Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓസ്‌ട്രേലിയയിലും ജപ്പാനിലും പുതുവർഷം ഇന്നലെയേ പിറന്നു; അമേരിക്കയിൽ എത്തിയത് അവസാനം; യൂറോപ്പിൽ എങ്ങും വെടിക്കെട്ടോടെ തുടക്കം; ചൈനയിൽ ആഘോഷത്തിനിടയിൽ ചവിട്ടേറ്റ് അനേക മരണം; കറാച്ചിയിൽ ആഘോഷ നിരോധനം; ഇന്ത്യയിൽ തണുത്ത പുതുവർഷം

ഓസ്‌ട്രേലിയയിലും ജപ്പാനിലും പുതുവർഷം ഇന്നലെയേ പിറന്നു; അമേരിക്കയിൽ എത്തിയത് അവസാനം; യൂറോപ്പിൽ എങ്ങും വെടിക്കെട്ടോടെ തുടക്കം; ചൈനയിൽ ആഘോഷത്തിനിടയിൽ ചവിട്ടേറ്റ് അനേക മരണം; കറാച്ചിയിൽ ആഘോഷ നിരോധനം; ഇന്ത്യയിൽ തണുത്ത പുതുവർഷം

ന്യൂഡൽഹി: പ്രതീക്ഷകളുമായി 2015നെ ലോക വരവേറ്റു. അടിത്തിമിർത്തും പടക്കം പൊട്ടിച്ചും 2014ന് വിടപറഞ്ഞ ലോകം പുതുവർഷത്തെ ആഘോഷത്തിമിർപ്പിലാണ് ഏറ്റെടുത്തത്. ടൂറിസ്റ്റ് കേന്ദ്രങ്ങളും ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം ആഘോഷത്തിലായിരുന്നു. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഇന്ത്യിയിൽ ഏർപ്പെടുത്തിയിരുന്നത്. സുരക്ഷയുടെ നിയന്ത്രണത്തിൽ രാജ്യവും പുതുവൽസരത്തെ വരവേറ്റു. ആഘോഷങ്ങൾക്കിടെ ചൈനയിൽ തിക്കിലും തിരക്കിലും പെട്ട് ചൈനയിൽ 35 ജീവനുകൾ പൊലിഞ്ഞത് പുതുവൽസരത്തിലെ ദുഃഖ വാർത്തയുമായി.

2015 ജനവരി ഒന്നിലെ സൂര്യൻ ആദ്യമായി ന്യൂസിലൻഡിൽ ഉദിച്ചുയർന്നു. ലോകത്തിലാദ്യം നേരം പുലരുന്നത് ഇവിടെയാണ്. ഇന്ത്യൻ സമയം 5:30 ന് ആണ് ലോകത്ത് പുതുവർഷ സൂര്യൻ ആദ്യമായുദിച്ചത്. ലോകത്തിന്റെ കിഴക്കൻ രാജ്യങ്ങളിലാണ് എല്ലാ വർഷവും ആദ്യം പുതുവർഷമെത്തുക. ന്യൂസിലൻഡും ഫിജിയുമാണ് ആദ്യമായി പുതുവർഷത്തിലേക്ക് കടന്നത്. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയിലും പുതുവർഷം പിറന്നു. വെടിക്കെട്ടോടെയാണ് ന്യൂസിലൻഡ് ജനത 2015 നെ വരവേറ്റത്. ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരത്തിൽ ഗംഭീര ആഘോഷങ്ങളാണ് പുതുവർഷത്തെ വരവേൽക്കാൻ അരങ്ങേറിയത്. ഓസ്‌ട്രേലിയയിലെ സിഡ്‌നി തുറമുഖത്ത് വമ്പൻ വെടിക്കെട്ടാണ് നടന്നത്. അർധരാത്രിയിലെ വെടിക്കെട്ട് കാണാൻ ഏകദേശം 16 ലക്ഷം പേരാണ് ഇവിടെ തടിച്ചുകൂടിയത്. അമേരിക്കയിലാണ് പുതുവൽസരം ഏറ്റവും അവാസനം എത്തിയത്.

ദിവസങ്ങൾക്ക് മുമ്പ് നടന്ന ബംഗലുരു സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വലിയ സുരക്ഷയിലാണ് ഇന്ത്യ പുതുവർഷത്തെ വരവേറ്റത്. ഡൽഹിയും മുബൈയും അടക്കമുള്ള സ്ഥലങ്ങളിൽ വലിയ സുരക്ഷാ ക്രമീകരണങ്ങളായിരുന്നു. ഭീകരാക്രമണത്തിന്റെ മുന്നറിയിപ്പ് കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിരുന്നു. അതനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിരുന്നു. സിസിടിവി ക്യാമറാ നിരീക്ഷണങ്ങൾ കർശനമാക്കിയാണ് അതുകൊണ്ട് തന്നെ രാജ്യം പുതുവർഷത്തെ വരവേറ്റത്. ഇതിനിടെയിലും എല്ലാം മറന്ന് ആടിത്തിമിർക്കാൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒത്തുകൂടിയവർ മറന്നില്ല. ഹോട്ടലുകളും ക്ലബ്ബുകളുമെല്ലാം പുതുവർഷത്തെ വരവേറ്റ് വൈവിധ്യാമാർന്ന പരിപാടികൾ ഒരുക്കി.

കേരളത്തിൽ വമ്പിച്ച ആഘോഷങ്ങളാണ് നടന്നത്. കോവളം, ഫോർട്ട് കൊച്ചി, കോഴിക്കോട് ബീച്ച് തുടങ്ങിയ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം നിരവധിയാളുകളാണ് പുതുവർഷത്തെ വരവേൽക്കാൻ ഒത്തുകൂടിയത്. ആഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി പലയിടത്തും ആഘോഷം തിമിർത്തു. 2014 ലെ അവസാന രാവിന് വിടചൊല്ലി പുതുവർഷ പുലരിയെ വരവേൽക്കാൻ ഇന്ന് പന്ത്രണ്ടിന് ആണ്ടുപപ്പാഞ്ഞികൾ ഫോർട്ട് കൊച്ചിയിൽ കത്തിയെരിയും.ഫോർട്ട് കൊച്ചി കടപ്പുറത്ത് കൂറ്റൻ പപ്പാഞ്ഞിയെയും അഗ്‌നിക്കിരയാക്കി. പ്രതീക്ഷകളുടെ 2015 ന് സ്വാഗതമോതി വൈകീട്ടോടെ യുവാക്കളുടെ സംഘങ്ങൾ ആട്ടവും,പാട്ടുമായി ഫോർട്ട്‌കൊച്ചിയുടെ തെരുവിലിറങ്ങും. കാർണിവൽ റാലിയോടെ ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷങ്ങൾ ഇന്ന് സമാപിക്കും. റാലിയിൽ പ്രച്ഛന്ന വേഷങ്ങൾ,നിശ്ചല ദൃശ്യങ്ങൾ,നാടൻ കലാരൂപങ്ങൾ എന്നിവ അണിനിരക്കും.

വിനോദസഞ്ചാര കേന്ദ്രങ്ങളായി ആലപ്പുഴയിലും കോട്ടയത്തും ആഘോഷങ്ങൾ നടന്നു. ഹൗസ് ബോട്ടുകളിലും ആഘോഷത്തിന് വലിയ തിരക്കായിരുന്നു. കുമരകത്തും പുതുവത്സര ആഘോഷങ്ങൾ നടന്നു. കുമരകത്ത് റിസോർട്ടുകളിലും ഹോട്ടലുകളിലും ഹോംസ്‌റ്റേകളിലുമെല്ലാം മുറി നേരത്തെ തന്നെ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. ഹൗസ്‌ബോട്ടുകളെല്ലാം തന്നെ നേരത്തെ ബുക്ക് ചെയ്തിരുന്നു. വൈകിട്ട് ആറോടെ ആഘോഷപരിപാടികൾ ആരംഭിച്ചു. കലാപരിപാടികളും നൃത്തവും പാട്ടും കരിമരുന്നു കലാപ്രകടനവും ഒക്കെയായി ഹോട്ടലുകൾ മത്സരിച്ചപ്പോൾ കുമരകത്തെ പുതുവർഷം ഗംഭീരമായി. കോട്ടയത്ത് ആഘോഷങ്ങൾ കൂടുതൽ നടന്ന കുമരകം, വാഗമൺ, പരുത്തുംപാറ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനേയും വിന്യസിച്ചിരുന്നു.

ചൈനയിൽ പുതുവർഷത്തിന് ദുരന്തത്തോടെയാണ് തുടക്കമായത്. ഷംഗ്ഹായിയിൽ പുതുവത്സരപ്പിറവി ആഘോഷത്തിനിടയിൽ തിക്കിലും തിരക്കിലും പെട്ട് 35 പേർ മരിച്ചു. ഷംഗ്ഹായിയിലെ ഏറെ പ്രസിദ്ധമായ ബുന്ദ് വാർഷിക ലൈറ്റ്‌ഷോ കാണാനെത്തിയവരാണ് തിരക്കിൽ പെട്ടത്. സംഭവത്തിൽ 42 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. സൂചികുത്താൻ പോലും ഇടമില്ലാത്ത സ്ഥിതിയിൽ നിൽക്കുന്നവർക്കിടയിലേക്ക് ആരോ പണം വലിച്ചെറിഞ്ഞെന്നും അത് എടുക്കാൻ വേണ്ടി ആൾക്കാർ തിരക്ക് കൂട്ടിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് നിഗമനം.

സുരക്ഷാ മാനദണ്ഡങ്ങൾ മൂൻനിർത്തി പാക്കിസ്ഥാനിലെ കറാച്ചിയിൽ ന്യൂ ഇയർ ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ന്യൂ ഇയർ മൂൻനിർത്തി 7,000 പൊലീസ് ഉദ്യേഗസ്ഥരെയാണ് കറാച്ചിയിൽ വിന്യസിച്ചത്. ഹോട്ടലുകളും മറ്റ് സ്വകാര്യ സ്ഥലങ്ങളും ന്യൂ ഇയർ ആഘോഷങ്ങളുടെ നിരോധന പരിധിയിൽ ഉൾപ്പെടുത്തി. പാക്കിസ്ഥാനിൽ കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരമായി തീവ്രവാദി ആക്രമണങ്ങളാണ്. പെഷവാറിലെ സ്‌കൂളിൽ തീവ്രവാദികൾ നടത്തിയ ആക്രമണമായിരുന്നു ഈ വർഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം. 150 പേർക്കാണ് പെഷവാർ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞത്. ഈ സാഹചര്യത്തിലായിരുന്നു കറാച്ചിയിലെ ആഘോഷ നിരോധനം. പാക്കിസ്ഥാനിലെ മറ്റ് സ്ഥലങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഗൾഫ് രാജ്യങ്ങളും പുതുവൽസരത്തെ ആഘോഷങ്ങളുടെ നിറവിൽ വരവേറ്റു. പുതുവത്സര രാവിൽ ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെല്ലാം വൈവിധ്യമാർന്ന പരിപാടികളാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളും ബോളിവുഡ് താരങ്ങളുമൊക്കെ ഉത്സവരാവിൽ ദുബായിൽ സംഗമിച്ചു. ബുർജ് ഖലീഫയിൽ നടക്കുന്ന പുതുവത്സര വെടിക്കെട്ടും എൽ.ഇ.ഡി. സ്‌ക്രീൻ പ്രദർശനവും ശ്രദ്ധേയമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP