Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപിന്റെ മുൻഗണനകളിൽ പ്രധാനം എച്ച്1 ബി വിസ ദുഷ്‌കരമാക്കൽ; യുഎസ്എയിൽ പഠിക്കുന്നവർക്ക് മുൻഗണന; ഒരു ലക്ഷം ഡോളർ ശമ്പളം; മാസ്റ്റേർസ് ഡിഗ്രി യോഗ്യത; ട്രംപ് അധികാരത്തിലെത്തിയതോടെ എച്ച്1 ബി വിസ കടുപ്പമാക്കി ഇന്ത്യക്കാരെ തടയാനുള്ള ശ്രമവും തുടങ്ങി

ട്രംപിന്റെ മുൻഗണനകളിൽ പ്രധാനം എച്ച്1 ബി വിസ ദുഷ്‌കരമാക്കൽ; യുഎസ്എയിൽ പഠിക്കുന്നവർക്ക് മുൻഗണന; ഒരു ലക്ഷം ഡോളർ ശമ്പളം; മാസ്റ്റേർസ് ഡിഗ്രി യോഗ്യത; ട്രംപ് അധികാരത്തിലെത്തിയതോടെ എച്ച്1 ബി വിസ കടുപ്പമാക്കി ഇന്ത്യക്കാരെ തടയാനുള്ള ശ്രമവും തുടങ്ങി

പൊതുവേ കുടിയേറ്റ വിരുദ്ധ നിലപാടുകൾ പുലർത്തി വരുന്ന ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായാൽ ഇന്ത്യക്കാരടക്കമുള്ള ഇവിടുത്തെ കുടിയേറ്റക്കാരുടെ നില പരുങ്ങലിൽ ആകുമെന്ന ആശങ്ക നേരത്തെ ഉള്ളതാണ്. ഇന്നലെ യുഎസിന്റെ 45ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വൈറ്റ് ഹൗസിലെത്തിയ ട്രംപ് കുടിയേറ്റ വിരുദ്ധ നീക്കമാരംഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. യുഎസിലെത്തുന്ന ഇന്ത്യക്കാർക്ക് ഏറ്റവും പ്രയോജനകരമായ എച്ച്1 ബി വിസയ്ക്ക് മേൽ മൂക്കുകയറിടാനുള്ള നീക്കം ഇന്നലെ തന്നെ ട്രംപ് ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ വിസ ദുഷ്‌കരമാക്കലിന് അദ്ദേഹത്തിന്റെ മുൻഗണനകളിൽ പ്രാധാന്യമേറെയുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഈ വിസ നൽകുന്നതിന് യുഎസ്എയിൽ പഠിക്കുന്നവർക്ക് മുൻഗണന നൽകാനാണ് പുതിയ പ്രസിഡന്റ് തീരുമാനിച്ചിരിക്കുന്നത്. അധികാരത്തിലെത്തിയതോടെ എച്ച്1 ബി വിസ കടുപ്പമാക്കി ഇന്ത്യക്കാരെ തടയാനുള്ള ശ്രമവും ട്രംപ് തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്.

എച്ച്1 ബി വിസയ്ക്ക് മേൽ നിയന്ത്രണം വരുത്തുന്നതിനുള്ള നീക്കം ഒബാമയുടെ ഭരണകാലത്തും നടന്നിരുന്നുവെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്നാൽ ഇനി മുതൽ സാക്ഷാൽ അമേരിക്കൻ പ്രസിഡന്റ് തന്നെ അതിന് അരയും തലയും മുറുക്കി രംഗത്തെത്തുന്നതോടെ ഈ വിസയ്ക്ക് മൂക്കുകയറിടുമെന്നുറപ്പാണ്. യുഎസ് സെനറ്റർമാരായ ചുക്ക് ഗ്രാസ്ലെയും ഡിക്ക് ഡർബിനും ഇതിന് വേണ്ടി പുതിയ നിയമം കൊണ്ടു വരാൻ ശ്രമിക്കുമെന്നാണ് സൂചന. ഇതിനെ തുടർന്ന് യുഎസിൽ പഠിച്ച ഏറ്റവും കഴിവുള്ളവർക്ക് ഈ വിസ നൽകാൻ മുൻഗണന നൽകിയേക്കാമെന്ന ആശങ്കയും ശക്തമാകുന്നുണ്ട്. നിലവിൽ നിരവധി ഇന്ത്യൻ ഐടി കമ്പനികൾ ഈ വിസ ഉപയോഗിച്ച് സ്പെഷ്യലിസ്റ്റ് വർക്കർമാരെ യുഎസിലേക്ക് ജോലിക്കായി അയക്കുന്നുണ്ട്.

പുതിയ ബിൽ കൊണ്ടു വന്നാൽ അതിൽ എൽ-1 വിസപ്രോഗ്രാമിൽ വരുത്തേണ്ടുന്ന പരിഷ്‌കാരങ്ങളും ഉൾപ്പെടുത്തുമെന്നാണ് ഗ്രാസ്ലെ പറയുന്നത്. മൂന്ന് വർഷമോ അതിലധികമോ യുഎസിൽ ജോലി ചെയ്യാൻ വിദേശികൾക്ക് അവസരമേകുന്ന വിസകളാണ് എച്ച് 1ബിയും എൽ 1ഉം. എച്ച്-1 ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് ഇന്ത്യൻ ഐടി കമ്പനികൾ. റിപ്പബ്ലിക്കനായ ഡാറെൽ ഇസ കുറച്ച് മുമ്പ് ഇതിനായി മറ്റൊരു ബിൽ അവതരിപ്പിച്ചതിന് ശേഷമാണ് ഇതിനുള്ള നീക്കം ഗ്രാസ്ലെയും ഡർബിനും നടത്താനൊരുങ്ങുന്നത്. പുതിയ ബിൽ പ്രകാരം എച്ച്-1ബി വിസ് പ്രോഗ്രാം പ്രകാരം ഇവിടെയെത്തുന്നവർക്ക് ചുരുങ്ങിയത് ഒരു ലക്ഷം ഡോളർ വാർഷിക ശമ്പളം ഉണ്ടായിരിക്കണമെന്നത് നിർബന്ധമാക്കുമെന്നാണ് റിപ്പോർട്ട്.

നിലവിൽ ഈ ചുരുങ്ങിയ ശമ്പളം 60,000 ഡോളറാണ്. ഇതിന് പുറമെ ഇത്തരത്തിൽ ഇവിടെയെത്തുന്നവർക്ക് മാസ്റ്റേർസ് ഡിഗ്രിയുണ്ടെങ്കിൽ സങ്കീർണമായ പേപ്പർ വർക്കുകളിൽ നിന്നും ഒഴിവാകാൻ അനുവദിച്ചിരുന്ന ക്ലോസ് ഇതിൽ നിന്നും നീക്കം ചെയ്യാനും പുതിയ ബില്ലിന്റെ ഉപജ്ഞാതാക്കൾ നീക്കം നടത്തുന്നുണ്ട്. എച്ച് - 1ബി വിസയെ കടുപ്പത്തിലാക്കുന്നതിനുള്ള ഏതൊരു നിയമനിർമ്മാണ നീക്കത്തിനും കുടിയേറ്റ വിരുദ്ധനായ ട്രംപിന്റെ ഭരണകാലത്ത് കൂടുതൽ പിന്തുണ ലഭിക്കുമെന്നുറപ്പാണ്. ഇതാണ് ഇന്ത്യക്കാരുടെ ആശങ്കക വർധിക്കാൻ ഇപ്പോൾ പ്രധാന കാരണമായിരിക്കുന്നത്. വിദേശതൊഴിലാളികൾ വരുന്നത് പരമാവധി നിയന്ത്രിച്ച് ഇവിടുത്തുകാരുടെ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നത് ട്രംപിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു. ഇന്ത്യൻ ഐടി സെക്ടറിന്റെ വരുമാനത്തിന്റെ 60ശതമാനവും അമേരിക്കയിൽ നിന്നാണ്. പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഈ മേഖല ആകെ പരിഭ്രാന്തിയിലുമാണ്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ പഠിക്കാനും തുടർന്ന് അവിടെ തൊഴിൽ ലഭിക്കാനുമുള്ള അവസരങ്ങളുടെ കടയ്ക്കലും ട്രംപ് ഭരണകൂടം കത്തി വയ്ക്കുമെന്നുള്ള ആശങ്കയും ശക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP