Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാവങ്ങൾ തെരുവിൽ മരിച്ച് വീഴുമ്പോഴും കൊറോണ ടെസ്റ്റ് നടത്താൻ പോലും പറ്റാതെ ബ്രിട്ടൻ; സാമ്പിളുകൾ പരിശോധനക്ക് അയക്കുന്നത് വിദേശത്തേക്ക്; ടെസ്റ്റ് കിറ്റുകൾ ഇപ്പോഴും കയറ്റുമതി ചെയ്യുന്നു; ബ്രിട്ടനിൽ മരിച്ച് വീഴുന്നവരിൽ ഏറെയും ചികിത്സിച്ചാൽ ഭേദമാവേണ്ടവർ

പാവങ്ങൾ തെരുവിൽ മരിച്ച് വീഴുമ്പോഴും കൊറോണ ടെസ്റ്റ് നടത്താൻ പോലും പറ്റാതെ ബ്രിട്ടൻ; സാമ്പിളുകൾ പരിശോധനക്ക് അയക്കുന്നത് വിദേശത്തേക്ക്; ടെസ്റ്റ് കിറ്റുകൾ ഇപ്പോഴും കയറ്റുമതി ചെയ്യുന്നു; ബ്രിട്ടനിൽ മരിച്ച് വീഴുന്നവരിൽ ഏറെയും ചികിത്സിച്ചാൽ ഭേദമാവേണ്ടവർ

സ്വന്തം ലേഖകൻ

നിങ്ങൾക്ക് കൊറോണ വരുന്നത് ഇന്ത്യയിൽ വച്ചാമെങ്കിൽ ഉറപ്പായും രക്ഷപ്പെടുമെന്നിരിക്കെ ബ്രിട്ടനിൽ വച്ചാണ് കോവിഡ്-19 ബാധിക്കുന്നതെങ്കിൽ ഭാഗ്യം ഉണ്ടെങ്കിലേ ജീവിതത്തിലേക്ക് മടങ്ങാനാവൂ. കൊറോണ കാട്ടുതീ പോലെ പടരുകയും അനുദിനം നിരവധി പേർ പിടഞ്ഞ് മരിക്കുകയും ചെയ്യുന്ന സാഹര്യത്തിലും ബ്രിട്ടൻ കൊറോണയെ നേരിടുന്നതിലും കൊറോണ ചികിത്സയിലും അതിഗുരുതരമായ പാളിച്ചകളാണ് വരുത്തുന്നതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ഇത് പ്രകാരം കൊറോണ പിടിപെട്ട് പാവങ്ങൾ തെരുവിൽ മരിച്ച് വീഴുമ്പോഴും കൊറോണ ടെസ്റ്റ് നടത്താൻ പോലും പറ്റാതെ ബ്രിട്ടൻ വലയുകയാണ്.

സാമ്പിളുകൾ പരിശോധനക്ക് അയക്കുന്നത് വിദേശത്തേക്കായതിനാൽ ഫലം വരുന്നതിൽ കാലതാമസം നേരിടേണ്ടി വരുന്നുണ്ട്. രാജ്യത്ത് ഇത്തരത്തിൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ച് വീഴുമ്പോഴുടം കോവിഡ് ടെസ്റ്റ് കിറ്റുകൾ ഇപ്പോഴും കയറ്റുമതി ചെയ്യുകയാണ് ബ്രിട്ടൻ. വേണ്ട വിധം സമയത്തിന് ചികിത്സ ലഭ്യമാക്കിയിരുന്നുവെങ്കിൽ കൊറോണ അനായാസം ഭേദപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ച് വരേണ്ടിയിരുന്നവരാണ് ബ്രിട്ടനിൽ മരിച്ച് വീഴുന്നവരിൽ ഏറെയുമെന്നതാണ് ദയനീയമായ മറ്റൊരു വസ്തുത.അതായത് ബോറിസ് ജോൺസൻ ഗവൺമെന്റ് കൊറോണ ബാധയെ കൈകാര്യം ചെയ്യുന്നതിൽ വരുത്തുന്ന പാളിച്ചകൾ കാരണമൊന്ന് കൊണ്ട് മാത്രം നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞ് കൊണ്ടിരിക്കുന്നത്.

തുടക്കത്തിൽ കൊറോണയെ തുരത്തുന്നതിനുള്ള യജ്ഞത്തിൽ യുകെ അങ്ങേയറ്റം മുന്നേറിയിരുന്നുവെങ്കിലും ഇപ്പോൾ അതിൽ അലംഭാവം പുലർത്തുകയാണെന്നും അതിനാലാണ് ചികിത്സിച്ചാൽ ഭേദമാകുന്നവർ പോലും തെരുവിൽ മരിച്ച് വീഴുന്ന ദുരവസ്ഥ പെരുകുന്നതെന്നും നിരവധി ആരോഗ്യ വിദഗ്ദ്ധർ ആരോപിക്കുന്നു.ഇക്കാര്യത്തിൽ മറ്റ് പല രാജ്യങ്ങൾക്കും പുറകിലേക്ക് ബ്രിട്ടൻ തള്ളപ്പെട്ടിരിക്കുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കോവിഡ്-19 ടെസ്റ്റിംഗിനെ ബ്രിട്ടീഷ് സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയാണ് കൂടുതലായും വിമർശിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്.

കൊറോണയ്ക്ക് ഫലപ്രദമായ ഒരു വാക്സിൻ കണ്ടു പിടിക്കുന്നത് വരെ പരമാവധി പേരെ കോവിഡ്-19 ടെസ്റ്റിന് വിധേയമാക്കുകയെന്നത് മാത്രമാണ് രോഗവ്യാപന ശേഷിയെ പിടിച്ച് കെട്ടുന്നതിനുള്ള ഏറ്റവും വലിയ മാർഗമെന്നിരിക്കെയാണ് ഇതിൽ ബ്രിട്ടൻ കടുത്ത അലംഭാവം പുലർത്തുന്നത്. ഇത്തരം ടെസ്റ്റിലൂടെ മാത്രമേ ആർക്കൊക്കെ വൈറസ് ബാധിച്ചിട്ടുണ്ടെന്നും ഇത് എങ്ങനെയാണ് പകർന്നിരിക്കുന്നതെന്നും കോവിഡ്-19ന്റെ ഹോട്ട്സ്പോട്ടുകൾ ഏതെല്ലാമാണെന്നും തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ഇതിനാൽ കഴിയുന്നിടത്തോളം നിരന്തരം ടെസ്റ്റ് ചെയ്യാനാണ് ലോകാരോഗ്യ സംഘടന ഓരോ രാജ്യത്തോടും ആവർത്തിച്ച് ആവശ്യപ്പെട്ട് ്കൊണ്ടിരിക്കുന്നത്.

അത്തരമൊരു സന്ദിഗ്ധാവസ്ഥയിലാണ് ബ്രിട്ടൻ ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ ചെലുത്താത്തതെന്നാണ് വിമർശനം. കൊറോണ ഒരു മഹാവിപത്തായി കത്തിപ്പടരുന്നതിൽ നിന്നും തടഞ്ഞ് നിർത്താൻ ഇത്തരത്തിലുള്ള ഫലപ്രദമായ ടെസ്റ്റിംഗിലൂടെ സാധിക്കുമെന്ന് തെളിയിച്ചിരിക്കുന്ന രാജ്യങ്ങളാണ് സിംഗപ്പൂരും ദക്ഷിണ കൊറിയയും. ഈ രാജ്യങ്ങളിൽ തുടക്കത്തിൽ കൊറോണ ആഞ്ഞടിച്ചിരുന്നുവെങ്കിലും സംശയമുള്ള എല്ലാവരെയും ടെസ്റ്റ് ചെയ്ത് രോഗം നിർണയിച്ച് ആവശ്യമായ നടപടികളെടുത്തതിനെ തുടർന്നാണ് ഇവിടങ്ങളിൽ കൊറോണ കടുത്ത അപകടം വിതക്കാതെ കടന്ന് പോയിരിക്കുന്നത്.

ബ്രിട്ടൻ തുടക്കത്തിൽ ടെസ്റ്റിംഗിന്റെ കാര്യത്തിൽ മാതൃകാപരമായ നീക്കങ്ങളാണ് നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായി കൊറോണ ഹോട്ട്സ്പോട്ടുകളായ ഇറ്റലി, ചൈന, ഇറാൻ, തുടങ്ങിയിടങ്ങളിൽ നിന്നും വരുന്നവരെ ടെസ്റ്റ് ചെയ്ത് രോഗികളെ കണ്ടെത്താൻ ത്വരിതഗതിയിലുള്ള നീക്കങ്ങളാണ് ബ്രിട്ടൻ നടപ്പിലാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി ആളുകളെ ടെസ്റ്റ് ചെയ്യുകയും രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ഐസൊലേറ്റ് ചെയ്യുകയും ഇവരുടെ കോൺടാക്ടുകൾ ട്രേസ് ചെയ്ത് കണ്ടുപിടിക്കുകയും ചെയ്തിരുന്നു. ചൈനക്ക് പുറത്ത് ആദ്യമായി ഇതിനൊരു ടെസ്റ്റിങ് പ്രോട്ടോക്കോൾ പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ പ്രധാനപ്പെട്ട ലാബിൽ ജനുവരിയിൽ ഏർപ്പെടുത്തിയിരുന്നു.

തുടർന്ന് ഇത് മറ്റ് 12 പബ്ലിക്ക് ഹെൽത്ത് ലബോറട്ടറികളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മാർച്ച് 12ന് 600 പേർക്ക് കൊറോണ ബാധിച്ചുവെന്ന് വെളിപ്പെട്ടതോടെ തങ്ങളുടെ ടെസ്റ്റിങ് സംവിധാനം പരാജയമാണെന്ന് സമ്മതിച്ച് ബ്രിട്ടീഷ് ഗവൺമെന്റ് തന്നെ മുന്നോട്ട് വന്നിരുന്നു.കോവിഡ്-19 തീർത്തും സ്വതന്ത്രമായി ജനങ്ങൾക്കിടയിലേക്ക് പരന്നുവെന്ന് അന്ന് തന്നെ വ്യക്തമാവുകയും ചെയ്തിരുന്നു.തുടർന്നാണ് ഹോസ്പിറ്റലുകളിലെത്തുന്നവരെ മാത്രം ടെസ്റ്റ് ചെയ്യാമെന്ന അപകടകരമായ തീരുമാനം മിനിസ്റ്റർമാർ എടുത്തിരിക്കുന്നത്. തൽഫലമായി ഔദ്യോഗിക കണക്കിലുള്ളതിനേക്കാൾ എത്രയോ രോഗബാധിതർ സമൂഹത്തിൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തി കറങ്ങി നടക്കുന്ന അപകടകരമായ അവസ്ഥയിലെത്തിയ ബ്രിട്ടനിൽ കോവിഡ് ബാധിതരും അത് വഴിയുള്ള മരണങ്ങളും നാൾക്ക് നാൾ വർധിച്ച് കൊണ്ടിരിക്കുകയാണ്.

ഇത്തരത്തിൽ ബ്രിട്ടനിൽ കൊറോണ ടെസ്റ്റിനുള്ള സംവിധാനങ്ങൾ കുറയുമ്പോഴും ബ്രിട്ടീഷ് കമ്പനിയായ നോവാസി നിർമ്മിച്ച മില്യൺ കണക്കിന് സ്വാബിങ് കിറ്റുകൾ വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഈ കമ്പനി 17.8 മില്യൺ പൗണ്ടിന്റെ ടെസ്റ്റിങ് എക്യുപ്മെന്റാണ് 80 രാജ്യങ്ങളിലേക്കായി കയറ്റി അയച്ചിരിക്കുന്നത്. എന്നാൽ വെറും ഒരു മില്യൺ പൗണ്ടിന്റെ മൂല്യമുള്ള എക്യുപ്മെന്റ് മാത്രമാണ് യുകെയിൽ ഈ കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. യുകെയിൽ ലാബ് കപ്പാസിറ്റി കുറവായതിനാൽ ഇത്തരം കിറ്റുകൾ അധികമുണ്ടായിട്ടും കാര്യമില്ലെന്നാണ് ഈ കമ്പനി ന്യായീകരിക്കുന്നത്.

സൗത്ത് വെസ്റ്റ് ലണ്ടനിലെ ചെസിങ്ടണിലുള്ള എൻഎച്ച്എസ് സ്റ്റാഫിനുള്ള ടെസ്റ്റിങ് സൈറ്റിൽ ഇന്നലെ ആരുമില്ലാത്ത അവസ്ഥയായിരുന്നു. നിരവധി പേർക്ക് ടെസ്റ്റിങ് ആവശ്യമുണ്ടെന്നിരിക്കെയാണ് പലവിധ പരിമിതികളൽ ഇവിടെ ടെസ്റ്റ് നടത്താൻ പറ്റാത്ത അവസ്ഥ സംജാതമായിരിക്കുന്നത്. രാജ്യത്ത് നിരവധി ടെസ്റ്റിങ് സൈറ്റുകളിൽ ഇതാണ് അവസ്ഥയെന്ന ആരോപണവും ശക്തമാണ്.ഇവിടെ ടെസ്റ്റിനായി നിരവധി എൻഎച്ച്എസ് ജീവനക്കാർ എത്തിയിരുന്നുവെങ്കിലും കിറ്റുകൾ പോലുള്ള നിർണായക എക്യുപ്മെന്റുകളുടെ ക്ഷാമം രൂക്ഷമാണെന്നും വെളിപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP