Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ചൈനയിലെത്തി; രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ചൈന സന്ദർശിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയായി എസ് ജയശങ്കർ; ലോകം ഉറ്റുനോക്കുന്നത് ലഡാക്ക് വിഷയത്തിൽ ചൈനയുടെ പ്രതികരണവും ഇന്ത്യയുടെ നിലപാടും

മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ചൈനയിലെത്തി; രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ചൈന സന്ദർശിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയായി എസ് ജയശങ്കർ; ലോകം ഉറ്റുനോക്കുന്നത് ലഡാക്ക് വിഷയത്തിൽ ചൈനയുടെ പ്രതികരണവും ഇന്ത്യയുടെ നിലപാടും

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ മൂന്നുദിവസത്തെ സന്ദർശനത്തിനായി ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കൊല്ലം നടത്താനിരിക്കുന്ന രണ്ടാമത്തെ അനൗദ്യോഗിക കൂടിക്കാഴ്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചൈനീസ് നേതൃത്വവുമായി ജയശങ്കർ ചർച്ച നടത്തും. ചൈനയിലെ മുൻ ഇന്ത്യൻ സ്ഥാനപതിയും ചൈനയുമായുള്ള നയതന്ത്രകാര്യങ്ങളിൽ വിദഗ്ധനുമായ ജയശങ്കർ വിദേശകാര്യമന്ത്രിയെന്ന നിലയിലെ ആദ്യമായാണ് ബെയ്ജിങ് സന്ദർശിക്കുന്നത്.

തിങ്കളാഴ്ച ചൈനീസ് നേതൃത്വവുമായി ജയശങ്കർ ചർച്ച നടത്തുമെന്നാണ് വിവരം. എന്നാൽ ആരുമായാണ് ചർച്ച നടത്തുന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. തുടർന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഇരുവരും പങ്കെടുക്കുന്ന ഉന്നത തലയോഗവും നടക്കും. ചൈനീസ്-ഇന്ത്യൻ വിദേശകാര്യമന്ത്രിമാർ പങ്കെടുക്കുന്ന രണ്ടാമത്തെ ഉന്നതതല യോഗമാണിത്. ആദ്യത്തേത് കഴിഞ്ഞവർഷം ഡൽഹിയിൽവെച്ച് നടന്നിരുന്നു. ഇന്ത്യ -ചൈന ഉന്നതതല സംവിധാനത്തിന്റെ ഭാഗമായ സാംസ്‌കാരിക മാധ്യമ വിനിമയങ്ങളും സന്ദർശനത്തോടനുബന്ധിച്ചുണ്ട്. ജയശങ്കറും വാങ് യിയും നാളെ ഈ സമ്മേളനത്തിൽ സംസാരിക്കും. വിനോദസഞ്ചാര, കല, ചലച്ചിത്ര, കായിക, മാധ്യമ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ടുള്ളതാണ് ഉന്നതതല സംവിധാനം.

സന്ദർശനവേളയിൽ ജയശങ്കർ നാല് ധാരണാപത്രങ്ങളിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ചൈന സന്ദർശിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് ജയശങ്കർ. 2009 മുതൽ 2013 വരെ ഇന്ത്യയുടെ ചൈനയിലെ അംബാസിഡറായി പ്രവർത്തിച്ചിരുന്നത് ജയശങ്കറായിരുന്നു.

ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ഇന്ത്യയിൽ നടത്തുന്ന അനൗപചാരിക ഉച്ചകോടിക്കു മുന്നോടിയായാണ് ജയശങ്കറിന്റെ സന്ദർശനം. ലഡാക്കിൽ ചൈനയ്ക്കുള്ള ശ്രദ്ധയും താൽപര്യങ്ങളും നിലനിൽക്കെയാണ് അതിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചത്. പാക്ക് അധിനിവേശ കശ്മീരും ചൈന അവകാശവാദമുന്നയിക്കുന്ന അക്‌സായി ചിന്നും കശ്മീരിന്റെ ഭാഗമാണെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പാർലമെന്റിലെ പ്രസ്താവന ചൈനയ്ക്കു രുചിച്ചിട്ടില്ല.

അതേസമയം, പതിവു രൂക്ഷപ്രതികരണത്തിനു മുതിരാതെ ഇന്ത്യയിലെ സംഭവവികാസങ്ങൾ ശ്രദ്ധാപൂർവം വീക്ഷിക്കുന്നുവെന്ന സൂചനയാണ് അവർ നൽകുന്നത്. ജയശങ്കറിന്റെ സന്ദർശനത്തിൽ ചൈനയെ ഇക്കാര്യത്തിൽ വിശ്വാസത്തിലെടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമോയെന്നതും അവരുടെ മനോഭാവവും ആകാംക്ഷയുയർത്തും. അനൗപചാരിക ഉച്ചകോടിക്കു മോദിയുടെ രാഷ്ട്രീയതട്ടകമായ വാരാണസി വേദിയാകുമെന്ന അഭ്യൂഹം ശക്തമാണ്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഈ സന്ദർശനത്തിൽ ഉണ്ടായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP