Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമറോണിന്റെ വ്യക്തിപ്രഭാവത്തിൽ ബ്രിട്ടനിൽ ഭരണ തുടർച്ച; ലേബർ പാർട്ടിക്ക് തിരിച്ചടി; കൺസർവേറ്റീവുകൾക്ക് കേവല ഭൂരിപക്ഷം; സ്‌കോട്ട്‌ലൻഡിൽ ദേശീയവാദി പാർട്ടി എസ്എൻപി തൂത്തുവാരി

കാമറോണിന്റെ വ്യക്തിപ്രഭാവത്തിൽ ബ്രിട്ടനിൽ ഭരണ തുടർച്ച; ലേബർ പാർട്ടിക്ക് തിരിച്ചടി; കൺസർവേറ്റീവുകൾക്ക് കേവല ഭൂരിപക്ഷം; സ്‌കോട്ട്‌ലൻഡിൽ ദേശീയവാദി പാർട്ടി എസ്എൻപി തൂത്തുവാരി

ലണ്ടൻ: മികച്ച ഭരണാധികാരി എന്ന നിലയിൽ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ നേടിയെടുത്ത സൽപേരിൽ ടോറികൾക്ക് വീണ്ടും ബ്രിട്ടനിൽ വീണ്ടും ഭരണത്തുടർച്ച. കേവല ഭൂരിപക്ഷത്തിനു വേണ്ട 326 സീറ്റ് ഏഴു സീറ്റുകളുടെ ഫലം പ്രഖ്യാപിക്കാനിരിക്കെതന്നെ കൺസർവേറ്റീവുകൾ സ്വന്തമാക്കി. ആകെയുള്ള 650ൽ 331 സീറ്റും നേടിയാണ് കൺസർവേറ്റീവ് പാർട്ടി ബ്രിട്ടനിൽ വീണ്ടും അധികാരത്തിലേറുന്നത്.

കൺസർവ്വേറ്റീവുകളുടെ സഖ്യ കക്ഷിയായ ലിബറൽ ഡമോക്രാറ്റുകൾ കേവലം എട്ടു സീറ്റിൽ ഒതുങ്ങിയപ്പോൾ വോട്ടു ശതമാനത്തിൽ മൂന്നാം സ്ഥാനം നേടിയ കുടിയേറ്റ വിരുദ്ധ പാർട്ടിയായ യുകെ ഇൻഡിപെന്റഡ് പാർട്ടിക്ക് (യുകിപ്) ഒറ്റ സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്.

ഒരു പാർട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ വേണ്ടത് 326 സീറ്റാണ്. തകർന്നടിഞ്ഞ കൂട്ടുകക്ഷിയായ ലിബറൽ ഡമോക്രാറ്റുകളെ ഒഴിവാക്കി നോർത്തേൺ അയർലന്റിലെ ഡിയുപിയെ കൂട്ടു പിടിക്കാനാണ് കൺസർവ്വേറ്റീവുകളുടെ തീരുമാനം. ഡിയുയിലെ എട്ടു എംപിമാർ പിന്തുണ അറിയിച്ചതോടെ ഇനി സീറ്റ് നേടിയില്ലെങ്കിലും കാമറോണിലെ രണ്ടാം ഊഴം ഉറപ്പായിരുന്നു.

സ്‌കോട്ട്‌ലൻഡിൽ 56 സീറ്റുകളും സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി നേടിയത് ലേബറിന് കടുത്ത തിരിച്ചടിയായി. കുടിയേറ്റക്കാർക്കെതിരെ രൂപീകരിച്ച യുക്കിപ്പിന് ആദ്യ തെരഞ്ഞെടുപ്പിൽ വെറും ഒരു സീറ്റു മാത്രമാണ് ലഭിച്ചത്. യുകിപ് നേതാവ് നൈജൽ ഫരാഗെയും ലിബറൽ ഡെമോക്രാറ്റ് നേതാവും ഉപ പ്രധാനമന്ത്രിയുമായ നിക് ക്ലെഗും തോറ്റേയ്ക്കുമെന്ന് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ നിക്ക് കഷ്ടിച്ചു ജയിച്ചുകയറി. യുകിപ് ആവേശം നിറഞ്ഞ് നിന്ന നാളുകളിൽ രണ്ട് ടോറി എംപിമാർ രാജി വച്ച് മത്സരിച്ച് ജയിച്ചെങ്കിലും ആദ്യ പൊതുതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി തന്നെ നേരിട്ടു.

331 സീറ്റിൽ കൺസർവേറ്റീവുകൾ ജയിച്ചപ്പോൾ 232 സീറ്റിൽ മാത്രമാണ് ലേബർ പാർട്ടിക്ക് നേടാനായത്. എക്‌സിറ്റ് ഫലങ്ങൾ പ്രവചിച്ചിരുന്നത് കേവല ഭൂരിപക്ഷത്തിന് പത്തിൽ താഴെ സീറ്റുകൾ മാത്രമേ ടോറികൾക്ക് കുറവുണ്ടാകൂ എന്നാണ്.

കാമറോണിന്റെ വ്യക്തിപ്രഭാവമാണ് ടോറികളെ വീണ്ടും ഭരണത്തിലെത്തിലേക്ക് നയിക്കുന്നത് എന്നതിൽ സംശയമില്ല. തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുംമുമ്പെ, ഇക്കുറി വിജയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കാമറോണിന്റെ വരവ്. മൂന്നാം വട്ടം പ്രധാനമന്ത്രിയാകാൻ താനില്ല എന്ന കാമറോണിന്റെ പ്രഖ്യാപനം ലേബർ പാർട്ടി നേതാവ് എഡ് മിലിബാൻഡിന്റെ ഉറക്കം കെടുത്തുന്നതായിരുന്നു. ഇത്തവണ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന കാമറോണിന്റെ നിലപാട് ശരിവെക്കുന്നതായി ബ്രിട്ടീഷ് തിരഞ്ഞെടുപ്പിലെ ഫലം. കമ്യൂണിസ്റ്റ്കാരൻ എന്ന ലേബൽ ഒട്ടിച്ച് റെഡ് എഡ് എന്ന് വിളിച്ച് പ്രമുഖ മാദ്ധ്യമങ്ങൾ ആക്രമിക്കുക കൂടി ചെയ്തതോടെ ലേബറിന്റെ സ്ഥിതി ദയനീയമായി. സ്‌കോട്ട്‌ലാന്റിൽ ഏറ്റ തിരിച്ചടിയും അവിടെ എസ്എൻപിയുമായി ലേബർ സഖ്യത്തിൽ ഏർപ്പെടുമെന്ന പ്രചരണവും മിലിബാന്റിന്റെ പാർട്ടിക്ക് തിരിച്ചടിയായി.

ലേബർ രണ്ടാം സ്ഥാനത്തേയ്ക്ക് വീണു എന്നത് മാത്രമല്ല, കഴിഞ്ഞ തവണ ഗോർഡൻ ബ്രൗണിന്റെ നേതൃത്വത്തിൽ പാർട്ടി നേടിയതിനെക്കാൾ സീറ്റ് കുറവാണ് ഇക്കുറി നേടാനായത്. എഡ് മിലിബൻഡിന്റെ നേതൃപാടവത്തെ സംശയിച്ചവരുടെ കണക്കുകൂട്ടലുകൾ ശരിയായി എന്നുവേണം കരുതാൻ, തുടക്കം മുതൽ തിരഞ്ഞെടുപ്പ് സർവേകളിൽ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മിലിബാൻഡിനെക്കാൾ ഡേവിഡ് കാമറോണിനെയായിരുന്നു ബ്രിട്ടീഷ് ജനത മുന്നോട്ടുവച്ചിരുന്നത്.

സ്‌കോട്ട്‌ലൻഡിൽ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി നേടിയ അഭൂതപൂർവമായ വിജയമാകും ബ്രിട്ടനിൽ കൺസർവേറ്റീവുകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 59 സീറ്റുകളിൽ 54ഉം നേടിയ എസ്.എൻ.പി സ്‌കോട്ട്‌ലൻഡിൽ പുതിയ ഹിതപരിശോധന ആവശ്യപ്പെടുമെന്നുറപ്പാണ്. എസ്.എൻ.പി. നേതാവ് നിക്കോള സ്റ്റർഗണിന്റെ ദേശീയവാദ നിലപാടുകളാണ് പാർട്ടിക്ക് ഇത്രയേറെ സീറ്റുകൾ നേടിക്കൊടുത്തത്.

എന്നാൽ, ഇംഗ്ലണ്ടിൽ ഈ ദേശീയ വാദം അത്രയ്ക്ക് വിജയിച്ചില്ലെന്നത് മറ്റൊരു പ്രസക്തമായ കാര്യം. കുടിയേറ്റം നിയന്ത്രിക്കണമെന്ന കടുത്ത നിലപാടുയർത്തി രംഗത്തുവരികയും തീവ്രവാദ നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത യുക്കിപ്പിന് തിരഞ്ഞെടുപ്പ് നിരാശാഭരിതമായി മാറി. വെറും ഒരു സീറ്റ് മാത്രമാണ് ഇതുവരെ യുക്കിപ്പിന് ലഭിച്ചത്. നൈജൽ ഫരാഗെ പോലും തോൽക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രധാന കക്ഷികൾക്കു ലഭിച്ച സീറ്റുകൾ ഇങ്ങനെ:

ആകെ സീറ്റ്: 650

കൺസർവേറ്റിവ്‌സ്: 331
ലേബർ പാർട്ടി: 232
എസ്എൻപി: 56
ലിബറൽ ഡെമോക്രാറ്റ്: 8
ഡിയുപി: 8

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP