Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറാന്റെ പുതിയ എണ്ണശേഖരം 5300 കോടി ബാരലിന്റെ; ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുന്ന അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാകും; എണ്ണയുത്പാദനത്തിൽ ഇറാൻ റെക്കോർഡ് ഇടുന്നതോടെ എണ്ണവില നിയന്ത്രണങ്ങളും അവതാളത്തിലാകും: പുതിയ കണ്ടെത്തൽ പുറത്ത് വിട്ടത് പോലും അമേരിക്കയെ പരിഹസിച്ചു കൊണ്ട്

ഇറാന്റെ പുതിയ എണ്ണശേഖരം 5300 കോടി ബാരലിന്റെ; ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുന്ന അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാകും; എണ്ണയുത്പാദനത്തിൽ ഇറാൻ റെക്കോർഡ് ഇടുന്നതോടെ എണ്ണവില നിയന്ത്രണങ്ങളും അവതാളത്തിലാകും: പുതിയ കണ്ടെത്തൽ പുറത്ത് വിട്ടത് പോലും അമേരിക്കയെ പരിഹസിച്ചു കൊണ്ട്

സ്വന്തം ലേഖകൻ

ടെഹ്റാൻ: അമേരിക്കയ്ക്ക് ചുട്ടമറുപടിയായി ഇറാൻ പുതിയ എണ്ണശേഖരം കണ്ടെത്തി. 5300 കോടി ബാരലിന്റെ പുത്തൻ എണ്ണപ്പാടമാണ് ഇറാൻ കണ്ടെത്തിയത്. പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി വ്യക്തമാക്കി. ഇറാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖുസെസ്താനിലാണ് എണ്ണപ്പാടം കണ്ടെത്തിയിട്ടുള്ളത്. ഇതിന് 2,400 ചതുരശ്ര കിലോമീറ്റർ വലിപ്പമുണ്ടെന്നാണ് ഹസ്സൻ റൂഹാനി അവകാശപ്പെടുന്നത്.

ഇറാനെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുന്ന അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാണ് ഇറാന്റെ പുതിയ കണ്ടെത്തൽ. ഇറാൻ-ഇറാഖ് അതിർത്തിയോടു ചേർന്നുള്ള പ്രവിശ്യയാണ് ഖുസെസ്താൻ. ഇവിടെ 80 മീറ്റർ ആഴത്തിലാണ് പുതിയ എണ്ണശേഖരം കണ്ടെത്തിയത്. ഒപെക് രാജ്യങ്ങളുടെ ആകെയുള്ള പെട്രോളിയം ശേഖരത്തിന്റെ 34 ശതമാനം വരും ഇറാന്റെ പുതിയ എണ്ണപ്പാടത്തിലെ പെട്രോളിയം നിക്ഷേപമെന്നാണ് കരുതപ്പെടുന്നത്. 5300 കോടി ബാരൽ പെട്രോളിയം ഇവിടെയുണ്ടെന്നാണ് കണക്കുകൂട്ടൽ.

ഒപെക് കൂട്ടായ്മയുടെ സ്ഥാപകാംഗമായ ഇറാൻ ലോകത്തിലേറ്റവും വലിയ നാലാമത്തെ പെട്രോളിയം ശേഖരമുള്ള രാജ്യമാണ്. പുതിയ എണ്ണപ്പാടം കണ്ടെത്തിയതോടെ നാലാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് ഇറാന്റെ സ്ഥാനം ഉയരും. സൗദിക്കും മുകളിലായിരിക്കും ഇതോടെ ഇറാന്റെ സ്ഥാനം. പ്രകൃതി വാതക നിക്ഷേപത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇറാനുള്ളത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിച്ചതായും ബാങ്കിങ്ഫിനാൻസ് മേഖലകൾ വികസിച്ചതായും റൂഹാനി ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ അമേരിക്കയോടായി പറഞ്ഞു. ഇറാനെ ശിക്ഷിക്കുന്ന അമേരിക്കൻ നയം തുടരുന്നതിനിടെയാണ് തങ്ങളുടെ ഉയർച്ചയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിലെ ജനങ്ങൾക്കു വേണ്ടിയുള്ള സർക്കാരിന്റെ ഒരു ചെറിയ സമ്മാനം മാത്രമാണിതെന്നും യാസ്ദ് സിറ്റിയിൽ നടത്തിയ പ്രസംഗത്തിൽ അമേരിക്കയെ പരിഹസിച്ചു കൊണ്ട് അദ്ദഹം വ്യക്തമാക്കി. ഇറാൻ സമ്പത്തുള്ള ഒരു രാജ്യമാണെന്ന് ഞങ്ങൾ അമേരിക്കയോട് പ്രഖ്യാപിക്കുകയാണ്. നിങ്ങളുടെ ശത്രുതയ്ക്കും ക്രൂരതയ്ക്കും ഇടയിലും ഇറാനിലെ എണ്ണപ്പാടത്തിലെ ജീവനക്കാരും എഞ്ചനീയർമാരും ഈ പുതിയ എണ്ണപ്പാടം കണ്ടെത്തിയിരിക്കുകയാണ്. പുതിയ എണ്ണശേഖരം രാജ്യത്തിന് ഏതുവിധത്തിലൊക്കെ ഗുണം ചെയ്യുമെന്ന് കാത്തിരുന്നു കാണാം.

എന്നാൽ ആണവ കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ അമേരിക്കൻ ഉപരോധം നേരിടുന്നതിനാൽ കണക്കറ്റ പെട്രോളിയം- പ്രകൃതി വാതക നിക്ഷേപമുണ്ടെങ്കിലും അവ മറ്റ് രാജ്യങ്ങൾക്ക് വിൽക്കാൻ തടസം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ എണ്ണപ്പാടം കണ്ടെത്തുന്നത്. മെയിൽ ഇറാന്റെ പ്രധാന എണ്ണ ഉപഭോക്താക്കളായ ഇന്ത്യ അടക്കമുള്ള എട്ട് രാജ്യങ്ങൾക്ക് താൽക്കാലിക അനുമതി നൽകിയിരുന്നു. പുതിയ വിതരണക്കാരെ കണ്ടെത്തുന്നതുവരെ മാത്രം ഇറാനിൽ നിന്നും വാങ്ങാനായിരുന്നു അനുമതി ലഭിച്ചത്. അമേരിക്കൻ ഉപരോധത്തോടെ ഇറാൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത കൈവരിച്ചതായി റൂഹാനി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP