Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗികളുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു; മരണ സംഖ്യ അര ലക്ഷവും; 4500 മരണങ്ങളും 65000 പുതിയ രോഗികളുമായി കൊറോണ തേരോട്ടം തുടരുന്നു; 55ദിവസം കൊണ്ട് ഒരു ലക്ഷവും 76 ദിവസം കൊണ്ട് അഞ്ച് ലക്ഷവുമായ രോഗബാധ എട്ട് ദിവസം കൊണ്ട് പത്ത് ലക്ഷമായി: അനുനിമിഷം മരണം സമ്മാനിച്ച് ലോകത്തെ ഭീതിയിലാഴ്‌ത്തി കൊറോണ മുൻപോട്ട് തന്നെ

രോഗികളുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു; മരണ സംഖ്യ അര ലക്ഷവും; 4500 മരണങ്ങളും 65000 പുതിയ രോഗികളുമായി കൊറോണ തേരോട്ടം തുടരുന്നു; 55ദിവസം കൊണ്ട് ഒരു ലക്ഷവും 76 ദിവസം കൊണ്ട് അഞ്ച് ലക്ഷവുമായ രോഗബാധ എട്ട് ദിവസം കൊണ്ട് പത്ത് ലക്ഷമായി: അനുനിമിഷം മരണം സമ്മാനിച്ച് ലോകത്തെ ഭീതിയിലാഴ്‌ത്തി കൊറോണ മുൻപോട്ട് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

റോം: ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു. ലോകത്താകമാനം കൊറോണ പടയോട്ടം തുടരുമ്പോൾ മരണ സംഖ്യ അരലക്ഷം കവിഞ്ഞു. പല രാജ്യങ്ങളിലായി 52,993 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. അനുനിമിഷം മരണ സംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. ആയിരങ്ങളാണ് ഗുരുതരാവസ്ഥയിൽ രോഗത്തോട് മല്ലടിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4500ൽ അധികം പേർ മരിച്ചു. 65000 പുതിയ രോഗികളാണ് ഇന്നലെ ഉണ്ടായത്. വൈറസ് ബാധിതരുടെ എണ്ണവും ക്രമാധീതമായി വർധിക്കുകയാണ്. ലോകത്തുകൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം 1,014,386 ആയി വർധിച്ചു. 55ദിവസം കൊണ്ട് ഒരു ലക്ഷവും 76 ദിവസം കൊണ്ട് അഞ്ച് ലക്ഷവുമായ രോഗബാധ എട്ട് ദിവസം കൊണ്ടാണ് പത്ത് ലക്ഷമായി ഉയർന്നത്. ലോകത്തിന്റെ തന്നെ പ്രതീക്ഷ നശിപ്പിക്കും വിധമാണ് കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്.

കോവിഡ് 19 ഏറ്റവും കൂടുതൽ ആൾനാളംവിതച്ചത് ഇറ്റലിയിലാണ്. ഇന്നലെ 760 പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ ഇറ്റലിയിലെ മരണ സംഖ്യ 13,915 ആയി ഉയർന്നു. ഇറ്റലി കഴിഞ്ഞാൽ സ്‌പെയിനിലും അമേരിക്കയിലുമാണ് കൊറോണ ഏറ്റവും കൂടുതൽ മരണം വിതച്ച് മുന്നേറുന്നത്. സ്‌പെയിനിൽ ഇന്നലെ 961 പേരുടെ ജീവനാണ് കൊറോണ കവർന്നെടുത്തത്. ഇതോടെ സ്‌പെയിനിലെ മരണ സംഖ്യ 10,348ൽ എത്തി. സ്‌പെയിനിൽ 112,065 പേർ കൊറോണ രോഗികളാണ്. അമേരിക്കയിൽ മരണ സംഖ്യ 5,897 ആയി. ഇന്നലെ പുതുതായി 795 പേരാണ് മരിച്ചത്. ബുധനാഴ്ച ഇത് 1046 ആയിരുന്നു. ഇന്നലെ മരണം 795ൽ പിടിച്ച് നിർത്താനായത് അമേരിക്കയ്ക്ക് തെല്ലൊരു ആശ്വാസമായിട്ടുണ്ട്. ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള അമേരിക്കയിൽ 244,320 പേർ രോഗബാധിതരാണ്.

ഫ്രാൻസിൽ മരണം 5,387 ആയി. മറ്റുരാജ്യങ്ങളിലെല്ലാം മരണസംഖ്യ വർധിക്കുകയാണെങ്കിലും ചൈനയിൽ വ്യാഴാഴ്ച ആറ് പേർ മാത്രമാണ് മരണപ്പെട്ടത്. ആകെ മരണം 3,318 ആയി. ജർമനിയിൽ 1,107 പേരും ഇറാനിൽ 3,160 പേരും ബ്രിട്ടണിൽ 2,921 പേരും വൈറസ് ബാധയിൽ മരിച്ചു. അതേസമയം ലോകത്താകമാനം 212,018 പേർക്ക് ഇതുവരെ രോഗം ഭേദമായി.
അതേസമയം ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്ത് 2069 പേർക്കാണ് കോവിഡ് 19 ഇതിനോടകം സ്ഥിരീകരിച്ചത്. ഇതിൽ 1860 പേർ ചികിത്സയിലാണ്. 155 പേർ രോഗമുക്തി നേടി. 53 പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേർക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

55ദിവസം കൊണ്ട് ഒരു ലക്ഷവും 76 ദിവസം കൊണ്ട് അഞ്ച് ലക്ഷവുമായ രോഗബാധ എട്ട് ദിവസം കൊണ്ടാണ് പത്ത് ലക്ഷമായതെന്നാണ് ഞെട്ടിക്കുന്ന വസ്തുത. ബുധനാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ പത്ത് ശതമാനം കൂടുതൽ കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. 117 രാജ്യങ്ങളിലാണ് 100ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 50 രാജ്യങ്ങളിൽ ആയിരത്തിലധികം കേസുകളും ഏഴ് രാജ്യങ്ങളിൽ 50,000 ത്തിൽ അധികം കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളെയാണ് കൊറോണ വൈറസ് കടന്ന് ആക്രമിച്ചിരിക്കുന്നത്.

22 ശതമാനം കൊറോണ കേസുകളും അമേരിക്കയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടു പിന്നിൽ 11 ശതമാനം കേസുകളുമായി ഇറ്റലിയും സ്‌പെയിനുമുണ്ട്. അതേസമയം കൊറോണയുടെ എപ്പിസെന്ററായ ചൈനയിൽ ലോകത്താകമാനമുള്ള കൊറോണ കേസുകളുടെ എട്ട് ശതമാനം മാത്രമാണ് ഉള്ളത്. യൂറോപ്പിലാണ് ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ളത്. 70 ശതമാനം മരണവും സംഭവിച്ചിരിക്കുന്നതും യൂറോപ്പിലാണ്.കൂടുതലും പ്രായമായവരാണ് മരണത്തിന് കീഴടങ്ങിയത്. കൊറോണയെ തുടർന്ന് ലോകത്തെ പകുതിയോളം ജനങ്ങളോടും വീട്ടിൽ തന്നെ ഇരിക്കാനാണ് ഇപ്പോൾ വിവിധ ഭരണ കൂടങ്ങൾ നിർദ്ദേശം നൽകിയിരിക്കുന്നത്.

കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 52,993 ആയി. ഇന്ന് മാത്രം 4500ൽ അധികം പേർ മരിച്ചു. ആകെ രോഗബാധിതർ ,014,386. ഇന്ന് രോഗം സ്ഥിരീകരിച്ചത് 64,971 പേർക്ക്. ഗുരുതരനിലയിലുള്ളവർ 37,003. രോഗമുക്തരായവർ 2,10,191. ഏറ്റവുമധികം മരണം ഇറ്റലിയിൽ 13,915. ഏറ്റവുമധികം രോഗബാധിതർ യുഎസിൽ 2,35,747. രോഗബാധിതരുടെ എണ്ണത്തിൽ ജർമനി ചൈനയെ മറികടന്നു. ഇതോടെ യുഎസ്, ഇറ്റലി, സ്‌പെയിൻ എന്നീ രാജ്യങ്ങൾക്കു പിന്നിൽ നാലാം സ്ഥാനത്താണ് ജർമനി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP