Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

111 മരണം എന്ന ആശ്വാസം വെറുതെയാക്കി ബ്രിട്ടനിൽ ഇന്നലെ റിക്കോർഡ് ചെയ്തത് 359 മരണങ്ങൾ; കൊറോണ മരണം 40,000 കടക്കുമ്പോൾ ഓരോ സ്ഥലത്തേയും മരണ നിരക്കിന്റെ കണക്കും പുറത്ത്

111 മരണം എന്ന ആശ്വാസം വെറുതെയാക്കി ബ്രിട്ടനിൽ ഇന്നലെ റിക്കോർഡ് ചെയ്തത് 359 മരണങ്ങൾ; കൊറോണ മരണം 40,000 കടക്കുമ്പോൾ ഓരോ സ്ഥലത്തേയും മരണ നിരക്കിന്റെ കണക്കും പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കോവിഡിൽ നിന്നും മുക്തി നേടുവാൻ തുടങ്ങി എന്ന് വിശ്വസിച്ചിരുന്ന ബ്രിട്ടന്റെ സന്തോഷത്തിന് അറുതി വരുത്തിക്കൊണ്ട് ഇന്നലെ വീണ്ടും 359 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് ബ്രിട്ടനിൽ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 39,728 ആയി ഉയർന്നു. എന്നാൽ യഥാർത്ഥ മരണസംഖ്യ 50,000 മേലെ ആയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച് ഇംഗ്ലണ്ടിൽ 328 പേരും വെയിൽസിൽ 17 പേരും സ്‌കോട്ട്ലാൻഡിൽ 12 പേരും നോർത്തേൺ അയർലൻഡിൽ 2 പേരുമാണ് മരണമടഞ്ഞത്. ആശുപത്രികളിലേയും കെയർ ഹോമുകൾ ഉൾപ്പടെയുള്ള വിവിധ സെറ്റില്മെന്റുകളിലേയും കൂടിയുള്ള കണക്കാണിത്. കഴിഞ്ഞ ബുധനാഴ്‌ച്ചത്തെ പ്രതിദിന മരണനിരക്കിൽ നിന്നും 13% കുറവാണ് ഈ ബുധനാഴ്‌ച്ച രേഖപ്പെടുത്തിയത്. എന്നാൽ, ബാങ്ക് ഒഴിവും വാരാന്ത്യ ഒഴിവുകളുമായി മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ വന്ന കാലതാമസമാണ് കഴിഞ്ഞ ആഴ്‌ച്ച മരണ സംഖ്യ ഇത്രയധികം ഉയർത്തിയത്.

ദ്വൈവാരകണക്കിലും ഇന്നലെ 68% ത്തിന്റെ കുറവുണ്ടായതായി ആരോഗ്യ വകുപ്പ് അറിയിക്കുന്നു. ജൂലായ് മാസത്തോടെ കോവിഡ് മരണങ്ങൾ ഇല്ലാത്ത അവസ്ഥയിലേക്ക് ബ്രിട്ടൻ എത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വിദഗ്ദർ പറയുന്നു.എന്നാൽ ഞെട്ടിക്കുന്ന മറ്റൊരു വാർത്ത പുറത്തുവന്നത്, ബ്രിട്ടനിലെ ചില പ്രദേശങ്ങളിൽ കൊറോണ പകർച്ചവായി അധിക മരണങ്ങളുടെ നിരക്ക് വല്ലാതെ വർദ്ധിപ്പിച്ചു എന്നാണ്. അതേ സമയം ഇന്നലെ 1,70,000 പേരെ പരിശോധനക്ക് വിധേയമാക്കിയതായും അതിൽ 1,871 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായും മറ്റൊരു റിപ്പോർട്ടിൽ പറയുന്നു.

രോഗവ്യാപനത്തിന്റെ തോത് പ്രതീക്ഷിച്ച വേഗതയിൽ കുറഞ്ഞു വരാത്തത് ആശങ്കക്ക് വഴി നൽകുന്നു എന്ന് സർക്കാരിന്റെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് സർ പാട്രിക് വാലൻസ് പറഞ്ഞു. ഇപ്പോഴും പ്രത്യൂദ്പാദന നിരക്ക് അഥവാ ''ആർ'' മൂല്യം 1 എന്ന മാന്ത്രിക സംഖ്യയോട് വളരെ അടുത്തുതന്നെ നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതായത്, രോഗബാധിതരിൽ നിന്നും ഇപ്പോഴും രോഗം പകരുണ്ടെന്നർത്ഥം. പ്രതിദിനം ഏകദേശം 8,000 പേർക്ക് രോഗബാധയുണ്ടാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരണനിരക്കും പ്രതീക്ഷിച്ചത്ര കുറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ എൻ എച്ച് എസ് ഇംഗ്ലണ്ട് രേഖപ്പെടുത്തിയത് 179 മരണങ്ങളാണ്. അതിൽ രണ്ടുപേർ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 12 വയസ്സുള്ള ആളാണ് മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. ഇതിനിടയിലാണ് ബ്രിട്ടനിലെ കോവിഡ് മരണസംഖ്യ 50,000 കടന്നു എന്ന ഒരു റിപ്പോർട്ട് പുറത്തുവന്നത്. നാഷണൽ റെക്കോർഡ്സ് ഓഫ് സ്‌കോട്ട്ലാൻഡ് പ്രസിദ്ധീകരിച്ച ഒരു കുറിപ്പിൽ പറയുന്നത് മെയ്‌ 31 വരെ സ്‌കോട്ട്ലാൻഡിൽ 3,911 പേർ കോവിഡ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയെന്നാണ്.

അതേ സമയം ഒ എൻ എസ് പുറത്തുവിട്ട കണക്കുകൾ പറയുന്നത് മെയ്‌ 22 വരെ ഇംഗ്ലണ്ടിലും വെയിൽസിലുമായി 44,401 മരണങ്ങൾ സംഭവിച്ചു എന്നാണ്. നോർത്തേൺ അയർലണ്ട് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച് ഏജൻസി പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം നോർത്തേൺ അയർലൻഡിൽ മെയ്‌ 22 വരെ 716 കോവിഡ് മരണങ്ങൾ നടന്നിട്ടുണ്ട്.ഇതെല്ലാം ഒത്തുനോക്കുമ്പോൾ ഇതുവരെ ബ്രിട്ടനിൽ 49,028 കോവിഡ് മരണങ്ങളാണ് നടന്നിട്ടുള്ളത്.

മെയ്‌ 23 നും ജൂൺ 1 നും ഇടയിൽ 931 മരണങ്ങൾ ഇംഗ്ലണ്ടിൽ രേഖപ്പെടുത്തിയതായി എൻ എച്ച് എസ് ഇംഗ്ലണ്ട് രേഖകൾ പറയുന്നു. ഇതേ കാലയളവിൽ 78 പേർ വെയിൽസിലും കോവിഡിന് കീഴടങ്ങി മരണം വരിച്ചിട്ടുണ്ട്. മെയ്‌ 23 നും ജൂൺ 2നും ഇടയിൽ നോർത്തേൺ അയർലൻഡിൽ 22 പേർ മരണപ്പെട്ടു. ഇതെല്ലാം കൂടിയാകുമ്പോൾ മെയ് 23 ന് ശേഷം 1,031 മരണങ്ങൾ കൂടി ബ്രിട്ടനിൽ നടന്നിട്ടുണ്ട്. അതായത് ഇതുവരെ മൊത്തം 50,059 മരണങ്ങൾ. ഏറ്റവും അധികം രോഗബധയുണ്ടായത് ലണ്ടനിലും പ്രാന്തപ്രദേശങ്ങളിലും തന്നെയാണ് ലണ്ടന് പുറത്ത് മരണ സംഖ്യ ഏറ്റവും അധികം വർദ്ധിച്ചത് ഹെർറ്റ്ഫോർഡ്ഷയറിലെ ഹെർറ്റ്സ്മെയറിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP