Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകന്റെ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്ന് രോഹിത്തിന്റെ അമ്മ; വിവാഹം കഴിച്ചത് സ്വത്ത് തട്ടിയെടുക്കാനെന്നും ആരോപണം; ഭർത്താവിനെ കൊലപ്പെടുത്തിയത് ബന്ധുവായ സ്ത്രീക്കൊപ്പം മദ്യപിച്ച സംഭവത്തിൽ പ്രകോപിപ്പിച്ചതിനാലെന്ന് അപൂർവ

മകന്റെ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്ന് രോഹിത്തിന്റെ അമ്മ; വിവാഹം കഴിച്ചത് സ്വത്ത് തട്ടിയെടുക്കാനെന്നും ആരോപണം; ഭർത്താവിനെ കൊലപ്പെടുത്തിയത് ബന്ധുവായ സ്ത്രീക്കൊപ്പം മദ്യപിച്ച സംഭവത്തിൽ പ്രകോപിപ്പിച്ചതിനാലെന്ന് അപൂർവ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി എൻഡി തിവാരിയുടെ മകൻ രോഹിത് ശേഖറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ അപൂർവയ്‌ക്കെതിരെ കൂടുതൽ ആരോപണവുമായി രോഹിത്തിന്റെ അമ്മ. അപൂർവയ്ക്ക് വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായി അവർ പറഞ്ഞു. രോഹിതിനെ വിവാഹം ചെയ്തത് കുടുംബത്തിലെ സ്വത്ത് തട്ടിയെടുക്കാനാണെന്നും അമ്മ ഇജ്വല ആരോപിക്കുന്നു.

2017ലാണ് ഇരുവരും തമ്മിൽ കാണുന്നത്. ഒരു വർഷത്തോളം പ്രണയ ബന്ധം തുടർന്ന ഇരുവരും 2018 ഏപ്രിലിലാണ് വിവാഹിതരാകുന്നത്. തുടർന്ന് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. പലതവണ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു. വീട്ടിൽ തന്നെ പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും അമ്മ ഉജ്വല പറഞ്ഞു.

ഈ മാസം 16നാണ് രോഹിത് ശേഖറിനെ ഡൽഹിയിലെ ഡിഫൻസ് കോളനിയിലെ വസതിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ വച്ച് അദ്ദേഹം മരിച്ചു. അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ രോഹിതിന്റെ ഭാര്യ അപൂർവ്വയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

രോഹിത് ശേഖർ തിവാരിയെ കൊലപ്പെടുത്തിയത് ബന്ധുവായ യുവതിയുമായി മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് അപൂർവ മൊഴി നൽകിയിരിക്കുന്നത്. തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഡൽഹി പൊലീസ് കണ്ടെത്തിയത്. രോഹിത് തിവാരി, അമ്മ ഉജ്വല, ബന്ധുവായ സ്ത്രീ, അവരുടെ ഭർത്താവ്, ജീവനക്കാർ എന്നിവർക്കൊപ്പം മൂന്നു കാറുകളിലായിട്ടാണ് ഉത്തരാഖണ്ഡിലേക്ക് വോട്ടു ചെയ്യാൻ പോയത്. രോഹിതും ബന്ധുവായ സ്ത്രീയും ഒരു കാറിൽ ഇരുന്ന് യാത്രയിലുടനീളം മദ്യപിക്കുകയായിരുന്നു.

യാത്രയിലുടനീളം മദ്യപിച്ച ഇരുവരും ഒരു ബോട്ടിൽ മദ്യം തീർത്തിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അഡീഷനൽ കമ്മിഷണർ രാജ് രഞ്ജൻ പറഞ്ഞു. ബന്ധുവായ സ്ത്രീയോട് രോഹിത്തിന് സൗഹൃദം മാത്രമാണുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു. താനും രോഹിത്തും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് കാരണമായി അപൂർവ കണ്ടിരുന്നത് ഈ സ്ത്രീയെ ആയിരുന്നു. ഇവർക്കൊപ്പം പോകുന്നത് അപൂർവ വിലക്കുകയും ചെയ്തു.

വൈകിട്ട് 5.30ഓടെ രാത്രി ഭക്ഷണത്തെക്കുറിച്ച് തിരക്കുന്നതിന് അപൂർവ രോഹിത്തിനെ വീഡിയോ കോൾചെയ്തു. വിഡിയോയിൽ ഒപ്പമുള്ള സ്ത്രീയെ കാണാതിരിക്കാൻ രോഹിത് ശ്രമിച്ചെങ്കിലും അപൂർവയ്ക്ക് അവർ ഒപ്പമുള്ളതു മനസിലായി. വളയുടെ കിലുക്കവും സ്ത്രീയുടെ വസ്ത്രത്തിന്റെ ഭാഗവും കണ്ടതുമാണ് അപൂർവയ്ക്ക് കാര്യങ്ങൾ മനസിലാകാൻ കാരണമായത്.

രാത്രി പത്തോടെ വീട്ടിൽ തിരിച്ചെത്തിയ രോഹിത്തിനു ഭക്ഷണം നൽകിയ ശേഷം അവർ ഉറങ്ങാനായി പോയി. 12.45 വരെ അപൂർവ ടെലിവിഷൻ കാണുകയും പിന്നീട് മുറിയിലെത്തി രോഹിത്തുമായി വഴക്കുണ്ടാക്കുകയുമായിരുന്നു. വഴക്കിനിടെ തങ്ങൾ ഒരേ ഗ്ലാസിൽനിന്നാണ് മദ്യപിച്ചതെന്നു പറഞ്ഞ് രോഹിത് അപൂർവയെ പ്രകോപിപ്പിച്ചു. ഇതോടെ തലയിണയെടുത്ത് രോഹിത്തിന്റെ മുഖത്തമർത്തി.

അമിതമായി മദ്യപിച്ചതിനാൽ പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു രോഹിത്. അതിനാൽ കൊലയെക്കുറിച്ച് ആരും പുറത്തറിഞ്ഞിരുന്നില്ല. കൊലയ്ക്കുശേഷം എന്തുചെയ്യണമെന്ന് അറിയാതെ അപൂർവ അവിടെ കറങ്ങി നടന്നു. രണ്ടു മണിയോടെ സ്വന്തം മുറിയിലേക്ക് അപൂർവ മടങ്ങി. രാവിലെ ജോലിക്കാരനാണ് രോഹിത്തിനെ വിളിക്കാനെത്തിയത്. ചില ദിവസങ്ങളിൽ ഉണരാൻ താമസിക്കാറുള്ളതിനാൽ വിളിക്കാതെ അയാൾ തിരിച്ചുപോയി. മാതാവ് ഉജ്വല പലതവണ രോഹിത്തിനെ ഫോണിൽ വിളിച്ചിരുന്നു. അപൂർവ അദ്ദേഹത്തെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞ് ഓരോ തവണയും ഫോൺ വയ്‌പ്പിച്ചു.

പിന്നീട് വൈകിട്ട് 3.30 ആയതോടെ അപൂർവ ജീവനക്കാരനെ രോഹിത്തിനെ വിളിക്കാൻ അയച്ചു. എന്നാൽ മൂക്കിൽനിന്ന് രക്തം വരുന്ന അവസ്ഥയിൽ രോഹിത്തിനെ ഇവിടെ കണ്ടെത്തി. ഉടൻ രോഹിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അപൂർവ സംഭവങ്ങൾ വിശദീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP