Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊടുന്നനെ ഒരു ശബ്ദം കേട്ടു; എൻജിനിൽ നിന്നും പുക ഉയരുന്നു; യാത്രക്കാർ നിലവിളിച്ചു കൊണ്ട് പ്രാർത്ഥിച്ചു; ഒരു പക്ഷി ഇടിച്ചാലും വിമാനയാത്രക്കാർ നരകയാതന അനുഭവിക്കുന്നത് ഇങ്ങനെ

പൊടുന്നനെ ഒരു ശബ്ദം കേട്ടു; എൻജിനിൽ നിന്നും പുക ഉയരുന്നു; യാത്രക്കാർ നിലവിളിച്ചു കൊണ്ട് പ്രാർത്ഥിച്ചു; ഒരു പക്ഷി ഇടിച്ചാലും വിമാനയാത്രക്കാർ നരകയാതന അനുഭവിക്കുന്നത് ഇങ്ങനെ

രയാത്രയും കടൽയാത്രയുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ സുഖകരമായ യാത്രയാണ് വിമാനയാത്ര. എന്നാൽ മറ്റുള്ളവയേക്കാൾ അനിശ്ചിതത്വം കൂടുതലും ഇതിലാണ്. എന്തെങ്കിലും സംഭവിച്ചാൽ ഒന്നിച്ച് കത്തിയമർന്ന് നിലത്ത് വീഴാനുള്ള സാധ്യത ആകാശയാത്രയിൽ കൂടുതലാണ്.അക്കാരണത്താൽ വിമാനയാത്രയ്ക്കിടെയുണ്ടാകുന്ന ചെറിയ അസ്വസ്ഥകൾ പോലും കനത്ത ആശങ്കകൾക്കാണ് വഴിയൊരുക്കുന്നത്. എന്തിനേറെ പറയുന്നു പറക്കുന്നതിനിടെ വിമാനത്തിന് ഒരു ചെറിയ പക്ഷിയിടിച്ചാൽ പോലുമുണ്ടാകുന്ന ആകുലതകളും അനിശ്ചിതത്വവും വളരെ വലുതാണ്.

ബാർസലോണയിൽ നിന്നും ബ്രിട്ടനിലെ മാഞ്ചസ്റ്ററിലേക്കുള്ള ജെറ്റ് 2 വിമാനത്തിലെ യാത്രക്കാർ ഈ ദുരവസ്ഥ നന്നായി അനുഭവിക്കുകയായിരുന്നു. ഇതിലെ യാത്രക്കാർ പൊടുന്നനെ ഒരു ശബ്ദം കേൾക്കുകയും തുടർന്ന് എൻജിനിൽ നിന്ന് പുക ഉയരുന്നതും കാണുകയായിരുന്നു. എല്ലാം തീരാൻ പോവുകയാണെന്ന ഭയാശങ്കയിൽ യാത്രക്കാർ നിലവിളിയോടെ പ്രാർത്ഥിക്കാൻ തുടങ്ങുകയും ചെയ്തു. പ്രസ്തുത വിമാനത്തിന് ഒരു പക്ഷിയിടിച്ചതിനെ തുടർന്ന് അതിലെ യാത്രക്കാർ അനുഭവിക്കേണ്ടി വന്ന നരകയാതനകളെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.

ഈ സന്ദിഗ്ധാവസ്ഥയുണ്ടായതിനെ തുടർന്ന് വിമാനം അടിയന്തിരമായി മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് അപ്പോൾ കാബിൻ ക്രൂവിന് പോലും മനസിലാക്കാൻ സാധിച്ചിരുന്നില്ല. ഇതറിഞ്ഞ് യാത്രക്കാർ പേടിച്ചരണ്ട് നിലവിളിക്കുന്നത് തുടരുകയും ചെയ്തു.

വിമാനത്തിൽ എന്തോ ഇടിക്കുന്ന ശബ്ദം കേട്ട് എല്ലാവരും ഞെട്ടിത്തരിക്കുകയായിരുന്നുവെന്നാണ് വിമാനത്തിലെ യാത്രക്കാരിലൊരാളായ 28കാരൻ പോൾ വോർലെ പറഞ്ഞത്. അടുത്തിടെ വിവാഹിതനായ അദ്ദേഹം നവവധുവിനൊപ്പമുള്ള യാത്രയിലായിരുന്നു.ഇടത്തെ ചിറകിൽ നിന്നും തീ ഉയരുന്നത് തന്റെ ഭാര്യ കണ്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.കുട്ടികളടക്കമുള്ള യാത്രക്കാർ കരയുന്ന രംഗം ഭയാനകമായിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എൽഎസ്804 വിമാനത്തിലായിരുന്നും സംഭവം അരങ്ങേറിയത്. അതിൽ 150നടുത്ത് യാത്രക്കാരുണ്ടായിരുന്നു. പക്ഷി എൻജിന് ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ഗതി മുകളിലേക്കായതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ സംജാതമായത്. ഇതിനെ തുടർന്ന് ലാൻഡിംഗിൽ കാലതാമസമുണ്ടാവുകയും ചെയ്തു. ഇതിനിടെ ഗ്രൗണ്ട് ക്രൂ ഇതിനെക്കുറിച്ച് അറിയിപ്പുകൾ നൽകുകയും ചെയ്തിരുന്നു.

എന്തായാലും അവസാനം വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. അപ്പോഴേക്കും അടിയന്തിര സാഹചര്യമുണ്ടായാൽ നേരിടാൻ ഫയർ എൻജിനുകളെ വിമാനത്താവളത്തിൽ സജ്ജമാക്കി നിർത്തിയിരുന്നു.പ്രശ്‌നമുണ്ടായതിനെ തുടർന്ന് വിമാനം നിലത്തിറക്കുമ്പോൾ വൈബ്രേഷൻ അനുഭവപ്പെട്ടിരുന്നുവെന്നാണ് പോൾ വോർലെ സാക്ഷ്യപ്പെടുത്തുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും ധാരണയുമുണ്ടായിരുന്നില്ല. താൻ സാധാരണ കരയാറില്ലെന്നും എന്നാൽ ആ നിമിഷം കണ്ണീർ വന്നുവെന്നുമാണ് ബോൾട്ടനിൽ നിന്നുള്ള യാത്രക്കാരിയും മൂന്ന് കുട്ടികളുടെ അമ്മയുമായ 28 കാരി കാതറീൻ ലോവ് വെളിപ്പെടുത്തുന്നത്. വിമാനത്തിന് ഈ അവസ്ഥയുണ്ടായപ്പോൾ താൻ അമ്മയ്ക്ക് ടെക്സ്റ്റ് മെസേജ് അയച്ചിരുന്നു. താൻ അമ്മയെ സ്‌നേഹിക്കുന്നുണ്ടെന്നും തന്റെ വളർത്തുമൃഗങ്ങളെ നോക്കിക്കൊള്ളണമെന്നുമായിരുന്നു ആ സന്ദേശം. വിമാനത്തിലുണ്ടായ അടിയന്തിര സാഹചര്യത്തെ തുടർന്നുള്ള സംഭവങ്ങൾ അവരുടെ ഭർത്താവായ സൈമൺ ഹാംപ്‌സൻ ക്യാമറയിൽ പകർത്തിയിരുന്നു. ഇത് വളരെ ഭയാനകമായ അനുഭവമായിരുന്നുവെന്നാണ് ഹാംപ്‌സൻ പറയുന്നത്.

മിഡ്‌ലാൻഡിലെ സ്റ്റൗർബ്രിഡ്ജിൽ നിന്നുള്ള 63 കാരിയായ യാത്രക്കാരി ലൈൻ ജാൻകോസ്‌കയും പാർട്ട്ണറായ വില്യം റസലും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിനടിയിൽ നിന്നും ചില അസ്വാഭാവികമായ ശബ്ദങ്ങൾ കേട്ടുവെന്നാണ് അവർ പറയുന്നത്.എൻജിന് ഇടിച്ച പക്ഷി അവിടെ പറ്റിപ്പിടിച്ചതാണ് തീപിടിത്തതിന് കാരണമായതെന്നാണ് വിമാനത്താവളത്തിലെ ഒരു ജോലിക്കാരൻ പറഞ്ഞത്. വിമാനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടുവെന്നാണ് മാഞ്ചസ്റ്റർ നിവാസികളിൽ ചിലർ പറയുന്നത്. വിമാനത്തിന്റെ ചലനങ്ങൾ ജോനാതൻ ജാക്ക്‌സൻ ക്യാമറയിൽ പകർത്തിയിരുന്നു. ശബ്ദം കേട്ട് പുറത്ത് വന്ന് നോക്കുമ്പോൾ എൻജിന്റെ വലതുഭാഗത്ത് നിന്ന് തീജ്വാലകൾ ഉയരുന്നത് കണ്ടിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. സാങ്കേതിക പ്രശ്‌നമുണ്ടായതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നുവെന്നാണ് ജെറ്റ് 2 വക്താവ് പ്രതികരിച്ചിരിക്കുന്നത്. 144 യാത്രക്കാരുമായി ബാർസലോണയിൽ നിന്നെത്തിയ ജെറ്റ് 2 വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നാണ് മാഞ്ചസ്റ്റർ എയർപോർട്ട് അധികൃതർ പറയുന്നത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും അവർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP