Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈദരാബാദ് നൈസാം ലണ്ടനിലെ നാറ്റ് വെസ്റ്റ് ബാങ്കിൽ 68 വർഷം മുമ്പ് നിക്ഷേപിച്ച ഒമ്പത് കോടിയുടെ അവകാശിയാര്..? പലിശയടക്കം 347 കോടി രൂപയായി ഉയർന്ന തുക കിട്ടുന്നത് പാക്കിസ്ഥാനോ ഇന്ത്യയ്ക്കോ..?

ഹൈദരാബാദ് നൈസാം ലണ്ടനിലെ നാറ്റ് വെസ്റ്റ് ബാങ്കിൽ 68 വർഷം മുമ്പ് നിക്ഷേപിച്ച ഒമ്പത് കോടിയുടെ അവകാശിയാര്..? പലിശയടക്കം 347 കോടി രൂപയായി ഉയർന്ന തുക കിട്ടുന്നത് പാക്കിസ്ഥാനോ ഇന്ത്യയ്ക്കോ..?

ലണ്ടൻ: ബ്രിട്ടനിലുള്ള കോഹിനൂർ രത്നത്തിന് ഇന്ത്യയും പാക്കിസ്ഥാനും ഒരു പോലെ അവകാശവാദമുന്നയിക്കുന്നത് പോലെ ലണ്ടനിലെ നാറ്റ് വെസ്റ്റ് ബാങ്കിൽ 68 വർഷമായുള്ള നിക്ഷേപത്തിന്റെ പേരിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ഇപ്പോഴും മുന്നോട്ട് പോവുകയാണ്. 68 വർഷം മുമ്പ് ഹൈദരാബാദിലെ ഏഴാമത്തെ നൈസാമായിരുന്നു ഒരു മില്യൺ പൗണ്ട്(9.80 കോടി രൂപ അന്ന് പ്രസ്തുത ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ഇപ്പോൾ അത് പലിശയടക്കം 35 മില്യൺ പൗണ്ടായി(347.5 കോടി രൂപ) പെരുകിയതോടെ തുക കൈവശപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും മത്സരവും ശ്രമങ്ങളും വർധിച്ചിരിക്കുകയാണ്. ഇതിന്റെ അവകാശം ഇന്ത്യയ്ക്കോ പാക്കിസ്ഥാനോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം തുടരുകയാണ്.

സ്വാതന്ത്ര്യത്തിന് ശേഷം നാട്ടുരാജ്യങ്ങൾ മിക്കവയും ഇന്ത്യയോടോ പാക്കിസ്ഥാനാടോ ചേരാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ആദ്യ ഘട്ടത്തിൽ സ്വതന്ത്രമായി നിലകൊള്ളാനും പിന്നീട് പാക്കിസ്ഥാനിൽ ചേരാനുമായിരുന്നു ഹൈദരാബാദിലെ ഈ നൈസാം താൽപര്യപ്പെട്ടിരുന്നത്. തുടർന്ന് 1948ൽ ഇന്ത്യ സൈനികശക്തി ഉപയോഗിച്ച് ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുകയായിരുന്നു. അതിന് മുമ്പായിരുന്നു അതേ വർഷം അദ്ദേഹത്തിന്റെ ധനകാര്യ മന്ത്രി നാറ്റ് വെസ്റ്റ് ബാങ്കിൽ 1 മില്യൺ പൗണ്ട് നിക്ഷേപിച്ചത്.അന്നത്തെ ലണ്ടനിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷണറുടെ അക്കൗണ്ടിലായിരുന്നു ഇത് നിക്ഷേപിച്ചിരുന്നത്. ഇന്ത്യയുടെ സമ്മർദത്തിന്റെ ഫലമായി ഈ ട്രാൻസാക്ഷൻ മരവിപ്പിക്കാൻ നൈസാം ശ്രമിച്ചിരുന്നുവെങ്കിലും വിജയിക്കാതെ പോവുകയായിരുന്നു. തുടർന്ന് ആ പണം ലണ്ടനിലെ ബാങ്കിൽ പെട്ട് പോയ അവസ്ഥയിലുമായിരുന്നു.

തന്റെ അനുവാദമില്ലാതെയാണ് ധനകാര്യമന്ത്രി ഈ ട്രാൻസ്ഫർ നിർവഹിച്ചതെന്നും അതിനാൽ പണം തിരിച്ച് നൽകണമെന്നുമാവശ്യപ്പെട്ട് നൈസാം നിരന്തര ശ്രമം നടത്തിയെങ്കിലും അത് വിജയിക്കാതെ പോവുകയായിരുന്നു. എന്നാൽ പണത്തിന്റെ നിയമപരമായ ഉടമസ്ഥത ആർക്കാണെന്ന സംശയം നിലനിൽക്കുന്നതിനാൽ പണം തിരിച്ച് നൽകാൻ സാധിക്കില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാട്. ഇതിനെ തുടർന്നുള്ള തർക്കങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും ദശാബ്ദങ്ങളായി തുടർന്ന് വരുകയാണ്. നൈസാമും പാക്കിസ്ഥാൻ ഗവൺമെന്റും നിരവധി റൗണ്ടുകൾ നടന്ന നിയമവ്യവഹാരങ്ങൾക്കും ചർച്ചകൾക്കും ശേഷം ഈ കേസ് ബ്രിട്ടന്റെ ഹൗസ് ഓഫ് ലോർഡ്സിൽ എത്തുകയായിരുന്നു. ഇതിൽ ഭാഗഭാക്കായ എല്ലാ പാർട്ടികളുടെയും യോജിപ്പുണ്ടായാൽ മാത്രമേ അക്കൗണ്ട് മരവിപ്പിച്ചത് ഇല്ലാതാക്കാനാവുകയുള്ളൂവെന്നായിരുന്നു ലോർഡ്സിന്റെ തീരുമാനം.

മുൻ നൈസാമിന്റെ കുത്തഴിഞ്ഞ ലൈംഗിക ജീവിതം ഈ കേസിനെ കൂടുതൽ താറുമാറാക്കുകയും ചെയ്തിരുന്നു.അദ്ദേഹത്തിന് 86 സ്ത്രീകൽലായി ജനിച്ചിരുന്ന 100 ൽ അധികം സന്തതികളും ഈ പണത്തിന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരുന്നു. മഹാപിശുക്കനായ നൈസാം 35 വർഷത്തോളം കീറിയ തുർക്കിത്തൊപ്പികളും പൊടിഞ്ഞ് തുടങ്ങിയ പൈജാമകളുമായിരുന്നു ധരിച്ചിരുന്നത്. എന്നാൽ കൊട്ടാരത്തിന്റെ മുറികളിൽ സ്വർണവും രത്നങ്ങളും കുത്തിനിറയ്ക്കുകയും ചെയ്തിരുന്നു. ഏഴാമത്തെ നൈസാമിന് ശേഷം അദ്ദേഹത്തിന്റെ സഹോദരൻ മുഖാരം ജാ 1967വരെ നൈസാം പദവി നിലനിർത്തിയിരുന്നു. അദ്ദേഹവും ഈ തുകയ്ക്ക് അവകാശവാദനമുന്നയിച്ച് രംഗത്തെത്തിയത് ഇത് സംബന്ധിച്ച കേസിനെ കൂടുതൽ സങ്കീർണമാക്കിയിരുന്നു. ഏഴാമത്തെ നൈസാമിന്റെ ശേഷിക്കുന്ന കുടുംബാംഗങ്ങളും ഇതിൽ അവകാശവാദമുന്നയിക്കുന്നുണ്ട്. അടുത്തിടെ പാക്കിസ്ഥാൻ ലണ്ടനില ഹൈക്കമ്മീഷനിലൂടെ കേസ് ലോഞ്ച് ചെയ്തിരുന്നു. ഈ വൻതുക നേടിയെടുക്കാൻ ഒരു ഹൈക്കോടതി വിധി നേടിയെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇന്ത്യയും പാക്കിസ്ഥാനും ഒരു പോലെ അവകാശ വാദനമുന്നയിക്കുന്നതിനാൽ ആർക്കാണെന്ന് തീരുമാനിക്കുന്നതിന് മുഴുവൻ വിചാരണയും പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് ജസ്റ്റിസ് ഹെർഡേർസൻ പറയുന്നത്.

പാക്കിസ്ഥാൻ ഈ പണത്തിൽ അവകാശവാദമുന്നയിക്കുന്നത് നിരസിക്കണമെന്ന ഇന്ത്യയുടെ അപേക്ഷ ഇംഗ്ലീഷ് ഹൈ കോടതി ചൊവ്വാഴ്ച തള്ളിക്കളഞ്ഞിരുന്നു.പാക്കിസ്ഥാന്റെ അവകാശവാദം നിയമവിരുദ്ധമാണെന്ന് തെളിയിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്നാണ് പാക്കിസ്ഥാന്റെ ഫോറിൻ ഓഫീസ് ഇറക്കിയ പ്രസ്താവന വെളിപ്പെടുത്തുന്നത്. എന്നാൽ വിചാരണതുടരുകയാണെന്നും അതിനാൽ ഇത് സംബന്ധിച്ച അവസാന തീരുമാനമായിട്ടില്ലെന്നുമാണ് ഇന്ത്യയുടെ മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേർസ് പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് നിലവിലെ വിധി തന്നെ സമ്മതിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP