Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർലിമെന്റ് സസ്പെൻഡ് ചെയ്തത് നിയമവിരുദ്ധമെന്ന് സ്‌കോട്ടിഷ് ഹൈക്കോർട്ട്; ഒരു കുഴപ്പവുമില്ലെന്ന് ഇംഗ്ലീഷ് കോർട്ടും; അന്തിമ തീരുമാനം സുപ്രീം കോടതിയുടേത്; ബ്രെക്സിറ്റ് യുദ്ധം ഇംഗ്ലീഷ്-സ്‌കോട്ടിഷ് പോരായി മാറുമ്പോൾ സംഭവിക്കുന്നത് എന്ത്?

പാർലിമെന്റ് സസ്പെൻഡ് ചെയ്തത് നിയമവിരുദ്ധമെന്ന് സ്‌കോട്ടിഷ് ഹൈക്കോർട്ട്; ഒരു കുഴപ്പവുമില്ലെന്ന് ഇംഗ്ലീഷ് കോർട്ടും; അന്തിമ തീരുമാനം സുപ്രീം കോടതിയുടേത്; ബ്രെക്സിറ്റ് യുദ്ധം ഇംഗ്ലീഷ്-സ്‌കോട്ടിഷ് പോരായി മാറുമ്പോൾ സംഭവിക്കുന്നത് എന്ത്?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രെക്സിറ്റിന്റെ പേരിലുള്ള അഭിപ്രായ വ്യത്യാസത്തിൽ റിമെയിനർമാരും ബ്രെക്സിറ്റ് അനുകൂലികളും ഏറ്റ് മുട്ടുന്നതിന് പുറമെ ഇപ്പോഴിതാ യുകെയിലെ വിവിധയിടങ്ങളിലെ കോടതികളും ബ്രെക്സിറ്റുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പേരിൽ കടുത്ത ഏറ്റ് മുട്ടൽ ആരംഭിച്ചിരിക്കുകയാണ്. അതായത് ബ്രിട്ടീഷ് പാർലിമെന്റ് അഞ്ചാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്ത പ്രധാനന്ത്രി ബോറിസ് ജോൺസന്റെ നീക്കത്തെ നിയമവിരുദ്ധമെന്ന് വിധിച്ചാണ് ഇന്നലെ സ്‌കോട്ടിഷ് ഹൈക്കോർട്ട് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പാർലിമെന്റ് സസ്പെൻഡ് ചെയ്ത ബോറിസിന്റെ നടപടിയിൽ യാതൊരു കുഴവപ്പവുമില്ലെന്നാണ് ഇംഗ്ലീഷ് കോടതി വിധിച്ചിരിക്കുന്നത്.

ഇക്കാര്യത്തിൽ അന്തിമതീരുമാനം സുപ്രീകോടതിയുടേതാണ്. എന്തായാലും കോടതികൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചതോടെ ബ്രെക്സിറ്റ് യുദ്ധം ഇംഗ്ലീഷ്-സ്‌കോട്ടിഷ് പോരായി മാറിയിരിക്കുകയാണ്. അതിനെ തുടർന്ന് എന്തെല്ലാം അനന്തരഫലങ്ങളാണ് സംഭവിക്കുകയെന്ന ആശങ്ക നിറഞ്ഞ ചോദ്യം ശക്തമാകുന്നുമുണ്ട്. സ്‌കോട്ടിഷ് കോടതിയുടെ വിധിയുടെ വെളിച്ചത്തിൽ ബോറിസ് ഉടനടി പാർലിമെന്റ് വീണ്ടും വിളിച്ച് കൂട്ടണമെന്നും ഗവൺമെന്റിന്റെ ബ്രെക്സിറ്റ് പദ്ധതികൾ സൂക്ഷ്മപരിശോധന നടത്താൻ അനുവദിക്കണമെന്നും റിമെയിനർമാർ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ അന്തിമവിധിക്കായി കാത്തിരിക്കുകയാണെന്നാണ് നമ്പർ പത്ത് പ്രതികരിച്ചിരിക്കുന്നത്.പാർലിമെന്റ് സസ്പെൻഡ് ചെയ്തത് നിയമപരവും അത്യാവശ്യവുമായിരുന്നുവെന്നാണ് ബോറിസ് ഗവൺമെന്റ് ആവർത്തിച്ച് വാദിക്കുന്നത്.യുകെ യൂണിയനിൽ തുടരുന്നതിനെ പിന്തുണക്കുന്ന 70 റിമെയിൻ എംപിമാരും പീറുകളും സമർപ്പിച്ച അപ്പീലിന് മുകളിലാണ് ഇന്നലെ സ്‌കോട്ടിഷ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് കോടതിയിലും സ്‌കോട്ട്ലൻഡ്, നോർത്തേൺ അയർലണ്ട് കോടതികളിലുമായി മൊത്തത്തിൽ മൂന്ന് നിയമവെല്ലുവിളികളാണ് ഗവൺമെന്റ് ഈ വിഷയത്തിൽ നേരിടുന്നത്.

എന്നാൽ പാർലിമെന്റ് സസ്പെൻഡ് ചെയ്ത ബോറിസിന്റെ നടപടി നിയമവിരുദ്ധമല്ലെന്ന വ്യത്യസ്ത വിധിയാണ് ഇന്നലെ ലണ്ടൻ ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വിധി ബോറിസിന് കടുത്തതും നിർണായകവുമായ പിന്തുണയാണേകിയിരിക്കുന്നത്.റിമെയിനറായ ബിസിനസുകാരി ഗിന മില്ലെർ സമർപ്പിച്ച ഹരജിയിലായിരുന്നു ലണ്ടൻ ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഈ തീരുമാനം തികച്ചും രാഷ്ട്രീയപരമാണെന്നും ഇതിൽ കോടതികൾ ഇടപെടേണ്ടതില്ലെന്നുമാണ് ലണ്ടൻ ഹൈക്കോടതിയുടെ വിധി എടുത്ത് കാട്ടുന്നത്.

തെരഞ്ഞെടുപ്പിനെ തടസപ്പെടുത്തുന്നതിലൂടെ റിമെയിനർ എംപിമാർ തികച്ചും ജനാധിപത്യവിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് ബോറിസ് ജോൺസൻ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്‌ബുക്കിലൂടെ ഇന്നലെ ജനത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയേകവെയാണ് ബോറിസ് ഇത്തരത്തിൽ തിരിച്ചടിച്ചിരിക്കുന്നത്. താൻ ബ്രെക്സിറ്റിന്റെ കാര്യത്തിൽ മുഴുവൻ ക്രെഡിറ്റ് കൈവശപ്പെടുത്താനായി സ്വന്തം ഇഷ്ടമനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന വിമർശനത്തെ ബോറിസ് തള്ളിക്കളഞ്ഞു. ഈ വിഷയത്തിൽ തികച്ചും ജനപക്ഷത്ത് നിന്ന് കൊണ്ടാണ് താൻ കടുത്ത തീരുമാനമങ്ങളെടുക്കുന്നതെന്നും ബോറിസ് വിശദീകരിക്കുന്നു.

ഒക്ടോബർ 31ന് എന്ത് തന്നെ സംഭവിച്ചാലും ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന ദൃഢനിശ്ചയത്തിൽ നിന്നും ബോറിസ് പിന്മാറിയിട്ടില്ല. നോ ഡീലിനെ തടസപ്പെടുത്തുന്നതിനായി റിമെയിനർമാർ ലോർഡ്സിലും കോമൺസിലും ആന്റി നോ ഡീൽ ബിൽ പാസാക്കി രാജ്ഞിയുടെ അംഗീകാരം നേടിയിട്ടുണ്ട്. എന്നാൽ താൻ ഇതിനെ അവഗണിച്ച് മുന്നോട്ട് പോകുമെന്നാണ് ബോറിസ് പറയുന്നത്. ഇതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിച്ച് ജയിലിൽ വരെ അടക്കാനാവുമെന്നാണ് എതിരാളികൾ ഭീഷണിപ്പെടുത്തുന്നത്. എതിരാളികൾ തന്റെ നോ ഡീലിനെ അട്ടി മറിക്കാതിരിക്കാനാണ് ബോറിസ് പാർലിമെന്റ് അടച്ചിട്ടിരിക്കുന്നതെന്ന വിമർശനവും ശക്തമാണ്. എന്തായാലും ഈ വിഷയത്തിൽ വരാനിരിക്കുന്ന സുപ്രീംകോടതിയുടെ അന്തിമവിധി നിർണായകമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP