Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്നത്തെ കോമൺസ് വോട്ടിങ് അതിനിർണായകം; എംപിമാർ നോ ഡീൽ തടഞ്ഞാൽ ഒക്ടോബർ 14-ന് തിരഞ്ഞെടുപ്പ്; എതിർത്ത ടോറി എംപിമാരെ പുറത്താക്കും; ബ്രെക്‌സിറ്റ് നടപ്പാക്കാൻ രണ്ടും കൽപ്പിച്ച് കൊടുങ്കാറ്റായി മാറി ബോറിസ് ജോൺസൺ; പ്രധാനമന്ത്രിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ഞെട്ടി ബ്രിട്ടൻ

ഇന്നത്തെ കോമൺസ് വോട്ടിങ് അതിനിർണായകം; എംപിമാർ നോ ഡീൽ തടഞ്ഞാൽ ഒക്ടോബർ 14-ന് തിരഞ്ഞെടുപ്പ്; എതിർത്ത ടോറി എംപിമാരെ പുറത്താക്കും; ബ്രെക്‌സിറ്റ് നടപ്പാക്കാൻ രണ്ടും കൽപ്പിച്ച് കൊടുങ്കാറ്റായി മാറി ബോറിസ് ജോൺസൺ; പ്രധാനമന്ത്രിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ഞെട്ടി ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഒക്ടോബർ 31-നകം ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന നിലപാടിൽനിന്ന് തെല്ലും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിലപാടെടുത്തിരിക്കെ, ബ്രിട്ടീഷ് പാർലമെന്റ് ബ്രെക്‌സിറ്റിന്മേൽ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടത്തും. യൂറോപ്യൻ യൂണിയനുമായി കരാറില്ലാത്ത നോ ഡീൽ ബ്രെക്‌സിറ്റ് തടയാൻ ലേബർ പാർട്ടിയും ടോറി പക്ഷത്തെ വിമതരും തയ്യാറെടുക്കുന്നുണ്ട്. നോ ഡീൽ ബ്രെക്‌സിറ്റ് പാർലമെന്റ് തടയുകയാണെങ്കിൽ, ഒക്ടോബർ 14-ന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാരിനെതിരേ നിൽക്കുന്ന കൺസർവേറ്റീവ് പാർട്ടി എംപിമാരെ പുറത്താക്കുമെന്ന് ആംബർ റൂഡും പ്രഖ്യാപിച്ചതോടെ, ഇന്നത്തെ വോട്ട് കൂടുതൽ നിർണായകമായി.

തന്റെ ബ്രെക്‌സിറ്റ് പദ്ധതികൾ അട്ടിമറിക്കാൻ ടോറികൾക്കിടയിൽനിന്നുതന്നെ ശ്രമമുണ്ടായാൽ ഒക്ടോബർ 14-ന് തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിമതർക്ക് ഇന്നലെ രാത്രി ബോറിസ് നൽകിയ മുന്നറിയിപ്പ്. വിമതനീക്കത്തിന് നേതൃത്വം നൽകുന്ന ഫിലിപ്പ് ഹാമണ്ട്, ഡേവിഡ് ഗൗക്ക്, റോറി സ്റ്റിയുവർട്ട് തുടങ്ങിയ പ്രമുഖരെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തൊട്ടുപിന്നാലെ ഫിലിപ്പ് ഹാമണ്ട് പ്രതിനിധാനം ചെയ്യുന്ന റണ്ണിമീഡ് ആൻഡ് വേബ്രിഡ്ജിലെ കൺസർവേറ്റീവ് അസോസിയേഷൻ പ്രത്യേകയോഗം ചേർന്ന് ഹാമണ്ടിനെ അടുത്ത സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ബോറിസ് തിരിച്ചടിയുമായി ഇതോടെ, പൊതുതിരഞ്ഞെടുപ്പ് വന്നാൽ റണ്ണിമീഡ് ആൻഡ് വേബ്രിഡ്ജിൽനിന്നുള്ള കൺസർവേറ്റീവ് സ്ഥാനാർത്ഥി ഹാമണ്ട് തന്നെയായിരിക്കുമെന്ന് ഉറപ്പായി. ബോറിസ് എതിർത്താലും ഫലമുണ്ടാകില്ല.

അടിയന്തരമായി തിരഞ്ഞെടുപ്പിലേക്ക് പോകണമെന്ന് താനാഗ്രഹിക്കുന്നില്ലെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ, ലേബർ നേതാവ് ജെറമി കോർബിനൊപ്പംനിന്ന് സർക്കാരിന്റെ കാലുവാരാനാണ് വിമതരുടെ ശ്രമമെങ്കിൽ പൊതുതിരഞ്ഞെടുപ്പല്ലാതെ മറ്റ് പോംവഴിയില്ല. വോട്ടെടുപ്പിലൂടെ പാർലമെന്റിന്റെ നിയന്ത്രണമേറ്റെടുക്കുകയാണെങ്കിൽ ഒക്ടോബർ 14-ന് പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള പ്രമേയം ബോറിസ് ജോൺസൺ പാർലമെന്റിന്റെ മേശപ്പുറത്തുവെക്കുമെന്ന് മുതിർന്ന സർക്കാർ വൃത്തങ്ങളറിയിച്ചു. ഇങ്ങനെവെക്കുന്ന പ്രമേയത്തിന് മൂന്നിൽ രണ്ട് വിഭാഗം എംപിമാരുടെ പിന്തുണ വേണം.

മുൻകൂട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന ഭീഷണിയുയർത്തി വിമതരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് ബോറിസ് ജോൺസൺ നടത്തുന്നതെന്ന് ഒരുവിഭാഗം എംപിമാർ ആരോപിച്ചു. 20 ടോറി എംപിമാരെങ്കിലും ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതിന് അനുകൂലമായി വോട്ടുചെയ്യുമെന്നാണ് കരുതുന്നത്. നോ ഡീലിനെ എതിർക്കുകയാണെങ്കിലും പാർട്ടിയെ ദുർബലമാക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് പെൻഷൻ സെക്രട്ടറി ആംബർ റൂഡ് പറഞ്ഞു. സർക്കാരിനെതിരേ നിലപാടെടുക്കുന്ന എംപിമാരെ പുറത്താക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഇന്നത്തെ വോട്ടെടുപ്പ് ഫലത്തിൽ അവിശ്വാസപ്രമേയത്തിന്റെ ഫലമാകും ചെയ്യുകയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

പാർലമെന്റിന്റെ നിയന്ത്രണം സർക്കാരിൽനിന്ന് എംപിമാർ സ്വന്തമാക്കുന്നതോടെ, ബോറിസ് അഝികാരത്തിൽതുടരുന്നതിന് അർഥമില്ലാതാകും. സർക്കാരിനൊപ്പം നിൽക്കണമെന്ന് കൺസർവേറ്റീവ് എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. അത് ലംഘിക്കുന്നവരെ സ്വാഭാവികമായും പുറത്താക്കുകയുും ചെയ്യും.. ഇന്നത്തെ വോട്ട് സർക്കാരിനെതിരാണെങ്കിൽ, ബ്രെക്‌സിറ്റ് ഒ്‌ക്ടോബർ 31-ന് നടപ്പാകില്ലെന്നതിന്റെ വ്യക്തമായ സൂചനകൂടിയാകും അത്. വീണ്ടും യൂറോപ്യൻ യൂണിയനുമായി കരാർ സംബന്ധിച്ച ചർച്ചകളിലേക്കാകും ബ്രിട്ടൻ കടക്കുകയെന്നും വിലയിരുത്തപ്പെടുന്നു.

എന്നാൽ, ജനങ്ങളുടെ അഭിലാഷം നടപ്പിലാക്കുന്നതിനും രാജ്യത്തെ പ്രതിസന്ധിയിലാക്കാതെ മു്‌നോട്ടുനയിക്കുന്നതിനും തനിക്ക് പൂർണാധികാരം വേണമെന്ന നിലപാടിലാണ് ബോറിസ് ജോൺസൺ. ബ്രിട്ടൻ യൂണിയനിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന റിമെയ്‌നേഴ്‌സിനോട് അത്തരമൊരു സന്ദേശമാണ് ബോറിസ് നൽകിയത്. ഇന്നത്തെ വോട്ടെടുപ്പിൽ വിമതർ സർക്കാരിനൊപ്പം നിൽക്കുമെന്നാണ് കരുതുന്നതെന്ന് ബോറിസ് വ്യക്തമാക്കി. മറിച്ചൊരു നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ ബ്രിട്ടന്റെ കാലുകൾ ഛേദിക്കുന്ന നിലപാടാകും അത്. അതോടെ, യൂണിയനുമായുള്ള എല്ലാ ചർച്ചകളും അസാധ്യമാകുമെന്നും ബോറിസ് മു്ന്നറിയിപ്പ് നൽകുന്നു.

ബ്രെക്‌സിറ്റ് നടപ്പിലാക്കാൻ ഇനിയൊരവധിക്കായി യൂറോപ്യൻ യൂണിയന്റെ മുന്നിൽ കെഞ്ചുന്ന പ്രശ്‌നമേയില്ലെന്ന് ബോറിസ് അസന്ദിഗ്ധമായി വ്യക്തമാക്കി. ഒക്ടോബർ 31-ന് ബ്രെക്‌സിറ്റ് നടപ്പിലാക്കുമെന്നതിൽ ഒരു മാറ്റവുമില്ല. ഒരു പുനരാലോചനയും ഇക്കാര്യത്തിൽ ഇനിയില്ല. ജനങ്ങൾ വോട്ടുചെയ്ത ഹിതപരിശോധനയിൽനിന്ന് പിന്നോട്ടുപോയി മറ്റൊരു വോട്ടെടുപ്പിലേക്ക് ജനങ്ങളെ തള്ളിവിടില്ല. ഒക്ടോബറിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ബ്രിട്ടന് അനുകൂലമായ ഒരു കരാർ ലഭിക്കുമെന്നാണ് കരുതുന്നത്. അത് ലഭിച്ചില്ലെങ്കിലും സധൈര്യം നാം 31-ന് യൂറോപ്യൻ യൂണിയനിൽനിന്ന വേർപെടുമെന്നും ബോറിസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP