Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞിന്റെ ഉറക്കം കളയേണ്ടെന്ന് കരുതി മുറിയടച്ച് പുറത്തേക്കിറങ്ങി; ബ്രിട്ടീഷ് പൊലീസുകാരി അമേരിക്കയിൽ അറസ്റ്റിൽ; ഒന്നര വയസ്സുള്ള കുഞ്ഞിനെ സർക്കാർ ഏറ്റെടുത്തു

കുഞ്ഞിന്റെ ഉറക്കം കളയേണ്ടെന്ന് കരുതി മുറിയടച്ച്  പുറത്തേക്കിറങ്ങി; ബ്രിട്ടീഷ് പൊലീസുകാരി അമേരിക്കയിൽ അറസ്റ്റിൽ; ഒന്നര വയസ്സുള്ള കുഞ്ഞിനെ സർക്കാർ ഏറ്റെടുത്തു

കാത്ത് കാത്തിരുന്ന് പ്രാർത്ഥനകളാൽ ജനിക്കുന്ന കുഞ്ഞുങ്ങളെ മിക്കവരും താഴത്തും തലയിലും വയ്ക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ചാണ് വളർത്താറുള്ളത്. കുഞ്ഞുങ്ങൾക്ക് ഒരു പ്രായമാകുന്നത് വരെ ഓരോ ശ്വാസത്തിലും മാതാപിതാക്കൾ അവരെക്കുറിച്ചായിരിക്കും ഓർക്കുക. എന്നാൽ ചിലർ എല്ലാ കാര്യങ്ങളിലും അശ്രദ്ധ പുലർത്തുന്നത് പോലെ കുഞ്ഞുങ്ങളുടെ കാര്യത്തിലും ഇത് പ്രകടിപ്പിക്കാറുണ്ട്. നമ്മുടെ കഥാനായികയായ ബ്രിട്ടീഷ് പൊലീസുകാരി അങ്ങനെയല്ലെങ്കിലും തന്റെ കുഞ്ഞിന്റെ കാര്യത്തിൽ അൽപം കൂടി ശ്രദ്ധയും ഉത്തരവാദിത്വവും അവർ പ്രകടിപ്പിക്കേണ്ടിയിരുന്നില്ലേയെന്നാണ് ഈ വാർത്ത കേൾക്കുമ്പോൾ തോന്നുക.

ന്യൂയോർക്കിലെ ഹോട്ടൽമുറിയിൽ ഉറക്കിക്കിടത്തിയ തന്റ കുഞ്ഞിനെ ഒറ്റയ്ക്കിട്ട് മുറിയടച്ച് പുറത്തിറങ്ങിയതിന് അവർ അറസ്റ്റിലായിരിക്കുകയാണ്. കുഞ്ഞിന്റെ ഉറക്കം കളയേണ്ടെന്ന നല്ല ഉദ്ദേശത്തോടെയാണ് അവർ ഇത് ചെയ്തതെങ്കിലു അവർക്കത് വിനയായി മാറുകയായിരുന്നു. അറസ്റ്റിലായതോ പോകട്ടെ ഒന്നര വയസുള്ള കുഞ്ഞിനെ തുടർന്ന് സർക്കാർ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.

തന്റെ കുഞ്ഞിനെ ക്യൂൻ ഹാഗ് എന്നറിയപ്പെടുന്ന ഫോസ്റ്റർ കെയർ ഏറ്റെടുത്തതിനെ തുടർന്ന് ലൂസി ഫീൽഡെൻ എന്ന 42 കാരിയായ ബ്രിട്ടീഷ് പൊലീസുകാരി നിയമയുദ്ധത്തിന് മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഒരു വിദേശരാജ്യത്ത് വച്ച് തന്റെ കുഞ്ഞിനെ തട്ടിയെടുത്തുവെന്ന ആരോപണവുമായാണ് ഈ ലണ്ടൻ കാരി രംഗത്തെത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച യുകെയിൽ തിരിച്ചെത്തിയ ശേഷമാണ് ഇവർ ഈ ആരോപണമുന്നയിച്ചിരിക്കുന്നത്. ഇവർക്കെതിരെയുള്ള ക്രിമിനൽ ചാർജുകൾ പിന്നീട് റദ്ദാക്കിയിട്ടുമുണ്ട്.സാമുവൽ എന്നാണ് ഇവരുടെ കുഞ്ഞിന്റെ പേര്. തന്റെ മകനെ തിരിച്ച് കിട്ടാൻ വേണ്ടി ഈ സിംഗിൾ മദർ ഇപ്പോൾ ബ്രൂക്ക്‌ലിൻ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഫോസ്റ്റർ കെയറിലെ പരിചരണത്തിനും ബ്രിട്ടനിലേക്ക് തിരിച്ചെത്തിയിനും ശേഷവും സാമുവലിനെ പരിചരിക്കുന്നതിനുള്ള ചുമതല ബെഡ്‌ഫോർഡ് ഷെയറിലെ ലൂസിയുടെ കസിനെയാണ് അധികൃതർ ഏൽപ്പിച്ചിരിക്കുന്നത്.നെതൽലാന്റ്‌സിൽ നിന്നുള്ള ഒരാളുടെ ബീജം സ്വീകരിച്ചിട്ടായിരുന്നു ലൂസി ഗർഭിണിയായിരുന്നത്. തുടർന്ന് താൻ സാമുവലിന് ജന്മമേകിയെന്ന് ടെലിഗ്രാഫ് പത്രത്തിലൂടെയായിരുന്നു ലൂസി വെളിപ്പെടുത്തിയിരുന്നത്.

കുഞ്ഞ് ജനിച്ച് മൂന്ന് മാസത്തിന് ശേഷം ലൂസി കുഞ്ഞുമായി യുകെയിൽ നിന്നും വെസ്റ്റ് ഇന്ത്യൻ ദ്വീപായ ആന്റിഗുവയിലേക്ക് പോവുകയുമായിരുന്നു. വൈറ്റമിൽ ഡി സൂര്യപ്രകാശത്തിൽ നിന്നും തന്റെ കുഞ്ഞിന് യഥേഷ്ടം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താനായിരുന്നു ലൂസി കുഞ്ഞിനെയും കൊണ്ട് വിദേശത്തേക്ക് പോയിരുന്നത്. തുടർന്ന് ഏപ്രിൽ 10ന് ബ്രിട്ടനിലേക്ക് തിരിച്ച് വരുന്നതിനിടെ ലൂസി രണ്ടാഴ്ച താമസിച്ച് ഷോപ്പിങ് നടത്താൻ ന്യൂയോർക്കിലെത്തിയതിനെ തുടർന്നാണ് കുഞ്ഞുമായി ബന്ധപ്പെട്ട സംഭവം അരങ്ങേറിയത്. ഇവിടുത്തെ ചെൽസിയ ഹൈലൈൻ ഹോട്ടലിൽ കുട്ടിയെ ഉറക്കിക്കിടത്തിയായിരുന്നു അവർ പുറത്തിറങ്ങുകയും അറസ്റ്റിലാവുകയും ചെയ്തത്.2015 ജനുവരി 10ന് ലണ്ടനിലെ കാലാവസ്ഥ ഇരുളുകയും വെയിൽ കുറവാകുകയും ചെയ്ത സാഹചര്യത്തിലാണ് കുട്ടിക്ക് കൂടുൽ വെയിൽ ലഭിക്കാൻ വേണ്ടി താൻ കുഞ്ഞിനെയുമെടുത്ത് വിദേശത്തേക്ക് പോയതെന്നാണ് ലൂസി കോടതിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങൾ ബ്രിട്ടീഷ് വെസ്റ്റ് ഇൻഡീസിലെ ആന്റിഗുവയിൽ മൂന്ന് മാസം ചെലവഴിച്ചുവെന്നും തിരിച്ച് ബ്രിട്ടനിലേക്ക് വരും വഴിയാണ് ന്യൂയോർക്കിൽ ഇറങ്ങിയതെന്നും കോടതിയിൽ സമർപ്പിച്ച രേഖകളിൽ ലൂസി വെളിപ്പെടുത്തിയിട്ടുണ്ട്.

ഹോട്ടിൽ താമസിക്കുന്നതിനിടെ ലൂസി കുഞ്ഞിനെ ഹോട്ടൽ മുറിയിൽ തനിച്ചിട്ട് പുറത്തിറങ്ങിയതറിഞ്ഞ ഹോട്ടിലെ ഒരു ജീവനക്കാരൻ ഇക്കാര്യം സോഷ്യൽ സർവീസിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ലൂസിയുടെ അറസ്റ്റും കുഞ്ഞിനെ കെയർ സർക്കാർ ഏറ്റെടുക്കുകയും ചെയ്തത്. കുട്ടിയുടെ ബോട്ടിലുകൾ ചൂടുവെള്ളത്തിൽ സ്‌റ്റെറിലൈസ് ചെയ്യാൻ വച്ചിട്ടാണ് ലൂസി കുട്ടിയെ അരമണിക്കൂർ നേരം ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കിട്ട് പോയതെന്നുമാണ് അധികൃതർ ആരോപിക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെ ലൂസി കുട്ടിയെ അടുക്കളയിലെ വെറും നിലത്ത് കിടത്തിയെന്ന ആരോപണവും ഉയർന്ന് വന്നിട്ടുണ്ട്. കുട്ടിക്ക് അപകടകരമാകുന്ന പ്രവർത്തനം നടത്തിയതിനാലാണ് ലൂസിയുടെ പേരിൽ കേസ് ചാർജ് ചെയ്തിരിക്കുന്നത്. അറസ്റ്റിനെ ചെറുത്തതിനും കറുപ്പിൽ നിന്നെടുക്കുന്ന ആൽക്കലോയ്ഡായ കോഡെയ്ൻ അടങ്ങിയ നിയന്ത്രിത മരുന്ന്‌കൈവശം വച്ചതിനും ഇവരുടെ മേൽ കേസ് ചാർജ് ചെയ്തിട്ടുണ്ട്.

കുഞ്ഞുങ്ങളെ അൽപ സമയം ഒറ്റയ്ക്കിട്ട് പോകാറുള്ളത് തന്റെ സംസ്‌കാരത്തിൽ പതിവാണെന്നാണ് ലൂസി കോടതിയിൽ വാദിച്ചിരുന്നത്. ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ തന്റെ കൈയെത്തും ദൂരത്താണ് കുഞ്ഞിനെ കിടത്തിയിരുന്നതെന്നും തന്റെ കൈയിൽ ചൂടുള്ള വെള്ളം നിറച്ച ബോട്ടിലുള്ളതിനാലാണ് കുഞ്ഞിനെ എടുക്കാതെ പുറത്ത് പോയതെന്നുമാണ് ലൂസി പറയുന്നത്.

തന്റെ പേരിലുള്ള ക്രിമിനൽ കേസുകൾ ഉപേക്ഷിച്ചെങ്കിലും അവർ പരാതിയുമായി കുടുംബ കോടതിയിലെത്തിയിരുന്നു. അതു കൊണ്ട് പ്രയോജനമില്ലെന്ന് കണ്ടപ്പോഴാണ് ഇവർ ബ്രൂക്ക്‌ലിൻ ഫെഡറൽ കോടതിയിൽ പരാതിയുമായെത്തിയിരിക്കുന്നത്.കുട്ടിയുടെ നന്മയ്ക്ക് മുൻഗണന നൽകിക്കൊണ്ട് യുകെ അധികൃതരുമായി ചേർന്ന് കൊണ്ട് ഇക്കാര്യം പരിഹരിക്കാൻ നടപടിയെടുക്കുമെന്നാണ് ന്യൂയോർക്ക് ലോ ഡിപ്പാർട്ട് മെൻര് വ്യക്തമാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP