Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനം കടലിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം കൊടുങ്കാറ്റിൽ മുങ്ങിത്താഴ്‌ന്നെന്ന് പുതിയ നിഗമനം; ഇതുവരെ കണ്ടെത്തിയത് 22 മൃതദേഹങ്ങൾ

വിമാനം കടലിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം കൊടുങ്കാറ്റിൽ മുങ്ങിത്താഴ്‌ന്നെന്ന് പുതിയ നിഗമനം; ഇതുവരെ കണ്ടെത്തിയത് 22 മൃതദേഹങ്ങൾ

ന്തോനേഷ്യയിൽ കടലിൽ വീണു തകർന്നെന്നു കരുതപ്പെടുന്ന എയർ ഏഷ്യ വിമാനം പൈലറ്റ് കടൽപരപ്പിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തിയെന്നും എന്നാൽ കൊടുങ്കാറ്റിൽ കൂറ്റൻ തിരമാലകളിൽപ്പെട്ട് തകർന്നതാകാമെന്നും വ്യോമ വിദഗ്ധരുടെ പുതിയ നിഗമനം. 162 യാത്രക്കാരുമായി ഇന്തോനേഷ്യയിൽ നിന്നും സിംഗപൂരിലേക്കു പറക്കുന്നതിനിടെ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്‌സ് ഇതുവരെ കണ്ടെത്താനായിട്ടില്ല. അനുഭവ സമ്പന്നനായ മുൻ സൈനിക വിമാന പൈലറ്റ് കൂടിയായിരുന്ന ഇറിയാന്തോ സുരക്ഷിതമായി തന്നെ കടൽ പരപ്പിൽ വിമാനമിറക്കിയിട്ടുണ്ടാകാം. 'എമർജൻസി ലൊകേറ്റർ ട്രാൻസ്മിറ്റർ കടലിലായാലും കരയിലായാലും ലാൻഡ് ചെയ്യുന്ന ആഘാതത്തിൽ പ്രവർത്തിക്കും. എന്റെ അഭിപ്രായം ലാൻഡിംഗിനിടെ വലിയ ആഘാതത്തിൽപ്പെട്ടതിനാൽ ഇതു പ്രവർത്തിച്ചിട്ടുണ്ടാകില്ല എന്നാണ്,' വ്യോമയാന മാഗസിൻ അംഗ്കാസയുടെ മുതിർന്ന എഡിറ്റർ ദുദി സുദിബയോ പറഞ്ഞു.

മറ്റു ചില വ്യോമയാന വിദഗ്ദ്ധർ പറയുന്നത് എയർ ഏഷ്യ വിമാനം കൂപ്പുകുത്തുന്നതിനു മുമ്പ് യുദ്ധവിമാനത്തിന്റെ വേഗത്തിൽ മുകളിലേക്ക് കുതിച്ചു പൊങ്ങിയ ശേഷം കനത്ത പ്രഹരമേറ്റ പോലെ വെള്ളത്തിലേക്കു പതിച്ചതാകാമെന്നാണ്. വളരെ മോശം കാലവസ്ഥയിൽ കുടുങ്ങിയതിനാൽ പൈലറ്റിന് കൂടുതലൊന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ലെന്നും ഇവർ അനുമാനിക്കുന്നു. ദുരന്തത്തിൽപ്പെട്ടവരുടെ ആദ്യ മൃതദേഹം തിരിച്ചറിയപ്പെടുകയും കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്തതോടെയാണ് പുതിയ നിഗമനങ്ങൾ വന്നു തുടങ്ങിയത്. ധരിച്ച ആഭരണങ്ങളിൽ നിന്നും ശരീരത്തിലെ പാടുകളിൽ നിന്നും വിരലടയാളത്തിൽ നിന്നുമാണ് ഹയാത്തി ലുത്ഫിയ ഹാമിദിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. 

രക്ഷാപ്രവർത്തകർ ഇന്നു കണ്ടെത്തിയതുൾപ്പെടെ ആകെ 22 യാത്രക്കാരുടെ മൃതഹങ്ങളാണ് ഇതുവരെ ലഭിച്ചത്. കാലാവസ്ഥ ഭേദപ്പെട്ടതിനെ തുടർന്ന് കൂടുതൽ ഹെലിക്കോപ്ടറുകളും കപ്പലുകളും തെരച്ചിലിനായി രംഗത്തെത്തിയിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിൽ നിന്നുള്ള സിഗ്‌നലുകൾ കണ്ടെത്താനായി ഫ്രഞ്ച്, സിംഗപ്പൂർ എന്നിവിടങ്ങളിലെ അന്വേഷണ സംഘങ്ങളും ഉപകരണങ്ങളും തെരച്ചിലിൽ പങ്കാളികളാകും. മോശം കാലാവസ്ഥയും പ്രക്ഷുബ്ധമായ കടലും തെരച്ചിലിന് തടസമുണ്ടാക്കിയിരുന്നു. 90ൽ അധികം കപ്പലുകളും 17 വിമാനങ്ങളുമാണ് ഇന്ന് തെരച്ചിലിനായി ഇറങ്ങിയത്. സിംഗപ്പൂർ, ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. സോണാർ തരംഗ പരിശോധനയിൽ കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയ വസ്തു വിമാനം ആണെന്ന നിഗമനത്തിലാണ് തിരച്ചിൽ. ഏകദേശം 50 മീറ്റർ ആഴത്തിലാണിത്. 

വിമാനം കടലിൽ കൂപ്പുകുത്താൻ കാരണമായതെന്താണെന്ന് ഔദ്യോഗിക അന്വേഷണ സംഘം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മോശം കാലവസ്ഥയെ തുടർന്ന് ബ്ലാക് ബോക്‌സ് കണ്ടെത്താനായുള്ള വിദഗ്ധ മുങ്ങൽ സംഘത്തിന്റെ ശ്രമം കഴിഞ്ഞ ദിവസം മുന്നോട്ടു പോയില്ല. ദുരന്തത്തിന്റെ പൂർണവിവരം ബ്ലാക്‌സ് ബോക്‌സ് കിട്ടിയാലെ പുറത്തു വരൂ. അതേസമയം ഓസ്‌ത്രേലയിൻ വ്യോമയാന വിദഗ്ധന്റെ നിഗമനം മറ്റൊന്നാണ്. താഴേക്കു വന്നത് വളരെ കുറഞ്ഞ വേഗത്തിലായത് എന്തു കൊണ്ടാണെന്ന് തന്നെ അദ്ഭുതപ്പെടുത്തുന്നെന്ന് പീറ്റർ മറോസ്‌കി പറയുന്നു. റാഡാറുമായി അവസാനം ബന്ധപ്പെട്ടയിടത്തു നിന്നും വെറും 10 കിലോമീറ്റർ അകലെ മാത്രമാണ് കടലിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതിനർത്ഥം വിമാനം കുത്തനെ താഴേക്കു പതിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.

വിമാനം താഴേക്കു കൂപ്പുകുത്തി എന്ന നിഗമനത്തിൽ വിദഗ്ദ്ധർക്ക് എതിരഭിപ്രായമില്ല. മോശം കാലാവസ്ഥയിൽപ്പെട്ടായിരിക്കാം വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്നും ഇവർ അഭിപ്രായപ്പെടുന്നു. 22-കാരിയായ വിമാന ജീവനക്കാരി ഖൈറുന്നിസാദ ഹയ്ദറിന്റെ മൃതദേഹത്തോടൊപ്പം അവരുടെ വീട്ടിലേക്കു പോകുമെന്ന് പറഞ്ഞ എയർ ഏഷ്യ ചീഫ് എക്‌സിക്യുട്ടീവ് ടോണി ഫെർണാണ്ടസ് അഭിപ്രായപ്പെട്ടത് വിമാനം മോശം കാലാവസ്ഥയിൽപ്പെട്ടതാകാമെന്നാണ്. സംഭവം അന്വേഷിച്ചു വരുന്ന ഔദ്യാഗിക സംഘത്തിൽ നിന്നും ചോർന്ന വിവരങ്ങൾ അനുസരിച്ച് വിമാനം ആറായിരം മുതൽ 9000 അടിവരെ മിനിറ്റിൽ അപ്രതീക്ഷിതമായി ഉയർന്നു പൊങ്ങിയിട്ടുണ്ടാകാമെന്നാണ് നിഗമനം. ഒരു എയർബസ് 320 വിമാനത്തെ പൈലറ്റിന് സമുദ്രനിരപ്പിൽ നിന്നും ഇത്ര ഉയരത്തിലെത്തിക്കാനാവില്ല. മിനിറ്റിൽ ആയിരം മുതൽ 1500 അടിവരേയാണ് സാധാരണ ഗതിയിൽ ഈ വിമാനത്തെ ഉയർത്താൻ കഴിയുക. 3000 അടി ചുരുങ്ങിയ സമയത്തിനുള്ളിൽ ഉയർന്നാൽ തന്നെ അതൊരു സ്‌ഫോടനം തന്നെയായിരിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. അതേസമയം മിനിറ്റിൽ 11,000 അടി വേഗത്തിലാണ് താഴേക്ക് പതിച്ചതെന്നു കരുതപ്പെടുന്നു. 2009-ൽ അറ്റ്‌ലാന്റിക് സമുദ്രത്തിൽ തകർന്നു വീണ എയർ ഫ്രാൻസ് വിമാനം മുകളിലേക്കുയരുകയും താഴേക്കു പതിക്കുകയും ചെയ്തതിനേക്കാൾ വേഗത്തിലാണിത്.

ഇത്രയും വലിയ ആഘാതത്തിൽ പതിച്ചിട്ടുണ്ടെങ്കിൽ വിമാനത്തിലെ എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ പ്രവർത്തിക്കുമെന്നാണ് സുദിബയോ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ അതു പ്രവർത്തിച്ചിട്ടില്ല. അതിനർത്ഥം വിമാനം സുരക്ഷിതമായി വെള്ളത്തിൽ ലാൻഡ് ചെയ്തിട്ടുണ്ടാകാമെന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP