പെരുന്നാൾ അവധി ദിനത്തിലെ ബസ് അപകടം: മരിച്ച 17 പേരുടെ ബന്ധുക്കൾക്ക് 37 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ യുഎഇ ഉന്നത കോടതി; ബസ് ഡ്രൈവറായ ഒമാൻ സ്വദേശിക്ക് ഏഴ് വർഷം തടവും ശേഷം നാടുകടത്തലും; അപകടത്തിൽ ജീവൻ പൊലിഞ്ഞ എട്ട് മലയാളികൾ അടക്കം 12 ഇന്ത്യക്കാരുടേയും സഹയാത്രികരുടെയും കണ്ണീർ ഓർമ്മകളിൽ ബന്ധുക്കൾ
July 12, 2019 | 03:42 PM IST | Permalink

മറുനാടൻ ഡെസ്ക്
ദുബായ് : പെരുന്നാൾ ദിനത്തിൽ ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ചരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് യുഎഇ ഉന്നത കോടതിയുടെ ഉത്തരവ്. അപകടത്തിൽ മരിച്ച 17 പേരുടെ ബന്ധുക്കൾക്ക് 37 ലക്ഷം രൂപ (രണ്ട് ലക്ഷം ദിർഹം) വീതം നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മാത്രമല്ല ഒമാൻ സ്വദേശിയായ ബസ് ഡ്രൈവർക്ക് ഏഴ് വർഷം തടവു ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇതിന് ശേഷം ഇയാളെ നാടു കടത്താനും വിധിയുണ്ട്.
അപകടവുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവ് ഡ്രൈവർ സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ജൂൺ ആറിനായിരുന്നു അപകടം. പെരുന്നാൾ അവധിക്ക് ഒമാൻ സന്ദർശിച്ച് മടങ്ങുകയായിരുന്ന 30 പേരായിരുന്നു മുവസലാത്തിന്റെ ബസിലുണ്ടായിരുന്നത്. ദുബായിലെ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് കുറച്ചു നിമിഷങ്ങൾക്ക് മുൻപ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ ട്രാഫിക് സൈൻ ബാരിയറിലേയ്ക്ക് ബസ് ഇടിച്ചു കയറിയായിരുന്നു അപകടം.
15 പേർ സംഭവ സ്ഥലത്തും രണ്ട് പേർ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. ഇവരിൽ എട്ടു മലയാളികളടക്കം 12 പേർ ഇന്ത്യക്കാരായിരുന്നു. രണ്ടു പേർ മുംബൈ സ്വദേശികളും ഒരാൾ രാജസ്ഥാൻ സ്വദേശിയുമാണ്. ദുബായിലെ സാമൂഹിക പ്രവർത്തകനായ തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, തിരുവനന്തപുരം സ്വദേശി ഒമാനിൽ അക്കൗണ്ടന്റ് ആയ ദീപക് കുമാർ, തൃശൂർ സ്വദേശി വാസുദേവൻ, തലശ്ശേരി സ്വദേശികളായ ഉമ്മർ (65) ചോനോകടവത്ത്, മകൻ നബീൽ ഉമ്മർ (25), തൃശ്ശൂർ സ്വദേശി കിരൺ ജോൺ, കോട്ടയം പാമ്പാടി, സ്വദേശി വിമൽ കുമാർ, രാജൻ പുതിയ പുരയിൽ എന്നിവരാണ് മരിച്ച മലയാളികൾ.
