Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കോട്ട്‌ലൻഡ് ബലം പിടിച്ചപ്പോൾ ഇംഗ്ലണ്ടിനും പുനരാലോചന; പോസ്റ്റ് സ്റ്റഡി വിസ പുനപരിശോധിക്കാൻ കോമൺസ് സെലക്ട് കമ്മിറ്റി

സ്‌കോട്ട്‌ലൻഡ് ബലം പിടിച്ചപ്പോൾ ഇംഗ്ലണ്ടിനും പുനരാലോചന; പോസ്റ്റ് സ്റ്റഡി വിസ പുനപരിശോധിക്കാൻ കോമൺസ് സെലക്ട് കമ്മിറ്റി

പോസ്റ്റ് സ്റ്റഡി വിസയുടെ കാര്യത്തിൽ സ്‌കോട്ട്‌ലൻഡിന്റെ കടുംപിടുത്തത്തിന് അവസാനം ഫലമുണ്ടാകുന്നതിനുള്ള സാധ്യത തെളിയുകയാണ്. പോസ്റ്റ് സ്റ്റഡി വിസ റദ്ദാക്കുന്നതിനുള്ള തീരുമാനം പുനപരിശോധിക്കുമെന്നാണ് ഇപ്പോഴത്തെ ഇംഗ്ലണ്ടിന്റെ നിലപാട്. ഇംഗ്ലണ്ടിന് ഇക്കാര്യത്തിലുള്ള കർക്കശനിലപാട് പുനപരിശോധിക്കണമെന്ന് ഹോം അഫയേർസ് സെലക്ട് കമ്മിറ്റിയാണിപ്പോൾ ഡേവിഡ് കാമറോണിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പഠനം കഴിഞ്ഞാൽ ബ്രിട്ടണിൽ രണ്ട് വർഷം ജോലി ചെയ്യാൻ അനുവദിക്കുന്ന വിസയായ പോസ്റ്റ് സ്റ്റഡി വിസ റദ്ദാക്കാൻ കുറച്ച് മുമ്പ് ബ്രിട്ടൺ തീരുമാനിച്ചിരുന്നു. ഭരണത്തിൽ വളരെ സ്വാധീനം ചെലുത്താൻ കഴിവുള്ള ഹൗസ് ഓഫ് കോമൺസ് കമ്മിറ്റി ചെയർമാനായ കെയ്ത്ത് വസ് ആണ് ഇക്കാര്യം പുനരവലോകനം ചെയ്യാൻ ആലോചിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ നിരീക്ഷിച്ചതിനെ തുടർന്നാണ് പോസ്റ്റ് സ്റ്റഡി വിസ റദ്ദാക്കാനുള്ള തീരുമാനം പുനരവലോകനം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഹോം അഫയേർസ് സെലക്ട് കമ്മിറ്റി ഇക്കാര്യം പുനരവലോകനം ചെയ്യണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നയത്തിലെ നെഗറ്റീവ് ഘടകങ്ങൾ കുറയ്ക്കാൻ വേണ്ടിയാണ് പുനരവലോകനം ശുപാർശ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടണിലേക്ക് പഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ സമീപകാലത്തായി വൻതോതിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കാനായിട്ടുണ്ടെന്നും ഇത് ബ്രിട്ടണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗൗരവപരമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും വസ് പറയുന്നു. ഇതിന് പുറമെ ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥക്കും ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഇത് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതായത് ഇതിലൂടെ ലോകത്തിലെ മികച്ച യൂണിവേഴ്‌സിറ്റികളായ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിൽ പഠിക്കാനുള്ള അവസരം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യുവജനങ്ങൾ ബ്രിട്ടണിൽ പഠിക്കാനെത്തുന്നതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എളുപ്പത്തിൽ വർധിപ്പിക്കാമെന്നും വസ് പറഞ്ഞു.

പോസ്റ്റ് സ്റ്റഡി വിസ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനവുമായി ഇംഗ്ലണ്ട് മുന്നോട്ട് പോവുകയാണെങ്കിൽ തങ്ങൾ സ്വന്തം നിലയ്ക്ക് ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഒരു പ്രത്യേക വിസ ഏർപ്പെടുത്തുമെന്ന് സ്‌കോട്ട്‌ലൻഡ് ഭീഷണി മുഴക്കി ഒരു ദിവസത്തിന് ശേഷമാണ് വസ് പുതിയ തീരുമാനം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. തങ്ങൾ ഏർപ്പെടുത്തുന്ന പ്രത്യേക വിസയിലൂടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനത്തിന് ശേഷം സ്‌കോട്ട്‌ലൻഡിൽ ജോലി ചെയ്യാൻ സാധിക്കുമെന്ന് സ്‌കോട്ട്‌ലൻഡ് നേതാക്കൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യം ഫ്രഷ് ടാലന്റ് വർക്കിങ് ഇൻ സ്‌കോട്ട്‌ലൻഡ് സ്‌കീം വിസ ഏർപ്പെടുത്താൻ പദ്ധതിയിടുന്നതായി സ്‌കോട്ട്‌ലൻഡ്‌സ് യൂറോപ്പ് ആൻഡ് ഇന്റർനാഷണൽ മിനിസ്റ്ററായ ഹുമാസ യൂസഫ് കഴിഞ്ഞ ദിവസം ഉറപ്പിച്ച് പറയുകയുമുണ്ടായി.ഇതു പ്രകാരം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്‌കോട്ട് ലൻഡിലെ യൂണിവേഴ്‌സിറ്റികളിൽ പഠിക്കാനും അതിന് ശേഷം അവിടെ ജോലി ചെയ്യാനും അവസരമൊരുങ്ങുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സ്റ്റുഡന്റ് വിസയുടെ മേലുള്ള ഏത് നിയന്ത്രണവും അനാവശ്യവും അർഹിക്കാത്തതുമാണെന്ന് ഇതിന് മുമ്പ് പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ ഹോം അഫയേർസ് സെലക്ട് കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ബ്രിട്ടണിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിനും അന്താരാഷ്ട്ര അംഗീകാരത്തിനും ദോഷകരമായി ബാധിക്കുമെന്നും പ്രസ്തുത റിപ്പോർട്ട് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അനിയന്ത്രിതമായ മാർഗത്തിലൂടെ ബ്രിട്ടണിലേക്ക് കടക്കാൻ ഒരുങ്ങുന്ന വിദ്യാർത്ഥികളെയും വ്യാജകോളജുകളെയും തടയുന്നതിന് സർക്കാരിന് തങ്ങൾ പൂർണ പിന്തുണയേകുമെന്നും ഹോം അഫയേർസ് സെലക്ട് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.യൂകെയിലെ ഫസ്റ്റ് ഡിഗ്രീ വിദ്യാർത്ഥികളിൽ 10 ശതമാനവും പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികളിൽ 40 ശതമാനവും വിദേശ വിദ്യാർത്ഥികളാണ്.യുകെയിലെ വിദ്യാർത്ഥികൾ നൽകുന്നതിനേക്കാൾ ഫീസ് നൽകി ഇവർ ഇവിടുത്തെ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുന്നുമുണ്ട്. 190 രാജ്യങ്ങളിൽ നിന്നും ബ്രിട്ടണിലേക്ക് വിദ്യാർത്ഥികൾ എത്തുന്നുണ്ട്. 2013 2014 വർഷത്തിൽ ബ്രിട്ടണിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾ 1003 മില്യൺ പൗണ്ട് ഫീസിനത്തിൽ മാത്രം നൽകിയിട്ടുണ്ട്. പുതിയ കണക്കുകൾ പ്രകാരം യുകെയിലെ ജിഡിപിയിലേക്ക് ഇത്തരം വിദ്യാർത്ഥികൾ ട്യൂഷൻ ഫീസായ 1317 പൗണ്ട് സംഭാവന ചെയ്യുന്നുണ്ട്. 717 മില്യൺ പൗണ്ട് സമ്പദ് വ്യവസ്ഥയിലേക്ക് നേരിട്ടും 183 മില്യൺ പൗണ്ട് സപ്ലൈ ചെയിൻ വഴിയും ഇവർ സംഭാവന ചെയ്യുന്നുണ്ട്. ബ്രിട്ടണിലെ സമ്പദ് വ്യവസ്ഥയിൽ വിദേശ വിദ്യാർത്ഥികൾക്കുള്ള നിർണായകമായ സ്വാധീനമാണിത് വിളിച്ചോതുന്നത്. എന്നാൽ സമീപകാലത്തായി ബ്രിട്ടണിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളടക്കമുള്ളവരുടെ എണ്ണം കുറഞ്ഞ് വരുന്നതായാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.

2010-2011 നും 2013-2014നും ഇടയിൽ സ്‌കോട്ട്‌ലൻഡിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 63 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. അതിനിടെ പോസ്റ്റ് സ്റ്റഡി വിസ നിരോധിക്കാനുള്ള തീരുമാനം സ്ഥിതിഗതികൾ വഷളാക്കുകയും ചെയ്തിട്ടുണ്ട്.

2012 ഏപ്രിലിലാണ് ബ്രിട്ടൺ ഗവൺമെന്റ് ടിയർ 1 വിസ( പോസ്റ്റ്സ്റ്റഡി വർക്ക്) നിരോധിച്ചത്. ഏതായാലും ഇക്കാര്യത്തിൽ സ്‌കോട്ട്‌ലൻഡിന്റെ സമ്മർദ്ദത്തെ തുടർന്നാണെങ്കിലും ബ്രിട്ടൺ ഒരു പുനർവിചിന്തനത്തിന് ഒരുങ്ങുന്നുവെന്നത് സ്വാഗതാർഹമാണ്. ബ്രിട്ടണിൽ പഠനവും ജോലിയും സ്വപ്‌നം കാണുന്ന നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇത് നിറഞ്ഞ പ്രതീക്ഷയാണേകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP