Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൻസർ വന്ന് മരിച്ച ഇംഗ്ലണ്ടിലെ ഈ 14കാരി വീണ്ടും ജീവിതത്തിലേക്ക് മടങ്ങുമോ..? കാൻസറിന് മരുന്ന് കണ്ടെത്തി കഴിയുമ്പോൾ ജീവിതത്തിലേക്ക് മടങ്ങി വരാൻ അനുവദിച്ച് കോടതി; മരിച്ചവർക്ക് പുനർജന്മം നൽകുന്ന ക്രയോജനിക്സിന്റെ കഥ

കാൻസർ വന്ന് മരിച്ച ഇംഗ്ലണ്ടിലെ ഈ 14കാരി വീണ്ടും ജീവിതത്തിലേക്ക് മടങ്ങുമോ..? കാൻസറിന് മരുന്ന് കണ്ടെത്തി കഴിയുമ്പോൾ ജീവിതത്തിലേക്ക് മടങ്ങി വരാൻ അനുവദിച്ച് കോടതി; മരിച്ചവർക്ക് പുനർജന്മം നൽകുന്ന ക്രയോജനിക്സിന്റെ കഥ

രിക്കലും മരിക്കാതെ ഇവിടെയിങ്ങനെ മതിമറന്ന് ജീവിക്കാനാണ് മിക്കവരും ആഗ്രഹിക്കുന്നത്. അങ്ങനെ വരുമ്പോൾ കാൻസർ ബാധിച്ച് മരണത്തെ മുഖാമുഖം കാണ്ട ഇംഗ്ലണ്ടിലെ ഈ 14 വയസുകാരി അൽപം കൂടി ജീവിച്ചിരിക്കാൻ കൊതിച്ചതിൽ തെറ്റ് പറയാൻ പറ്റില്ലല്ലോ. ഭാവിയിൽ എന്നെങ്കിലും കാൻസറിന് മരുന്ന് കണ്ടെത്തുമ്പോൾ തനിക്ക് ജീവിതത്തിലേക്ക് മടങ്ങി വരാനായി തന്റെ ഭൗതികശരീരം കേട് കൂടാതെ കരുതി വയ്ക്കാനായിരുന്നു ഇവൾ അവസാന ശ്വാസത്തിലും ആഗ്രഹിച്ചിരുന്നത്. അതിന് വേണ്ടിയുള്ള അന്വേഷണത്തിനായിരുന്നു തന്റെ ജീവിതത്തിലെ അവസാന നാളുകൾ ഈ പെൺകുട്ടി ചെലവഴിച്ചിരുന്നത്. അവസാനം മരിച്ചവരെ മരവിപ്പിച്ച് കേട് കൂടാതെ സൂക്ഷിക്കുന്ന ക്രയോജനിക്സ് എന്ന സാങ്കേതികവിദ്യയിലാണ് പെൺകുട്ടി ആശ്രയം കണ്ടെത്തിയത്. വിവാഹമോചിതരായി കഴിയുന്ന തന്റെ അച്ഛനമ്മമാർ താൻ മരിച്ചാൽ മൃതദേഹത്തിന് വേണ്ടി പിടിവലിയുണ്ടാകുമെന്ന് ഭയന്ന് തന്റെ മൃതദേഹം ക്രയോജനിക്സിന് വിധേയമാക്കുമെന്നുറപ്പ് വരുത്താനായി പെൺകുട്ടി അവസാന നാളുകളിൽ കോടതിയുടെ സഹായം തേടുകയായിരുന്നു. തുടർന്ന് കോടതി പെൺകുട്ടിക്ക് അനുമതിയുമേകി. ഈ ഒരു ആവശ്യത്തിനായി യുകെയിൽ കോടതി കയറുന്ന ആദ്യത്തെ പെൺകുട്ടിയായിരുന്നു ഇത്.

തന്റെ അന്ത്യാഭിലാഷം നിറവേറ്റുന്നതിനായി പെൺകുട്ടി ജഡ്ജിന് ഹൃദയഭേദകമായ ഒരു കത്തെഴുതുകയായിരുന്നു.തനിക്ക് മരിക്കാൻ ഇഷ്ടമല്ലെന്നും എന്നാൽ അനിവാര്യമായ വിധിക്ക് കീഴടങ്ങുകയാണെന്നുമായിരുന്നു അവൾ ഇതിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഭാവിയിൽ കാൻസറിന് മരുന്ന് കണ്ടുപിടിക്കപ്പെട്ടാൽ തനിക്ക് വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരാൻ താൽപര്യമുണ്ടെന്നും അതിനുള്ള അവസരം ക്രയോജനിക്സിലൂടെ തനിക്കുറപ്പിക്കാൻ സാഹചര്യമുണ്ടാക്കിത്തരണമെന്നുമായിരുന്നു പെൺകുട്ടി കോടതിയോട് അഭ്യർത്ഥിച്ചിരുന്നത്. തുടർന്ന് ഹൈക്കോടതിയിൽ നടത്തിയ കടുത്ത നിയമപോരാട്ടത്തിന് ശേഷമാണ് കോടതിയിൽ നിന്നും പെൺകുട്ടിക്ക് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചത്. തുടർന്ന് പെൺകുട്ടി ആ മനസമാധാനത്തോടെ ഇക്കഴിഞ്ഞ ഒക്ടോബർ 17ന് മരിക്കുകയുമായിരുന്നു. എട്ട് ദിവസങ്ങൾക്ക് ശേഷം അവളുടെ മൃതദേഹം മിച്ചിഗനിലെ ഡെട്രോയ്റ്റിലുള്ള ക്രയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തിക്കുകയും ചെയ്തിരുന്നു. ഇവിടെ ഇത്തരത്തിൽ സൂക്ഷിക്കുന്ന 143ാമത് മൃതദേഹമാണിത്.

ലണ്ടനിലുള്ള പെൺകുട്ടിയുടെ അമ്മ തന്റെ മകളുടെ അവസാനത്തെ ആഗ്രഹത്തിന് പൂർണ പിന്തുണയേകി കൂടെ തന്നെയുണ്ടായിരുന്നു.എന്നാൽ നീണ്ട എട്ട് വർഷമായി പെൺകുട്ടിയിൽ നിന്നും അമ്മയിൽ നിന്നും അകന്ന് കഴിയുന്ന പിതാവ് തുടക്കത്തിൽ ഇതിനെ എതിർത്തിരുന്നുവെങ്കിലും പിന്നീട് മകളുടെ അന്ത്യാഭിലാഷമെന്ന നിലയിൽ വഴങ്ങുകയായിരുന്നു. ജസ്റ്റിസ് പീറ്റർ ജാക്സനായിരുന്നു പെൺകുട്ടിക്ക് അനുകൂലമായി വിധി പറഞ്ഞിരുന്നത്.

ക്രയോജനിക്സ് നിർവഹിക്കുന്നതങ്ങിനെ..?

ക്രയോജനിക്സ് നിർവഹിക്കുന്നതിനായി രോഗി മരിച്ചയുടൻ മൃതദേഹം ഐസ് വെള്ളത്തിൽ കുളിപ്പിക്കുന്നു. തുടർന്ന് ഓർഗൻ പ്രിസർവേഷൻ സൊലൂഷനിൽ കുതിർക്കുകയും ചെയ്യുന്നു. പിന്നീട് മൃതദേഹത്തെ കമ്പ്യൂട്ടർ നിയന്ത്രിത നൈട്രജൻ ഗ്യാസിനാൽ മൈനസ് 110 ഡിഗ്രിയിൽ നിരവധി മണിക്കൂറുകൾ തണുപ്പിക്കുന്നു.തുടർന്ന് അടുത്ത രണ്ടാഴ്ച മൃതദേഹം മൈനസ് 196 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കുന്നു. പിന്നീട് മൃതദേഹം പേഷ്യന്റ് കെയർ ബേയിൽ ലിക്യുഡ് നൈട്രജനിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതോടെ ശരീരത്തിലെ അവയവങ്ങളെല്ലാം എത്ര കാലം വേണമെങ്കിലും അതേ പടി നിലനിർത്താനാവുന്നതാണ്.

ഈ പ്രക്രിയയ്ക്ക് എത്ര ചെലവ് വരും..?

തിനുള്ള ചെലവ് ഏതാണ്ട് 37,000 പൗണ്ട് വരുമെന്നാണ് ജസ്റ്റിസ് ജാക്സൻ പറയുന്നത്. 14കാരി പെൺകുട്ടിയുടെ അമ്മയുടെ മാതാപിതാക്കളാണ് അതിനുള്ള ഫണ്ട് സ്വരൂപിച്ചത്. ഇവിടെ രണ്ട് തരത്തിലുള്ള മെമ്പർഷിപ്പുണ്ടെന്നാണ് ക്രെയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റ് വെളിപ്പെടുത്തുന്നത്. ലൈഫ് ടൈം, വാർഷി മെമ്പർ ഷിപ്പുകളാണിവ. ഇതിൽ ലൈഫ് ടൈമിനുള്ള ഫീസ് 1250 ഡോളറാണ്. ഇതുള്ളവർക്ക് ക്രൈയോപ്രിസർവേഷൻ 28,000 ഡോളറിന് നിർവഹിക്കാം. വാർഷിക മെമ്പർഷിപ്പിന് തുടക്കത്തിലുള്ള ഫീസ് 75 ഡോളറാണ്. തുടർന്ന് വർഷത്തിൽ 120 ഡോളർ ഫീസ് നൽകണം. ഇതുള്ളവര്ക്ക് ക്രൈയോപ്രിസർവേഷൻ 35,000 ഡോളറിന് നിർവഹിക്കാം. ഇതിനുള്ള തയ്യാറെടുപ്പിനും ഷിപ്പ്മെന്റിനും ഫ്യൂണറൽ ഡയറക്ടർക്ക് നൽകുന്ന ചാർജ് വേറെ നൽകണം.

ഇതിന് മുമ്പ് ഇത് നിർവഹിച്ച പ്രശസ്തർ

73ാം വയസിൽ മരിച്ച പ്രശസ്ത സൈക്കോളജിസ്റ്റായ ജെയിംസ് ബെഡ്ഫോർഡ് ആണ് ഇത് ആദ്യം നിർവഹിച്ചത്. 1967ലായിരുന്നു മരണം. ബേസ്ബോൾ ഇതിഹാസമായ ടെഡ് വില്യംസിന്റെ തലയും ശരീരവും ഇത്തരത്തിൽ വെവ്വേറെ സംസ്‌കരിച്ച് സൂക്ഷിച്ചിരിക്കുന്നു. ഫാമിലി ഗ്വേ ക്രിയേറ്ററായ സെത്ത് മാക്ഫാർലാൻ, ടാക്ക്ഷോ ഹോസ്റ്റായ ലാറി കിങ്, എക്സ് ഫാക്ടർ ചീഫ് സൈമൺ കോവെൽ, തുടങ്ങിയ നിരവധി പ്രമുഖർ ക്രയോജനിക്സിന് വിധേയരാകാൻ കാത്തിരിക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP