര്യനെ ചുറ്റി സ്വിഫ്റ്റ്-ടട്ട്ൽ എന്ന ഭീമൻ വാൽനക്ഷത്രം കടന്നുപോകാറുണ്ട്. അപ്പോൾ അതിൽ നിന്നു തെറിച്ചുപോകുന്ന മഞ്ഞും പൊടിപടലങ്ങളുമെല്ലാം സൗരയൂഥത്തിൽത്തന്നെ തങ്ങിനിൽക്കും. വർഷത്തിലൊരിക്കൽ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ അവ ഘർഷണം മൂലം കത്തിയെരിയും. അതാണ് ഉൽക്കമഴയായി വർഷിക്കുന്നത്.

ആകാശത്തു പഴ്‌സീഡ് എന്ന നക്ഷത്രസമൂഹത്തിന്റെ സ്ഥാനത്തുനിന്നു വരുന്നതിനാലാണ് അതിന്റെ പേരിൽത്തന്നെ ഉൽക്കമഴ അറിയപ്പെടുന്നത്. ഇത്തവണ ഭൗമാന്തരീക്ഷത്തിലേക്കു കൂടുതൽ ഉൽക്കകൾ ഓടിക്കയറി കത്തിത്തീരുമെന്നാണു കണക്കുകൂട്ടൽ.

കാരണം ബുധഗ്രഹത്തിന്റെ ഗുരുത്വാകർഷണ 'വലിവിൽ'പ്പെട്ട് ഒട്ടേറെ ദ്രവ്യശകലങ്ങൾ സൗരയൂഥത്തിൽ പ്രത്യേക ഒരിടത്തു കൂടിനിൽപ്പുണ്ട്. അതിന്റെ മധ്യഭാഗത്തു കൂടിയാണു ഭൂമിയുടെ പോക്കും. സാധാരണ അരികിലൂടെയാണു ഭൂമി പോകുക. എല്ലാവർഷവും ജൂലൈ 17 മുതൽ ഓഗസ്റ്റ് 24 വരെ പഴ്‌സീഡ് ഉൽക്കമഴ ഉണ്ടാകാറുണ്ട്. പക്ഷേ, ഇത് അതിന്റെ പാരമ്യത്തിലെത്തുന്നത് ഓഗസ്റ്റ് 12,13,14 തീയതികളിലാണ്.

ശബ്ദത്തെക്കാൾ അഞ്ചോ അതിലേറെയോ ഇരട്ടി വേഗത്തിൽ പറപറക്കുന്ന ഇവ ഭൗമാന്തരീക്ഷത്തിലൂടെ കുതിക്കുമ്പോൾ അന്തരീക്ഷ വായുവുമായി ഉരസി ചൂടുപിടിക്കുന്നു. അന്തരീക്ഷത്തിന്റെ കഠിനമായ ഘർഷണം നിമിത്തം ചുട്ടുപഴുത്ത് ആവിയായിത്തീരുന്നു. അതു നിമിഷനേരംകൊണ്ടു മാഞ്ഞുപോകുകയും ചെയ്യുന്നു. പെട്ടെന്നു മിന്നിമറയുന്നതുകൊണ്ട് ഇവ 'കൊള്ളിമീൻ' എന്നും അറിയപ്പെടുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP