ഭാര്യയുടെ സമ്മതത്തോടെ കുഞ്ഞിന് വേണ്ടി ലക്ഷം രൂപ നൽകി ആഫ്രിക്കൻ യുവതിയെ പ്രാപിച്ചു; കസ്റ്റഡി തർക്കത്തിനൊടുവിൽ കോടതിയുടെ ഒത്ത് തീർപ്പ്
June 12, 2015 | 08:43 AM IST | Permalink

സ്വന്തം ലേഖകൻ
ഒരു കുട്ടിയുണ്ടാകാൻ വേണ്ടി ആളുകൾ എന്ത് ഒത്ത് തീർപ്പിനും വഴങ്ങുന്ന കാലമാണിത്. തനിക്ക് കുഞ്ഞ് ജനിക്കില്ലെന്ന് മനസിലായ ഒരു ബ്രിട്ടീഷ് യുവതി തന്റെ ഭർത്താവിനെ ഒരു ആഫ്രിക്കൻ യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ അനുവദിക്കുകയും അതിലൂടെ ഒരു കുഞ്ഞ് പിറക്കുകയും വരെ ഉണ്ടായിരിക്കുന്നു. ഭാര്യയുടെ സമ്മതത്തോടെ ഭർത്താവ് 2000 പൗണ്ട് നൽകി ആഫ്രിക്കൻ യുവതിയുമായി ബന്ധപ്പെടുകയായിരുന്നു. അവസാനം കുഞ്ഞിനെച്ചൊല്ലിയുള്ള കസ്റ്റഡി തർക്കത്തിനൊടുവിൽ കോടതി ഇടപെട്ട് ഒത്ത് തീർപ്പുണ്ടാക്കേണ്ടിയും വന്നു.
യുകെയിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഭർത്താവും ഭാര്യയുമാണ് ഈ അത്യപൂർവ പ്രവൃത്തി ചെയ്തിരിക്കുന്നത്. കുഞ്ഞിന് വേണ്ടി ഇവർ ആഫ്രിക്കൻ യുവതിയുമായി 2000 പൗണ്ട് നൽകി കരാറുണ്ടാക്കുകയായിരുന്നുവത്രെ. ഈ സമയം ആഫ്രിക്കക്കാരി ജർമനിയിലാണ് കഴിഞ്ഞിരുന്നത്. ഭാര്യ യുവതിയെ നേരിട്ട് കണ്ട് ഒരു ആൺകുട്ടിയെ ജനിപ്പിച്ച് തരണമെന്ന വ്യവസ്ഥിൽ 2000 പൗണ്ട് നൽകുകയുമായിരുന്നു. തുടർന്ന് രണ്ടു മാസത്തിന് ശേഷം ഭർത്താവ് ലണ്ടനിൽ നിന്ന് ജർമനിയിലേക്ക് പോവുകയും യുവതിയുമായി ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് കുഞ്ഞ് ജനിക്കുകയും ചെയ്തു. തന്റെ ഭർത്താവും യുവതിയും തമ്മിൽ സെക്സ് ചെയ്തുവെന്ന സത്യത്തിന് നേരെ താൻ കണ്ണടയ്ക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആഫ്രിക്കൻ യുവതിയും ഈ ദമ്പതികളും തമ്മിൽ പിന്നീട് കുഞ്ഞിന്റെ പേരിൽ അവകാശ തർക്കം രൂക്ഷമാവുകയായിരുന്നു. തുടർന്ന് ഈ കേസ് ജസ്റ്റിസ് പഫ്ലെയ്ക്ക് മുന്നിലെത്തുകയും ചെയ്തു. ഇത് തീർത്തും അസാധാരണമായ കേസാണെന്നാണ് പഫ്ലെ പറഞ്ഞത്. തുടർന്ന് ബ്രിട്ടീഷ് ദമ്പതികൾക്ക് അനുകൂലമായി വിധിയെഴുതുകയും ചെയ്തു. ഇതു പ്രകാരം കുഞ്ഞിനെ ജർമനിയിൽ നിന്നും ബ്രിട്ടീഷ് ദമ്പതികൾക്ക് വിട്ട് കൊടുക്കാൻ ആഫ്രിക്കൻ യുവതിയോട് ഉത്തരവിടുകയും ചെയ്തു. എന്നാൽ കുട്ടി അതിന്റെ അമ്മയ്ക്കൊപ്പം വളരുമെന്നും അച്ഛന് ഇടയ്ക്കിടെ വന്ന് കാണാമെന്നുമാണ് തന്റെ കക്ഷിയുമായി ഉണ്ടാക്കിയ കരാറെന്നാണ് ആഫ്രിക്കൻ യുവതിയുടെ അഭിഭാഷകൻ വാദിച്ചത്. ജർമൻ നിയമപ്രകാരം തനിക്ക് കുഞ്ഞിനെ കസ്റ്റഡിയിൽ വയ്ക്കാനുള്ള അവകാശമുണ്ടെന്ന് യുവതി വാദിക്കുകയും ചെയ്തു. താൻ ജീവിക്കുന്ന രാജ്യത്തെ ജഡ്ജിയുടെ തീരുമാനപ്രകാരം കാര്യങ്ങൾ നീക്കുമെന്നുമാണ് അവർ പറയുന്നത്. താൻ ദമ്പതികളുമായി കരാൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കുട്ടിയെ എന്നെത്തേക്കുമായി വിട്ട് കൊടുക്കാൻ വ്യവസ്ഥയില്ലെന്നാണ് ആഫ്രിക്കൻ യുവതിയുട പക്ഷം. താൻ നിരക്ഷരയും പാവപ്പെട്ടവളുമാണെന്നും ഇത് ബ്രിട്ടീഷ് ദമ്പതികൾ മുതലാക്കാൻ ശ്രമിക്കുകയുമാണെന്നും അവർ പരാതിപ്പെടുന്നു.
എന്നാൽ കുട്ടി ബ്രിട്ടീഷ് ദമ്പതികളുടെ കൂടെ ബ്രിട്ടനിൽ വളരുമെന്നാണ് കരാറെന്നാണ് അവരുടെ അഭിഭാഷകരായ ആൻഡ്രൂ നോർട്ടനും മാർലെനെ കായൂണും പറയുന്നത്. വ്യവസ്ഥ പ്രകാരം കുട്ടിയെ് യഥാർത്ഥ അമ്മയെ അവധിക്കാലങ്ങളിൽ കാണിച്ചാൽ മതിയെന്നും അവർ കൂട്ടിച്ചേർത്തു. തനിക്ക് കുട്ടികളുണ്ടാകാത്തതിനാലാണ് ഈ ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്ന് താൻ ആഫ്രിക്കൻ യുവതിയോട് വ്യക്തമായി പറഞ്ഞിരുന്നുവെന്നാണ് ബ്രിട്ടീഷുകാരി പറയുന്നത്. തുടർന്ന് യുവതി കുഞ്ഞിനെ ജനിപ്പിച്ച് നൽകാൻ സമ്മതിക്കുകയുമായിരുന്നു.
