Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞങ്ങളുടെ രാജ്യത്തോ ഞങ്ങളുടെ സഖ്യകക്ഷികൾക്കോ എന്തു സംഭവിച്ചാലും ഉത്തരം പറയേണ്ടി വരും; ഇറാനെ ഭൂപടത്തിൽ നിന്നും മായ്ച്ചു കളയാൻ അമേരിക്കയ്ക്ക് അധികനേരം ആവശ്യമില്ല; ഇറാന് അവസാന മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്; ഗൾഫ് പ്രതിസന്ധി തുടരുമ്പോൾ സ്വരം കടുപ്പിച്ച് അമേരിക്ക

ഞങ്ങളുടെ രാജ്യത്തോ ഞങ്ങളുടെ സഖ്യകക്ഷികൾക്കോ എന്തു സംഭവിച്ചാലും ഉത്തരം പറയേണ്ടി വരും; ഇറാനെ ഭൂപടത്തിൽ നിന്നും മായ്ച്ചു കളയാൻ അമേരിക്കയ്ക്ക് അധികനേരം ആവശ്യമില്ല; ഇറാന് അവസാന മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്; ഗൾഫ് പ്രതിസന്ധി തുടരുമ്പോൾ സ്വരം കടുപ്പിച്ച് അമേരിക്ക

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ഇറാനെതിരെ ശക്തമായ ഭാഷ ഉപയോഗിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. യുദ്ധത്തിന് വന്നാൽ ഇറാന്റെ അന്ത്യമായിരിക്കും സംഭവിക്കുകയെന്നും അമേരിക്കയെ ഭീഷണിപ്പെടുത്താൻ വരേണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. 'യുദ്ധം ചെയ്യാനാണ് ഇറാന്റെ ആഗ്രഹമെങ്കിൽ അത് ഇറാന്റെ അന്ത്യമാവും. പിന്നീടൊരിക്കലും യുഎസിനെ ഭീഷണിപ്പെടുത്തില്ല!' -ട്രംപ് ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിൽ ഒന്നാമത് ഇറാനാണ് എന്നായിരുന്നു മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞത്.

അതേസമയം, യുദ്ധസാധ്യത തള്ളിക്കളയുന്ന ഇറാൻ, അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും വ്യക്തമാക്കുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കും ഇറാൻ അടിച്ചാൽ തിരിച്ചടിക്കുമെന്ന സൗദി അറേബ്യയുടെ പ്രസ്താവനക്കും പിന്നാലെ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇറാൻ. എന്നാൽ, തങ്ങളെ തോൽപിച്ചുകളയാമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. 'പശ്ചിമേഷ്യയിൽ യുദ്ധമുണ്ടാവില്ല. കാരണം ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല എന്നതുതന്നെ. എന്നാൽ, ഇറാനെ തോൽപിച്ചുകളയാമെന്ന് ആരും സ്വപ്നം കാണുകയും വേണ്ട'- ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് പറഞ്ഞു.

കടുത്ത ഉപരോധമേർപ്പെടുത്തിയും പേർഷ്യൻ ഉൾക്കടലിലേക്ക് യുദ്ധക്കപ്പലുകളയച്ചും അമേരിക്ക പ്രകോപനപരമായ നീക്കങ്ങൾ നടത്തുന്നതിനെ ഇറാൻ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഉൾക്കടലിൽ നങ്കൂരമിട്ട അമേരിക്കൻ കപ്പലുകൾ ആക്രമിക്കാൻ തങ്ങൾക്ക് ചെറിയൊരു മിസൈൽ മതിയെന്ന ഇറാനിലെ മുതിർന്ന സൈനികഉദ്യോഗസ്ഥൻ മുഹമ്മദ് സലേ ജൊകാറിന്റെ പ്രകോപനപരമായ പ്രസ്താവന കൂടിയായതോടെയാണ് ഇറാൻ അമേരിക്കയ്ക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കുന്നു എന്ന അഭ്യൂഹം ശക്തമായത്.

മേഖലയിൽ സൈനിക വിന്യാസം യു.എസ് വർധിപ്പിക്കുകയും സൗദിയുടേതടക്കമുള്ള എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്കിനടുത്ത് ആക്രമിക്കപ്പെടുകയും ചെയ്തതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി പരന്നിരുന്നു. എന്നാൽ, അതിനു പിന്നാലെ യുദ്ധസാധ്യത ലഘൂകരിക്കുന്നതായിരുന്നു ട്രംപ് അടക്കമുള്ളവർ നടത്തിയ പ്രസ്താവനകൾ. ഇറാനുമായി ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിക്കുകയും യുദ്ധത്തിന് യു.എസിന് താൽപര്യമില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ട്രംപ് ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്.

ഇറാനോടുള്ള നിലപാടിൽ ട്രംപ് ഭരണകൂടത്തിനുള്ളിൽ തന്നെ ഭിന്ന നിലപാടുകളുണ്ടെന്നാണ് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണാണ് യുദ്ധമടക്കമുള്ള കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെടുന്നവരിലെ പ്രമുഖൻ.

ആറ് ലോകരാജ്യങ്ങൾ ഇറാനുമായി ഒപ്പുവച്ച അന്താരാഷ്ട്ര ആണവകരാറിൽ നിന്ന് ഏകപക്ഷീയമായി അമേരിക്ക പിന്മാറിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയത്. തുടർന്ന് കരാറിൽ നിന്ന് ഇറാനും പിൻവാങ്ങുകയും ആണവപദ്ധതി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. 2015ൽ ഇറാനും ആറ് രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറിൽനിന്ന് കഴിഞ്ഞവർഷം യു.എസ് പിന്മാറിയതോടെയാണ് ട്രംപ് ഭരണകൂടം ഇറാനോടുള്ള നിലപാട് വീണ്ടും കടുപ്പിച്ച് തുടങ്ങിയത്. ഇതിന്റെ തുടർച്ചയായി ഇറാന്റെ മേലുള്ള ഉപരോധം യു.എസ് കർശനമാക്കുകയും ചെയ്തിരുന്നു.

ഇറാനിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെയും അമേരിക്ക പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.അതേസമയം, മക്കയെയും ജിദ്ദയെയും ലക്ഷ്യം വച്ചുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി അറേബ്യ വ്യോമസേന വെടിവച്ചിട്ടു. ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി അറേബ്യ ആരോപിച്ചു.മക്കയെ ലക്ഷ്യം വച്ചുള്ള ഹൂതികളുടെ മിസൈലാക്രമണം ഇതാദ്യമായിട്ടല്ല. 2017 ജൂലായിൽ നടന്ന ശക്തമായ ആക്രമണം സൗദി സൈന്യം തകർത്തിരുന്നു. ഇറാനാണ് ഹൂതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സൗദിയുടെ ആരോപണം

പ്രദേശത്ത് ഉടലെടുത്തിരിക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കാൻ അടിയന്തരമായി പ്രാദേശിക ചർച്ചകൾ നടത്തണമെന്ന് സൗദി ആവശ്യപ്പെട്ടു. ഈ മാസം 30ന് മക്കയിൽ നടക്കാനിരിക്കുന്ന രണ്ട് അടിയന്തര യോഗങ്ങളിലേക്കു ഗൾഫ് നേതാക്കളെയും അറബ് ലീഗ് അംഗങ്ങളെയും സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP