Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അജ്ഞാത വൈറസ് ബാധിച്ചവരിൽ ഒരാൾ മരിച്ചതോടെ ചൈനയിൽ എങ്ങും ആശങ്ക; വൈറസ് ബാധിതരായ 41 പേരിൽ ഏഴുപേരുടെ നില ഗുരുതരം; ജനുവരി മൂന്നിന് ശേഷം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ

അജ്ഞാത വൈറസ് ബാധിച്ചവരിൽ ഒരാൾ മരിച്ചതോടെ ചൈനയിൽ എങ്ങും ആശങ്ക; വൈറസ് ബാധിതരായ 41 പേരിൽ ഏഴുപേരുടെ നില ഗുരുതരം; ജനുവരി മൂന്നിന് ശേഷം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: അജ്ഞാത വൈറസ് ബാധയെ തുടർന്ന് ആദ്യ മരണം സംഭവിച്ചതോടെ ചൈനയിലെങ്ങും ആശങ്ക. കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് വൈറസ് ബാധിതനായിരുന്ന 61കാരൻ മരണത്തിന് കീഴടങ്ങിയത്. നിലവിൽ വൈറസ് ബാധിതരായ 41 പേരിൽ ഏഴുപേരുടെ നില ഗുരുതരമാണ്. അതേസമയം, ജനുവരി മൂന്നിന് ശേഷം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. ചികിത്സയിലുണ്ടായിരുന്ന രണ്ടുപേർ ആശുപത്രി വിട്ടതായും വൂഹാൻ ഹെൽത്ത് കമ്മീഷൻ അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് വൂഹാൻ നഗരത്തിൽ അജ്ഞാത വൈറസ് ബാധ കണ്ടെത്തിയത്. മത്സ്യ-മാംസ മാർക്കറ്റിലെ ജോലിക്കാരിലായിരുന്നു ആദ്യം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. എന്നാൽ ഇത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസ് അല്ലെന്ന് ആരോഗ്യവിദഗ്ദ്ധർ സ്ഥിരീകരിച്ചിരുന്നു. രോഗികളുമായി അടുത്തിടപഴകിയവരിലും ചികിത്സിച്ച ആരോഗ്യവകുപ്പ് ജീവനക്കാരിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.

അജ്ഞാത വൈറസ് രോഗം കാരണം ഒരാൾ മരിച്ചതോടെ ചൈനയിലെ ടൂറിസം രംഗത്ത് ഉൾപ്പെടെ ആശങ്ക വർധിച്ചിരിക്കുകയാണ്. ജനുവരി 25 മുതൽ ചൈനയിലെ സ്പ്രിങ് ഫെസ്റ്റിവൽ ആരംഭിക്കാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. സ്പ്രിങ് ഫെസ്റ്റിവൽ സമയത്ത് ചൈനയിലെ മിക്കവരും വിനോദസഞ്ചാരത്തിനും കുടുംബസന്ദർശനത്തിനുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നത് പതിവാണ്. നിലവിലെ സാഹചര്യത്തിൽ വൂഹാനിൽനിന്ന് വരുന്നവരെ നിരീക്ഷിക്കാൻ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക സംവിധാനം ഏർപ്പെടുത്തി.

കൊറോണവൈറസിന്റെ പുതിയ രൂപത്തിലുള്ള വൈറസാണ് വൂഹാനിൽ പടർന്നുപിടിച്ചതെന്നാണ് പ്രാഥമികനിഗമനം. ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണിതെന്ന് നേരത്തെതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. പടർന്നുപിടിക്കുന്ന വൈറസ് 'സാർസ്' ആണെന്ന തരത്തിൽ സമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച എട്ടുപേരെ വൂഹാൻ പൊലീസ് പിടികൂടിയിരുന്നു.അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചൈനയുടെ അയൽരാജ്യങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP