Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറ്റ്ലാന്റിക് സമുദ്രം ഇന്നേ വരെ കണ്ട ഏറ്റവും വലിയ കൊടുങ്കാറ്റ് രൂപപ്പെട്ട് തുടങ്ങി; കരീബിയൻ ദ്വീപുകളിലൂടെ നീങ്ങുന്നത് ഫ്ലോറിഡയിലേക്ക്; മണിക്കൂറിൽ 185 മൈൽ വേഗതയിൽ എത്തുന്ന കാറ്റിൽ നിന്നും രക്ഷിക്കാൻ ഫ്ലോറിഡയിലും ജോർജിയയിലും നിർബന്ധിത ഒഴിപ്പിക്കൽ തുടരുന്നു

അറ്റ്ലാന്റിക് സമുദ്രം ഇന്നേ വരെ കണ്ട ഏറ്റവും വലിയ കൊടുങ്കാറ്റ് രൂപപ്പെട്ട് തുടങ്ങി; കരീബിയൻ ദ്വീപുകളിലൂടെ നീങ്ങുന്നത് ഫ്ലോറിഡയിലേക്ക്; മണിക്കൂറിൽ 185 മൈൽ വേഗതയിൽ എത്തുന്ന കാറ്റിൽ നിന്നും രക്ഷിക്കാൻ ഫ്ലോറിഡയിലും ജോർജിയയിലും നിർബന്ധിത ഒഴിപ്പിക്കൽ തുടരുന്നു

ഫ്‌ലോറിഡ: വീണ്ടുമൊരു കൊടുങ്കാറ്റ് അമേരിക്കയെ വേട്ടയാടാനെത്തുന്നുവെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. മണിക്കൂറിൽ 185 മൈൽ വരെ വേഗതയിൽ ആഞ്ഞടിക്കുന്ന ഇർമ കൊടുങ്കാറ്റാണിത്. അറ്റ്ലാന്റിക് സമുദ്രം ഇന്നേ വരെ കണ്ട ഏറ്റവും വലിയ കൊടുങ്കാറ്റാണ് ഇപ്പോൾ രൂപപ്പെട്ട് തുടങ്ങിയിരിക്കുന്നത്.നിലവിൽ കരീബിയൻ ദ്വീപുകളിലൂടെ നീങ്ങുന്ന ഈ കാറ്റ് ഫ്ലോറിഡയെ ലക്ഷ്യം വച്ചാണെന്നും മുന്നറിയിപ്പുണ്ട്. കടുത്ത വിനാശകാരിയായ ഈ കാറ്റിൽ നിന്നും ജനത്തെ രക്ഷിക്കാൻ ഫ്ലോറിഡയിലും ജോർജിയയിലും നിർബന്ധിത ഒഴിപ്പിക്കൽ തുടരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

തികച്ചും അപകടകരമായ കാറ്റഗറി 5ലേക്കാണ് ഇർമ ഇന്നലെ എത്തിച്ചേർന്നിരിക്കുന്നത്. നോർത്ത് ഈസ്റ്റ് കരീബിയനിലൂടെയാണ് അത് യുഎസിനെ ലക്ഷ്യം വച്ച് അലറിയടിച്ച് മുന്നേറുന്നത്. ഇർമയ്ക്ക് മണിക്കൂറിൽ 185 മൈൽ വരെ വേഗതയുണ്ടാകുമെന്ന മുന്നറിയിപ്പേകിയിരിക്കുന്നത് യുഎസ് നാഷണൽ ഹരികെയിൻ സെന്ററാണ്. അറ്റ്ലാന്റിക്കിന്റെ ചില ഭാഗങ്ങളിലെ ജലം പതിവായി ചൂടാകുന്നതാണ് ഇർമ ഇത്രയും ശക്തിപ്രാപിക്കാനുള്ള കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഈ കാറ്റ് ഈ ആഴ്ച അവസാനം ഫ്ലോറിഡയിലെത്തി കനത്ത നാശം വിതയ്ക്കുമെന്നാണ് സെന്റർ മുന്നറിയിപ്പേകുുന്നത്.

എന്നാൽ കാറ്റിന്റെ ഗതി നേരത്തെ മനസിലാക്കാൻ സാധിച്ചിരിക്കുന്നതിനാൽ ഇത് കടന്ന് പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ഹരികെയ്ൻ പ്ലാൻ ഇപ്പോൾ തന്നെ മുൻകരുതലായി നടപ്പിലാക്കാൻ സാധിക്കുന്നുണ്ട്. അതിനാൽ ഫ്ലോറിഡയിലുടനീളം സ്റ്റേറ്റ് ഓഫ് എമർജൻസി പ്രഖ്യാപിക്കാനും കാറ്റ് സംഹാരതാണ്ഡവമാടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നെല്ലാം ആളുകളെ മുൻകൂട്ടി ഒഴിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രസ്തുത പ്രദേശങ്ങളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇർമയുടെ ശക്തികേന്ദ്രം ചൊവ്വാഴ്ച രാത്രിയോ ബുധനാഴ്ച രാവിലെയോ ലീവാർഡ് ദ്വീപുകൾക്കടുത്ത് കൂടെയോ അല്ലെങ്കിൽ മുകളിൽ കൂടെയോ നീങ്ങുമെന്നാണ് ഹരികെയിൻ സെന്റർ പറയുന്നത്. ബുധനാഴ്ച പ്യൂർട്ടോ റിക്കോയിൽ നിന്നും 50 മൈൽ അകലെയുള്ള ഭാഗങ്ങളിലൂടെയും കാറ്റ് കടന്ന് പോയേക്കാം. ഈ കാറ്റിനെ തുടർന്ന് 10 ഇഞ്ചോളം മഴയും മണ്ണിടിച്ചിലും പെട്ടെന്നുള്ള വെള്ളപ്പൊക്കവുമുണ്ടാകുമെന്നാണ് അധികൃതർ മുന്നറിയിപ്പേകുന്നത്. ഇതിന് പുറമെ തിരകൾ 23 അടി ഉയരത്തിൽ വരെ അടിച്ചുയരുകയും ചെയ്തേക്കാം. കാറ്റിനെ നേരിടാൻ ഗവൺമെന്റ് ഒഫീഷ്യലുകൾ സാധ്യമായ മുൻകരുതലുകളും ആളുകളെ ഒഴിപ്പിക്കലും തുടർന്ന് വരുന്നുണ്ട്.

പ്യൂർട്ടോ റിക്കോ അടക്കമുള്ള മിക്ക ദ്വീപുകളിലും കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. കാറ്റിന്റെ ഗതി സദാസമയവും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നാണ് യുഎസിന്റെ കിഴക്കൻ തീരങ്ങൽലുള്ളവരോട് മുന്നറിയിപ്പേകിയിരിക്കുന്നത്. അതായത് കാറ്റ് ഫ്ലോറിഡ, ജോർജിയ, അല്ലെങ്കിൽ കരോലിനാസ് എന്നിവിടങ്ങളിലേക്ക് വഴിതിരിയാൻ തുടങ്ങിയാൽ കനത്ത മുൻകരുതൽ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. ഈ കാറ്റിന് കിഴക്കൻ തീരത്ത് വ്യാപകമായ നാശനഷ്ടമുണ്ടാക്കാൻ കരുത്തുണ്ടെന്നാണ് അക്യുവെതറിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ഇവാൻ മേയേർസ് മുന്നറിയിപ്പേകുന്നത്.

ഫ്ലോറിഡ ഗവർണർ റിക്ക് സ്‌കോട്ട് 67 കൗണ്ടികളിൽ തിങ്കളാഴ്ച തന്നെ സ്റ്റേറ്റ് ഓഫ് എമർജൻസി പ്രഖ്യാപിച്ചിരുന്നു. ശക്തമായ ഇർമ കാറ്റ് കിഴക്കൻ തീരങ്ങളിലേക്ക് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന ചില പ്രവചനങ്ങൾ പുറത്ത് വന്നതിനെ തുടർന്നായിരുന്നു ഇത്.മുൻകരുതൽ നടപടികളുടെ ഭാഗമായി സ്റ്റേറ്റിലുടനീളം റോഡ് ടോളുകൾ റദ്ദാക്കാനും ഫ്ലോറിഡ നാഷണൽ ഗാർഡിലെ 100 അംഗങ്ങളോട് അടിയന്തിര സന്ദർഭത്തെ നേരിടാൻ ഒരുങ്ങിയിരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കാറ്റ് ഫ്ലോറിഡയിൽ വീശിയടിക്കുമെന്ന് കരുതുന്ന വെള്ളിയാഴ്ച 7000 നാഷണൽ ഗാർഡ് അംഗങ്ങളോട് തയ്യാറായിരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സ്‌കോട്ട് അറിയിക്കുന്നു.

ഇർമ ഡൊമിനീഷ്യൻ റിപ്പബ്ലിക്കിലും ഹെയ്തിയിലും വ്യാഴാഴ്ചയോ അല്ലെങ്കിൽ വെള്ളിയാഴ്ച കാലത്തോ എത്തിച്ചേർന്നേക്കും. കെയ്കോസിൽ വ്യാഴാഴ്ച രാത്രിയിലോ വെള്ളിയാഴ്ച രാവിലെയോ ഇർമ എത്തിച്ചേരും. ബഹാമാസിൽ വെള്ളിയാഴ്ചയോ ഈ വീക്കെൻഡിലോ ആയിരിക്കും കാറ്റ് നാശം വിതയ്ക്കുന്നത്. ക്യൂബയിലും ഇത് തന്നെയാണ് സ്ഥിതി. സൗത്ത് ഈസ്റ്റ് യുഎസിൽ കാറ്റിന്റെ കാഠിന്യം അനുഭവപ്പെടാൻ സാധ്യത ഈ വീക്കെൻഡ് മുതൽ അടുത്ത ആഴ്ച വരെയുള്ള സമയത്തായിരിക്കുമെന്നും പ്രവചനമുണ്ട്. സൗത്ത് ഫ്ലോറിഡയിൽ കാറ്റ് ആഞ്ഞടിക്കുന്നത് ശനിയാഴ്ചയായിരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP