Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛനമ്മമാർ നിധിപോലെ സൂക്ഷിക്കുന്ന തങ്ങളുടെ ഗർഭസ്ഥ ശിശുവിന്റെ അൾട്രാ സൗണ്ട് ഇമേജ് വെറും തട്ടിപ്പോ? ഓരേ ചിത്രം നാല്പതിലധികം ഗർഭിണികൾക്കു നൽകിയ ഡോക്ടർക്കു പണികൊടുത്തത് സോഷ്യൽ മീഡിയ; മാതൃത്വത്തെ വഞ്ചിച്ച ഡോക്ടറുടെ വാദത്തിലും ദുരൂഹതകൾ ബാക്കി

അച്ഛനമ്മമാർ നിധിപോലെ സൂക്ഷിക്കുന്ന തങ്ങളുടെ ഗർഭസ്ഥ ശിശുവിന്റെ അൾട്രാ സൗണ്ട് ഇമേജ് വെറും തട്ടിപ്പോ? ഓരേ ചിത്രം നാല്പതിലധികം ഗർഭിണികൾക്കു നൽകിയ ഡോക്ടർക്കു പണികൊടുത്തത് സോഷ്യൽ മീഡിയ; മാതൃത്വത്തെ വഞ്ചിച്ച ഡോക്ടറുടെ വാദത്തിലും ദുരൂഹതകൾ ബാക്കി

മറുനാടൻ ഡെസ്‌ക്‌

ചിലി: ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരെ വിശ്വാസത്തിലെടുത്താണ് ആധുനിക കാല മനുഷ്യൻ ജീവിക്കുന്നത്. ഡോക്ടർമാർ നൽകുന്ന ചികിത്സയും മരുന്നുകളും ഉപദേശങ്ങളും വിശ്വസിക്കുക എന്നത് എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളുടെ രീതിയാണ്. ജനങ്ങളെ വഞ്ചിക്കാതിരിക്കുക എന്നത് ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഉത്തരവാദിത്തവുമാണ്. എന്നാൽ ചിലിയിൽ നിന്നും പുറത്തു വരുന്ന വിവരങ്ങൾ ആതുര സേവന രംഗത്തെ തട്ടിപ്പ് മാത്രമല്ല, മാതൃത്വത്തോടുള്ള വഞ്ചനയുടേതു കൂടിയാണ്.

ചിലിയൻ സ്വദേശിയായ ബെലിൻ അഗ്വിലേറ എന്ന യുവതി ഗർഭിണിയായ മറ്റൊരു യുവതി തന്റെ ഫേസ്‌ബുക് അക്കൗണ്ടിൽ പോസ്റ്റുചെയ്ത ഒരു അൾട്രാ സൗണ്ട് സ്‌കാനിന്റെ ചിത്രം കാണുന്നതോടെയാണ് വലിയൊരു തട്ടിപ്പിന്റെയും മാതൃത്വത്തിന് നേരിടേണ്ടി വന്ന വഞ്ചനയുടെയും ചുരുളുകൾ അഴിഞ്ഞുതുടങ്ങുന്നത്. തന്റെ ശിശുവിന്റെ ഗർഭാവസ്ഥയിലുള്ള അൾട്രാ സൗണ്ട് ഇമേജ് ഒരൊറ്റ നോട്ടത്തിൽ തന്നെ ബെലിന് ഹൃദിസ്ഥമായിരുന്നു. അതുകൊണ്ടുതന്നെ ആ പാറ്റേണിനെ അച്ചട്ട് പകർത്തിയിരിക്കുന്ന ഒരു സ്‌കാൻ ചിത്രം മറ്റൊരു യുവതി തന്റെ കുഞ്ഞിന്റേത് എന്നും പറഞ്ഞ് പങ്കുവെച്ചിരിക്കുന്നത് കണ്ടപ്പോൾ അവർ ഞെട്ടി.

അവർ ആ യുവതിയുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത് അവരുടെ ഗർഭം ആറുവർഷം മുമ്പായിരുന്നു എന്നായിരുന്നു. ബെലിന്റെത് ഏതാണ്ട് രണ്ടുവർഷം മുമ്പും. രണ്ടുപേരും ഒരേ ഗൈനക്കോളജിസ്റ്റിനെ ആണ് കാണിച്ചിരുന്നത്. ഡോ. എഡ്വേർഡോ. ബെലിന്റെ കുടുംബത്തിനുള്ളിലെ തന്നെ ഇതേപ്പറ്റി വിശദമായി അന്വേഷിക്കുകയും, കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഗർഭം ധരിച്ചവരുടെ അൾട്രാ സൗണ്ട് സ്‌കാൻ ചിത്രങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോൾ ഏഴുവർഷം മുമ്പ് ഗർഭം ധരിച്ചിരുന്ന അവരുടെ ഒരു ബന്ധുവിനും അതേ ചിത്രം തന്നെ കിട്ടി. അതോടെ താൻ വഞ്ചിക്കപ്പെട്ടു എന്ന് ബെലിന് ഉറപ്പായി. തന്റെ അമർഷം വ്യക്തമാക്കിക്കൊണ്ട് അവർ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടതോടെയാണ് ഈ തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിയുന്നത്. നിരവധി സ്ത്രീകൾ ആ പോസ്റ്റിനു ചുവടെ തങ്ങളുടെ പേരിലുള്ള അതേ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള ബെലിന്റെ വെളിപ്പെടുത്തലുകൾ ' മിറർ പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗർഭം ധരിക്കുന്ന ഓരോ സ്ത്രീയും കൃത്യമായ ഇടവേളകളിൽ ചെയ്തു പോരുന്ന ഒരു പരിശോധനയാണ് പ്രസവപൂർവ അൾട്രാ സോണോ ഗ്രാം അഥവാ അൾട്രാ സൗണ്ട് സ്‌കാനിങ്ങ്. ഇന്ത്യയിൽ ഏകദേശം 3000 -5000 രൂപയ്ക്കിടയിലാണ് ഇതിനുള്ള ചെലവ്. അമേരിക്കയിൽ ഇതേ സ്‌കാനിങ്ങിന് ഇന്ത്യയിലേതിന്റെ നാലിരട്ടിയെങ്കിലും ചെലവ് വരും. ചിലിയിലാകട്ടെ ഏകദേശം പന്ത്രണ്ടായിരം രൂപയാണ് ഒരു തവണത്തെ അൾട്രാ സൗണ്ട് സ്‌കാനിംഗിന് ചെലവാകുന്ന തുക. ഗർഭത്തിന്റെ പല ഘട്ടങ്ങളിലെ കുഞ്ഞിന്റെ വളർച്ചയെ നിരീക്ഷിക്കാനും കുഞ്ഞിൽ ഉണ്ടാവാൻ സാധ്യതയുള്ള തകരാറുകൾ കണ്ടെത്താനാണ് ഈ സ്‌കാനുകൾ പ്രയോജനപ്പെടുത്തുന്നത്. സാധാരണ ഗതിയിൽ ഈ സ്‌കാനുകളിൽ, ജനിക്കാൻ പോവുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പും, കൈകാലുകളും, മുഖവും മറ്റും അച്ഛനമ്മമാരെ വിളിച്ചു കാണിക്കും ഗൈനക്കോളജിസ്റ്റുകൾ. അതുകാണുന്ന അച്ഛനമ്മമാർക്ക് ഏറെ സന്തോഷവും ഉണ്ടാവാറുണ്ട്. പുറം ലോകത്ത് എത്തുന്നതിനു മുമ്പ് തങ്ങളുടെ പിഞ്ചോമന എങ്ങനെയാണിരിക്കുന്നത് എന്ന കൗതുകം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതും ഇന്ന് സർവ്വസാധാരണമാണ്.

ഗർഭാവസ്ഥയിലുള്ള കുഞ്ഞിനെ നിരീക്ഷിക്കാൻ സാധാരണഗതിയിൽ മാർഗ്ഗമൊന്നുമില്ല. അൾട്രാ സൗണ്ട് സാങ്കേതിക വിദ്യ വികാസം പ്രാപിച്ചതോടെയാണ് ശബ്ദതരംഗങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഗർഭസ്ഥശിശുവിന്റെ രൂപവും ചലനങ്ങളും പകർത്താം എന്ന് വന്നത്. വയറിൽ അമർത്തുന്ന ഒരു പ്രോബിൽ നിന്നും പുറപ്പെടുന്ന, നമുക്ക് കേൾക്കാൻ പറ്റാത്ത ഫ്രീക്വൻസിയിലുള്ള ശബ്ദ തരംഗങ്ങൾ കുഞ്ഞിന്റെ ദേഹത്തുതട്ടി തിരിച്ചു വരുന്നു. അതിനെ പ്രോസസ് ചെയ്താണ് നമ്മൾ സ്‌ക്രീനിൽ കാണുന്ന രീതിയിലുള്ള ചിത്രങ്ങളാക്കിയെടുക്കുന്നത്. കുഞ്ഞിനുള്ള ജനിതക തകരാറുകളും മറ്റും കണ്ടുപിടിക്കാൻ ഇത്തരത്തിലുള്ള സ്‌കാനുകൾ സഹായിക്കാറുണ്ട്.

ഈ തിരിച്ചറിവുകളുള്ളതിനാൽ ബെലിന് തന്റെ ഗൈനക്കോളജിസ്റ്റിനോട് കടുത്ത ദേഷ്യം തോന്നി. ഒന്നാമതായി, ഒരാളുടെ 'പ്രൈവറ്റ് ഡാറ്റ'യാണ് അയാൾ നാട്ടിൽ എല്ലാവർക്കും അവരുടേത് എന്ന മട്ടിൽ നൽകിയത്. തന്റെ പെൺകുഞ്ഞ് എന്ന മട്ടിൽ താൻ ഇത്രയും കാലം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന സ്‌കാൻ ചിത്രങ്ങൾ അവളുടേതല്ലായിരുന്നു. അതിനേക്കാളുപരിയായി, അവൾക്ക് എന്തെങ്കിലും ജനിതക തകരാറുകൾ ഉണ്ടായിരുന്നെങ്കിൽ അത് കണ്ടുപിടിക്കപ്പെടാതെ പോയേനെ. മാത്രവുമല്ല, ചെയ്യാത്ത സ്‌കാനിനാണ് ആ ഗൈനക്കോളജിസ്റ്റ് ബെലിനിൽ നിന്നും ഓരോ പ്രാവശ്യവും കനത്ത തുകകൾ വാങ്ങിക്കൊണ്ടിരുന്നത്. ചിലിയിൽ ഒരു അൾട്രാ സൗണ്ട് സ്‌കാനിന്നുള്ള ചെലവ് ഏകദേശം പന്ത്രണ്ടായിരം രൂപയോളം വരും.

അതേസമയം, താൻ എല്ലാവര്ക്കും കൃത്യമായിത്തന്നെ നിയോ നാറ്റൽ സ്‌കാനിങ്ങ് നടത്തിയിട്ടുണ്ടെന്നും, പ്രിന്റൗട്ടിൽ ഒരേ ചിത്രം തന്നെ വന്നത് വഞ്ചനയല്ലെന്നും, അത് ഒരു 'റെപ്രസെന്റേഷണൽ ' ചിത്രം മാത്രമാണെന്നും, അത് പ്രിന്ററിൽ ഡെമോൺസ്ട്രേഷനുവേണ്ടി സൂക്ഷിക്കുന്നതാണ് എന്നുമാണ് ഡോക്ടറുടെ വിശദീകരണം. ഈ അൾട്രാ സൗണ്ട് പ്രിന്റൗട്ടുകൾ ആ സ്ത്രീകളുടെ കുഞ്ഞുങ്ങളുടെയാണെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ല. താൻ പറഞ്ഞതിലെ വ്യക്തതക്കുറവുമൂലം ആർക്കെങ്കിലും തെറ്റിദ്ധാരണകളോ, തുടർന്ന് മനോവിഷമങ്ങളോ ഉണ്ടാവാനിടയായിട്ടുണ്ടെങ്കിൽ താൻ നിർവ്യാജം ഖേദിക്കുന്നു എന്നും ഡോക്ടർ വ്യക്തമാക്കുന്നുണ്ട്.

ഇതോടെ ലോകമാകെ ഒരു പുതിയ ചർച്ചക്കാണ് വഴിവെച്ചിരിക്കുന്നത്. അൾട്രാ സൗണ്ട് സ്‌കാനിംഗിന് ശേഷം നൽകുന്ന ഗർഭസ്ഥ ശിശുവിന്റെ പ്രിന്റൗട്ട് യതാർത്ഥമല്ല എന്ന ഡോക്ടറുടെ വാദം സത്യമാണോ എന്നതാണ് ലോകത്തെ കുഴയ്ക്കുന്ന ചോദ്യം. പല അച്ഛനമ്മമാരും നിധിപോലെ സൂക്ഷിച്ചു വെച്ചിരിക്കുന്ന അത്തരം പ്രിന്റൗട്ടുകൾ കേവലം പ്രതീകാത്മക ചിത്രം മാത്രമാണോ എന്ന് വ്യക്തമാക്കേണ്ടത് ശാസ്ത്രലോകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP