Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

15,000 ബ്രിട്ടീഷുകാരുടെ ജോലി സംരക്ഷിക്കാൻ യുകെയിലെ യൂണിയൻ നേതാക്കൾ മുംബൈയിൽ കാത്തു കെട്ടി കിടക്കുന്നു; ടാറ്റ സ്റ്റീൽ അടച്ചു പൂട്ടലിന്റെ വക്കിൽ

15,000 ബ്രിട്ടീഷുകാരുടെ ജോലി സംരക്ഷിക്കാൻ യുകെയിലെ യൂണിയൻ നേതാക്കൾ മുംബൈയിൽ കാത്തു കെട്ടി കിടക്കുന്നു; ടാറ്റ സ്റ്റീൽ അടച്ചു പൂട്ടലിന്റെ വക്കിൽ

ചൈനയിൽ നിന്നും കുറഞ്ഞ നിരക്കിലെത്തുന്ന സ്റ്റീൽ ഉയർത്തിയ ഭീഷണി കാരണം നഷ്ടത്തിലായ യുകെയിലെ പോർട്ട് ടാൽബോട്ടിലും വെയിൽസിലുമുള്ള തങ്ങളുടെ സ്റ്റീൽ പ്ലാന്റുകൾ പൂർണമായും അടച്ചു പൂട്ടാനാണ് ടാറ്റ സ്റ്റീൽ പദ്ധതിയിട്ടിരിക്കുന്നത്. ഇതിലുപരി യുകെയിലെ തങ്ങളുടെ മൊത്തം പ്രവർത്തനവും നിർത്താനും ഇന്ത്യൻ കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് സൂചന. ഇതിനെ തുടർന്ന് ആയിരക്കണക്കിന് ബ്രിട്ടീഷുകാരുടെ ജോലി നഷ്ടപ്പെടുമെന്നുറപ്പാണ്. 15,000 ബ്രിട്ടീഷുകാരുടെ ജോലി സംരക്ഷിക്കാൻ യൂണിയൻ നേതാക്കൾ മുംബൈയിൽ കാത്തു കെട്ടിക്കിടക്കുന്നുണ്ടെന്നാണു പുതിയ റിപ്പോർട്ട്. ടാറ്റ സ്റ്റീൽ അടച്ചു പൂട്ടലിന്റെ വക്കിലെത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. ചൈനയിൽ നിന്നും ചുരുങ്ങിയ വിലയ്ക്കെത്തുന്ന സ്റ്റീലിന്റെ കുത്തൊഴുക്കിനു മുമ്പിൽ വ്യവസായത്തെ സംരക്ഷിക്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കൾ പരാജയപ്പെട്ടതിനെ തുടർന്നാണു യുകെയിലെ സ്റ്റീൽ വ്യവസായം കുറച്ചു നാളായി കടുത്ത പ്രതിസന്ധിയിലേക്കു കൂപ്പു കുത്തിയത്.

ടാറ്റയുടെ പോർട്ട് ടാൽബോൾട്ട് പ്ലാന്റ് സംരക്ഷിക്കുന്നതിനുള്ള ചില പദ്ധതികൾ അധികൃതർ മുന്നോട്ടു വച്ചിരുന്നുവെങ്കിലും ടാറ്റ അതു നിരസിക്കുകയും അതിനു പകരം പ്ലാന്റ് അടച്ചു പൂട്ടുന്ന കാര്യമാണു പരിഗണിക്കുന്നതെന്നുമായിരുന്നു ടാറ്റയുടെ പ്രതികരണം. ഈ പ്ലാന്റ് അടച്ചു പൂട്ടിയാൽ ഏതാണ്ട് 7000ത്തോളം ബ്രിട്ടീഷുകാരായ ജീവനക്കാരുടെയും കോൺട്രാക്ടർമാരുടെയും ജോലി തെറിക്കും. എത്രപേർക്ക് ഇതിലൂടെ ജോലി നഷ്ടപ്പെടുമെന്ന കാര്യം കഴിഞ്ഞ രാത്രിയിൽ വ്യക്തമായിട്ടില്ല. ഇതിനെ സംബന്ധിച്ച് ഔദ്യോഗികമായ പ്രസ്താവനകളൊന്നും ടാറ്റ പുറത്തിറക്കിയിട്ടുമില്ല. ടാറ്റയുടെ കീഴിൽ 17,000 പേരാണ് യുകെയിൽ ജോലി ചെയ്യുന്നത്. റോത്തർഹാം, യോർക്ക്ഷെയർ, കോർബി, നോർത്താംപ്ടൺഷെയർ എന്നിവിടങ്ങളിലെ പ്ലാന്റുകളിലുള്ളവരുടെ എണ്ണം കൂടി ചേർന്നതാണിത്. ചൈനയിൽ നിന്നെത്തുന്ന വിലകുറഞ്ഞ സ്റ്റീൽ യുകെയിലെ വിപണിയിലെത്തിയതിനെ തുടർന്നുള്ള പ്രശ്നങ്ങൾ ഇവിടുത്തെ സ്റ്റീൽ വിപണിക്കു ഭീഷണി സൃഷ്ടിക്കാൻ തുടങ്ങിയിട്ടു കുറച്ചു മാസങ്ങളായി.

ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനു മുകളിൽ യൂറോപ്യൻ യൂണിയൻ വെറും 24 ശതമാനം താരിഫ് മാത്രമേ ചുമത്തുന്നുള്ളുവെന്നും എന്നാൽ യുഎസിൽ ഇത് 266 ശതമാനമാണെന്നും യൂണിയൻ വിട്ടു പോകാൻ വേണ്ടി വാദിക്കുന്ന കാംപയിനർമാരും ചില എംപിമാരും കഴിഞ്ഞ രാത്രി ചൂണ്ടിക്കാട്ടിയിരുന്നു. യുകെയിലെ സ്റ്റീൽ വ്യവസായം ഇത്തരത്തിൽ നാശത്തിന്റെ വക്കിലെത്തിയതിന് കാരണം യൂണിയന്റെ ഇത്തരം നടപടികളാണെന്ന് അവർ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബ്രെക്സിറ്റിലൂടെ മാത്രമേ ഇത്തരം താരിഫുകൾ വർധിപ്പിക്കാനും ബ്രിട്ടീഷ് സ്റ്റീൽ വ്യവസായത്തെ മത്സരാത്മകമാക്കാനും ആയിരക്കണക്കിനു പേരുടെ ജോലി സംരക്ഷിക്കാൻ യുകെയ്ക്കു സാധിക്കുകയുള്ളുവെന്നും അവർ പറയുന്നു. ടാറ്റാ സ്റ്റീൽ അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ ലേബർ യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്.

അടിയന്തിരമായി സർക്കാർ ഈ പ്രശ്നത്തിൽ ഇടപെടണമെന്നും ലേബർ നേതാവ് ജെറമി കോർബിൻ ആവശ്യപ്പെടുന്നു. പൊതുമേഖലയുടെ പിന്തുണ നൽകി സ്റ്റീൽ വ്യവസായത്തെ സംരക്ഷിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ വെൽഷ് അസംബ്ലിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടമുണ്ടാക്കുന്ന തങ്ങളുടെ യുകെ ബിസിനസിനെക്കുറിച്ച് ടാറ്റയുടെ ബോർഡ് ചർച്ചകൾ നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ നിന്നുള്ള തൊഴിലാളി യൂണിയൻ നേതാക്കളും മുംബൈയിൽ എത്തിയിട്ടുണ്ട്. പോർട്ട് ടാൽബോട്ടിലെയും യുകെയിലെ മറ്റിടങ്ങളിലെയും പ്ലാന്റുകൾ സംരക്ഷിക്കുന്നതിനുള്ള അനുകൂലമായ ഒരു നീക്കം ടാറ്റയിൽ നിന്നുണ്ടാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

തങ്ങളുടെ യുകെയിലെ പ്ലാന്റുകളിൽ നിന്നും 1000 ജീവനക്കാരെ പറഞ്ഞു വിടാൻ ജനുവരിയിൽ ടാറ്റ പദ്ധതിയിട്ടിരുന്നു. ഇതിൽ 750 പേർ ടാൽബോൾട്ടിലെ പ്ലാന്റിലുള്ളവരാണ്. ഈ പ്ലാന്റ് ദിവസം ഒരു ദശലക്ഷം പൗണ്ട് നഷ്ടമുണ്ടാക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. ആയിരക്കണക്കിന് കോൺട്രാക്ടറുടെ എണ്ണവും കണക്കാക്കുമ്പോൾ ടാറ്റ യുകെയിൽ 25,000 പേർക്കെങ്കിലും ജോലിയേകുന്നുണ്ട്.ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരുന്നിടത്തോളം കാലം സ്റ്റീൽ വ്യവസായത്തെ സംരക്ഷിക്കാൻ ഇവിടുത്തെ സർക്കാരിന് യാതൊന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് സ്റ്റീൽ മേഖലയിലെ പല പ്രമുഖരും ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടനിലെ വലിയ സ്റ്റീൽ കൺസ്ട്രക്ഷൻ കമ്പനിയായ റെയ്ഡ് സ്റ്റീലിന്റെ ഡയറക്ടറായ സൈമൻ ബോയ്ഡും ഈ അഭിപ്രായക്കാരനാണ്.ചൈനയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് സ്റ്റീൽ ബ്രിട്ടനിലെ വിപണിയിലെത്തിയതിനെ തുടർന്നു ടാറ്റയടക്കമുള്ള ഇവിടുത്തെ കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങളും വില കുറച്ചു വിൽക്കാൻ നിർബന്ധിതരാവുകയായിരുന്നു.

സ്റ്റീലിന്റെ പ്രധാന വിപണിയാണു യൂറോപ്യൻ യൂണിയനെന്നാണു വ്യവസായ വകുപ്പിന്റെ വക്താവ് പറയുന്നത്. ഇവിടെ നിന്നുള്ള സ്റ്റീൽ കയറ്റുമതിയിൽ പകുതിയും യൂറോപ്യൻ യൂണിയനിലേക്കാണെന്നും ഇറക്കുമതിയിൽ മൂന്നിൽ രണ്ടും യൂണിയനിൽ നിന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ടാറ്റാ സ്റ്റീൽ അടച്ചു പൂട്ടാനൊരുങ്ങുന്നവെന്ന വാർത്തയെ അഗാധമായ ഉത്കണ്ഠയോടെയാണ് ഉൾക്കൊള്ളുന്നതെന്നാണ് ലേബർ നേതാവ് ജെറമി കോർബിൻ പ്രതികരിച്ചിരിക്കുന്നത്.മറ്റ് വിവിധ തൊഴിലാളി യൂണിയൻ നേതാക്കളും ഇതിൽ ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനടക്കമുള്ള 26 രാജ്യങ്ങളിലാണ് ടാറ്റസ്റ്റീൽ പ്രവർത്തിക്കുന്നത്. ഇതിലൂടെ ഒരു വർഷം 28 മില്യൺ ടൺ ഉരുക്ക് ഉൽപാദിപ്പിക്കുന്നുമുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീൽ ഉൽപാദകരാണ് ടാറ്റ. ഇന്നലത്തെ നിർണായക യോഗത്തിനു മുന്നോടിയായി 35,000 പേർ ഒപ്പിട്ട തുറന്ന കത്ത് ടാറ്റ സ്റ്റീൽ ചെയർമാനായ സൈറസ് മിസ്ട്രിക്ക് അയച്ചിട്ടുണ്ട്. യുകെയിലെ സ്റ്റീൽ തൊഴിലാളികളെ പിന്തുയ്ക്കണമെന്നാണവർ ഇതിലൂടെ ആവശ്യപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP