Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരേ സമയം ബോറിസിന് വിജയവും പരാജയവും; ഒക്ടോബർ 31ന് ബ്രെക്സിറ്റ് സംഭവിക്കുമോ..? ഇനി എന്താണ് ബ്രിട്ടനിൽ സംഭവിക്കുന്നത്..? ബ്രെക്സിറ്റ് ഏറ്റവും ഒടുവിലത്തെ നില ഇങ്ങനെ

ഒരേ സമയം ബോറിസിന് വിജയവും പരാജയവും; ഒക്ടോബർ 31ന് ബ്രെക്സിറ്റ് സംഭവിക്കുമോ..? ഇനി എന്താണ് ബ്രിട്ടനിൽ സംഭവിക്കുന്നത്..? ബ്രെക്സിറ്റ് ഏറ്റവും ഒടുവിലത്തെ നില ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്നലെ കോമൺസിൽ നടന്ന നിർണായക വോട്ടെടുപ്പിൽ ബോറിസിന്റെ ബ്രെക്സിറ്റ് ഡീൽ 299ന് എതിരെ 329 വോട്ടുകൾ ചെയ്ത് എംപിമാർ അംഗീകരിച്ചിരിക്കുകയാണ്. അതേ സമയം ഒക്ടോബർ 31ന് നിർബന്ധമായും ബ്രെക്സിറ്റ് നടപ്പിലാക്കണമെന്ന ബോറിസിന്റെ കടുത്ത നിലപാടിനെ എംപിമാർ ഇന്നലെ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയിട്ടുമുണ്ട്. ഇത് വിലയിരുത്തുമ്പോൾ ബോറിസിന് ബ്രെക്സിറ്റിന്റെ കാര്യത്തിൽ ഒരേ സമയം വിജയവും പരാജയവുമാണ് ഇന്നലെ നേരിടേണ്ടി വന്നിരിക്കുന്നത്. ഇതിനെ തുടർന്ന് നേരത്തെ തീരുമാനിച്ച തിയതിയായ ഒക്ടോബർ 31ന് ബ്രെക്സിറ്റ് സംഭവിക്കുമോ...? ഇനി എന്താണ് ബ്രിട്ടനിൽ സംഭവിക്കുന്നത്..? തുടങ്ങിയ ആശങ്ക നിറഞ്ഞ ചോദ്യങ്ങൾ സ്വാഭാവികമായി ഏവരുടെയും മനസിലുയരുന്നുണ്ട്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ നിലയും സാധ്യതകളും ഒന്ന് പരിശോധിക്കാം.

ഒക്ടോബർ 31ന് ബ്രെക്സിറ്റ് സംഭവിക്കുമോ...?

ഡീൽ നേടിയാലും ഇല്ലെങ്കിലും ഒക്ടോബർ 31ഓടെ യുകെയെ യൂറോപ്യൻ യൂണിയന് പുറത്തെത്തിക്കുമെന്നുള്ള കടുത്ത നിലപാടായിരുന്നു നാളിതുവരെ ബോറിസ് ജോൺസൻ പുലർത്തിയിരുന്നത്. ബ്രെക്സിറ്റിനായി ബോറിസ് തയ്യാറാക്കിയ പദ്ധതിക്ക് തങ്ങൾ അംഗീകാരം നൽകിയെങ്കിലും ഒക്ടോബർ 31നകം ബ്രെക്സിറ്റ് നടപ്പിലാക്കണമെന്ന ബോറിസിന്റെ ധൃതിപിടിച്ച നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നാണ് എംപിമാർ ഇന്നലെ വോട്ടിംഗിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് ബ്രെക്സിറ്റ് വൈകിപ്പിക്കാൻ അവർ യൂണിയനോട് നിർദേശിച്ചിട്ടുമുണ്ട്.

ബ്രിട്ടീഷ് എംപിമാരുടെ നിർദ്ദേശം മാനിച്ച് ബ്രെക്സിറ്റ് വൈകിപ്പിക്കാൻ മറ്റ് യൂറോപ്യൻ യൂണിയൻ നേതാക്കന്മാർക്ക് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. നിലവിൽ ബ്രെക്സിറ്റ് വിഷയത്തിൽ യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിന് കാത്തിരിക്കുന്നുവെന്നാണ് ബോറിസും പറയുന്നത്. അതിനാൽ ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പിലാകുന്നതിന് സാധ്യത വളരെ കുറഞ്ഞ അവസ്ഥയാണുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഇനി എന്താണ് ബ്രിട്ടനിൽ സംഭവിക്കുന്നത്..?

ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിന് എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ബോറിസിന്റെ ബ്രെക്സിറ്റ് കരാറിന് എംപിമാർ അംഗീകാരം നൽകിയിരിക്കുന്നതിനാൽ അത് സജീവമായി തന്നെ നിലനിൽക്കുന്നുണ്ട്. അതിനാൽ അൽപം വൈകിയാലും ആ കരാർ പ്രകാരം യുകെ യൂണിയന് പുറത്ത് പോകാൻ സാധ്യതയേറിയിരിക്കുകയാണ്. അതായത് നോ ഡീലിനുള്ള സാധ്യത വളരെ കുറഞ്ഞിരിക്കുന്നുവെന്ന് ചുരുക്കം. എന്നാൽ എന്ത് തന്നെ വന്നാലും ഒക്ടോബർ 31ന് തന്നെ ബ്രെക്സിറ്റ് നടപ്പിലാക്കണമെന്ന തന്റെ പിടിവാശി തീർത്തും ഉപേക്ഷിക്കാൻ ബോറിസ് തയ്യാറാകാവത്തത് നിർണായകമാണ്.

ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് യൂണിയനാണെന്ന് ബോറിസ് പറയുന്നുണ്ടെങ്കിലും ബ്രെക്സിറ്റ് വൈകിപ്പിക്കാനുള്ള തീരുമാനമാണ് ബ്രസൽസ് എടുക്കുന്നതെങ്കിൽ ബോറിസ് അതിനോട് പൊരുത്തപ്പെടാനാവാത്തതിനാൽ അതായത് ഈ ദീർഘിപ്പിച്ച സമയമാകുന്നത് വരെ ബ്രെക്സിറ്റ് നടപ്പിലാക്കാൻ കാത്ത് നിൽക്കാതെ പാർലിമെന്റ് പിരിച്ച് വിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്തുകയെന്നതടക്കമുള്ള ചില കടുത്ത നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യതയും ഉയർന്ന് വരുന്നുണ്ട്. ഇത് സംബന്ധിച്ച സൂചന നമ്പർ 10 ഉറവിടം തന്നെ നൽകിയിട്ടുമുണ്ട്.

ബ്രെക്സിറ്റിൽ തന്റെ കടുത്ത നിലപാടിന് ജനപിന്തുണയേറിയിരിക്കുന്നതിനാൽ വമ്പിച്ച ഭൂരിപക്ഷത്തിൽ തിരിച്ച് വന്ന തന്റെ ഇംഗിതത്തിന് അനുസരിച്ച് ബ്രെക്സിറ്റ് നടപ്പിലാക്കാമെന്ന് ബോറിസ് കണക്ക് കൂട്ടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. അത്തരത്തിലൊരു തെരഞ്ഞെടുപ്പിൽ ബോറിസിന് അധികാരം നഷ്ടപ്പെട്ട് ലേബർ അധികാരത്തിലെത്തിയാൽ ബ്രെക്സിറ്റ് ആകെ മാറി മറിയുമെന്നുറപ്പാണ്.

ബോറിസിന്റെ ഡീലിന് വെല്ലുവിളിയുയർത്തി ഭേദഗതി നിർദേശങ്ങൾ

ബോറിസിന്റെ ഡീൽ കോമൺസ് നല്ല ഭൂരിപക്ഷത്തിൽ പാസാക്കിയെങ്കിലും അതിന് മേൽ എംപിമാർ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ ഡീലിന് കടുത്ത വെല്ലുവിളിയുയർത്തുന്നുണ്ട്. പ്രധാനമായും രണ്ട് ഭേദഗതി നിർദേശങ്ങളാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ബ്രെക്സിറ്റിന് ശേഷവും യുകെ യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് യൂണിയനിൽ തുടരണമെന്ന ഭേദഗതി നിർദേശമാണ് അതിലൊന്ന്. ബോറിസിന്റെ കരാർ രണ്ടാമതൊരു റഫറണ്ടം നടത്തിയതിന് ശേഷം മാത്രമേ അംഗീരിക്കാവൂ എന്നതാണ് വെല്ലുവിളിയുയർത്തുന്ന രണ്ടാമത്തെ ഭേദഗതി നിർദ്ദേശം.കസ്റ്റംസ് യൂണിയനിൽ തുടരണമെന്ന ഭേദഗതിക്ക് പുറകിൽ ലേബറാണ്. രണ്ടാമത് റഫറണ്ടം വേണമെന്ന ഭേദഗതി നിർദേശിച്ചിരിക്കുന്നത് ലേബർ ബാക്ക്‌ബെഞ്ചർമാരാണ്. ഇത്തരത്തിലുള്ള ഭേദഗതികൾ നടപ്പിലാക്കിയാൽ ബോറിസിന്റെ ബ്രെക്സിറ്റ് കരാറിന്റെ അന്തസ്സത്ത ചോരുമെന്ന ആശങ്കയും ശക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP