Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറാഖിലേക്ക് പോകാനുള്ള വിമാനം മിസ്സായി; പകരം ടിക്കറ്റ് എടുക്കാൻ കൈയിൽ പണമില്ല; ഒരു നിമിഷം മനസ് പതറിപ്പോയപ്പോൾ മുൻ ബിബിസി ലേഖിക ടോയ്ലറ്റിൽ തൂങ്ങി മരിച്ചു

ഇറാഖിലേക്ക് പോകാനുള്ള വിമാനം മിസ്സായി; പകരം ടിക്കറ്റ് എടുക്കാൻ കൈയിൽ പണമില്ല; ഒരു നിമിഷം മനസ് പതറിപ്പോയപ്പോൾ മുൻ ബിബിസി ലേഖിക ടോയ്ലറ്റിൽ തൂങ്ങി മരിച്ചു

ണ്ടനിലെ ബ്രിട്ടനിൽ നിന്നും തുർക്കിയിലെ ഇസ്താംബുൾ വഴി ഇറാഖിലെ എർബിലേക്കുള്ള യാത്രയ്ക്കിടെ ഇസ്താംബുൾ എയർപോർട്ടിലെ ടോയ്‌ലറ്റിൽ മുൻ ബിബിസി ലേഖികയായ ജാക്കി സട്ടൻ(50) തൂങ്ങിമരിച്ച സംഭവത്തിന്റെ ഇൻക്വസ്റ്റ് ആരംഭിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു സംഭവം നടന്നത്. ഇറാഖിലേക്കുള്ള വിമാനം മിസ്സാവുകയും പകരം ടിക്കറ്റെടുക്കാൻ കൈയിൽ പണമില്ലാതെ വരുകയും ചെയ്തതിന്റെ ഞെട്ടലിലാണ് ഇവർ തൂങ്ങി മരിച്ചതെന്ന് ഹിയറിംഗിനിടെ ഇവരുടെ സഹോദരി ജെന്നി വെളിപ്പെടുത്തി.ഇസ്താംബുളിൽ നിന്നും ഇറാഖിലേക്കുള്ള കണക്ഷൻ വിമാനം ലഭിക്കാത്തതിലുള്ള മനോവിഷമം മൂലമാണിവർ സ്വയമൊടുങ്ങാൻ തീരുമാനിച്ചതെന്നാണ് സൂചന. കണക്ഷൻ വിമാനം റദ്ദായതിനാൽ പുതിയ ടിക്കറ്റെടുക്കണമെന്ന് എയർലൈൻ സ്റ്റാഫ് നിർബന്ധിച്ചതിനെ തുടർന്നാണ് ഇവരുടെ മനോനില തകരാറിലായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തുടർന്ന് മൂന്ന് റഷ്യൻ യാത്രക്കാരാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ ടോയ്‌ലറ്റിൽ കണ്ടെത്തിയതെന്നാണ് പ്രാദേശി മാദ്ധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നത്. തുർക്കിഷ് എയർലൈൻസ് വിമാനമായ ടികെ-1986ൽ കഴിഞ്ഞ വർഷം ഒക്ടോബർ 17ന് രാത്രി 10 മണിക്കാണ് സട്ടൻ ഇസ്താംബുൾ വിമാനത്താവളത്തിലെത്തിയത്.ഇറാഖിൽ വാർ ആൻഡ് പീസ് റിപ്പോർട്ടിങ് എന്ന ഓർഗനൈസേഷൻ ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു സട്ടൻ. സംഘർഷഭരിതമായ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും പിന്തുണയ്ക്കുന്ന സംഘടനയാണിത്. ഹെർട്ട്‌ഫോർഡ്‌ഷെയറിലെ ഹാറ്റ്ഫീൽഡിലാണ് സട്ടൻ ജനിച്ചത്. എന്നാൽ പിന്നീട് പടിഞ്ഞാറൻ ലണ്ടനിലെ വീട്ടിലേക്ക് അവർ താമസം മാറിയിരുന്നു. സ്ട്രാത്ത്‌ക്ലൈഡ്, വാർവിക്ക് യൂണിവേഴ്‌സിറ്റികളിലാണിവർ പഠിച്ചതെന്ന് ഇവരുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ വ്യക്തമാക്കുന്നുണ്ട്.യുഎന്നിന് വേണ്ടിയും പ്രവർത്തിച്ചിട്ടുള്ള ഈ ജേർണലിസ്റ്റ് 1998നും 2000ത്തിനും ഇടയിലാണ് ബിബിസിക്ക് വേണ്ടി പ്രൊഡ്യൂസറായും ബ്രോഡ്കാസ്റ്ററായും പ്രവർത്തിച്ചത്.

നീതിക്കും സമത്വത്തിനും വേണ്ടി നിലകൊണ്ടിരുന്ന പോരാളിയെയാണ് സട്ടനിന്റെ അകാലമരണത്തിലൂടെ നഷ്ടപ്പെട്ടതെന്നാണ് യുഎൻ റഫ്യൂജി ഏജൻസിക്ക് വേണ്ടി ഫണ്ടുകൾ സ്വരൂപിക്കുന്ന ഓസ്‌ട്രേലിയൻ ചാരിറ്റിയിലെ ലിസ് മുൾഹാൾ അന്ന് പ്രതികരിച്ചിരുന്നത്.സട്ടന്റെ മരണവുമായി ബന്ധപ്പെട്ട് ഇസ്താംബുളിലെ വിമാനത്താവളത്തിൽ നിന്നുമെത്തുന്ന റിപ്പോർട്ടുകളെ ചുറ്റിപ്പറ്റി അന്ന് സന്ദേഹങ്ങൾ ഉയരുകയും ചെയ്തിരുന്നു. തന്റെ സഹോദരി മുൻ കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചല്ല സ്വയം ജീവനൊടുക്കിയതെന്നും വിമാനം മിസ്സായതിനെ തുടർന്ന് പെട്ടെന്നുണ്ടായ മാനസിക ആഘാതത്താലാണ് അവർ ഈ കടും കൈ ചെയ്തതെന്നുമാണ് നോർത്ത് ലണ്ടനിലെ കോറോണേർസ് കോടതിയിൽ വച്ച് നടന്ന ഹിയറിംഗിനിടെ ജെന്നി ബോധിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ 17ന് രാത്രി 10 മണിക്ക് ഇസ്താംബുൾ വിമാനത്താവളത്തിലെത്തിയ സട്ടൻ തുടർന്ന് അവിടുത്തെ ഡിപ്പാർച്ചർ ലോഞ്ചിലെത്തുകയായിരുന്നുവെന്നാണ് കൊറോണർ ആൻഡ്രൂ വാക്കർ വെളിപ്പെടുത്തിയിരിക്കുന്നത്. അപ്പോൾ അവരുടെ കൈയിൽ രണ്ട് കാൻ ബിയറുണ്ടായിരുന്നുവെന്നും വെളിപ്പെട്ടിരുന്നു. തുടർന്ന് സട്ടൻ ടോയ്ലറ്റിലെത്തിയപ്പോൾ മറ്റ് യാത്രക്കാർ ഇറാഖിലേക്കുള്ള വിമാനത്തിൽ കയറുകയും സട്ടൻ ടോയ്ലറ്റിൽ നിന്നും വരുമ്പോഴേക്കും വിമാനം പോവുകയും ചെയ്യുകയായിരുന്നുവെന്നും വാക്കർ വെളിപ്പെടുത്തുന്നു.റോമിൽ യുഎൻ ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റിന് വേണ്ടി സട്ടൻ ജോലി ചെയ്തിരുന്നു. അവിടെ വച്ച് അവർ വത്തിക്കാൻ റേഡിയോക്ക് വേണ്ടി വാർത്താ അവതാരികയായും പ്രവർത്തിച്ചിരുന്നു. 1993 മുതൽ 1998 വരെ എറിത്രിയയിൽ വത്തിക്കാൻ റേഡിയോക്ക് വേണ്ടി അവർ ജോലി ചെയ്തിരുന്നു. അവിടെ വച്ച് ചാൾസ് എന്ന യുവാവിനെ പരിചയപ്പെടുകയും പിന്നീട് ഇവർ വിവാഹിതരാവുകയുമായിരുന്നു. 2000ത്തിൽ വിവാഹിതരായ അവർ 2003ൽ വേർപിരിയുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP