Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹജ്ജിനിടെ വീണ്ടും ദുരന്തം; മിനായിൽ കല്ലേറു കർമത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 717 മരണം; എണ്ണൂറിലേറെ പേർക്കു പരിക്ക്; മരിച്ചവരിൽ രണ്ടു മലയാളികളും; അപകടം അറബ് ആഫ്രിക്കൻ കൂടാരങ്ങൾക്കരികിൽ; രണ്ടാഴ്ചയ്ക്കിടെ ഹജ്ജ് കർമങ്ങൾക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തത്തിന്റെ ഞെട്ടലിൽ ലോകം

ഹജ്ജിനിടെ വീണ്ടും ദുരന്തം; മിനായിൽ കല്ലേറു കർമത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 717 മരണം; എണ്ണൂറിലേറെ പേർക്കു പരിക്ക്; മരിച്ചവരിൽ രണ്ടു മലയാളികളും; അപകടം അറബ്  ആഫ്രിക്കൻ കൂടാരങ്ങൾക്കരികിൽ; രണ്ടാഴ്ചയ്ക്കിടെ ഹജ്ജ് കർമങ്ങൾക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തത്തിന്റെ ഞെട്ടലിൽ ലോകം

മക്ക: ഹജ്ജ് കർമത്തിനിടെ മിനായിൽ തിക്കിലും തിരക്കിലും പെട്ട് 717 പേർ മരിച്ചു. എണ്ണൂറിലേറെ പേർക്കു പരിക്കേറ്റിട്ടുണ്ട്. അറബ്-ആഫ്രിക്കൻ കൂടാരങ്ങൾക്കരികിലാണ് അപകടം ഉണ്ടായത്. 

ഹജ്ജിനിടെയുണ്ടായ ദുരന്തത്തിൽ രണ്ടു മലയാളികൾ  മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തലശേരി കണ്ണിയാങ്കണ്ടി അബൂബക്കർ ഹാജി (62), കോഴിക്കോട്ട് രാമനാട്ടുകര സ്വദേശി അബ്ദുറഹ്മാൻ എന്നിവരാണ് മരിച്ചത്. അബൂബക്കർ ഹാജിയുടെ ഭാര്യ ജമീലയ്ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഹജ്ജിനു പോയ കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി മുഹമ്മദ് മരിച്ചെങ്കിലും ശ്വാസം മുട്ടലിനെ തുടർന്നാണു മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. സ്വകാര്യ ഏജൻസി മുഖേനയാണു മുഹമ്മദ് മിനായിൽ എത്തിയത്. അപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിനി ജമീല ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

സൗദി സമയം പകൽ 11ന് മിനായിലെ ജംറയിലെ കല്ലേറിനിടെയാണ് സംഭവം. ഏതൊക്കെ രാജ്യക്കാരാണ് മരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വൻ സന്നാഹങ്ങളോടെ രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. മിനായിലെ 204-ാം നമ്പർ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. നാലായിരം സന്നദ്ധ പ്രവർത്തകരാണ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. 220 ആംബുലൻസുകളും മറ്റുവാഹനങ്ങളും ദുരന്തത്തിന് ഇരയായവരെ രക്ഷിക്കാൻ സർവീസ് നടത്തുന്നുണ്ട്. ഇക്കൊല്ലത്തെ ഹജ്ജ് സീസണിടെയുണ്ടാകുന്ന രണ്ടാം ദുരന്തമാണിത്. മരണസഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

20 ലക്ഷത്തോളം ഹാജിമാർ കർമങ്ങൾ അനുഷ്ഠിക്കുമ്പോഴാണു സംഭവം. ഹജ്ജ് കർമങ്ങൾക്കായി സൗദി സർക്കാർ നൽകിയിരുന്ന സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ ഹാജിമാർ വീഴ്ചവരുത്തിയതാണ് അപകടമുണ്ടാക്കിയതെന്ന് സൂചന. ജംറയിൽ നിന്നു ഹാജിമാർ കല്ലേറു കർമം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സൗദി രാജാവ് ഉത്തരവിട്ടിട്ടുണ്ട്.

ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന ടെന്റിനടുത്താണ് അപകടമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. 13 ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലക്ഷദ്വീപിൽ നിന്നുള്ള ഷാജഹാൻ എന്ന ഹാജിക്കു പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. 

വിവരങ്ങളറിയുന്നതിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെൽപ്‌ലൈൻ നമ്പർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് വിളിക്കാനുള്ള നമ്പർ: 00966125458000, 009661254960000

രണ്ടാഴ്ച മുമ്പാണ് ക്രെയിൻ പൊട്ടിവീണ് നൂറിലേറെപ്പേർ മക്കയിൽ മരിച്ചത്. ക്രെയിൻ തകർന്ന് നൂറിലേറെ ഹജ്ജ് തീർത്ഥാടകർ മരിച്ചിരുന്നു. ഇതിൽ മലയാളികളും ഉൾപ്പെട്ടിരുന്നു. ഹറം പള്ളിയുടെ പുനർനിർമ്മാണത്തിന് എത്തിച്ച ക്രെയിനാണ് കനത്ത മഴയിലും കാറ്റിലും തകർന്നു വീണത്. മസ്ജിദിന്റെ മേൽക്കൂരയിലൂടെ ക്രെയിൻ തകർന്ന് വീഴുകയായിരുന്നു. ഹജ്ജ് തീർത്ഥാടനത്തിന് ഒരുങ്ങുന്ന സമയത്താണ് വൻ ദുരന്തം.

ഈ അപകടത്തിന്റെ ഞെട്ടൽ മാറുംമുമ്പാണ് മിനായിൽ നിന്നു വീണ്ടും ദുരന്ത വാർത്ത പുറത്തുവന്നത്. ഹജ്ജ് കർമങ്ങൾക്കിടെ തിരക്കിൽപ്പെട്ട് മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ട. 1990ൽ നടന്ന അപകടത്തിൽ 1500ഓളം പേർ മരിച്ചിരുന്നു. 2006ൽ മിനായിൽ ജംറയിലെ കല്ലേറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 364 തീർത്ഥാടകർ മരിച്ചിരുന്നു. സൗദി ഭരണകൂടം ഒരുക്കിയിരുന്ന സുരക്ഷാ സംവിധാനങ്ങളുടെ ഫലമായി കഴിഞ്ഞ ഒൻപത് വർഷമായി ഹജ്ജിനിടെ വലിയ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞയാഴ്ച മക്കയിലെ ഹോട്ടലിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് നൂറോളം തീർത്ഥാടകരെ ഒഴിപ്പിച്ച സംഭവവും ഉണ്ടായിരുന്നു.  ഇത്തവണ ഇരുപത് ലക്ഷത്തോളം വിശ്വാസികളാണ് ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തിയത്. ഇന്ത്യയിൽ നിന്നും 65,000ത്തോളം പേരാണ് ഹജ്ജ് കർമങ്ങൾ അനുഷ്ഠിക്കാൻ മക്കയിലെത്തിയത്.

ഹജ് തീർത്ഥാടകർക്കു പരമ്പരാഗതമായി താൽക്കാലിക വാസസ്ഥലമൊരുക്കുന്നത് മിനായിലാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് തിക്കും തിരക്കും ഉണ്ടായ സ്ഥലത്ത് താമസിച്ചിരുന്നത് എന്നതിനാൽ മരിച്ചവരിലേറെയും ഇവിടങ്ങളിൽനിന്നുള്ളവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ഹജ്ജ് കർമങ്ങൾ തടസം കൂടാതെ തുടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബലി പെരുനാൾ ആഘോഷങ്ങൾക്കായി ഹജ് തീർത്ഥാടകർ ഇന്നു പുലർച്ചെയോടെ മിനായിലെത്തിയിരുന്നു. ഇവിടെ നടന്ന കല്ലേറ് കർമത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. അറബ്, ആഫ്രിക്കൻ തീർത്ഥാടകരുടെ കൂടാരങ്ങൾക്കു സമീപത്താണ് അപകടമുണ്ടായതെന്നാണു ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലക്ഷദ്വീപ് സ്വദേശി ഷാജഹാന്റെ പരിക്കുകൾ സാരമാണെന്നും സൂചനയുണ്ട്.

മക്കയ്ക്ക് പുറത്ത് തീർത്ഥാടകരുടെ ക്യാമ്പുകളെ വേർതിരിക്കുന്ന വഴിയിലാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ് അതിനാൽ മരണസംഖ്യ കൂടിയേക്കും. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മക്കയിലെ ആശുപത്രികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യൻ ഹാജിമാർ രാവിലെ തന്നെ കല്ലേറ് കർമ്മങ്ങൾ പൂർത്തീകരിച്ചിരുന്നു. ഓരോ രാജ്യത്തിനും കല്ലേറ് കർമ്മം നടത്തുന്നതിന് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ഹാജിമാരിൽ പലരും ടെന്റുകളിൽ ഇല്ലാത്തതിനാൽ അപകടത്തിൽപെട്ടിട്ടുണ്ടോ എന്നറിയാൻ കൂടുതൽ സമയമെടുക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP