Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടനിൽ നിന്നും പറന്നുയർന്ന വിമാനം രണ്ടടി നീളമുള്ള ഡ്രോണുമായി കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സുരക്ഷ ആശങ്ക ശക്തമായി

ബ്രിട്ടനിൽ നിന്നും പറന്നുയർന്ന വിമാനം രണ്ടടി നീളമുള്ള ഡ്രോണുമായി കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സുരക്ഷ ആശങ്ക ശക്തമായി

വിമാനവും ഡ്രോണുമായി കൂട്ടിയിടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മറ്റൊരു സംഭവം കൂടി ഹീത്രോ വിമാനത്താവളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. രണ്ടടി നീളമുള്ള ഡ്രോൺ പറന്നുയർന്ന വിമാനത്തിന്റെ വെറും 100 അടി താഴ്ചയിലൂടെയാണ് പറന്ന് നീങ്ങിയിരുന്നത്. ഫെബ്രുവരി 14നാണ് ഈ സംഭവം നടന്നതെന്നും റിപ്പോർട്ടുണ്ട്. ഏറ്റവും അപകടം പിടിച്ച കാറ്റഗറിയിലാണ് യുകെ എയർപ്രോക്സ് ബോർഡ് ഈ അപകടത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ടേയ്ക്ക് ഓഫ് കഴിഞ്ഞ പൈലറ്റ് വിമാനം 12,500 അടി ഉയരത്തിൽ പറത്തുമ്പോഴായിരുന്നു ഡ്രോൺ വിമാനത്തെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്ന് പോയത്. കഴിഞ്ഞ ഏപ്രിൽ 17ന് ഹീത്രോവിൽ ലാൻഡ് ചെയ്യുന്നതിനിടെ ബ്രിട്ടീഷ് എയർവേസിന്റെ യാത്രാവിമാനം ഡ്രോണുമായി കൂട്ടിയിടിച്ചിരുന്നു. ജനീവയിൽ നിന്നും വന്ന എയർബസ് എ320 ന് ആണ് ഈ അനുഭവമുണ്ടായത്. 132 യാത്രക്കാരും അഞ്ച് ക്രൂവുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ബ്രിട്ടീഷ് എയർസ്പേസിൽ ഇതാദ്യമായാണ് ഒരു കമേഴ്സ്യൽ വിമാനം ഡ്രോണുമായി കൂട്ടിയിടിച്ച സംഭവമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാഗ്യവശാൽ വൻ അപകടം ഒഴിവാകുകയും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. അന്ന് വിമാനം ലാൻഡ് ചെയ്യാൻ അഞ്ച് മുതൽ 10 മിനുറ്റ് വരെ ബാക്കി നിൽക്കവെയാണ് കൂട്ടിയിടിയുണ്ടായിരുന്നത്. ഹീത്രോവിലെ ടെർമിനൽ 5ലാണ് വിമാനം ഇറങ്ങിയത്.ഉച്ചയ്ക്ക് 12.50നായിരുന്നു സംഭവം.

എന്നാൽ ഏപ്രിൽ 17ന്റെ സംഭവം ഡ്രോണുമായി ബന്ധപ്പെട്ടതല്ലെന്ന് ഇന്നലെ ട്രാൻസ്പോർട്ട് സെക്രട്ടറി പട്രിക് മാക് ലൗഗ്ലിൻ എംപിമാരോട് പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തിരുന്നുവെന്നും തുടർന്ന് ആവശ്യമായ പരിശോധനകൾ നടത്തിയതിന് ശേഷമാണ് അടുത്ത വിമാനം ടേക്ക് ഓഫ് ചെയ്തതെന്നുമായിരുന്നു ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കിയിരുന്നത്. സംഭവത്തെ തുടർന്ന് എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് ഒരു അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ അത് അവസാനിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾ ആർക്കെങ്കിലും അറിയാമെങ്കിൽ അത് വെളിപ്പെടുത്തണമെന്ന് പൊലീസ് ജനങ്ങളോട് നിർദേശിച്ചിരുന്നു. തെളിവിനായി പൊലീസ് റിച്ച്മണ്ട്, സൗത്ത് വെസ്റ്റ് ലണ്ടൻ എന്നിവിടങ്ങളിൽ വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

ഏപ്രിലിനും കഴിഞ്ഞ വർഷം ഒക്ടോബറിനും ഇടയിൽ 23 പ്രാവശ്യം ഡ്രോണുകളും കമേഴ്സ്യൽ വിമാനങ്ങളും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്ന് പോയിരുന്നുവെന്നാണ് യുകെ എയർപ്രോക്സ് ബോർഡിന്റെ കഴിഞ്ഞ മാസത്തെ റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ വർഷം സെപ്റ്റംബർ 22ന് ബോയിങ് 777 വിമാനവും ഡ്രോണും തമ്മിൽ നേരിയ വ്യത്യാസത്തിനാണ് കൂട്ടിയിടിയിൽ നിന്ന് ഒഴിവായത്. 2015 ഓഗസ്റ്റ് 12, ഒക്ടോബർ 4, ഒക്ടോബർ 13,നവംബർ 28,ഡിസംബർ 6 എന്നീ ദിവസങ്ങളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രോണുകൾ വിമാനത്തിന്റെ എൻജിനെ നശിപ്പിക്കാനും അല്ലെങ്കിൽ കോക്ക് പിറ്റ് വിൻഡ് സ്‌ക്രീനിന് കേടുപാടു വരുത്താനും ശേഷിയുള്ളവയാണെന്നാണ് പൈലറ്റുമാർ മുന്നറിയിപ്പേകുന്നത്. ഇവ എയർ ട്രാഫിക് കൺട്രോൾ റഡാൻ സ്‌ക്രീനുകളിൽ വളരെ ചെറുതായി മാത്രമേ ദൃശ്യമാവുകയുള്ളൂവെന്നതും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വിമാനത്തിന്റെ നോസ് അല്ലെങ്കിൽ മറ്റേതെങ്കിലും മൃദുഭാഗങ്ങൾ എന്നിവിടങ്ങളിൽ മുട്ടുന്ന വേളയിൽ ഡ്രോണുകലുടെ ലിഥിയം ബാറ്ററിക്ക് തീ പിടിക്കാൻ സാധ്യതയുണ്ടെന്നും അത് വൻ അപകടത്തിന് വഴിയൊരുക്കുമെന്നും എൻജീനിയമാർ മുന്നറിയിപ്പേകുന്നു.

25പൗണ്ടിൽ താഴെ മാത്രം വില വരുന്ന ആയിരക്കണക്കിന് ഡ്രോണുകളാണ് ബ്രിട്ടനിലെ ആളുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ വാങ്ങിയിരിക്കുന്നത്. ഇവ സിവിൽ ഏവിയേഷൻ അഥോറിറ്റിയുെട ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിപ്പിക്കാമെന്നതും കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഡ്രോണുകൾ യാത്രാവിമാനങ്ങളുമായി കൂട്ടിയിടിക്കാനുള്ള റിസ്‌കുകളെ പറ്റിയുള്ള ഗവേഷണത്തെ പിന്തുണയ്ക്കാൻ ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടിനോടും സിവിൽ ഏവിയേഷൻ അഥോറിറ്റിയോടും ആവശ്യപ്പെട്ടിട്ടതുണ്ട്.

ഹൈ-എൻഡ് ഡ്രോണുകൾക്ക് 6000 അടി വരെ ഉയരത്തിലും 50 എംപിഎച്ച് വേഗതയിലും പറക്കാൻ സാധിക്കുമെന്നതും 25 മിനുറ്റ് വരെ വായുവിൽ നിലകൊള്ളാൻ സാധിക്കുമെന്നതും വിമാനങ്ങൾക്ക് കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. 25 പൗണ്ട് മുതൽ 20,000 പൗണ്ട് വരെ വിലയുള്ള ഡ്രോണുകളുണ്ട്. കഴിഞ്ഞ വർഷം മാത്രം യുകെയിൽ 15,000 ഡ്രോണുകൾ വിറ്റ് പോയെന്നാണ് ഇലക്ട്രിക്കൽ സ്റ്റോർ മാപ്ലിൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ രംഗങ്ങളിൽ ഡ്രോണുകളെ ഉപയോഗിക്കുന്ന രീതി വ്യാപകമാവുന്നുമുണ്ട്. ഡ്രോണുകൾ പിസ വിതരണം ചെയ്യുന്നതിന്റെ വീഡിയോ ഡോമിനോസ് പിസ കഴിഞ്ഞ വർഷം റീലീസ് ചെയ്തിരുന്നു. തങ്ങളുടെ ഡെലിവറി വേഗത്തിലാക്കാൻ ആമസോൺ ഓൺലൈൻ സ്റ്റോർ ആലോചിക്കുന്നുമുണ്ട്. ബിബിസി പോലുള്ള ബ്രോഡ്കാസ്റ്റർമാരും മറ്റും ഷൂട്ടിംഗിനായി ഡ്രോണുകളെ പ്രയോജനപ്പെടുത്തുന്നുണ്ട്.

ഡ്രോൺ ഓപ്പറേറ്റർമാർക്ക് എല്ലാ സമയവും വിമാനങ്ങൾ വരുന്നത് കാണാൻ സാധിക്കുന്നതിനാൽ ഡ്രോണുകളെ 400 അടി ഉയരത്തിൽ പറപ്പിക്കരുതെന്നുമാണ് സിവിൽ ഏവിയേഷൻ അഥോറിറ്റി ഡ്രോൺ ഓപ്പറേറ്റർമാരെ ഉപദേശിക്കുന്നത്. ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകൾ 50 മീറ്റർ ഉയരത്തിൽ കൂടുതൽ ആളുകൾ, വാഹനങ്ങൾ , കെട്ടിടങ്ങൾ, തുടങ്ങിയവയ്ക്ക് മുകളിൽ പറപ്പിക്കാനും പാടില്ല. വർധിചച്ച് വരുന്ന ഡ്രോണുകൾ യുകെയിൽ വൻ ഭീഷണി സൃഷ്ടിക്കുന്നതിനാൽ ഒരു ഡ്രോൺ രജിസ്ട്രേഷൻ സ്‌കീം ആവിഷ്‌കരിക്കാൻ മിനിസ്റ്റർമാർ ആലോചിക്കുന്നുണ്ട്. അയർലണ്ടിലും യുഎസിലും നിലവിലുള്ള ഇത്തരം നിയമത്തിന് സമാനമായിരിക്കുമിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP