Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറബിനാട്ടിലെ ഹരിതപർവതം കയറാൻ ഇനി ഫീസടയ്ക്കണം; ഒമാനിലെ ജബൽ അഖ്ദർ സന്ദർശിക്കാൻ വിദേശികൾ നൽകേണ്ടത് അഞ്ചു റിയാൽ; രാത്രിയിൽ തങ്ങണമെങ്കിൽ നൽകേണ്ടി വരിക പത്തു റിയാൽ; നിയമലംഘകർ പിഴയായി നൽകേണ്ടി വരിക 50 മുതൽ 200 റിയാൽ വരെയെന്നും പരിസ്ഥിതി മന്ത്രാലയം

അറബിനാട്ടിലെ ഹരിതപർവതം കയറാൻ ഇനി ഫീസടയ്ക്കണം; ഒമാനിലെ ജബൽ അഖ്ദർ സന്ദർശിക്കാൻ വിദേശികൾ നൽകേണ്ടത് അഞ്ചു റിയാൽ; രാത്രിയിൽ തങ്ങണമെങ്കിൽ നൽകേണ്ടി വരിക പത്തു റിയാൽ; നിയമലംഘകർ പിഴയായി നൽകേണ്ടി വരിക 50 മുതൽ 200 റിയാൽ വരെയെന്നും പരിസ്ഥിതി മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കത്ത്: ഒമാനിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ജബൽ അഖ്ദർ സന്ദർശിക്കാനെത്തുന്നവരിൽ നിന്നും പ്രവേശന ഫീസ് ഈടാക്കാനൊരുങ്ങി ഒമാൻ ഭരണകൂടം. ഒമാൻ പരിസ്ഥിതി കാലാവസ്ഥാ കാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശികൾക്കും വിദേശികൾക്കും നിയമം ബാധകമാണെങ്കിലും വിദേശികൾ കൂടുതൽ തുക സന്ദർശന ഫീസായി നൽകേണ്ടി വരും.

മുതിർന്ന ഒമാൻ പൗരന്മാരിൽ നിന്ന് ഒരു റിയാലും മുതിർന്ന വിദേശികളിൽനിന്ന് അഞ്ച് റിയാലുമാണ് പകൽ സമയത്തെ സന്ദർശനത്തിനായി ഈടാക്കുക. 16 വയസ്സിൽ താഴെയുള്ള സ്വദേശി കുട്ടികൾക്ക് 100 ബൈസയും വിദേശി കുട്ടികൾക്ക് ഒരു റിയാലും നൽകണം. രാത്രി തങ്ങുന്നതിന് അധിക തുക നൽകേണ്ടി വരും. രാത്രി തങ്ങാനുദ്ദേശിക്കുന്ന മുതിർന്ന സ്വദേശികൾ അഞ്ച് റിയാലും വിദേശികൾ 10 റിയാലുമാണ് നൽകേണ്ടത്. രാത്രി തങ്ങാൻ ഉദ്ദേശിക്കുന്ന സ്വദേശി കുട്ടികൾക്ക് ഒരു റിയാലും വിദേശി കുട്ടികൾക്ക് അഞ്ച് റിയാലുമാണ് ഫീസ്. ഔദ്യോഗിക ഡ്യൂട്ടിയിലുള്ള സേനാംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, അക്കാദമിക് ഗവേഷകർ എന്നിവർക്ക് പ്രവേശന ഫീസ് നൽകേണ്ടതില്ല. ഇതോടൊപ്പം പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ താമസക്കാർക്കും അവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്കും പ്രവേശന ഫീസ് ഒഴിവാക്കി നൽകിയിട്ടുണ്ട്.

സമുദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരത്തിലുള്ള പച്ചമല എന്നും അറിയപ്പെടുന്ന ജബൽ അഖ്ദർ മേഖല 2011ലാണ് രാജകീയ ഉത്തരവ് പ്രകാരം പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്. സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ കടുത്ത വേനൽകാലത്ത് പോലും 30 ഡിഗ്രിയിൽ താഴെ ചൂടാണ് അനുഭവപ്പെടാറുള്ളത്. തണുപ്പുകാലത്ത് പൂജ്യം ഡിഗ്രിയിലും താഴെ താപനില എത്താറുണ്ട്. മനോഹരങ്ങളായ വാദികളും താഴ്‌വാരങ്ങളും കൊടുമുടികളും സ്വദേശികളുടെ ഉപേക്ഷിച്ച പഴയ വീടുകളുമാണ് ഇവിടത്തെ പ്രധാന ആകർഷണം.

ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റിൽനിന്നും 150 കിലോമീറ്റർ ദൂരെയാണ് ജബൽ അഖ്ദർ മലനിരകൾ. ചരിത്രപ്രാധാന്യമുള്ള പട്ടണമായ നിസ്വയിൽ നിന്നും റോഡുമാർഗം ഏതാണ്ട് 70 കിലോമീറ്റർ മാറിയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഒട്ടകങ്ങളുടെ വിഹാരകേന്ദ്രമായ ജബൽ അഖ്ദർ മേഖലയിലെ ജബൽ ഷാംസാണ് ഒമാനിലെയും കിഴക്കൻ അറേബ്യയിലേയും തന്നെ ഏറ്റവും ഉയർന്ന ഭൂഭാഗം. സമുദ്രനിരപ്പിൽ നിന്നും എകദേശം 3000 മീറ്റർ ഉയരത്തിലാണ് ജബൽ ഷാംസ്. ജബൽ അഖ്ദർ എന്ന വാക്കിന്റെ അർഥം ഹരിതപർവതം (ദ ഗ്രീൻ മൗണ്ടൻസ്) എന്നാണ്. മരുപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി സസ്യലതാദികൾ വളരുന്ന പ്രദേശത്തിന് ജബൽ അഖ്ദർ എന്ന പേര് തികച്ചും അന്വർഥമാണ്. ജബൽ ഷാംസ് എന്ന വാക്കിനെ മലയാളത്തിൽ സൂര്യപർവതം എന്നു മൊഴിമാറ്റാം.

ഹരിതപർവതം എന്നു പേരുണ്ടെങ്കിലും ജബൽ അഖ്ദറിന്റെ മുഴുവൻ ഭാഗങ്ങളും പച്ചപ്പല്ല. പർവതോപരിതലത്തിന്റെ മിക്കവാറും ഭാഗങ്ങൾ മരുപ്രദേശങ്ങൾ തന്നെയാണ്. ഉയർന്ന ഭാഗങ്ങളിൽ പ്രതിവർഷം 300 മില്ലിമീറ്ററിനടുത്ത് മഴ ലഭിക്കാറുണ്ട്. പർവതോപരിതലത്തൽ കുറ്റിച്ചെടികളും മരങ്ങളും വളരാനും കാർഷികാവശ്യത്തിനും ഈ മഴലഭ്യത സാഹചര്യമൊരുക്കുന്നു. ഭീമാകാരമാർന്ന പാറക്കൂട്ടങ്ങളും ശീതൽമയാർന്ന മാരുതനുമായാണ് വേനൽക്കാലത്ത് ജബൽ അഖ്ദർ സഞ്ചാരികൾക്ക് സ്വാഗതമോതുന്നത്. രുചികരമായ മാതളം, നാരങ്ങ, ആപ്രിക്കോട്ട്, പീച്ച്, വാൽനട്ട്, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങളും സുഗന്ധദ്രവ്യങ്ങളുണ്ടാക്കാനുപയോഗിക്കുന്ന പനിനീർച്ചെടികളും ചോളവുമൊക്കെ ധാരാളമായി വളരുന്ന ജബൽ അഖ്ദർ ഭൂപ്രകൃതിയിൽ ഒമാന്റെ മറ്റുഭാഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

71 തരത്തിലുള്ള പക്ഷികളെയാണ് ജബൽ അഖ്ദർ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രാലയം അറിയിച്ചു. അറേബ്യൻ ചെന്നായ്ക്കളുടെയും കുറുക്കന്മാരുടെയും സാന്നിധ്യവുമുണ്ട്. കരണ്ടുതിന്നുന്ന ജീവി വർഗത്തിലെ (റോഡന്റ്) 20ഓളം ഇനങ്ങളിൽ പത്തെണ്ണത്തിനെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

സന്ദർശനം അനുവദിച്ചിരിക്കുന്ന സമയങ്ങളിൽ അല്ലാതെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലേക്ക് കടക്കൽ, അനുമതിയില്ലാതെ ക്യാമ്പ് ചെയ്യൽ, പ്രകൃതി സംരക്ഷണ കേന്ദ്രത്തിന് അകത്തെ പെരുമാറ്റ മര്യാദകൾ ലംഘിക്കൽ എന്നിവ ശിക്ഷാർഹമായ കുറ്റങ്ങളാണ്. വന്യമൃഗങ്ങളെ വേട്ടയാടാനും കൈവശം വെക്കാനുമുള്ള ശ്രമം, സാംസ്‌കാരിക ശേഷിപ്പുകൾ അടക്കം സംരക്ഷണ കേന്ദ്രത്തിന്റെ ഏതെങ്കിലും ഭാഗങ്ങൾ ശേഖരിക്കൽ, അനുമതിയില്ലാതെ തീയിടൽ, മാലിന്യം തള്ളൽ, തോക്ക് ഉപയോഗിക്കൽ എന്നിവയും നിയമംമൂലം വിലക്കപ്പെട്ട കാര്യമാണ്. നിയമലംഘനത്തിന് 50 റിയാൽ മുതൽ 200 റിയാൽ വരെയാകും പിഴ ഈടാക്കുകയെന്നും പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിന്റെ അറിയി
പ്പിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP