ഹയ രാജകുമാരി മാപ്പുസാക്ഷിയാകും; ലണ്ടനിലെ വസതിയോട് ചേർന്നുള്ള 30 മരങ്ങൾ മുറിച്ച കേസിൽ ദുബായ് ഭരണാധികാരിക്ക് 17 ലക്ഷം പിഴയിട്ടേക്കും; അത്യാഡംബര സൗധത്തിന്റെ ചുറ്റുമുള്ളവരുട പരാതികൾ ഗൗരവമായെടുത്ത് ലോക്കൽ കൗൺസിൽ
August 15, 2019 | 09:17 AM IST | Permalink

മറുനാടൻ ഡെസ്ക്
ലണ്ടൻ: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷീദ് അൽ മക്തൂമുമായുള്ള ബന്ധം ഉപേക്ഷിച്ച് മക്കൾക്കൊപ്പം ലണ്ടനിലേക്ക് കടന്ന ആറാം ഭാര്യ ഹായ രാജകുമാരി അഭയം തേടിയത് ലണ്ടനിൽ തന്റെ പേരിലുള്ള കൊട്ടാരസദൃശമായ ബംഗ്ലാവിലാണ്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിയായ ഷെയ്ഖ് മുഹമ്മദ് തന്റെ ഇളയഭാര്യയെ തിരികെക്കൊണ്ടുവരാൻ നടത്തിയ ശ്രമമൊക്കൈ വൃഥാവിലാവുകയും ചെയ്തു. ഇപ്പോൾ, ലണ്ടനിൽ പുതിയ നിയമക്കുരുക്കിലകടപ്പെട്ടിരിക്കുകയാണ് ദുബായ് ഭരണാധികാരി.
വെസ്റ്റ് ലണ്ടനിലെ കെൻസിങ്ടണിലാണ് 85 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന ഹായ രാജകുമാരിയുടെ ബംഗ്ലാവ്. ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളിലൊന്നാണിത്. അതിനുചുറ്റുമുള്ള 30 വന്മരങ്ങൾ മുറിച്ചെന്ന പരാതിയിലാണ് പ്രാദേശിക കൗൺസിൽ ഷെയ്ഖ് മുഹമ്മദിനെതിരേ നിയമനടപടിയെടുക്കുന്നത്. ബംഗ്ലാവിന് ചുറ്റും കമ്പിവേലി കെട്ടുന്നതിനായാണ് മരങ്ങൾ മുറിച്ചതെന്ന് നാട്ടുകാർ കൗൺസിലിന് പരാതി നൽകിയിരുന്നു. 1948-ൽ സറേ കൗണ്ടി കൗൺസിൽ പുറത്തിറക്കിയ മരം സംരക്ഷണ നിയമപ്രകാരം ഈ മരങ്ങൾ മുറിക്കുന്നത് നിരോധിച്ചിട്ടുണ്ട്. 20,000 പൗണ്ട് പിഴവരെ ചുമത്താവുന്ന കുറ്റമാണിത്.
ലോങ്ക്രോസ് എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന് ചുറ്റുമുള്ള മരങ്ങൾ വന സംരക്ഷണ നിയമത്തിൽപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഈ മരങ്ങൾ മുറിച്ചുവെന്ന കേസ് ഗൗരവത്തോടെയാണ് കൗൺസിൽ പരിഗണിക്കുന്നത്. സറേയിലെ ഈ ബംഗ്ലാവ് വാങ്ങിയതുമുതൽ ഷെയ്ഖ് മുഹമ്മദ് പല വിവാദങ്ങളിലും പെട്ടിരുന്നു. തന്റെ ജീവനക്കാർക്കായി താൽക്കാലിക വീടുകൾ കെട്ടിയത് സംബന്ധിച്ച് മേയിൽ അദ്ദേഹം വിമർശിക്കപ്പെട്ടു. ജയിലിന് സമാനമായ രീതിയിൽ ബംഗ്ലാവിനു ചുറ്റും ആറടി ഉയരത്തിൽ ലോഹമതിൽ ഉയർത്തിയും വിമർശിക്കപ്പെട്ടു.
പരിസ്ഥിതിക്കും വന്യജീവികൾക്കും നാശമുണ്ടാക്കുന്ന പ്രവർത്തികളാണ് ഷെയ്ഖ് മുഹമ്മദിന്റേതെന്നാണ് നാട്ടുകാരുടെ പരാതി. പരാതിയോടൊപ്പം ഒരു അയൽക്കാരൻ സമർപ്പിച്ച രേഖയിൽ ബംഗ്ലാവിന് ചുറ്റും എട്ട് താൽക്കാലിക വീടുകൾ പണിതിരിക്കുന്നത് വ്യക്തമാണ്. ഇത്തരം വീടുകൾ നിർമ്മിക്കാൻ എങ്ങനെ നിർമ്മാണ അനുമതി ലഭിച്ചുവെന്ന് പരാതിക്കാരൻ ചോദിക്കുന്നു. സമ്പന്നർക്ക് ഒരുനിയമവും പാവപ്പെട്ടവർക്ക് മറ്റൊന്നുമാണോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.
ബംഗ്ലാവിന് ചുറ്റും കമ്പിവേലി കെട്ടിയശേഷമാണ് ഷെയ്ഖ് മുഹമ്മദ് അതിനുള്ള അനുമതി തേടിയതെന്നും ആരോപണമുണ്ട്. വന്യജീവികളുട വഴിതടഞ്ഞുകൊണ്ടാണ് ഈ വേലി കെട്ടിയതെന്നും ബംഗ്ലാവിപ്പോൾ ഏതാന്ത തടവറപോലെയാണ് തോന്നിപ്പിക്കുന്നതെന്നും നാട്ടുകാർ പരാതിപ്പെട്ടു. വേലി കെട്ടാൻ അനുമതി തേടിയുള്ള ഷെയ്ഖിന്റെ അപേക്ഷ റന്നിമീഡ് ബോറോ കൗൺസിൽ അംഗീകരിക്കുകയായിരുന്നു. എന്നാൽ, മരങ്ങൾ മുറിക്കാൻ അനുമതി നൽകിയിരുന്നില്ല. ഇതുലംഘിച്ചതിനാണ് ഷെയ്ഖിനെതിരേ പിഴയീടാക്കാൻ കൗൺസിൽ നീക്കം നടത്തുന്നത്.
