Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡേവിഡ് കാമറോൺ ഇന്നലെ തന്നെ പായ്ക്കിങ് തീർത്തു; സ്വന്തം വീട് വാടകയ്ക്ക് കൊടുത്തതിനാൽ വാടക വീട്ടിലേക്ക് ഇന്ന് തന്നെ മാറും

ഡേവിഡ് കാമറോൺ ഇന്നലെ തന്നെ പായ്ക്കിങ് തീർത്തു; സ്വന്തം വീട് വാടകയ്ക്ക് കൊടുത്തതിനാൽ വാടക വീട്ടിലേക്ക് ഇന്ന് തന്നെ മാറും

സ്ഥാനമൊഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ഡൗണിങ് സ്ട്രീറ്റിലെ വീടൊഴിഞ്ഞ് പായ്ക്കിങ് ഇന്നലെ തന്നെ തീർത്തുവെന്നാണ് റിപ്പോർട്ട്. നോട്ടിങ്ഹില്ലിലെ സ്വന്തം വീട് വാടകയ്ക്ക് കൊടുത്തിരിക്കുന്നതിനാൽ ലണ്ടനിൽ മറ്റൊരു വീട് വാടകയ്ക്കെടുത്ത് അവിടേക്കാണ് കാമറോണും കുടുംബവും മാറുന്നത്. കഴിഞ്ഞ ആറ് വർഷമായി താമസിക്കുന്ന ഡൗണിങ് സ്ട്രീറ്റിലെ വീട്ടിൽ നിന്നുള്ള കാമറോണിന്റെയും കുടുംബത്തിന്റെയും വിടവാങ്ങൽ തീർത്തും വികാരനിർഭരമാണ്. ഇന്നാണ് കാമറോൺ ഔദ്യോഗിക വസതിയുടെ പടിയിറങ്ങിപ്പോകുന്നത്.

തിങ്കളാഴ്ച തെരേസ മേയുടെ പ്രധാനമന്ത്രി സ്ഥാനം ഉറപ്പായതോടെയാണ് കാമറോൺ പെട്ടെന്ന് വീട് മാറാൻ തീരുമാനിച്ചിരിക്കുന്നത്. കാമറോണിന്റെ സാധനങ്ങൾ മാറ്റുന്നതിനുള്ള റിമൂവൽ വാൻ ഇന്നലെ രാവിലെ തന്നെ ഡൗണിങ് സ്ട്രീറ്റിലെത്തിയിരുന്നു. വിവിധ സാധനങ്ങൾ അടങ്ങിയ 330 ബോക്സുകൾ ഇവിടെ നിന്നും കൊണ്ടു പോകാനുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിൽ 150 വലിയ ബോക്സുകളും 150 സ്റ്റാൻഡേർഡ് ബോ്ക്സുകളും 30 വാർഡോബ് ബോക്സുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.ഇന്ന് ബക്കിങ് ഹാം പാലസിൽ പോയി രാജ്ഞിക്ക് ഔദ്യോഗികമായി രാജി സമർപ്പിച്ച് താക്കോലുകൾ തെരേസ മെയ്‌ക്ക് കൈമാറാനാണ് കാമറോൺ തീരുമാനിച്ചിരിക്കുന്നത്. 

ഇന്നലെ ഡൗണിങ് സ്ട്രീറ്റിലെത്തിയ വലിയ നീല വാനിലേക്ക് അസിസ്റ്റന്റുമാർ വലിയ ബോക്സുകളും ബാഗുകളും കയറ്റുന്നത് കാണാമായിരുന്നു. അതിനിടെ കാമറോൺ തിങ്കളാഴ്ച തന്റെ 215ാമത്തേതും അവസാനത്തേതുമായ കാബിനറ്റ് മീറ്റിങ് വിളിച്ച് കൂട്ടുകയും ചെയ്തിരുന്നു.  പ്രസ്തുത യോഗം കഴിഞ്ഞ് 10.20ന് കാമറോൺ പോകുമ്പോൾ കാബിനറ്റ് അംഗങ്ങൾ നാല് വട്ടം മേശകൾക്ക് മുകളിൽ തട്ടി ശബ്ദമുണ്ടാക്കിയിരുന്നു.

ബക്കിങ്ഹാം പാലസിലേക്ക് രാജി സമർപ്പിക്കാൻ പോകുന്നതിന് മുമ്പ് ഇന്ന് നടക്കുന്ന പ്രൈമിനിസ്റ്റേർസ് ക്വസ്റ്റ്യൻസിനായി കാമറോൺ തയ്യാറെടുക്കുകയാണ്. തന്റെ അവസാന കാബിനറ്റ് മീറ്റിംഗിൽ കാമറോൺ വളരെ ഉല്ലാസവാനായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വക്താവ് വെളിപ്പെടുത്തുന്നത്. രാജ്യത്തെ സേവിക്കാൻ സാധിച്ചതിൽ തനിക്കേറെ അഭിമാനമുണ്ടെന്നാണ് അദ്ദേഹം ആ വേളയിൽ കാബിനറ്റംഗങ്ങളോട് പ്രതികരിച്ചത്.

പ്രതീക്ഷിച്ചതിനേക്കാൾ ഒരാഴ്ച മുമ്പാണ് കാമറോൺ ഡൗണിങ് സ്ട്രീറ്റിന്റെ പടികളിറങ്ങുന്നത്. ആൻഡ്രിയ ലീഡ്സം പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും അപ്രതീക്ഷിതമായി തിങ്കളാഴ്ച പിന്മാറിയതിനെ തുടർന്ന് തെരേസ മേയുടെ പ്രധാനമന്ത്രിപദം ഉറപ്പായതിനെ തുടർന്നാണിത്. നോട്ടിങ് ഹില്ലിലെ തങ്ങളുടെ വീട് കാമറോൺ എട്ട് ലക്ഷം പൗണ്ടിന് റീ മോർട്ട്ഗേജ് ചെയ്തിരിക്കുകയാണ്. അവിടെ നിലവിലുള്ള വാടകക്കാർക്ക് കാമറോൺ നോട്ടീസ് നൽകിയിട്ടുണ്ട്. ഡൗണിങ് സ്ട്രീറ്റിലെ വീട് നവീകരിക്കാൻ സ്വന്തം കീശയിൽ നിന്നും പൊതുഖജനാവിൽ നിന്നും ആയിരക്കണക്കിന് പൗണ്ട് കാമറോൺ ചെലവാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇവിടെ ടോപ്-ഓഫ്-ദി-റേഞ്ച് കിച്ചണും ഓപ്പൺ-പ്ലാൻ സിറ്റിങ് റൂമും ഇവിടെ സജ്ജമാക്കിയിരുന്നു.കാമറോണിന്റെയും ഭാര്യ സാമന്തയുടെയും ഇളയ മകളായ ഫ്ലോറൻസ്(5) ഇവർ ഇവിടേക്ക് വന്ന് ഏതാനും മാസങ്ങൾക്ക് ശേഷമായിരുന്നു ജനിച്ചിരുന്നത്.

വെസ്റ്റ് ഓക്സ്ഫോർഡ് ഷെയറിലുള്ള തങ്ങളുടെ സ്വന്തം വീട്ടിൽ കാമറോണിനും കുടുംബത്തിനും സമാധാനത്തോടെ കഴിയാനാകും. ആവശ്യത്തിന് സ്വകാര്യത ലഭിക്കുന്ന ഇടമാണിത്. ഇവിടെ ഇവർക്ക് സാധാരണ ജീവിതം നയിക്കാനാവും. കാമറോണിനും കുടുംബത്തിനും ഇവിടെ ധാരാളം സുഹൃത്തുക്കളും ബന്ധുക്കളുമുള്ളതിനാൽ ജീവിതം സുഖകരമാകുമെന്നുറപ്പാണ്. എന്നാൽ കുട്ടികളുടെ സ്‌കൂൾ ടേം കഴിയുന്നത് വരെ ഇവിടേക്ക് മാറുക എളുപ്പമല്ല. കാരണം ലണ്ടനിൽ നിന്നും 70 മൈലുകളോളം അകലെയുള്ള പ്രദേശമായതിനാൽ കാമറോണിന്റെ കുട്ടികൾക്ക് നിത്യവും സ്‌കൂളിലേക്ക് വന്ന് പോവുക എളുപ്പമല്ലാത്തതിനാൽ ലണ്ടനിലെ വാടക വീട്ടിൽ തന്നെ കഴിയുകയേ നിവൃത്തിയുള്ളൂ. അടുത്ത തെരഞ്ഞെടുപ്പ് വരെ താൻ എംപിയായി തുടരുമെന്ന് കാമറോൺ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നൊഴിയുന്നതിനാൽ ശമ്പളം 150,000 പൗണ്ടിൽ നിന്നും 75,000 പൗണ്ടായി കുറയുകയും ചെയ്യും.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP