Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്ത് നഷ്ടം സംഭവിച്ചാലും കുടിയേറ്റക്കാര്യത്തിൽ ഇനി നിയന്ത്രണം ബ്രിട്ടന് മാത്രം; യൂറോപ്യൻ കോടതിയും നിയമങ്ങളും പഴങ്കഥ; സമ്മർദങ്ങളെ അതിജീവിച്ച് ബ്രിട്ടൻ നാളെ യൂറോപ്പിനോട് വിടപറയും

എന്ത് നഷ്ടം സംഭവിച്ചാലും കുടിയേറ്റക്കാര്യത്തിൽ ഇനി നിയന്ത്രണം ബ്രിട്ടന് മാത്രം; യൂറോപ്യൻ കോടതിയും നിയമങ്ങളും പഴങ്കഥ; സമ്മർദങ്ങളെ അതിജീവിച്ച് ബ്രിട്ടൻ നാളെ യൂറോപ്പിനോട് വിടപറയും

ന്റെ ബ്രെക്സിറ്റ് പദ്ധതികൾ വിശദീകരിക്കുന്ന നിർണായകമായ ഔദ്യോഗിക പ്രഖ്യാപനം നാളെ നടത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ തയ്യാറെടുക്കുകയാണ്. ഇതുവരെ തന്റെ ബ്രെക്സിറ്റ് നയങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയാതിരുന്ന തെരേസ നാളെ ഇത് സംബന്ധിച്ച് വ്യക്തമായ നിലപാടുകൾ വെട്ടിത്തുറന്ന് പറയുമെന്നാണ് സൂചന. എന്ത് നഷ്ടം സംഭവിച്ചാലും കുടിയേറ്റക്കാര്യത്തിൽ ഇനി നിയന്ത്രണം ബ്രിട്ടന് മാത്രമാണെന്ന ശക്തമായ നിലപാട് അവർ സ്വീകരിക്കുന്നതാണ്. പിന്നീട് യൂറോപ്യൻ കോടതിയും നിയമങ്ങളും പഴങ്കഥയാവുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ സമ്മർദങ്ങളെ അതിജീവിച്ച് ബ്രിട്ടൻ നാളെ യൂറോപ്പിനോട് വിടപറയുകയാണ്. അതായത് ഇതിനെക്കുറിച്ചുള്ള അതിപ്രധാനമായ പ്രസ്താവനകൾ തെരേസ നാളെ നടത്തുമെന്ന് ചുരുക്കം.

ബ്രെക്സിറ്റ് നടന്നതിന് ശേഷം കുറച്ച് മാസങ്ങളായി തന്റെ ബ്രെക്സിറ്റ് മുൻഗണനകളെക്കുറിച്ച് തെരേസ വ്യക്തമായ സൂചനകൾ നൽകിയിരുന്നില്ല. മറിച്ച് ബ്രെക്സിറ്റ് എന്നാൽ ബ്രെക്സിറ്റാണെന്ന പതിവ് പല്ലവി മാത്രം ആവർത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ നാളെ നടത്തുന്ന നിർണായകമായ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ബ്രെക്സിറ്റിനെ സംബന്ധിച്ച രൂപരേഖ വരച്ച് കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതനുസരിച്ച് ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ സിംഗിൾ മാർക്കറ്റിൽ നിന്നും കസ്റ്റംസ് യൂണിയനിൽ നിന്നും വിട്ട്പോവുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനം തെരേസ നടത്തുമെന്ന പ്രതീക്ഷ ശക്തമാവുകയാണ്. ഇതിലൂടെ മാത്രമെ രാജ്യത്തിന്റെ അതിർത്തികളുടെ നിയന്ത്രണം തിരികെ നേടാനാവുകയുള്ളുവെന്നും തെരേസ വ്യക്തമാക്കും.

കടുത്തരീതിയിലുള്ള ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിലൂടെ തെരേസ കൺസർവേറ്റീവ് പാർട്ടിയിൽ ഒരു ചേരിതിരിവാണ് സൃഷ്ടിക്കാനൊരുങ്ങുന്നത്.. കടുത്ത ബ്രെക്സിറ്റുണ്ടായാൽ അത് ഇവിടുത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഹാനകരമാണെന്നാണ് നിരവധി ടോറികളടക്കമുള്ള മുതിർന്ന നേതാക്കന്മാർ ഭയപ്പെടുന്നത്. ബ്രെക്സിറ്റിനോടുള്ള തന്റെ വിട്ട് വീഴ്ചയില്ലാത്ത നിലപാട് ഇത്തരത്തിൽ തെരേസ സ്ഥിരീകരിക്കുന്നത് യൂറോപ്യൻ യൂണിയനിലെ മറ്റ് ചില രാജ്യങ്ങളും ഇതേ വഴിയിൽ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിന് വഴിമരുന്നിടുമെന്ന ആശങ്കയും ശക്തമാണ്. യൂണിയനിലെ മറ്റ് അംഗരാജ്യങ്ങൾക്കിടയിൽ സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്താനായി യൂണിയന് ലണ്ടനുമായി ഒരു പ്രത്യേക ബന്ധം ആവശ്യമാണെന്ന് യൂറോപ്യൻ യൂണിയന്റെ ചീഫ് ബ്രെക്സിറ്റ് നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയർ ഈ ആഴ്ച വ്യക്തമാക്കുകയും ചെയ്തിരുന്നു.

തങ്ങൾ തങ്ങളുടേതായ വഴിയിലൂടെ പുറത്തേക്ക് പോവുകയാണെന്ന പ്രഖ്യാപനമായിരിക്കും തെരേസ നാളെ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ സിംഗിൾ മാർക്കറ്റ്, യൂറോപ്യൻ കോടതി, കസ്റ്റംസ് യൂണിയൻ എന്നിവയിൽ നിന്നുമുള്ള ഒരു ട്രിപ്പിൾ ഡിപ്പാർച്ചറായിരിക്കും തെരേസ നാളെ പ്രഖ്യാപിക്കുക. സിംഗിൾ മാർക്കറ്റിൽ തുടരാനുള്ള ശ്രമം തെരേസ നടത്തുമെന്ന് സൂചനയുണ്ടെങ്കിലും അതിന് പകരമായി യൂണിയൻ പൗരന്മാർക്ക് ഉപാധികളില്ലാതെ യുകെയിലേക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന വ്യവസ്ഥയോട് തെരേസ ഒരിക്കലും യോജിക്കില്ല. ബ്രെക്സിറ്റിന്റെ അടിസ്ഥാനം ഇത്തരത്തിലുള്ള സ്വാതന്ത്ര്യം നിർത്തലാക്കി അതിർത്തികളുടെ നിയന്ത്രണം തിരികെ വാങ്ങി കുടിയേറ്റം നിയന്ത്രിക്കുകയാണെന്ന് തെരേസ പലവട്ടം വ്യക്തമാക്കിയ കാര്യമാണ്.

ഭൂരിഭാഗം ബ്രിട്ടീഷുകാരും ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത് അത് വിട്ട് വീഴ്ചയില്ലാത്ത നിലയിൽ യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയാണെന്ന് തെരേസ നേരത്തെ തന്നെ വ്യക്തമാക്കിയ കാര്യവുമാണ്. ബ്രെക്സിറ്റ് വിഷയത്തിൽ വരാനിരിക്കുന്ന സുപ്രീംകോടതി വിധി സർക്കാരിന്റെ നിലപാടുകൾക്ക് എതിരാവുകയും ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശലിന് പാർലിമെന്റിന്റെ അനുവാദം തേടാൻ തെരേസ നിർബന്ധിതയാവുകയും ചെയ്യുന്ന അവസരത്തിൽ ബ്രെക്സിറ്റ് നേരത്തെ പ്രഖ്യാപിച്ച സമയത്ത് തന്നെ നടപ്പിലാക്കാൻ ഒരു ബിൽ അടുത്ത് തന്നെ പാസാക്കുമെന്ന വാഗ്ദാനവും തെരേസ നാളെ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP