സ്കൂൾ തുറക്കുന്നതിന് 20 മിനിറ്റ് മുമ്പേ തുരുതുരാ വെടിയൊച്ച; വെടിയേറ്റുവീണ ആറുപേരിൽ രണ്ടുപേരുടെ നില ഗുരുതരം; അക്രമം കാലിഫോർണിയയിലെ സാന്റ ക്ലാരിറ്റിയിലെ സോഗസ് സ്കൂളിൽ; കറുത്ത വസ്ത്രം ധരിച്ച ഏഷ്യാക്കാരനായ വിദ്യാർത്ഥിയാണ് അക്രമിയെന്ന് പൊലീസ്
November 14, 2019 | 11:08 PM IST | Permalink

മറുനാടൻ ഡെസ്ക്
ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയയിലെ സാന്റ ക്ലാരിറ്റ നഗരത്തിൽ സ്കൂളിൽ വെടിവയ്പ്. ആറു പേർക്ക് പരിക്കേറ്റു. ലോസ് ആഞ്ചലസിൽനിന്നും 30 മൈൽ വടക്കുപടിഞ്ഞാറായുള്ള സാന്ത ക്ലാരിറ്റയിലെ സോഗസ് ഹൈസ്ക്കൂളിലാണ് വെടിവയ്പുണ്ടായത്.
പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമിക്കായി തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് സോഗസ് ഹൈസ്കൂളിൽ വെടിവെപ്പുണ്ടായത്. കറുത്ത വസ്ത്രം ധരിച്ച ഒരു ഏഷ്യാക്കാരനായ പുരുഷനാണ് അക്രമിയെന്ന് പൊലീസ് പറയുന്നു. ഇയാൾ ഈ സ്കൂളിലെ തന്നെ വിദ്യാർത്ഥിയാണെന്നും സംശയിക്കുന്നു. പരിക്കേറ്റവരെ ഹെന്റി മായോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടാനായിട്ടില്ല. ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂൾ തുറക്കുന്നതിന് ഏകദേശം 20 മിനിറ്റ് മുമ്പാണ് വെടിവപ്പുണ്ടായത്. 2400 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാന്റ ക്ലാരിറ്റയിലെ എല്ലാ സ്കൂളുകളും മുൻകരുതൽ എന്ന നിലയിൽ അടച്ചിട്ടു.
