Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലുകൊല്ലംകൂടി യാതൊരു നിയന്ത്രണവും ഇല്ല; വിടുതൽ പൂർത്തിയായാലും യൂറോപ്യൻ പൗരന്മാർക്ക് പ്രത്യേക അവകാശം; രണ്ടുകൊല്ലം കൊണ്ട് 20 ബില്യൺ യൂറോ നൽകും; ബ്രെക്‌സിറ്റിൽ വെള്ളം ചേർത്ത് തെരേസ മെയ്‌

നാലുകൊല്ലംകൂടി യാതൊരു നിയന്ത്രണവും ഇല്ല; വിടുതൽ പൂർത്തിയായാലും യൂറോപ്യൻ പൗരന്മാർക്ക് പ്രത്യേക അവകാശം; രണ്ടുകൊല്ലം കൊണ്ട് 20 ബില്യൺ യൂറോ നൽകും; ബ്രെക്‌സിറ്റിൽ വെള്ളം ചേർത്ത് തെരേസ മെയ്‌

നേരീയ വ്യത്യാസത്തിനാണെങ്കിലും ബ്രിട്ടീഷ് ജനത യൂറോപ്യൻ യൂണിയനിൽനിന്ന് രാജ്യം വിടുതൽ നേടണമെന്ന് ഹിതപരിശോധനയിൽ അഭിപ്രായപ്പെട്ടത് നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായാണ് ലോകം വിലയിരുത്തിയത്. അനിയന്ത്രിതമായ കുടിയേറ്റവും യൂറോപ്യൻ യൂണിയനെന്ന സംവിധാനത്തിൽനിൽക്കുന്നതുകൊണ്ട് ബ്രിട്ടൻ നേരിടുന്ന നിയന്ത്രണങ്ങളുമൊക്കെയാണ് അമേരിക്കയുൾപ്പെടെ പല രാജ്യങ്ങളും എതിർപ്പറിയിച്ചിട്ടും ബ്രിട്ടീഷ് ജനതയ്ക്ക് ഉറച്ച മനസ്സുനൽകിയത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽത്തന്നെ നിലകൊള്ളണമെന്ന് നിലപാടെടുത്ത പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, വോട്ടെടുപ്പ് ഫലം തന്റെ ഇംഗിതത്തിന് വിരുദ്ധമാണെന്ന് മനസ്സിലായിക്കിയയുടൻ സ്ഥാനം രാജിവെക്കുകയും ചെയ്തു. വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ കാമറോൺ രാജിവെച്ചതോടെ, കൺസർവേറ്റീവുകൾ ആ സ്ഥാനത്തേയ്ക്ക് തെരേസ മേയെ കൊണ്ടുവന്നു. ബ്രെക്‌സിറ്റിൽ ഉറച്ചുനിൽക്കുമെന്ന വാഗ്ദാനത്തോടെയെത്തിയ തെരേസയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. ഒടുവിൽ, കാലേകൂട്ടി നടത്തിയ പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും നഷ്ടമായി. സഖ്യകക്ഷി ഭരണത്തിലേറിയെങ്കിലും, ബ്രെക്‌സിറ്റിൽ അവർക്ക് മുമ്പപ്പോലെ ഉറച്ചുനിൽക്കാനാവുന്നില്ല എന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ തെളിയിക്കുന്നത്.

2019-ൽ ബ്രിട്ടൻ പൂർണമായും യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടുമെന്നാണ് ഇതുവരെയുള്ള എല്ലാ ചർച്ചകളും വ്യക്തമാക്കിയിരുന്ന കാലം. 2016-ൽ ഹിതപരിശോധന നടന്നെങ്കിലും, രാജ്യാന്തര സംവിധാനത്തിൽനിന്ന് പുറത്തുകടക്കാനെടുക്കുന്ന കാലതാമസം കണക്കിലെടുത്താണ് 2019 വരെ സമയപരിധി നിശ്ചയിച്ചത്. ഇതിനകം, യൂറോപ്യൻ പൗരന്മാർക്ക് മേഖലയിലുള്ള യാത്രാ സ്വാതന്ത്ര്യവും യൂറോപ്യൻ യൂണിയൻ സിംഗിൾ മാർക്കറ്റിൽ തുടരുന്നത് സംബന്ധിച്ചുമൊക്കെ ബ്രിട്ടന് തീരുമാനമെടുക്കേണ്ടിയിരുന്നു. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് തെരേസ ബ്രിട്ടീഷ് ജനതയെ വഞ്ചിച്ചുവെന്നാണ് വെളിപ്പെടുന്നത്. യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ 2021 വരെ തുടരുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ബ്രിട്ടൻ പിന്മാറുന്നതുകൊണ്ട് യൂറോപ്യൻ യൂണിയൻ ഖജനാവിനുണ്ടാകുന്ന വലിയൊരു ശൂന്യത ഒഴിവാക്കുന്നതിന് അടുത്ത രണ്ടുവർഷത്തക്കുകൂടി 20 ബില്യൺ യൂറോ സംഭാവന ചെയ്യുമെന്നാണ് തെരേസ ഇറ്റലിയിലെ ഫ്‌ളോറൻസിൽ പ്രസംഗിച്ചത്. അതിനർഥം, 2019-ൽ വിടുതൽ പ്രഖ്യാപിച്ചാലും രണ്ടുവർഷംകൂടി ബ്രിട്ടന്റെ സാന്നിധ്യം യൂറോപ്യൻ യൂണിയനിൽ ഉണ്ടാകുമെന്നുതന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു.

യൂറോപ്യൻ പൗരന്മാരുടെ അവകാശങ്ങൾ സംബന്ധിച്ചും തെരേസ അയഞ്ഞ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ബ്രെക്‌സിറ്റ് നടപ്പിലായതിനുശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനും അതിനുശേഷം യൂറോപ്യൻ പൗരന്മാരുടെ അവകാശങ്ങൾ നിർണയിക്കുന്നതിനും യൂറോപ്യൻ കോടതിക്ക് സഹായിക്കാനാകുമെന്ന് തെരേസ പറഞ്ഞു. ബ്രിട്ടീഷ് ജനത ആഗ്രഹിക്കുന്നതുപോലെ കടുത്ത കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിന് സമയമെടുക്കുമെന്നാണ് തെരേസയുടെ പക്ഷം. അതിനർഥം, ഇപ്പോഴത്തേതുപോലെ, യൂറോപ്യൻ യൂണിയനിലൽ അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്മാർക്ക് യൂറോപ്യൻ യൂണിയനകത്ത് യഥേഷ്ടം സഞ്ചരിക്കാമെന്ന സ്വതന്ത്ര നിയമം, ബ്രെക്‌സിറ്റ് നടപ്പിലായാലും ശേഷിക്കും എന്നുതന്നെയാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ബ്രെക്‌സിറ്റ് നടപ്പിലായതിനുശേഷമുള്ള രണ്ടുവർഷം ബ്രിട്ടൻ യൂറോപ്യൻ യൂണിയന് സംഭാവന നൽകുന്നത് ആ ഖജനാവിനെ താങ്ങിനിർത്താൻ മാത്രമല്ലെന്ന് തെരേസ പറയുന്നു. ഇക്കാലയളവിൽ, യൂറോപ്യൻ യൂണിയൻ സിംഗിൾ മാർക്കറ്റിൽ ബ്രിട്ടന് ഇപ്പോഴത്തേതുപോലെ പൂർണ അവകാശമുണ്ടാകും. നിലവിൽ നോർവെയൊക്കെ ചെയ്തിട്ടുള്ളതുപോലുള്ള വ്യാപാരക്കരാറുകളല്ല, അതിലും മികച്ച കരാറുകളിൽ ഏർപ്പെടാൻ ബ്രിട്ടനാകുമെന്നും തേരേസ പറഞ്ഞു. എന്നാൽ, ഈ ന്യായവാദങ്ങളൊന്നും ബ്രെക്‌സിറ്റ് പക്ഷക്കാരെ തൃപ്തിപ്പെടുത്തുന്നതല്ല. ബ്രെക്‌സിറ്റ് നയങ്ങളിൽനിന്ന് പിന്നോട്ടുപോവുകയും രണ്ടുവർഷംകൂടി ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ തുടരാനനുവദിക്കുകയുമാണ് തെരേസ ചെയ്യുന്നതെന്ന് അവർ പറയുന്നു.

തെരേസയുടെ നിലപാടുകൾക്കെതിരെ മുൻ യുക്കിപ്പ് നേതാവ് നിഗൽ ഫരാജ് രംഗത്തുവന്നു. ഹിതപരിശോധന ഫലത്തെ അധിക്ഷേപിക്കുന്നതാണ് തെരേസയുടെ പ്രസംഗമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടെ ആഗോളതലത്തിൽ മത്സരിക്കുന്ന രാഷ്ട്രമാക്കി മാറ്റാനുള്ള ആശയങ്ങളോ ശേഷിയോ തനിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തെരേസയെന്നും ഫരാജ് ആരോപിച്ചു. 2019 മാർച്ചിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടിയശേഷം രണ്ടുവർഷംകൂടി അവിടെ തുടരുന്നത് അർഥശൂന്യമാണനന്ന് മുൻ ടോറി മിനിസ്റ്റർ ഓവൻ പാറ്റേഴ്‌സൺ പറഞ്ഞു. വിടുതൽ നേടിയശേഷവും യൂറോപ്യൻ യൂണിയൻ നിയമങ്ങൾ അംഗീകരിക്കേണ്ട അവസ്ഥയാകും അതുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP