Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആവശ്യത്തിന് സാധനങ്ങൾ വാങ്ങി സൂക്ഷിക്കുക; അത്യാവശ്യമുള്ള ജോലികൾ എല്ലാം പൂർത്തിയാക്കുക; നാട്ടിലേക്ക് പണം അയക്കാനുള്ളവർ ഒരു നിമിഷം ഇനി വൈകരുത്: വെറും 100 ദിവസം കൂടി അവശേഷിക്കവെ വ്യാപാര കരാർ ഇല്ലാതെ വേർപിരിയുമെന്ന ആശങ്കയിൽ മുന്നറിയിപ്പുമായി സർക്കാർ; ബ്രിട്ടൺ നേരിടാൻ പോകുന്നത് യുദ്ധസമാനമായ സാഹചര്യം

ആവശ്യത്തിന് സാധനങ്ങൾ വാങ്ങി സൂക്ഷിക്കുക; അത്യാവശ്യമുള്ള ജോലികൾ എല്ലാം പൂർത്തിയാക്കുക; നാട്ടിലേക്ക് പണം അയക്കാനുള്ളവർ ഒരു നിമിഷം ഇനി വൈകരുത്: വെറും 100 ദിവസം കൂടി അവശേഷിക്കവെ വ്യാപാര കരാർ ഇല്ലാതെ വേർപിരിയുമെന്ന ആശങ്കയിൽ മുന്നറിയിപ്പുമായി സർക്കാർ; ബ്രിട്ടൺ നേരിടാൻ പോകുന്നത് യുദ്ധസമാനമായ സാഹചര്യം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഇനി വെറും 100 ദിവസം കൂടി മാത്രം അവശേഷിക്കവെ സമാനതകൾ ഇല്ലാത്ത ഒരു പ്രതിസന്ധിയെ നേരിടുകയാണ് ബ്രിട്ടൻ. നിലവിൽ തെരേസ മെയ്‌ ചർച്ച ചെയ്തുണ്ടാക്കിയ ബ്രെക്സിറ്റ് കരാർ സ്വീകാര്യമല്ലെന്ന് എംപിമാരിൽ അനേകം പേർ പറയുകയും പുതിയ ആനുകൂല്യങ്ങൾ പറ്റില്ല എന്നു യൂറോപ്യൻ യൂണിയൻ വ്യാക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ നോ ഡീൽ ബ്രെക്സിറ്റ് ആയിരിക്കും എന്ന സൂചന ഇന്നലെ കാബിനറ്റ് ചേർന്നു സർക്കാർ തന്നെ വ്യക്തമാക്കി. അങ്ങനെ എങ്കിൽ നിലവിലുള്ള മുഴുവൻ സമ്പ്രദായങ്ങളും തകർന്നടിയികയും ബ്രിട്ടീഷ് വിപണി മൂക്കു കുത്തുകയും ചെയ്യും. പൗണ്ടിന്റ വില ഏറ്റവും താഴേക്കു പോകുന്നത് ഇനിയുള്ള ദിവസങ്ങളിൽ ആയിരിക്കും. ആവശ്യ സാധനങ്ങൾ പോലും ലഭിക്കാതെ യുദ്ധ സമാനമായ ഒരു സാഹചര്യം ആയിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നോ ഡീൽ ബ്രെക്സിറ്റിനെ തുടർന്നുണ്ടാകുന്ന ഏത് സാഹചര്യത്തെയും നേരിടാനായി ആയിരക്കണക്കിന് സൈനികരെയാണ് സജ്ജമാക്കി നിർത്തിയിരിക്കുന്നത്. എമർജൻസി സപ്ലൈകൾക്കായി ഫെറി സ്പേസുകൾ തയ്യാറാക്കിയിട്ടുമുണ്ട്. ഒരു നോ ഡീൽ ബ്രെക്സിറ്റിനായി തയ്യാറെടുക്കാൻ കുടുംബങ്ങളോട് കാബിനറ്റ് ഇന്നലെ നിർദേശമേകിയിട്ടുണ്ട്. യുകെ യൂണിയനിൽ നിന്നും പുറത്ത് പോകുന്നതിന് നൂറോളം ദിവസങ്ങൾ മാത്രം അവശേഷിക്കവെ നോ ഡീൽ ബ്രെക്സിറ്റിന് സാധ്യത വർധിച്ചിരിക്കെ അതിനെ നേരിടുന്നതിനുള്ള അടിയന്തിര പദ്ധതികളിൽ ബില്യൺ കണക്കിന് പൗണ്ടാണ് ചെലവഴിച്ച് കൊണ്ടിരിക്കുന്നത്.

ഇത്തരത്തിൽ നടക്കുന്ന നാടകീയമായ ഒരുക്കങ്ങളെക്കുറിച്ച് ജനത്തിന് കടുത്ത നിർദേശങ്ങൾ നൽകുമെന്നാണ് സൂചന. ജനങ്ങളെ സജ്ജരാക്കുന്നതിന് യുക്തിഭദ്രമായ ഒരു സർക്കാർ നടത്തുന്ന നീക്കങ്ങളാണിവയെന്നാണ് തെരേസ മേയുടെ വക്താവ് വിശദീകരിച്ചിരിക്കുന്നത്. ഇത്തരം ഒരുക്കങ്ങൾ നടക്കുന്നുവെന്ന് ഇന്നലെ നടന്ന കാബിനറ്റ് യോഗത്തിൽ അടിവരയിട്ടിരുന്നു. നോ ഡീൽ സാഹചര്യത്തിൽ എമർജൻസി ബ്രെക്സിറ്റ് പ്ലാനുകളെന്ന നിലയിൽ 320 പ്രൊജക്ടുകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നിർണായകമായ മരുന്നുകൾ ഉറപ്പ് വരുത്തുന്നതിനായി ഫെറികളിൽ സ്പേസുകൾ ബുക്ക് ചെയ്യർ അടക്കമുള്ള നീക്കങ്ങൾ ഇതിന്റെ ഭാഗമായി നടന്ന് വരുന്നുണ്ട്.

നോ ഡീൽ സാഹചര്യത്തിലുണ്ടാകുന്ന ഏത് അടിയന്തിര സാഹചര്യത്തെയും നേരിടുന്നതിനായി 3500 സൈനികരെയാണ് സജ്ജമാക്കി നിർത്തിയിരിക്കുന്നത്. ഇതിന് പുറമെ പൊതുജനത്തോട് നോ ഡീൽ ബ്രെക്സിറ്റ് സാഹചര്യത്തെ നേരിടാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി കണ്ടിജൻസി പ്ലാനുകളുടെ വിശദമായ വിവരങ്ങൾ ക്രിസ്മസ് അവധി ദിവസങ്ങളടക്കമുള്ള വരും ആഴ്ചകളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ യഥാസമയം കൈമാറുന്നതിനായി ടിവി പരസ്യങ്ങളും സോഷ്യൽ മീഡിയകളെയും അടക്കം നിരവധി വഴികൾ ഗവൺമെന്റ് പ്രയോജനപ്പെടുത്തി വരുന്നുണ്ട്.

നോ ഡീൽ ബ്രെക്സിറ്റ് സാഹചര്യത്തെ നേരിടാൻ മില്യൺ കണക്കിന് ബിസിനസുകൾക്കും കടുത്ത നിർദേശമാണ് നൽകിയിരിക്കുന്നത്. 80,000 ബിസിനസ് സ്ഥാപനങ്ങൾക്ക് എച്ച്എം റവന്യൂ ആൻഡ് കസ്റ്റംസ് നേരിട്ട് ഇത് സംബന്ധിച്ച ഇമെയിൽ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇത്തരം ഒരു അവസ്ഥയെ നേരിടുന്നതിനുള്ള മാർഗനിർദേശങ്ങൾ കമ്പനികൾക്ക് നൽകുന്നതിനായി 100 പേജ് വരുന്ന ' പാർട്ണർഷിപ്പ് പാക്ക് ' പ്രസിദ്ധീകരിക്കാനും നീക്കം നടക്കുന്നുണ്ട്.നോ ഡീൽ സാഹചര്യത്തെ നേരിടാനായി ഭക്ഷ്യവസ്തുക്കൾ കരുതലായി വാങ്ങിക്കൂട്ടണമെന്നോ അല്ലെങ്കിൽ നോ ഡീൽ സാഹചര്യത്തെ തുടർന്ന് നോർത്തേൺ അയർലണ്ടിൽ വൈദ്യുതിയില്ലാതായി ജനറേറ്ററുകളെ ആശ്രയിക്കേണ്ട അവസ്ഥ വരുമെന്നുമുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കാൻ തെരേസയുടെ വക്താവ് തയ്യാറായിട്ടില്ല.

ഇത്തരത്തിൽ നോ ഡീൽ സാഹചര്യത്തെ നേരിടുന്നതനിനുള്ള നാടകീയമായ നീക്കങ്ങളെക്കുറിച്ച് ഇന്നലെ വെളിപ്പെട്ടിരുന്നുവെങ്കിലും ഇത്തരം മുന്നൊരുക്കങ്ങൾ നടത്താൻ വളരെ വൈകിപ്പോയില്ലേ എന്ന ആശങ്കകളും ഇതിനൊപ്പം പലതുറകളിൽ നിന്നും ഉയർന്ന് വന്നിരുന്നു. ഇതിനായി വകയിരുത്തിയിരിക്കുന്ന മൂന്നിലൊന്ന് പണം മാത്രമേ ചെലവഴിക്കപ്പെട്ടിട്ടുള്ളൂവെന്നും സൂചനയുണ്ട്. ഷിപ്പിങ് സ്പേസ് നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടതിനാൽ നോ ഡീൽ സാഹചര്യത്തെ നേരിടുന്നതിനായി ബുക്ക് ചെയ്യാൻ സാധിച്ചില്ലെന്ന ആശങ്കയും ശക്തമാണ്.

ബ്രെക്സിറ്റ് വിഷയത്തിൽ പ്രധാനമന്ത്രി തെരേസ തയ്യാറാക്കിയിരിക്കുന്ന ഡീൽ പ്രാബല്യത്തിൽ വരുത്തുന്നതിനാണ് സർക്കാർ ഇപ്പോഴും മുൻഗണനയേകുന്നതെന്ന് ഇന്നലത്തെ യോഗത്തിൽ കാബിനറ്റ് മിനിസ്റ്റർമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ഡീൽ നടപ്പാക്കാൻ സാധിക്കാത്ത സാഹചര്യത്തെ എങ്ങനെ നേരിടുമെന്നതിന് ഇപ്പോൾ തന്നെ ഒരുക്കം നടത്തുന്നുണ്ടെന്നും അവർ വെളിപ്പെടുത്തുന്നു. യുകെ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനായി വെറും മൂന്ന് മാസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും ഇതിനാൽ ഇത്തരം ഒരുക്കങ്ങൾ നടത്തേണ്ടത് ത്വരിതപ്പെടുത്തണമെന്ന് കാബിനറ്റ് അംഗീകരിച്ചുവെന്നും തെരേസയുടെ വക്താവ് വെളിപ്പെടുത്തുന്നു.

നല്ലൊരു ഡീലിലൂടെ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനാണ് സർക്കാര് ഇപ്പോഴും മുൻഗണന നൽകുന്നതെന്നും അക്കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ലെന്നുമാണ് ബ്രെക്സിറ്റ് സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറയുന്നത്. നോ ഡീൽ സാഹചര്യം തുറമുഖങ്ങളിൽ കാലതാമസമുണ്ടാക്കിയാൽ കെന്റിൽ 1000ത്തോളം ലോറികൾ പാർക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ആദ്യം ഇത്തരത്തിൽ ലോറികൾ പാർക്ക് ചെയ്യുക ഡോവറിലും പിന്നീട് മാൻസ്റ്റൻ എയർപോർട്ടിലും അവസാനം എം 20ലും ആയിരിക്കുമെന്നും സൂചനയുണ്ട്.

അതേ സമയം തെരേസ നോ ഡീൽ ബ്രെക്സിറ്റിനായി സമ്മർദം ചെലുത്തിയാൽ അവരെ അട്ടിമറിക്കാനും പാർട്ടി വിടാനും കടുത്ത ആഹ്വാനം നൽകി ടോറി റിമെയിനറായ അന്ന സൗബ്രിയും നിക്ക് ബോൾസും ഇന്നലെ രംഗത്തെത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ലേബറിനൊപ്പം ചേർന്ന് നോ കോൺഫിഡൻസ് വോട്ട് ചെയ്യുമെന്നും യുകെയെ അപകടത്തിൽ നിന്നും രക്ഷിക്കുമെന്നു ഈ രണ്ട് മുൻ മിനിസ്റ്റർമാരും മുന്നറിയിപ്പേകുന്നു. നോ ഡീൽ ബ്രെക്സിറ്റിന് തടയിടുന്നതിന് തങ്ങളെക്കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ഇരുവരും മുന്നറിയിപ്പേകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP